പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്‍റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്‍റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ കൃതി നമ്മുടെ നാടിന്‍റെയും സമൂഹത്തിന്‍റെയും സഭയുടെയും വളര്‍ച്ചാവികാസത്തിന്‍റെ ഒരു പാര്‍ശ്വവീക്ഷണം അവതരിപ്പിക്കുന്നു.
‘പറപ്പള്ളിത്താഴെ യാക്കോബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകള്‍’ ചരിത്രത്തിന്‍റെ താളുകളിലെ ഒരു വിസ്മയമായി എനിക്ക് അനുഭവപ്പെടുന്നു. ഇതിന്‍റെ കര്‍ത്താവായ ഫാ. പി. എം. ജേക്കബ് 1906-ല്‍ ജനിച്ച് 1974-ല്‍ അന്തരിച്ചെങ്കിലും ഈ ദിനവൃത്താന്തക്കുറിപ്പുകളിലൂടെ ഇനിയും അദ്ദേഹം നൂറ്റാണ്ടുകള്‍ ജീവിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഈ ദിനവൃത്താന്തക്കുറിപ്പുകളുടെ കാലം പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് പ്രഥമന്‍ മുതല്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ വരെയുള്ളതാണ്. ഫാ. പി. എം. ജേക്കബ് 1927-ല്‍ ശെമ്മാശപട്ടം ഏറ്റ കാലം മുതലാണ് ഈ കൃതിയിലെ ദിനവൃത്താന്തക്കുറിപ്പുകള്‍ എഴുതിത്തുടങ്ങിയിരിക്കുന്നത്. 1974-ല്‍ കങ്ങഴ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതു വരെയുള്ള കുറിപ്പുകള്‍ അദ്ദേഹം മുടങ്ങാതെ എഴുതി. മരിക്കുന്നതിനു ഏതാനും ദിവസം മുമ്പുവരെയും ദിനവൃത്താന്തക്കുറിപ്പ് എഴുതി. അതിനാല്‍ ഈ കൃതിയിലെ ചരിത്രകാലം 1927 മുതല്‍ 1974 വരെയുള്ളതാണ്. അതായതു, കേരളചരിത്രത്തിലെ അല്ലെങ്കില്‍ സഭാചരിത്രത്തിലെ ഏതാണ്ട് അര നൂറ്റാണ്ടിന്‍റെ ചരിത്രമാണ് ഈ പുസ്തകത്തില്‍ ഇതള്‍ വിരിയുന്നത്. ഇതൊരു ചരിത്ര വിസ്മയം തന്നെയാണെന്നു പറയുന്നതു അതുകൊണ്ടാണ്.
കേരള ചരിത്രത്തില്‍, അല്ലെങ്കില്‍ സഭാചരിത്രത്തില്‍ ദിനവൃത്താന്തക്കുറിപ്പുകളുടെ പ്രസക്തിയെന്താണ്? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അതു വായനക്കാര്‍ക്കു മനസ്സിലാകും – ‘സത്യം.’ ചരിത്രത്തില്‍ സത്യത്തിനു പ്രസക്തിയുണ്ടെങ്കില്‍ അതാണ് ദിനവൃത്താന്തക്കുറിപ്പുകളുടെ പ്രസക്തി. ആത്മകഥയിലും ജീവചരിത്രത്തിലും ഒരുപക്ഷെ നമുക്കു കാണാന്‍ കഴിയാത്ത ഒരു കാര്യമാണത്. ദിനവൃത്താന്തക്കുറിപ്പ് എഴുതുന്നതു ഒരു രചനാരീതിയല്ല, ഒരു ജീവിതരീതിയാണ്. ഒന്നും മറച്ചുവയ്ക്കാനില്ല. എന്താണ് സംഭവിച്ചത്, അല്ലെങ്കില്‍ എന്താണ് അറിഞ്ഞത്, ചെയ്തത് – അതാണ് ദിനവൃത്താന്തക്കുറിപ്പായി പരിണമിക്കുന്നത്. ഇതില്‍ ഒന്നും അസത്യമല്ല. അര്‍ദ്ധസത്യങ്ങളും ഇല്ല. സത്യം മാത്രമേ ഉള്ളൂ.
സത്യം പറയുന്നതാണ് ചരിത്രം. ഇന്നത്തെ സത്യം നാളത്തെ ചരിത്രമാണ്. അതുപോലെ ഇന്നത്തെ അര്‍ദ്ധസത്യവും നാളത്തെ ചരിത്രം തന്നെ!
