ചക്കിട്ടിടത്ത് സി. ജി. തോമസ് കത്തനാർ

തുമ്പമൺ മുട്ടം ചക്കിട്ടടത്ത് കുടുംബത്തിന്റെ ശാഖകളിൽ ഒന്നായ തോപ്പിൽ കിഴക്കേതിൽ കുടുംബത്തിലെ ഗീവർഗീസ് കത്തനാരുടെ മകനായി 1875-ൽ സി.ജി. തോമസ് കത്തനാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുമ്പമണ്ണിലും, ഉപരിപഠനം അടൂർ ഗവൺമെന്റ് ഹൈസ്കൂളിലും നടത്തി.
സഭാസ്നേഹിയും, സൽസ്വഭാവിയുമായിരുന്ന സി.ജി തോമസ് ദൈവവേലയ്ക്കായി സ്വയം സമർപ്പിക്കുകയും കോട്ടയം വൈദിക സെമിനാരിയിലും, പരുമല സെമിനാരിയിലുമായി വൈദിക പഠനം പൂർത്തിയാക്കുകയും ചെയ്തു.
തുമ്പമൺപള്ളിക്ക് വേണ്ടി അദ്ദേഹത്തെ പൗരോഹിത്യ സ്ഥാനത്തേക്ക് ഉയർത്തിയത് പരുമല കൊച്ചുതിരുമേനി ആയിരുന്നു.
12-04 1898 ൽ വൈദികനായിത്തീർന്ന സി. ജി തോമസ് കത്തനാർ 1932 വൃശ്ചികം 4 വരെ ഇടവക പട്ടക്കാരനായും തുടർന്ന് ആയുഷ്ക്കാലം മുഴുവനും 1964 ജൂലൈ 27 ന് നിര്യാതനാകുന്നതു വരെ തുമ്പമൺ പള്ളിയുടെ വികാരിയായും സേവനം അനുഷ്ഠിച്ചു.
സി. ജി തോമസ് കത്തനാർ തുമ്പമൺ ഇടവകയുടെയും മലങ്കരസഭയുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചു. ഇടവക ശവക്കോട്ട നവീകരണം, ഇടവകയിൽ ഭരണഘടന നടപ്പാക്കൽ, തുടങ്ങിയവ അച്ചന്റെ കാലത്ത് ആയിരുന്നു. കൂടാതെ സ്കൂൾ മാനേജർ എന്ന നിലയിലും സേവനം അനുഷ്ഠിച്ചു. തുമ്പമണ്ണിൽ മാർത്തോമ്മ – കത്തോലിക്ക സഭകളുടെ വളർച്ച സാധ്യമാകാതിരുന്നതിലും , കക്ഷിവഴക്കിൽ യാക്കോബായ വിഭാഗത്തിന് നേട്ടമുണ്ടാക്കാൻ കഴിയാഞ്ഞതും തോമസ് അച്ചന് ഇടവക ജനങ്ങളുമായി ഉണ്ടായിരുന്ന നല്ല ബന്ധവും അതു മൂലം ഉണ്ടായ ശക്തമായ സ്വാധീനത്താലുമായിരുന്നു.
പ ഔഗേൻ ബാവാ തുമ്പമൺ പള്ളിയിൽ എഴുന്നള്ളി താമസിച്ച് വരവെ 1964 ജൂലൈ മാസം 27 ന് സി.ജി തോമസ് കത്തനാർക്ക് വി. കുർബാന നൽകുകയും, ഭവനത്തിൽ വെച്ച് കന്തീലാ ശുശ്രൂഷ നടത്തുകയും ചെയ്തു. ജൂലൈ 27 ന് തന്നെ അദ്ദേഹം തന്റെ ഇഹലോക വാസം വെടിയുകയും ചെയ്തു.
28 ന് പ ഔഗേൻ കാതോലിക്കാ ബാവാ, ദാനിയേൽ മാർ പീലക്സിനോസ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലും അനേകം വൈദികരുടെ സഹകരണത്തിലും , വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിലും തുമ്പമൺ പള്ളി സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു.