‘വിരൂപനാക്കപ്പെട്ടവന്‍റെ’ നമ്മെ മനുഷ്യരാക്കുന്ന വിനയസൗന്ദര്യം | ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

സാധാരണയുള്ള തന്‍റെ പ്രസംഗം ഒഴിവാക്കി പ്രതീകാല്‍മകമായ ഒരു പ്രവര്‍ത്തനം വഴി താഴ്മയോടെയുള്ള ശുശ്രൂഷയുടെ മഹത്വത്തെക്കുറിച്ച് ക്രിസ്തു നല്‍കിയ ഒരു പ്രബോധനം ആണ് ഈ കാല്‍കഴുകല്‍ ശുശ്രഷയിലൂടെ അനുഭവിക്കുന്നത്. ഈ ശുശ്രൂഷയിലെ വായനകളിലും പ്രാര്‍ത്ഥനകളിലും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ആ രക്ഷാകരമായ സന്ദേശത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയാണല്ലോ ഈ ശുശ്രൂഷയ്ക്കിടയിലെ പ്രസംഗോദ്ദ്യേശ്യം.

കഷ്ടാനുഭ ആഴ്ചയില്‍ ബുധന്‍ സന്ധ്യയില്‍ വായിച്ചുകേള്‍ക്കുന്ന സെദറായില്‍ ഇങ്ങനെയൊരു പരാമര്‍ശം ഉണ്ട്: “ഞങ്ങളുടെ പൂര്‍വ്വ സൗന്ദര്യം വീണ്ടും തരുവാനായിട്ട് വന്ന നീ മനുഷ്യരില്‍ വച്ചു വിരൂപനാക്കപ്പെട്ടു”. ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിലും ‘തന്നെത്താന്‍ താഴ്ത്തുവിന്‍’ എന്നു തുടങ്ങിയ പ്രബോധനങ്ങളിലും പൊതുവേ പ്രകടമായ താഴ്മയുടെ മഹത്വം കൂടുതല്‍ പ്രസരിച്ചത് തന്‍റെ കഷ്ടാനുഭവ നാളുകളിലായിരുന്നല്ലോ. പ്രത്യേകിച്ച് ഗുരുവും കര്‍ത്താവുമായവന്‍ സ്വശിഷ്യരുടെ കാല്‍പ്പാദം തൊട്ട് കഴുകിതുടച്ച് താഴ്മയില്‍ നിറഞ്ഞ് ശുശ്രൂഷയുടെ മഹത്വം പ്രകാശിപ്പിച്ചു. പെസഹായിലും വലിയവെള്ളിയിലും ക്രിസ്തു പ്രസരിപ്പിച്ച സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും ഒക്കെ ആല്‍മസൗന്ദര്യത്തിന്‍റെ അതുല്യപ്രകാശം ഏറ്റുവാങ്ങി നാം വിശുദ്ധീകരിക്കപ്പെടുകയാണല്ലോ. ക്രിസ്തു കഷ്ടതയേറ്റതും വിരൂപനാക്കപ്പെട്ടതും അവിടുത്തെ ആല്‍മസൗന്ദര്യത്തോടു നാം അനുരൂപരാകാന്‍ വേണ്ടിയായിരുന്നു.

എല്ലാദിവസവും കണ്ണാടിക്കു മുമ്പില്‍ അല്പ സമയമെങ്കിലും സൗന്ദര്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി തന്‍റെ വിവാഹത്തിനുള്ള ഒരുക്കമായി ബ്യൂട്ടിപാര്‍ലറില്‍ പോയി കുറെ സമയം ചിലവിടും. തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ചെയ്യുന്ന നാം കഷ്ടാനുഭആഴ്ച ആകുന്ന Beauty Parlour ല്‍ ഉത്തമസൗന്ദര്യത്തിന്‍റെ മാനദണ്ഡവും നല്ല ബ്യൂട്ടീഷ്യനും യിരിക്കുന്ന ക്രിസ്തുവിനോടൊപ്പം കൂടുതല്‍ സമയം ചിലവിടുകയാണ്. താഴ്മ ഈ സൗന്ദര്യ ദര്‍ശനത്തിലും പ്രക്രിയയിലും നിര്‍ണ്ണായകമാണ്.