ദിനവൃത്താന്തക്കുറിപ്പുകള്‍ ഫാ. പി. എം. ജേക്കബിന്‍റെ ഒരു ജീവിതശൈലിയായിരുന്നു. ഇതിലൂടെ മഹത്തായ ഒരു കര്‍മ്മമാണ് അദ്ദേഹം നിര്‍വഹിച്ചത്. അതിനാല്‍ ഫാ. ജേക്കബിന്‍റെ ഈ ദിനവൃത്താന്തക്കുറിപ്പുകളെ മഹത്തായ ഒരു ചരിത്രസാക്ഷ്യമെന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലൂക്കോസ് എഴുതിയ സുവിശേഷം ആരംഭിക്കുമ്പോള്‍ എഴുതിയിട്ടുള്ള വാക്യത്തില്‍ “നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമയ്ക്കുവാന്‍ പലരും തുനിഞ്ഞിരിക്കുന്നതുകൊണ്ട് നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്, അതു ക്രമമായി എഴുതുന്നത് നന്നെന്ന് ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ലൂക്കോസിന്‍റെ ഈ ചരിത്രബോധമാണ് പറപ്പള്ളിത്താഴെ യാക്കോബ് കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നത്. വിശുദ്ധ ലൂക്കോസിന്‍റെ വാക്യത്തില്‍ നിന്നു ചില ‘താക്കോല്‍ വാക്കുകള്‍’ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ചരിത്രബോധത്തിലേക്ക് തുറക്കേണ്ട ചില താക്കോലുകള്‍ ഇതിലുണ്ട്. ‘പൂര്‍ണ്ണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങള്‍’, ‘വാര്‍ത്തയുടെ നിശ്ചയം’, ‘ക്രമമായി എഴുതുന്നത്’, ‘സൂക്ഷ്മമായി പരിശോധിച്ചിട്ട്’ എന്നിവ ഞാന്‍ എടുത്തു പറയുകയാണ്. വിശുദ്ധ ലൂക്കോസ് ചൂണ്ടിക്കാട്ടുന്ന താക്കോല്‍ ആശയങ്ങള്‍. വന്ദ്യ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകളിലും ദര്‍ശിക്കാന്‍ കഴിയുന്നു.
ഈ താക്കോല്‍ വാക്കുകളില്‍ വീണ്ടും ഒരു നിരീക്ഷണം നടത്തിയാല്‍ നമ്മുടെ മുമ്പില്‍ തെളിഞ്ഞു നില്‍ക്കുന്ന വാക്കുകള്‍ പൂര്‍ണ്ണത, നിശ്ചയം, ക്രമം, സൂക്ഷ്മത എന്നിവയാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു വൈദികവൃത്തിയിലേക്കു സമര്‍പ്പിക്കപ്പെട്ട യാക്കോബ് കത്തനാരുടെ എഴുത്തിന്‍റെ മൗലികതയും മേല്പറഞ്ഞ പൂര്‍ണ്ണതയും നിശ്ചയവും ക്രമവും സൂക്ഷ്മതയുമാണെന്നു എനിക്കു തോന്നുന്നു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ നാളാഗമം എഴുതിയപ്പോള്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ ഇത്തരുണത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു. ചാവറയച്ചന്‍റെ ആ വാക്കുകള്‍ ഇങ്ങനെ:
“ഈ എഴുതുവാന്‍ പോകുന്ന സംഗതികള്‍ ഞാന്‍ കണ്ണുകൊണ്ടു കണ്ടതായിട്ടും വിശ്വാസമുള്ളവരില്‍ നിന്നും കേട്ടതായിട്ടും ഉള്ളതത്രെയാകുന്നു. ഈവണ്ണം ഞാന്‍ എഴുതുന്നുവെങ്കിലും ഞാന്‍ അറിയാത്തതായ മറ്റു പല വിവരങ്ങളും ഉണ്ടായിരിക്കും. എങ്കിലും ഞാന്‍ അറിഞ്ഞിട്ടുള്ളതും എന്‍റെ ഓര്‍മ്മയില്‍ വരുന്നതുമായ സംഗതികള്‍ മാത്രം ഇവിടെ കുറിക്കുന്നു.”
ചാവറയച്ചന്‍ പറയുന്നതു, താനെഴുതുന്നതു കണ്ണുകൊണ്ട് കണ്ടതും വിശ്വാസമുള്ളവരില്‍ നിന്നു കേട്ടതുമായ കാര്യങ്ങളാണെന്നാണ്. അതായതു, അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ് ചാവറയച്ചന്‍ എഴുതിയത്.
