സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയപ്രതികരണങ്ങളും | ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

മെത്രാപ്പോലീത്തയുടെ കത്ത്

സമൂഹത്തിൽ ഉയർന്ന ചുമതലകൾ നിർവ്വഹിക്കുന്നവരുടെ പരസ്യപ്രസ്താവനകൾ ജനശ്രദ്ധ പിടിച്ചുപറ്റുക സാധാരണമാണ് . അങ്ങനെയുള്ളവർ ഏതു കാര്യം സംബന്ധിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പഠിച്ചും ആലോചിച്ചും ആയിരിക്കേണ്ടതുണ്ട് . കാരണം അവരുടെ അഭിപ്രായങ്ങൾ അവർ നേതൃത്വം നൽകുന്ന സമൂഹത്തെ ബാധിക്കാവുന്നതാണ് . ഉയർന്നസ്ഥാനത്തിരിക്കുന്നു എന്നതുകൊണ്ട് അവർക്ക് എല്ലാ വിഷയങ്ങളും സംബന്ധിച്ച് ഗ്രാഹ്യമുണ്ടാകണം എന്നില്ല . ഏതെങ്കിലും വിധത്തിൽ സ്ഥാനങ്ങളിൽ എത്തി എന്നതുകൊണ്ടു മാത്രം വിശകലനശേഷി , നിഷ്പക്ഷത , പക്വത എന്നിവ ഉണ്ടാകണം എന്നുമില്ല . അതുകൊണ്ട് രാഷ്ട്രീയസ്വഭാവമുള്ള പരസ്യപ്രസ്താവനകളെങ്കിലും നടത്തുമ്പോൾ ജാഗ്രത പുലർത്തണം എന്നത് അവർ പ്രതിനിധീകരിക്കുന്ന ജനങ്ങൾ ആഗ്രഹിക്കുന്നു .

സഭാദ്ധ്യക്ഷന്മാർക്കും ഈ കാര്യം ബാധകമാണ് . അവർ സഭാശുശ്രൂഷ സംബന്ധിച്ച് ന്യായമായും അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട് . എന്നാൽ അവർക്ക് രാഷ്ട്രീയറിവ് ഉണ്ടാകണം എന്നത് അനിവാര്യഘടകമല്ല . അതുകൊണ്ട് സാധാരണഗതിയിൽ രാഷ്ട്രീയഭിപ്രായങ്ങൾ അവരിൽ നിന്നും വിശ്വാസികൾ പ്രതീക്ഷിക്കുന്നുമില്ല . എന്നാൽ പല സഭാദ്ധ്യക്ഷന്മാർക്കും രാഷ്ട്രീയപ്രതികരണങ്ങൾ നടത്തുന്നത് നിയന്ത്രിക്കാനാവുന്നില്ല . അവ ചിലപ്പോൾ വളരെ ദൗർഭാഗ്യകരമായി പരിണമിക്കാറുണ്ട് . കാരണം അവ പലപ്പോഴും സഭയ്ക്ക് മാർഗ്ഗദർശനം നല്കുവാൻ ഉതകുന്നില്ല ; വിശ്വാസികൾക്ക് അവരെപ്പറ്റി അഭിമാനവും സൃഷ്ടിക്കുന്നില്ല.

സഭാവിശ്വാസികൾ പ്രബുദ്ധരായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സഭാദ്ധ്യക്ഷന്മാരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടതുണ്ട് . അതുകൊണ്ട് സഭയും സഭാജനങ്ങളും അപഹാസ്യരാകുന്ന സാഹചര്യം തങ്ങളുടെ അഭിപ്രായപ്രകടനം കൊണ്ട് ഉണ്ടാകാതിരിക്കുവാൻ സഭാദ്ധ്യക്ഷന്മാർ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ് . നിലവിൽ കേരളത്തിലെ സഭകൾ പൊതുവേ ക്രിസ്തീയസാക്ഷ്യനിർവ്വഹണത്തിൽ പരാജയപ്പെടുന്നു എന്ന ചിന്ത പ്രബലമാണ് . അതുകൊണ്ട് ആലോചനയില്ലാത്തതും അപക്വവും ആയ പരസ്യപ്രസ്താവനകൾ വഴി സഭാംഗങ്ങളെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കാതിരിക്കുവാൻ സഭയിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർ ശ്രദ്ധിക്കണം എന്ന് വിശ്വാസിസമൂഹം ചിന്തിക്കുന്നു .