പുരാതന ഗ്രീക്കു സംസ്കാരത്തിലും റോമന്‍ചിന്തകരിലും മഹത്വത്തിലേക്കു കുതിക്കുന്ന മനുഷ്യന് താഴ്മ ഒരു ബലഹീനതയും തടസ്സവുമാണെന്ന കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. ആധുനിക സംസ്കാരത്തിലും ഈ ചിന്തതന്നെയാണ് പ്രബലമായിട്ടുള്ളത്. ദൈവവിശ്വാസത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യന്‍റെ മഹത്വത്തിന്‍റെ വീണ്ടെടുപ്പിനെന്ന പേരിലാണ് നടത്തുന്നത്. Existentialism പോലുള്ള സെക്യുലര്‍ ചിന്തകള്‍ മാത്രമല്ല ഇന്ന് ലോകം മുഴുവന്‍ വ്യാപിക്കുന്ന മതവര്‍ഗ്ഗീയതയുടെ വക്താക്കളും താഴ്മയെ ഒഴിവാക്കപ്പെടേണ്ട ഒരു ദൗര്‍ബ്ബല്യമായിട്ടാണ് കണക്കാക്കുന്നത്.

സുവിശേഷം താഴ്മയുടെ ബലവും മഹത്വവുമാണ് അറിയിക്കുന്നത്. സര്‍വ്വശക്തന്‍ സ്വയം ബലഹീനനാക്കി യഥാര്‍ത്ഥ മനുഷ്യമഹത്വത്തിലേക്കുള്ള വഴി വിനയത്തിലൂടെയും സ്നേഹത്തിലൂടെയും ആണെന്ന് തെളിയിക്കുകയായിരുന്നല്ലോ. കഷ്ടതയിലൂടെയും താഴ്മയിലൂടെയും മഹത്വത്തിലേക്ക് കടന്ന ക്രിസുതവിനെക്കുറിച്ച് വെളിപാടു പുസ്തകത്തില്‍ അഞ്ചാം അദ്ധ്യായത്തില്‍ ആയിരമായിരം ദൂതന്മാര്‍ അത്യുച്ചത്തില്‍ ഇങ്ങനെ പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു: “അറുക്കപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാന്‍ യോഗ്യന്‍” (വെളിപാട് 5:12).

കാല്‍കഴുകലിന്‍റെ ഈ ശുശ്രൂഷയില്‍ നാം “ഈറയ സേവിതനുടയോനേ, തിരുവിനയത്തിനായ് സ്തോത്രം” എന്നും ‘സകലാധീശന്‍ ഇന്ന് ശിഷ്യരുടെ കാല്‍ കഴുകുന്നത് കണ്ടപ്പോള്‍ അത്യധികം ഭൂമിയും സ്വര്‍ഗ്ഗവും അല്‍ഭുതപ്പെട്ടു’ എന്നുമൊക്കെ പാടിപ്പറയുന്നു. ദുര്‍ബ്ബലന്‍റെ ഗുണമായി തള്ളിക്കളയേണ്ട ഒന്നല്ല വിനയമെന്ന വിളമ്പരമാണിത്.

സുവിശേഷം നല്‍കുന്ന വെളിച്ചം അനുസരിച്ച് താഴ്മയുള്ളവര്‍ ആരെയും നിസ്സാരവല്‍ക്കരിക്കുന്നില്ല. അടിസ്ഥാനരഹിതമായ കുറ്റാരോപണം നടത്തുവാനും അപകീര്‍ത്തിപ്പെടുത്തുവാനും അവര്‍ ഒട്ടും തല്പരരല്ല. ഇങ്ങനെയുള്ള ശ്രമങ്ങളിലൂടെ അഹന്തയിലൂന്നി സ്വന്തം മഹത്വം സ്ഥാപിച്ചെടുക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്ന ഒരു ചുറ്റുപാടില്‍ ‘സഹോദരനോടു നിസ്സാരാ എന്നു പറഞ്ഞാലോ ന്യായാധിപ സഭയുടെ മുമ്പില്‍ നില്‍ക്കേണ്ടിവരും’ എന്നും ‘മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും’ എന്നൊക്കെയുള്ള ക്രിസ്തുവിന്‍റെ പരുഷമെന്നു തോന്നുന്ന താക്കീത് വലിയ വെളിച്ചമാകേണ്ടതാണ്.