ചാവറയച്ചന്‍റെ നാളാഗമങ്ങള്‍ വളരെ പ്രസിദ്ധമാണ്. 1829 മുതല്‍ 1870 വരെയുള്ള കാലയളവിലാണ് ചാവറയച്ചന്‍ നാളാഗമം എഴുതിയിട്ടുള്ളത്. ചാവറയച്ചന്‍ നാളാഗമം എഴുതുന്നതിനു മുമ്പ് ആറാം മാര്‍ത്തോമ്മായുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ എഴുതപ്പെട്ടിട്ടുണ്ട്. അതാണ് കേരളചരിത്രത്തില്‍ ശ്രദ്ധേയമായ ‘നിരണം ഗ്രന്ഥവരി.’ കേരള ചരിത്രത്തിലും സഭാചരിത്രത്തിലും 1770 മുതല്‍ 1830 വരെയുള്ള കാലഘട്ടത്തിലെ സംഭവങ്ങളാണ് മലങ്കര നസ്രാണികളുടെ ഭരണത്തലവനായിരുന്ന മാര്‍ത്തോമ്മാ ആറാമന്‍റെ ‘നിരണം ഗ്രന്ഥവരിയിലുള്ളത്. ഇതില്‍ 1855 വരെയുള്ള കാലഘട്ടം പശ്ചാത്തലമായി ചര്‍ച്ച ചെയ്തു പൂരണം നടത്തിയിട്ടുണ്ട്.
കൊച്ചി ഭദ്രാസനത്തിലെ ആദ്യ മെത്രാനായിരുന്ന കണ്ടനാട് കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ (1826-1886) പേരില്‍ അറിയപ്പെടുന്ന ‘കണ്ടനാട് ഗ്രന്ഥവരി’ ആയാലും അക്കാലത്തെ സഭാചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചില സൂചനകള്‍ നല്‍കുന്നുണ്ട്. പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പുള്ള സഭാചരിത്രവും ആറാം മാര്‍ത്തോമ്മാ മുതല്‍ 1880 വരെയുള്ള സഭാചരിത്രവും കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നു നമുക്കു വായിച്ചെടുക്കാം. അതിനാല്‍ പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ വരുംകാലങ്ങളില്‍ ചരിത്ര പഠിതാക്കള്‍ക്കു ഒരു അക്ഷയഖനിയാണെന്നു പറയാതെ വയ്യ.
കേരളചരിത്രത്തെ സ്വരൂപിക്കുന്നതിനു ഇതുപോലെയുള്ള ദിനവൃത്താന്തക്കുറിപ്പുകളും ഗ്രന്ഥവരികളും നാളാഗമങ്ങളും മാത്രമല്ല പ്രധാന പങ്കുവഹിച്ചിരുന്നത്. താളിയോലകള്‍, ചട്ടവരിയോലകള്‍ എന്നിങ്ങനെയുള്ള പ്രാചീന രേഖകളും ചരിത്രത്തെ സംബന്ധിച്ചുള്ള ആധാരരേഖകളാണ്. ഇത്തരം രേഖകളില്‍ നിന്നു ചിലപ്പോള്‍ നമുക്കു ചില സൂചനകള്‍ മാത്രമെ ലഭിക്കുന്നുള്ളുവെങ്കിലും അത്തരം സൂചനകളില്‍ നിന്നു ചരിത്രപഠിതാക്കള്‍ക്കു ഒരു സൂക്ഷ്മചരിത്രം കണ്ടെത്താന്‍ കഴിയും.
പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്‍റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്‍റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ കൃതി നമ്മുടെ നാടിന്‍റെയും സമൂഹത്തിന്‍റെയും സഭയുടെയും വളര്‍ച്ചാവികാസത്തിന്‍റെ ഒരു പാര്‍ശ്വവീക്ഷണം അവതരിപ്പിക്കുന്നു.
യാക്കോബു കത്തനാര്‍ ശെമ്മാശ പട്ടം സ്വീകരിച്ച് പാമ്പാടി ദയറായില്‍ താമസിച്ചു തുടങ്ങിയ കാലം മുതലാണ് ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ എഴുതിത്തുടങ്ങുന്നത്. സഭാപിതാക്കന്മാരുടെ കൂടെയുള്ള അദ്ദേഹത്തിന്‍റെ ജീവിതവും വൈദിക ശുശ്രൂഷയിലുള്ള പങ്കാളിത്തവും ആത്മീയ പ്രവര്‍ത്തനവും മാത്രമല്ല ഈ ദിനവൃത്താന്തക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേരള ചരിത്രത്തിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന സംഭവങ്ങളും ലോകചരിത്രത്തിലെ അവിസ്മരണീയമായ വര്‍ത്തമാനങ്ങളും ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായകമായ വിശേഷങ്ങളും ഒരു ചരിത്രകാരന്‍റെ മനസ്സോടെ ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനൊപ്പമാണ് സഭാചരിത്രത്തിലെ നിര്‍ണ്ണായകമായ ദൈനംദിന സംഭവവികാസങ്ങള്‍ യാക്കോബു കത്തനാര്‍ കുറിച്ചുവച്ചിരിക്കുന്നത്. ഇതിലൂടെ യാക്കോബു കത്തനാരുടെ പൗരോഹിത്യ ശുശ്രൂഷയിലെ തിളക്കമാര്‍ന്ന ഒരു ചരിത്രവും രൂപപ്പെട്ടു വരുന്നു. വിശ്വാസാചാരങ്ങളിലും പ്രാര്‍ത്ഥനകളിലും ആരാധനയിലും മറ്റും യാക്കോബു കത്തനാര്‍ പുലര്‍ത്തിയിരുന്ന നിഷ്ഠയും അച്ചടക്കവും ഈ ദിനവൃത്താന്തക്കുറിപ്പുകളില്‍ ഉരുത്തിരിയുന്നുണ്ട്.
