മലയാളി കണ്ട രക്തവില: 160 വര്‍ഷം മുമ്പ് | ഡോ. എം. കുര്യന്‍ തോമസ്

മദ്ധ്യപൗരസ്ത്യ ദേശത്തെ ഗോത്രസംസ്‌ക്കാരത്തില്‍ നിലനിലനില്‍ക്കുന്നതും ഇസ്ലാമിക നിയമം അനുവദിക്കുന്നതുമായ ഒന്നാണ് രക്തവില അഥവാ ദിയാ (Diyah = Blood money). ക്യുസാസ് (Qisas) എന്നറിയപ്പെടുന്ന കണ്ണിനു കണ്ണ് എന്ന ശൈലിയിലുള്ള പ്രതികാര നീതിക്കു (retributive justice) കുലപാതകം, ദേഹോപദ്രവം വസ്തുനാശം മുതലായ ആക്രമങ്ങളില്‍ പ്രതിയുടെ പക്കല്‍നിന്നും ഇരയുടെ കുടുംബം നഷ്ടപരിഹരം വാങ്ങിക്കൊണ്ട് ശിക്ഷ ഒഴിവാക്കുന്ന സമ്പ്രദായമാണ് ദിയാ അഥവാ രക്തവില. ക്ഷമാശീലം വളര്‍ത്തുകയും ഇരയുടെ കുടുംബത്തിനു സാമ്പത്തിക സഹായം ലഭിയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം തലമുറകളിലേയ്ക്കു നീളുന്ന കുടിപ്പക (Feud) ഒഴിവാക്കാനുമാണ് രക്തവില ഏര്‍പ്പെടുത്തിയതെന്നാണ് വയ്പ്പ്. ദിയാ മനുഷ്യജീവന്റെ വിലയല്ലന്നും ഇരയുടെ കുടുംബത്തിനു നല്‍കുന്ന സാമ്പത്തിക ആശഅവാസം മാത്രമാണന്നുമാണ് അവകാശവാദം. ക്യുസാസ് വേണമോ  ദിയാ വേണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഇരയുടെ കുടുംബത്തിനാണ്.

മഹമ്മദ് നബിയുടെ കാലത്തുതന്നെ ഇസ്ലാം മതം കേരളത്തിലെത്തിയിരുന്നു എന്നാണ് ചരിത്രം. പക്ഷേ രക്തവില സമീപംകാലം വരെ മലയാളികള്‍ക്ക് തികച്ചും അപരിചിതമായിരുന്നു. ക്രിമിനല്‍ നിയമപരിപാലനം  നാടുവാഴികളിലും പിന്നീട് കോടതികളിലും കേന്ദ്രീകരിച്ചിരുന്നതും, അത്തരം കാര്യങ്ങളില്‍ ശരിയത്ത് (Shariah) നിയമം കേരളത്തില്‍ ഒരിക്കലും പ്രാബല്യത്തില്‍ ഇല്ലാതിരുന്നതുമാണ് കാരണം. സമീപ കാലത്ത് അറബി രാജ്യങ്ങളില്‍ ചില മലയാളകള്‍ ഉള്‍പ്പെട്ട കൊലക്കേസുകളുമായി ബന്ധപ്പെട്ടാണ് രക്തവില മലയാളിയുടെ ശ്രദ്ധയില്‍ പെട്ടതും സജീവ ചര്‍ച്ച ആയതും.

കേരളത്തിന് അപരിചിതമായിരുന്നെങ്കിലും മദ്ധ്യപൗരസ്ത്യദേശത്ത് സര്‍വസാധാരണമായിരുന്ന രക്തവിലയെപ്പറ്റി 160 വര്‍ഷം മുമ്പ് ഒരു മലയാളി എഴുതിയ ഒരു ദൃക്‌സാക്ഷി വിവരണം ലഭ്യമാണ്! 1864-ല്‍ മെത്രാന്‍സ്ഥാനം എറ്റ് തുര്‍ക്കിയിലെ മര്‍ദ്ദീനില്‍ നിന്നും മടങ്ങും വഴിയാണ് 1864 കര്‍ക്കിടകം 29-ന് (ഓഗസ്റ്റ്) പൂലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ മൂസലിനു സമീപംവെച്ച് ഈ സംഭവത്തിന്റെ ദൃക്‌സാക്ഷി ആകുന്നത്. ഒരു പരദേശയാത്രയുടെ കഥ എന്ന അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍  ഇത് വിവരിച്ചിട്ടുണ്ട്.