സുവിശേഷ വെളിച്ചമനുസരിച്ച് താഴ്മയുള്ളവര്‍ മറ്റുള്ളവരെ ആദരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യും. ആ വെളിച്ചം ഏറ്റവും പ്രകടമായ ഒരു സംഭവമായിരുന്നല്ലോ ക്രിസ്തുവിന്‍റെ കാല്‍കഴുകല്‍ ശുശ്രൂഷ. ഒരു ശിഷ്യനെപ്പോലെ ഗുരു സ്വശിഷ്യരുടെ പാദങ്ങള്‍ തൊട്ടതും ഒരു ദാസനെപ്പോലെ അവ കഴുകിയതും ലോക ചരിത്രത്തില്‍ ആദ്യസംഭവമാകും.

തങ്ങളെക്കാള്‍ ജ്ഞാനമോ, സ്ഥാനപദവികളോ, അതുല്യനേട്ടങ്ങളോ, പ്രായമോ ഒക്കെ ഉള്ളവരെ ആദരിക്കുന്നത് മിക്കവര്‍ക്കും സ്വാഭാവികമായും എളുപ്പമാണ്. സമ്പത്തിലോ, പഠനത്തിലോ, സ്ഥാനമാനങ്ങളിലോ ഒക്കെ കുറവുള്ളവരായി കാണപ്പെടുന്നവരെ ആദരിക്കുക അത്ര എളുപ്പമല്ല. വിശിഷ്ടാദ്വൈദത്തിന്‍റെ പ്രസിദ്ധ വക്താവായ ശ്രീരാമാനുജന്‍ വലിയ ഗുരുവും ആല്‍മീയാചാര്യനുമായി വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഗുരുവായിരുന്ന യാദവ പ്രകാശ, ശിഷ്യന്‍റെ ശിഷ്യത്വം എടുക്കുകയുണ്ടായി. മധ്വാചാര്യന്‍റെ ഗുരുവായിരുന്ന അച്യുതപ്രേക്ഷ്യായും ഇങ്ങനെ ചെയ്തതായി ചരിത്രം പറയുന്നു. എഴുത്തുകാരനും സാമൂഹ്യനവോത്ഥാനത്തിന്‍റെ വക്താവുമായിരുന്ന ശ്രീ.വി.ടി.ഭട്ടതിരിപ്പാട് തന്‍റെ പ്രസിദ്ധമായ ‘കണ്ണീരും കിനാവും’ എന്ന അത്മകഥയില്‍ പറയുന്ന വളരെ ഹൃദയസ്പര്‍ശിയായ ഒരു സംഭവമുണ്ട്. വി.ടി അക്ഷരാഭ്യാസമില്ലെങ്കിലും പൂജകള്‍ പഠിച്ച് ഒരു അമ്പലത്തില്‍ ചെറുപ്പക്കാരനായ ഒരു പൂജാരിയായി ശോഭിക്കുമ്പോള്‍ ഒരു ദിവസം പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടി ഈ പൂജാരിയുടെ അടുക്കല്‍ വന്ന് പുസ്തകം തുറന്ന് കാട്ടി ഒരു സംശയം പരിഹരിക്കാന്‍ സഹായം തേടി. ഈ പൂജാരി വായിക്കാനറിയാതെ അവിടെ കുഴങ്ങി നില്‍ക്കുമ്പോള്‍ കുട്ടിയുടെ അമ്മ വന്നു കുട്ടിയെ വിളിച്ചതുകൊണ്ടു ആ പ്രതിസന്ധിയില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടു. അഹന്തയില്‍ പുളച്ചു നിന്ന തന്‍റെ മനമന്നുടഞ്ഞെന്നും പിറ്റേദിവസം ബ്രാഹ്മണ പൂജാരിയായ താന്‍ ആ പത്തു വയസ്സുള്ള തിയ്യാടി പെണ്‍കുട്ടിക്ക് ശിഷ്യപ്പെട്ടെന്നും അവള്‍ സ്ളേറ്റില്‍ എഴുതിക്കൊടുത്ത 51 അക്ഷരങ്ങള്‍ വായിച്ചു പഠനം ആരംഭിച്ചെന്നും ആത്മകഥയില്‍ അദ്ദേഹം കുറിച്ചു. നമുക്കൊക്കെ വിദ്യാഭ്യാസമുണ്ടെങ്കിലും നമ്മുടെ ശുശ്രൂഷയുടെ ഇടങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വിനയത്തോടെ പ്രതികരിക്കുവാനാകുമോ എന്നത് സുപ്രധാന ചോദ്യമാണ്.