പാമ്പാടി ദയറായും പാമ്പാടി തിരുമേനിയും ഈ വന്ദ്യ വൈദികന്‍റെ ജീവിതത്തെ ക്രമപ്പെടുത്തിയെന്നു കുറിപ്പുകള്‍ സൂചന നല്‍കുന്നു. പാമ്പാടി തിരുമേനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള യാക്കോബു കത്തനാര്‍ അക്കാലത്തു പാമ്പാടി ദയറായിലും പാമ്പാടി തിരുമേനിയുടെ ജീവിതത്തിലും നടന്ന സൂക്ഷ്മ സംഭവങ്ങള്‍ പോലും ഒപ്പിയെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. അതിനൊപ്പം തന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ആത്മികമായ വളര്‍ച്ചാവികാസവും യാക്കോബു കത്തനാര്‍ കുറിച്ചുവയ്ക്കുന്നു. പറയാനുള്ള കാര്യങ്ങള്‍ ചെറിയ വാചകത്തില്‍ എഴുതാനും ആശയങ്ങള്‍ സമഗ്രമായി അവതരിപ്പിക്കാനും സഭാചരിത്രത്തെ ദേശത്തിന്‍റെയും രാജ്യത്തിന്‍റെയും ചരിത്രഗതിയോടൊപ്പം അവതരിപ്പിക്കാനും യാക്കോബു കത്തനാര്‍ക്കു കഴിയുന്നു. യാക്കോബു കത്തനാരുടെ ഈ ചരിത്രബോധം ആദ്യന്തം ഈ ദിനവൃത്താന്തക്കുറിപ്പുകളിലുണ്ട്.
യാക്കോബ് കത്തനാര്‍ ദിനവൃത്താന്തക്കുറിപ്പുകള്‍ എഴുതിയതുപോലെ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയും ഡയറിക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇരുവരും വിഭിന്നമായ രചനാശൈലിയാണ് പ്രയോഗിച്ചിട്ടുള്ളത്. വട്ടശ്ശേരില്‍ തിരുമേനിയുടെ കുറിപ്പുകളില്‍ ദൈനംദിന ഇടപാടുകളുടെ ഒപ്പം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വ്യക്തിയെയും സൂക്ഷ്മമായി നിരീക്ഷണം ചെയ്തുകൊണ്ടുള്ള രചനാരീതിയാണ് വട്ടശ്ശേരില്‍ തിരുമേനി നടത്തുന്നതെങ്കില്‍ ഓരോ സംഭവങ്ങളും സൂക്ഷ്മമായി രേഖപ്പെടുത്തുന്ന രീതിയാണ് യാക്കോബ് കത്തനാര്‍ക്കുള്ളത്.
വട്ടശ്ശേരില്‍ തിരുമേനിയുടെ ജീവിതകാലത്തിലെ ഒരു ഘട്ടം മനസ്സിലാക്കാനും യാക്കോബ് കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ സഹായിക്കുന്നുണ്ട്. 1928 ജൂലൈ രണ്ടിനു യാക്കോബ് കത്തനാര്‍ ഇങ്ങനെ എഴുതി: “വട്ടിപ്പണക്കേസ് വിധി. പൂര്‍ണ്ണമായ വിജയം.” തുടര്‍ന്നു വട്ടിപ്പണക്കേസിന്‍റെ ഇന്‍ജക്ഷന്‍ കേസ്, വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്ക് എന്നിങ്ങനെയുള്ള കാലങ്ങള്‍ രേഖപ്പെടുത്തുന്നു.