…വൈകുന്നേരം അഞ്ചുമണിക്കു കഴുതക്കൂട്ടം മൂസല്‍ പട്ടണം വിട്ടു. യാത്രാസമ്പ്രദായം പ്രായേണ ബഗദാദില്‍ നിന്നു മൂസലിലേക്കുള്ളതുപോലെയാണു. യാത്രക്കാരുടെ സംഖ്യ ഉദ്ദേശം 100 ആയിരുന്നു. നമ്മുടെ യാത്രക്കാരുടെ സഹായത്തിനു സര്‍ക്കാരില്‍ നിന്നു ആരെയും അയച്ചിരുന്നില്ല. അവരുടെ സഹായത്തിനു ഒരാളെ മൂസലില്‍ നിന്നു കൂട്ടിയിരുന്നു. പിറ്റെ ദിവസം കാലത്തു നമ്മുടെ യാത്രക്കാര്‍ ഒരു കുന്നിന്മേലുള്ള ഒരു ചെറിയ ഗ്രാമത്തിന്റെ താഴ്‌വരയില്‍ എത്തി വിശ്രമിച്ചു. ആ ഗ്രാമവാസികളില്‍ ചിലര്‍ ഓരോ സാമാനങ്ങളെ കൊണ്ടുവന്നു പതിവുപോലെ യാത്രക്കാര്‍ക്കു വില്‍ക്കാന്‍ തുടങ്ങി. ഈ കൂട്ടത്തില്‍ കോഴിമുട്ട വില്‍ക്കാനായി പത്തുപന്ത്രണ്ടു വയസ്സു പ്രായമുള്ള ഒരു മുസല്‍മാന്‍ ബാലിക വന്നിരുന്നു. ഈ പെണ്ണു പലര്‍ക്കും മുട്ട വിറ്റതിന്റെ ശേഷം ഒരു മുസല്‍മാന്‍ യാത്രക്കാരന്റെ അടുക്കല്‍ ചെന്നു. ഇവന്‍ പെണ്ണിന്റെ കൈവശമുണ്ടായിരുന്ന മുട്ട മുഴുവന്‍ എണ്ണിയെടുത്തുകൊണ്ടു പകുതി വില കൊടുത്തു. ഇതു പോരെന്നും ക്രമപ്രകാരമുള്ള വില തരണമെന്നും അതിനു മനസ്സില്ലാത്തപക്ഷം മുട്ട തിരിയെ തരണമെന്നും ഈ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ മുസല്‍മാന്‍ കോപത്തോടെ ചാടി എഴുന്നേറ്റു അവളുടെ നെഞ്ഞത്തു ഒരു ചവിട്ടുകൊടുത്തു. അബലയും ദുര്‍ഭഗയുമായിരുന്ന പെണ്‍കുട്ടി മറിഞ്ഞു വീണു തല്‍ക്ഷണം മരിക്കുകയും ചെയ്തു. ഈ വിവരം കുട്ടിയുടെ ആളുകള്‍ അറിഞ്ഞപ്പോള്‍ തോക്കും കുന്തവും വാളും ഒക്കെയായി പുറപ്പെട്ടു കുന്നിന്മേല്‍ നിന്നു താഴെയുള്ള വഴിയാത്രക്കാരുടെ കൂട്ടത്തിലേക്കു വെടിവെക്കാന്‍ തുടങ്ങി. ഇതു കണ്ടു യാത്രക്കാരെല്ലാം കൂട്ടത്തില്‍ നമ്മുടെ യാത്രക്കാരും ഓടാന്‍ തുടങ്ങി. ബഗദാദില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ ബഹളവും ഇതും തമ്മില്‍ നല്ല സാമ്യമുണ്ടായിരുന്നു. ഗ്രാമവാസികള്‍ എല്ലാവരും കൂടി ഇളകിവന്നു യാത്രക്കാരെ വിഴുങ്ങാഞ്ഞതു