ഇപ്പറഞ്ഞ സംഭവങ്ങളില്‍ പ്രകടമാകുന്ന താഴ്മയേക്കാളും ആഴവും പരപ്പുമുള്ള ഒരു താഴ്മയാണ് ശിഷ്യരുടെ കാലുകള്‍ കഴുകുന്ന ക്രിസ്തുവില്‍ പ്രകാശിതമാകുന്നത്. തന്‍റെ സ്ഥാനംവിട്ട് ക്രിസ്തു താഴേക്കിറങ്ങിയതും ശിഷ്യരുടെ പാദം തൊട്ടതും അവരുടെ ഗുണമേന്മകളോ മഹത്വമോ കണ്ടിട്ടല്ല, മറിച്ച് അവരെ വിനയത്തിന്‍റെയും ഐക്യത്തിന്‍റെയും മഹത്വത്തിലേക്കു നയിക്കാന്‍ വേണ്ടിയായിരുന്നു.

യഥാര്‍ത്ഥ താഴ്മ നമ്മെക്കുറിച്ച് തുച്ഛീകരിച്ചു ചിന്തിക്കുന്നതല്ല, മറിച്ച് നമ്മളെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നതു കുറയ്ക്കുന്നതാണ്. C S Lewis ന്‍റെ പ്രസിദ്ധമായ വാക്കുകള്‍ ഓര്‍ക്കാം. Humility is not thinking less of yourself , it is thinking of yourself less. തന്‍റെ സ്ഥാനത്തെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഗുരുവിനും സാധിക്കാത്ത ഒരു ആദരവിന്‍റെ ശുശ്രൂഷയാണല്ലോ വിനയത്തിന്‍റെ വിശ്വനാഥന്‍ ദൃഷ്ടാന്തമായി കാണിച്ചു തന്നത്.

സുവിശേഷത്തിന്‍റെ വെളിച്ചമനുസരിച്ച് താഴ്മയുള്ളവര്‍ മാനാപമാനങ്ങളോടു നിസ്സംഗതയുള്ളവരാകും. കുറഞ്ഞത് പ്രശസ്തിയ്ക്കും സ്വയമഹത്വത്തിനുമുള്ള ദാഹമൊടുങ്ങുന്നു. വലിയ മാര്‍ ബസ്സേലിയോസിന്‍റെ താഴ്മയെക്കുറിച്ചുള്ള ലേഖനത്തില്‍ തന്‍റെ ഭവനത്തിലേക്കു വന്ന പത്രോസിന്‍റെ കാല്‍ക്കല്‍ വീണ് കൊര്‍ന്നല്യോസ് നമസ്ക്കരിക്കുമ്പോള്‍ പത്രോസ് പറയുന്ന കാര്യം എടുത്തുപറയുന്നു.: “എഴുന്നേല്‍ക്ക ഞാനും ഒരു മനുഷ്യനത്രേ” (അ. പ്രവൃത്തികള്‍ 10:25,26). അമിതമായി പ്രശംസിക്കുന്നവരെ തിരുത്തുന്നതിന്‍റെ ഒരു സൂചനയാണിത്. കാല്‍കഴുകല്‍ ശുശ്രൂഷയില്‍ കാല്‍കഴുകപ്പെടാനായി പന്തിയിലിരിക്കാന്‍ അവസരം ലഭിക്കാത്തതില്‍ അസ്വസ്ഥമാകുന്ന മനസ്സ് നമ്മളെയൊക്കെ ശുശ്രൂഷയുടെ വിവിധ തലങ്ങളില്‍ വേട്ടയാടാനിടയുണ്ട്. താഴ്മയുടെ ഗുരുവും കര്‍ത്താവുമായ യേശുവിന്‍റെ ശിഷ്യത്വം പുതുക്കാനുള്ള ഓര്‍മ്മപ്പെടുത്തലായി അങ്ങനെയുള്ള അസ്വസ്ഥതകളെ രൂപാന്തരപ്പെടുത്താനുള്ള വെളിച്ചമാണ് ഈ ശുശ്രൂഷയില്‍ നിന്നു നമുക്കു ലഭിക്കുന്നത്.