പിതാക്കന്മാരുടെ ദേഹവിയോഗം സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയുള്ള ഒരു ദിനവൃത്താന്തക്കുറിപ്പ് കൂടിയാണിത്: “ബാവാ കാലം ചെയ്തു” എന്ന വാചകത്തോടെയാണ് 1928 ഡിസംബര്‍ 17-നു യാക്കോബ് കത്തനാര്‍ ദിനവൃത്താന്തക്കുറിപ്പ് എഴുതിയിരിക്കുന്നത്. തുടര്‍ന്നു വള്ളിക്കാട്ട് നടത്തിയ കബറടക്കത്തെപ്പറ്റിയും പിറ്റേദിവസത്തെ കുറിപ്പിലുണ്ട്. പഴയസെമിനാരിയില്‍ നിന്ന് ‘വൈദികന്‍’ എന്ന പേരില്‍ ഒരു പത്രം ചെറിയമഠത്തില്‍ സ്കറിയാ മല്പാന്‍ തുടങ്ങിയ വിവരം 1929 ഡിസംബര്‍ ഒന്നിനു എഴുതിയ കുറിപ്പിലുണ്ട്. ബ്രഹ്മവാര്‍ മിഷനിലെ ജറോം ലൂയീസ് സ്കൂള്‍ ഫൈനല്‍ പാസ്സായ വിവരവും അദ്ദേഹത്തെ സെമിനാരിയില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ച കാര്യവും രേഖപ്പെടുത്തുന്നതിലൂടെ അല്‍വാറീസ് തിരുമേനിയുടെ മിഷനോടുള്ള സഭയുടെ കരുതല്‍ വ്യക്തമാകുന്നു. സമുദായ ഭരണഘടന തയ്യാറാക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളെപ്പറ്റിയും അതിനു നേതൃത്വം നല്‍കിയവരെപ്പറ്റിയും ഉള്ള വിവരണങ്ങള്‍ വിശദമായി എഴുതിയിട്ടുണ്ട്. തിരുവിതാംകൂറിലെ ആദ്യ വനിതാ വക്കീലായ അന്നാ ചാണ്ടി കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകയായി ചേര്‍ന്ന കാര്യവും യാക്കോബ് കത്തനാര്‍ ‘ബറബാസ്’ എന്ന നോവല്‍ വായിച്ചു തീര്‍ത്ത കാര്യവും കൗതുകത്തോടെ വായിക്കാം.
സ്വാതന്ത്ര്യസമരത്തിന്‍റെ അലകളും ഈ പുസ്കത്തിലുണ്ട്. രാഷ്ട്രീയ തടവുകാരനായിരുന്ന ജതീന്ദ്രനാഥ് ദാസ് ലാഹോര്‍ ജയിലില്‍ നിരാഹാരസമരം നടത്തി മരിച്ചപ്പോള്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ അനുശോചന സമ്മേളനം നടത്തിയ വിവരം 1929 സെപ്തംബര്‍ 28-ലെ കുറിപ്പിലുണ്ട്. 1930 ജനുവരി ഒന്നിനു കോണ്‍ഗ്രസ് സമ്മേളനം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതും “സ്വാതന്ത്ര്യ കൊടി” ഉയര്‍ത്തിയതും എഴുതിയിട്ടുണ്ട്. ഗാന്ധിജിയെ അറസ്റ്റ് ചെയ്ത കാര്യവും അതിന്‍റെ പേരില്‍ തിരുവിതാംകൂറില്‍ ഹര്‍ത്താല്‍ നടത്തിയ കാര്യവും രേഖപ്പെടുത്തുന്നു. 1947 ഓഗസ്റ്റ് 15-നു എഴുതിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “കഴിഞ്ഞ രാത്രി 12 മണിക്ക് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇന്ത്യാക്കാര്‍ക്കു സ്വാതന്ത്ര്യം കൊടുത്തു. അതിന്‍റെ സന്തോഷം ഇന്ത്യ ഒട്ടുക്ക് ആഘോഷിക്കപ്പെടുന്നു. ഇന്നലെ കവലയില്‍ വെച്ച് അക്കമ്മ ചെറിയാന്‍റെ അദ്ധ്യക്ഷതയില്‍ രാഷ്ട്രീയ മീറ്റിങ്ങും കുട്ടികള്‍ക്കു പായസവും കൊടുത്തു.”