ഭാഗ്യം. നമ്മുടെ യാത്രക്കാരുടെ മരണം ആസന്നമായിട്ടില്ലാഞ്ഞതുകൊണ്ടു വെടിവെക്കാന്‍ തുടങ്ങിയവരെ ഗ്രാമവാസികളില്‍ വേറെ ചിലര്‍ വന്നു പിടിക്കുകയാണു ചെയ്തത്. ആ ഗ്രാമത്തിലേക്കു പ്രധാനനും ഒരു സര്‍ക്കാരുദ്യോഗസ്ഥനും കൂടി കുലപാതകന്റെ അടുക്കല്‍ വന്നു അയാളോടു സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ശേഷം യാത്രക്കാര്‍ അവരുടെ ജീവനും കൊണ്ടു യാത്ര തുടര്‍ന്നു. എങ്കിലും ഒന്നുരണ്ടു നാഴിക കഴിഞ്ഞപ്പോള്‍ ഈ കുലപാതകന്‍ നമ്മുടെ യാത്രക്കാരുടെ ഒപ്പം വന്നു ചേര്‍ന്നു. മരിച്ച പെണ്‍കുട്ടിയുടെ അവകാശികള്‍ക്കു മുപ്പതു പവന്‍ കൊടുക്കാന്‍ വിധിയുണ്ടായതു കൊടുത്തു തീര്‍ത്തു പോന്നിരിക്കയാണെന്നു ആ വിദ്വാന്‍ പറഞ്ഞതു കേട്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ആശ്ചര്യം ഒന്നും പറയാനില്ല. തുര്‍ക്കി രാജ്യത്തു കുലപാതകന്മാരെ കൊല്ലണമെന്നു നിയമമുണ്ടെങ്കിലും ”രക്തത്തിന്റെ വില” കിട്ടിയാല്‍ മതിയെന്നു മരിച്ച ആളുടെ അവകാശികള്‍ അപേക്ഷിച്ചാല്‍ അപ്രകാരം വിധിയുണ്ടാകുന്നതാണ്. യാതൊരുവിധത്തിലും നീതീകരിക്കുവാന്‍ നിവൃത്തിയില്ലാത്ത ഈ നിയമത്തിന്റെ ഫലമായി കുലപാതകങ്ങള്‍ ആ രാജ്യത്തു വര്‍ദ്ധിച്ചിരിക്കുന്നു. തുര്‍ക്കി രാജ്യത്തിനു കാലാനുസരണമായ പരിഷ്‌ക്കാരം സിദ്ധിക്കാത്തതിനുള്ള ഒരു കാരണം നിയമങ്ങളെന്നു പേരു പറഞ്ഞു നടത്തപ്പെടുന്ന ഈ വക അനീതികള്‍ തന്നെയായിരിക്കണം. മനുഷ്യജീവനു ഇത്ര കുറച്ചേ വിലയുള്ളു എന്നു വന്നാല്‍ പിന്നെ എങ്ങനെയാണു ആ രാജ്യത്തു സമാധാനവും ക്ഷേമവും ഉണ്ടാകുന്നത്?…

ഒരു പരദേശയാത്രയുടെ കഥ 1901-ല്‍ എം. പി. വര്‍ക്കി രചിച്ച മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്ന ജീവചരിത്രത്തിന്റെ ഭാഗമായാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇറാക്കില്‍ വേട്ടയാടപ്പെട്ട യദിസി എന്ന ന്യൂനപക്ഷത്തേക്കുറിച്ചുള്ള ആദ്യ മലയാള വിവരണവും ഒരു പരദേശയാത്രയുടെ കഥ യുടെ ഭാഗമാണ് .