ക്രിസ്തുവിന്‍റെ താഴ്മയുടെ വെളിച്ചം വ്യക്തികള്‍ക്കു മാത്രമല്ല സമുദായങ്ങള്‍ക്കും മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഒക്കെ പ്രബുദ്ധത നല്‍കാന്‍ പര്യാപ്തമാണ്. ഓരോ സമൂഹത്തിന്‍റെയും സ്വത്വബോധം ക്രിയാത്മകമായ ഒരു ആവശ്യമാണ്. എന്നാല്‍ അതിരുവിട്ടാല്‍ അപകടകരമാം വിധം Communal Ego ശക്തിപ്പെടുകയും വര്‍ഗ്ഗീയത വളര്‍ന്ന് ഐക്യം നശിക്കുകയും ചെയ്യും. സാമ്രാജ്യത്വ ചിന്തയുടെ ഒരടിസ്ഥാനവും അഹങ്കാരമാണ്. ഉക്രെയിന്‍ യുദ്ധത്തിലേക്കു നയിച്ച അമേരിക്ക ഉള്‍പ്പെടുന്ന നേറ്റോ (NATAO) യുടെ സാമ്രാജ്യത്വ ചിന്തകളും സോവിയറ്റ് യൂണിയന്‍റെ അവശേഷിപ്പായി റഷ്യയിലൂടെ തുടരുന്ന സാമ്രാജ്യത്വ ചിന്തകളും ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ ദുരിതങ്ങള്‍ നാം അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ശിഷ്യരുടെ ഇടയിലെ വിഭാഗീയതയില്‍ വേദനിച്ച നാഥന്‍ ശിഷ്യരുടെ കാല്‍കഴുകലിലൂടെ വ്യക്തികളുടെയും സമുദായങ്ങളുടെയും രാജ്യങ്ങളുടെയും ഒക്കെ അഹന്ത കഴുകിക്കളഞ്ഞ് സര്‍വ്വരുടെയും ഐക്യത്തിനായുള്ള ഒരു സ്വപ്ന പദ്ധതിയ്ക്ക് ആരംഭംകുറിക്കുകയുമായിരുന്നു.

ജീവനുള്‍പ്പെടെ എല്ലാം ദൈവകൃപയാലാണെന്ന അവബോധം വിനയത്തെ വളര്‍ത്തും. പിതാവ് തന്നെ ഏല്പിച്ച പ്രവൃത്തി ചെയ്യാന്‍ താന്‍ വന്നിരിക്കുന്നു എന്നും പിതാവില്‍ നിന്നുകേട്ട വചനങ്ങള്‍ താന്‍ അറിയിക്കുന്നു എന്നുമെല്ലാം പറഞ്ഞ് നിരന്തരം അയയമ ഇീിരെശീൗിലെൈ ല്‍ കഴിഞ്ഞ ക്രിസ്തു ദൈവകൃപയേക്കുറിച്ചുള്ള ബോധ്യത്തില്‍ താഴ്മയില്‍ വളരാന്‍ പഠിപ്പിക്കുകയായിരുന്നല്ലോ. ‘രാജ്യവും ശക്തിയും സ്തുതിയും മഹത്വവും’ ദൈവത്തിനര്‍പ്പിച്ച് താഴ്മ ധരിക്കാന്‍ അവിടുന്നു നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥന നിരന്തരം ഉരുവിടുന്നവരാണല്ലോ നാം.

കൃപയെക്കുറിച്ചുള്ള ഓര്‍മ്മപോലെ മരണത്തെക്കുറിച്ചുള്ള ധ്യാനവും സ്വന്തം കുറവുകളെക്കുറിച്ചുള്ള ഓര്‍മ്മയുമൊക്കെ വിനയത്തില്‍ വളരാനുള്ള പ്രചോദനങ്ങളായാണല്ലോ ഫിലോക്കാലിയ തുടങ്ങിയ പല ആദ്ധ്യാത്മീക ഗ്രന്ഥങ്ങളും അറിയിച്ചു തരുന്നത്. അറിയുന്തോറും അറിഞ്ഞത് കുറവും അറിയേണ്ടത് അധികവും എന്ന വെളിച്ചവും ലഭിക്കുന്നു. ലഭ്യമായ അറിവും ബോധ്യവും പൂര്‍ണ്ണമായും സത്യമാണോ എന്ന ചോദ്യവും കൂടുതല്‍ സത്യവെളിച്ചം ലഭിക്കുമ്പോള്‍ അതുവരെ മുറുകെ പിടിച്ച കാര്യങ്ങളില്‍ മാറ്റം വരുത്തുന്നതും intellectual humility യുടെ ഭാഗമാണ്. ഈ ബൗദ്ധിക വിനയം പരിശുദ്ധാത്മാവിന്‍റെ ഇടപെടലുകളെ അനുഗ്രഹകരമായി പ്രയോജനപ്പെടുത്തുവാന്‍ സഹായകരമാക്കുകയും ചെയ്യും. മറിയാമിനെ തള്ളിക്കളയാനുള്ള തന്‍റെ തീരുമാനും തിരുത്തി അവളെ ഉള്‍ക്കൊണ്ട യൗസേഫ് പിതാവിന്‍റെ നടപടി ക്രിസ്തുവിനെ ചേര്‍ത്തു നിര്‍ത്തുന്ന അപ്രകാരമുള്ള താഴ്മയുടെ ഉദാഹരണമാണ്.