‘പ്രസവ സ്തോത്ര ശുശ്രൂഷ’ എന്നൊരു ചടങ്ങിനെപ്പറ്റി ഞാനാദ്യമായി കേള്‍ക്കുന്നതു യാക്കോബ് കത്തനാരുടെ ഇതിലെ കുറിപ്പില്‍ നിന്നാണ്. ബഥനി മാര്‍ ഈവാനിയോസിന്‍റെ റീത്ത് പ്രവേശനം, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന കുറുപ്പുംപടി യോഗം, ഓമല്ലൂരില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ദേഹവിയോഗം എന്നിങ്ങനെയുള്ള സഭാവാര്‍ത്തകള്‍ പറയുന്നതിനു ഇടയില്‍ 1932 ഏപ്രില്‍ 13-നു യാക്കോബ് കത്തനാര്‍ ആലപ്പുഴയിലെ പൂപ്പള്ളിക്കാരുടെ തീയേറ്ററില്‍ വച്ച് “സംസാരിക്കുന്ന സിനിമ” കണ്ട കാര്യവും രേഖപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂറിലെ ഒരു രാജാവ് ആദ്യമായി സമുദ്രം കടന്ന സംഭവം 1933 ഓഗസ്റ്റ് 31-നു കുറിച്ചിട്ടുണ്ട്. ചിത്തിര തിരുനാള്‍ ഇംഗ്ലണ്ടില്‍ പോയ കാര്യമാണിത്. വട്ടശ്ശേരില്‍ തിരുമേനിയുടെ അന്ത്യം, പാമ്പാടി തിരുമേനിയുടെ കുന്നംകുളം പ്ലേഗ് യാത്ര, ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ അന്ത്യം, എഡ്വേര്‍ഡ് എട്ടാമന്‍റെ സ്ഥാനാരോഹണം, ജോര്‍ജ് ആറാമന്‍റെ സ്ഥാനാരോഹണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തുന്ന അതേ ഗൗരവത്തോടെയാണ് “ഇന്നു കവലയില്‍ പുതുതായി ചന്ത തുറന്നു. ഞാനും പോയിരുന്നു. ചങ്ങനാശ്ശേരി തഹസീല്‍ദാരായ ഒരു വാര്യരാകുന്നു ചന്ത തുറന്നത്” എന്ന നാട്ടുവിശേഷവും കുറിച്ചിരിക്കുന്നത്.
ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തെപ്പറ്റിയും സി. കേശവന്‍റെ ആലപ്പുഴ പ്രസംഗത്തെപ്പറ്റിയും മാര്‍ത്തോമ്മാ സഭയിലെ മെത്രാന്‍ വാഴിപ്പിനെപ്പറ്റിയും പരാമര്‍ശനങ്ങള്‍ ഇതിലുണ്ട്. ‘മരണചിട്ടി’ എന്നൊരു പ്രയോഗം മലയാളഭാഷയില്‍ ഉണ്ടായിരുന്നുവെന്നു ഇതില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 1937 ഒക്ടോബര്‍ 19-നു യാക്കോബ് കത്തനാര്‍ ‘ഗാര്‍ഡിയന്‍ ഓഫ് ഇന്ത്യ’ എന്ന ലൈഫ് ഇന്‍ഷ്വറന്‍സില്‍ ചേര്‍ന്നതിനെ മുന്‍നിര്‍ത്തിയാണ് ‘മരണചിട്ടി’ എന്ന പ്രയോഗം.
തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പ്രക്ഷോഭവും എ. നാരായണപിള്ളയുടെ അറസ്റ്റും ആ കേസ് വാദിക്കാന്‍ വന്ന കെ. എഫ്. നരിമാനെ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ തടഞ്ഞതും രേഖപ്പെടുത്തിയ യാക്കോബ് കത്തനാര്‍ 1938 ജൂണ്‍ 26-നു എഴുതിയ കുറിപ്പില്‍ ദിവാന്‍ സി. പി. യെപ്പറ്റി ഇങ്ങനെ പറയുന്നു: “സകലരും പൊറുതിമുട്ടിയിരിക്കുന്നു. നാഷണല്‍ ക്വയിലോണ്‍ ബാങ്ക് തകര്‍ത്തു. ക്രിസ്ത്യാനികളെയും എസ്.എന്‍.ഡി.പി. യോഗത്തെയും തകര്‍ത്തു. ഈഴവരെയും നശിപ്പിച്ചിരിക്കുന്നു.”
1938-ല്‍ കെ. സി. മാമ്മന്‍ മാപ്പിളയെയും സി. പി. മാത്തനെയും ദിവാന്‍ സി. പി. അറസ്റ്റ് ചെയ്യിപ്പിച്ച കാര്യം പറയുന്ന ഗൗരവത്തോടെ 1939-ല്‍ സ്പെയിനിലെ യുദ്ധത്തെപ്പറ്റിയും എഴുതിയിരിക്കുന്നു. കോട്ടയത്തു തിരുനക്കര മൈതാനിയില്‍ 1939 ഡിസംബര്‍ 28-നു കത്തോലിക്കാ സഭ നടത്തിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കാണാന്‍ പോയതും 1940-ല്‍ തന്‍റെ വീടിനു ‘പുത്തന്‍ ബംഗ്ലാവ്’ എന്നു പേരിട്ടതും നാള്‍വഴിയുടെ ഭാഗമാണ്. ആലുവായിലെ വട്ടമേശസമ്മേളനം, എം.ഡി. സെമിനാരിയിലെ വൈദിക വിദ്യാഭ്യാസം, ഔഗേന്‍ മാര്‍ തീമോത്തിയോസിന്‍റെ ഒപ്പം 65 പള്ളിക്കാര്‍ കാതോലിക്കാ ബാവായെ സ്വീകരിച്ച കാര്യം, പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ച കാര്യം, മനോരമയുടെ പുനഃപ്രസിദ്ധീകരണം, ഗാന്ധിജിയുടെ മരണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എഴുതുന്നതിനിടയില്‍ വീട്ടാവശ്യത്തിനു പൊന്നരഞ്ഞാണം പണയം വച്ച് 27 രൂപ കടം വാങ്ങിച്ച കാര്യവും വീട്ടിലെ 100 തേങ്ങ പത്തേകാല്‍ രൂപയ്ക്കു വിറ്റ കാര്യവും രണ്ടു ചാക്ക് സിമന്‍റിനു 6 രൂപ 14 അണ അടച്ച് പെര്‍മിറ്റ് വാങ്ങിയ കാര്യവും യാക്കോബ് കത്തനാര്‍ കുറിച്ചുവച്ചിരിക്കുന്നു.
കേരള രാഷ്ട്രീയ ചരിത്രവും ഈ ദിനവൃത്താന്തക്കുറിപ്പുകളുടെ ഭാഗമാണ്. പട്ടം താണുപിള്ളയുടെ മന്ത്രിസഭ പിണങ്ങിപ്പിരിഞ്ഞതും, ടി. കെ. നാരായണപിള്ളയുടെ മന്ത്രിസഭ സ്ഥാനമേറ്റതും എ. ജെ. ജോണ്‍ മുഖ്യമന്ത്രിയായതും തിരുവിതാംകൂറും കൊച്ചിയും ഒരു യൂണിയനായതും തുടര്‍ന്നുള്ള രാഷ്ട്രീയ ചലനങ്ങളും ഈ പുസ്തകത്തിന്‍റെ ഭാഗമാണ്. ‘സഭാസേവകന്‍’ എന്ന പ്രസിദ്ധീകരണത്തെപ്പറ്റി യാക്കോബ് കത്തനാരുടെ കുറിപ്പില്‍ നിന്നാണ് അറിയുന്നത്.
ജവഹര്‍ലാല്‍ നെഹ്റു 1951-ല്‍ കോട്ടയത്തു വന്നതും അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാന്‍ പോയതും ഇതില്‍ കുറിക്കുന്നു. 1951-ല്‍ സമുദായക്കേസ് തള്ളിയതിനെ തുടര്‍ന്നുള്ള “രണ്ടാമത്തെ കൂനന്‍കുരിശ് സത്യ”വും 1952-ല്‍ ശബരിമലയിലുണ്ടായ തീപിടുത്തവും യാക്കോബ് കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പിന്‍റെ ഭാഗമാണ്. കോട്ടയത്തു അഖിലലോക യുവജനസമ്മേളനം അരങ്ങേറിയ വിവരവും 1953-ല്‍ അഞ്ചു മെത്രാന്മാരെ വാഴിച്ചതും 1954-ല്‍ കെ. സി. മാമ്മന്‍ മാപ്പിള അന്തരിച്ചതും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ദേവലോകം അരമന ചാപ്പലിന്‍റെ കൂദാശയില്‍ പങ്കെടുത്തതും പീസ് ലീഗിന്‍റെ സത്യഗ്രഹം കാണാന്‍ പോയതും 1956-ല്‍ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയെ കോട്ടയത്തു വെച്ചു കണ്ടതും രേഖപ്പെടുത്തിയിട്ടുള്ള യാക്കോബ് കത്തനാര്‍ ടി. വി. തോമസും കെ. ആര്‍. ഗൗരിയും 1957-ല്‍ കല്യാണം കഴിച്ച വാര്‍ത്തയും അണാ പൈസക്കു പകരം നയാ പൈസാ നടപ്പില്‍ വന്ന കാര്യവും കേരളത്തിന്‍റെ ഒന്നാമത്തെ ഗവര്‍ണറായി രാമകൃഷ്ണ റാവു സ്ഥാനമേറ്റതും 1959-ല്‍ വിമോചന സമരത്തില്‍ 16 പേര്‍ മരിച്ചതും മറ്റും ഒരു ചരിത്രകാരന്‍റെ മനസ്സോടെ എഴുതിവച്ചിരിക്കുന്നു.