താഴ്മ സ്വഭാവ മഹിമയിലേക്കും തികഞ്ഞ സന്തോഷത്തിലേക്കും നയിക്കുന്ന ഒരു ഉല്‍കൃഷ്ട ഗുണമാണ്. വലിയ മാര്‍ ബസ്സേലിയോസിന്‍റെ താഴ്മയെക്കുറിച്ചുള്ള പ്രബോധനത്തിലെ ഈ മുഖ്യചിന്ത നമ്മുടെ കാലത്തെ പ്രബലമായ സംസ്കാരത്തിനു ചേരുന്നതല്ലായിരിക്കും. എങ്കിലും ഇത് ഏറ്റവും സുവിശേഷാനുസൃതമായ ദര്‍ശനമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ശുശ്രൂഷ. താഴ്മ കൂടുതല്‍ സമൃദ്ധമായ ദൈവകൃപയുടെ സ്വീകരണത്തിനു നമ്മെ ഒരുക്കുകയും ചെയ്യുന്നു. പ.പത്രോസ് ശ്ലീഹാ തന്‍റെ ഒന്നാമത്തെ ലേഖനത്തിലും (1 പത്രോസ് 5:5) നീതിമാനായ യാക്കോബ് തന്‍റെ ലേഖനത്തിലും (യാക്കോബ് 4:6) ഉദ്ധരിക്കുന്ന ഒരു വാക്യമാണ് സദൃശ്യവാക്യങ്ങള്‍ 3:34 ലെ ‘താഴ്മയുള്ളവര്‍ക്കോ അവന്‍ കൃപനല്‍കുന്നു’ എന്നത്. നാം നമ്മില്‍ നിറയുമ്പോള്‍ ദൈവകൃപയെ സ്വീകരിക്കാന്‍ നമ്മില്‍ ഇടമില്ലാതെ പോകാറുണ്ടെന്നതും ഓര്‍ക്കാം.

ഭൂമിയോളം താഴുക എന്ന പ്രയോഗം നമുക്കറിയാം. ഭൂമി അഥവാ മണ്ണ് എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ ‘humus’ ല്‍ നിന്നാണല്ലോ ഇംഗ്ലീഷില്‍ humility യും human ഉം ഒക്കെ രൂപപ്പെട്ടത്. ജീവന്‍റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അത്ഭുതാവഹമായ സഹായങ്ങള്‍ ചെയ്യുന്ന ഭൂമിക്ക് അതിനേക്കുറിച്ച് അഹന്തയോടെയുള്ള അവകാശവാദങ്ങളൊന്നുമില്ല. അതിലേക്കു വലിച്ചെറിയുന്നവയെപ്പോലും രൂപാന്തരപ്പെടുത്തി നന്മകളുടെ ഫലം പുറപ്പെടുവിച്ചു തരുവാനും ശ്രമിക്കുകയാണ് ഭൂമി. നമ്മെ മനുഷ്യനാക്കാന്‍ വേണ്ടി ഭൂമി കാണിച്ചുതരുന്ന ഈ ദര്‍ശനത്തിന്‍റെ ആള്‍രൂപമായി വന്ന ക്രിസ്തുവും ഭൂമിയെപ്പോലെ പിഡിപ്പിക്കപ്പെട്ടു. സൃഷ്ടിച്ചപ്പോഴെ നമ്മളില്‍ നിക്ഷേപിച്ച ആത്മസൗന്ദര്യത്തിന്‍റെ വിത്തു വളര്‍ത്താനാണ് ക്രിസ്തു ക്ലേശിച്ചതും വിരൂപനാക്കപ്പെട്ടതും എന്ന രക്ഷാകരമായ ഓര്‍മ്മ ഉണര്‍ത്താന്‍ കഷ്ടാനുഭവവാരാചരണം പ്രത്യേകിച്ച് ഈ കാല്‍കഴുകല്‍ ശുശ്രൂഷ സഹായകരമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഉപസംഹരിക്കുന്നു.