സമുദായക്കേസിന്‍റെ പല ഘട്ടങ്ങള്‍ ഈ പുസ്തകത്തില്‍ പലേടത്തും പരാമര്‍ശിക്കുന്നുണ്ട്. സി.എസ്.ഐ. സഭയുടെ കാര്യവും മാര്‍ത്തോമ്മാ സഭയുടെ കാര്യവും മാത്രമല്ല 1961-ല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് രൂപീകരിച്ച കാര്യവും യാക്കോബ് കത്തനാര്‍ എഴുതി. സമകാല സംഭവങ്ങള്‍ക്കു ഈ പുസ്തകത്തില്‍ യാക്കോബ് കത്തനാര്‍ വലിയ പ്രാധാന്യം നല്‍കിയെന്നതിനു മറ്റൊരു ഉദാഹരണമാണ് എ. കെ. ഗോപാലന്‍ 1961-ല്‍ അമരാവതിയില്‍ നടത്തിയ സത്യഗ്രഹം, മെട്രിക്ക് തൂക്കവും അളവുകളും രാജ്യത്തു നടപ്പാക്കിയ കാര്യം, 1962-ലെ ചൈനാ ആക്രമണം, 1967-ലെ ഇ. എം. എസ്. മന്ത്രിസഭ, 1972-ലെ വിദ്യാഭ്യാസ നയവിരുദ്ധ സമരം തുടങ്ങിയ സംഭവങ്ങളുടെ വിവരണങ്ങള്‍.
ദിനവൃത്താന്തക്കുറിപ്പുകളിലെ മുഖ്യമായ വിഷയങ്ങള്‍ ഓര്‍ത്തഡോക്സ് സഭയിലെ യാക്കോബ് കത്തനാരുടെ ദൈനംദിന ഇടപെടലുകളും ധന്യമായ സേവനങ്ങളും സംബന്ധിച്ചുള്ളതാണ്. യാക്കോബ് കത്തനാരുടെ വിശ്വാസ ധീരതയും ഭക്തിയും ആരാധനാനിഷ്ഠകളും ഇതില്‍ ആദ്യന്തം തെളിഞ്ഞു കാണാം. യാക്കോബ് കത്തനാര്‍ക്കു സഭയല്ലാതെ മറ്റൊരു ചിന്ത ഉണ്ടായിരുന്നില്ലെന്ന് ഓരോ ദിവസത്തെയും നാള്‍വഴികള്‍ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. സഭയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും കൂറും ഓരോ താളിലും നിറഞ്ഞുനില്‍ക്കുന്നു. പാമ്പാടി തിരുമേനി മുതല്‍ എത്രയോ സഭാപിതാക്കന്മാരുടെ സ്നേഹവാത്സല്യം യാക്കോബ് കത്തനാര്‍ക്കു ലഭിച്ചിരിക്കുന്നു. സഭയിലെ സമാധാനവും പിളര്‍പ്പും കണ്ടിട്ടുള്ള യാക്കോബ് കത്തനാര്‍ 1974-ല്‍ അന്തരിക്കുന്നതിനു മുമ്പ് ആ വര്‍ഷത്തെ കാതോലിക്കാദിന മഹാസമ്മേളനത്തില്‍ പങ്കെടുത്ത കാര്യവും കുറിച്ചുവച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബ്ബാന കേട്ടുകൊണ്ട് കിടന്നാണ് യാക്കോബ് കത്തനാര്‍ അന്തരിച്ചതെന്നു കേള്‍ക്കുമ്പോള്‍ അതൊരു മഹദ്ചരമമാണെന്ന് എനിക്കു അനുഭവപ്പെടുന്നു.
ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ കാലത്തിന്‍റെ ചരിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഒരു വൈദികന്‍ തന്‍റെ സഭയെയും തന്‍റെ രാജ്യത്തെയും മാത്രമല്ല ഇവിടുത്തെ മനുഷ്യരെയും എങ്ങനെയാണ് വീക്ഷിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു രേഖയാണ് ഈ കുറിപ്പുകള്‍. ദീപ്തിയും കാന്തിയും നിറഞ്ഞ ഒരു അക്ഷയഖനിയാണിത്. അടിയുറച്ച ദൈവവിശ്വാസം കൊണ്ട് കാലഘട്ടത്തെ തേജോമയമാക്കിയ യാക്കോബ് കത്തനാര്‍ സഭയ്ക്കു വേണ്ടി സ്വയം ഇല്ലാതായി ജീവിതസാഫല്യം കണ്ടെത്തിയ വൈദികനാണെന്നു ഇതിലെ വരികള്‍ സാക്ഷിക്കുന്നു. ഒരു ദൈവിക മനുഷ്യന്‍റെ മനോഹരമായ ജീവിതസ്പന്ദനങ്ങള്‍ ഈ കൃതിയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതു വിശ്വസനീയമായ ഒരു ചരിത്രരേഖയാണ്. ഉള്ളടക്കത്തിന്‍റെ വിശ്വസനീയതയും പ്രാമാണികതയും ചരിത്രത്തില്‍ ഇതിനു ഏറെ സ്വീകാര്യത ഉണ്ടാക്കുമെന്നും ഞാന്‍ കരുതുന്നു.