പ്രസ്താവനകളുടെയും പ്രതികരണങ്ങളുടെയും ഉള്ളടക്കം പോലെ തന്നെ ഉപയോഗപ്പെടുത്തുന്ന ഭാഷയുടെ ശൈലിയും അതിൽ പ്രതിഫലിക്കുന്ന സംസ്കാരവും പലപ്പോഴും നിലവാരം കുറഞ്ഞു പോകുന്നതായി കാണുന്നു . ഒരു മുൻ വിദ്യുച്ഛക്തി മന്ത്രിയുടെ ഭാഷയുടെ അനുകരണവും അതിലും തരംതാഴ്ന്നതുമായ ശൈലിയും ആത്മീയമേലദ്ധ്യക്ഷന്മാർക്ക് ചേരുന്നതാണ് എന്ന് ചിന്തിക്കാനാവില്ല . ഇതു കേൾക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയെപ്പറ്റി ബോദ്ധ്യമുണ്ടാകുന്നത് ഉചിതമായിരിക്കും . ഒരു പക്ഷേ , ജനത്തെ കാണുമ്പോൾ ഉണ്ടാകുന്ന സ്ഥലജലവിഭ്രാന്തിയാകാം ഇതിൻ്റെ ഒരു കാരണം . വൈകാരികപക്വതയും പലപ്പോഴും നഷ്ടപ്പെടുന്നതായി കാണുന്നു . സ്വന്തം ജീവിതപശ്ചാത്തലത്തിൻ്റെ മറ പറ്റി പറയുന്ന ഒഴികഴിവുകൾ ഇതിന് നീതീകരണം ആവുന്നില്ല . സ്വന്തം ജീവിത പരിസര – സംസ്കാരങ്ങളിൽ നിന്ന് ഉയർന്നു ചിന്തിക്കുവാനും സംസാരിക്കുവാനും ശ്രമിക്കുന്നത് പാവം വിശ്വാസികൾക്ക് ആശ്വാസമാകും .

രാഷ്ട്രീയമേഖലയിൽ നടക്കുന്ന ഗതിവിഗതികൾ സംബന്ധിച്ച് ക്രിസ്തീയവീക്ഷണത്തിലുള്ള വിലയിരുത്തലുകൾ അഭിലഷണീയമാണ് . അത് സഭാംഗങ്ങൾക്ക് പാഠമാണ് . രാഷ്ട്രീയകാര്യങ്ങൾ സംബന്ധിച്ച് വിശ്വാസികൾക്കിടയിൽ ശരിയായ ധാരണകൾ സൃഷ്ടിക്കുന്നതിന് അതു സഹായകമാണ് എന്നതിൽ തർക്കമില്ല . സുചിന്തിതമായ ക്രിസ്തീയപ്രതികരണങ്ങൾ സഭാദ്ധ്യക്ഷന്മാരിൽ നിന്ന് ഉണ്ടാകുമെങ്കിൽ അതു സ്വാഗതാർഹമാണ് . അതുകൊണ്ട് ഏതൊരു സാഹചര്യത്തിലും രാഷ്ട്രീയവിഷയങ്ങളിൽ സഭ മൗനം പാലിക്കണം എന്ന് ശഠിക്കാനാവില്ല . അതോടൊപ്പം സഭാദ്ധ്യക്ഷർ എല്ലാ രാഷ്ട്രീയവിഷയത്തിലും അഭിപ്രായം പറയേണ്ട കാര്യവുമില്ല . രാഷ്ട്രീയത്തിൽ അരങ്ങേറുന്ന അഴിമതി , ഏകാധിപത്യപ്രവണതകൾ , തെറ്റായ നയങ്ങൾ , ഭരണഘടനയോടുള്ള അവഗണന , വർഗ്ഗീയത വർദ്ധിപ്പിക്കുന്ന നടപടികൾ , ദുർബലവിഭാഗങ്ങളോടുള്ള കരുതലില്ലായ്മ , രാജ്യരക്ഷയുടെ പേരിൽ നടക്കുന്ന ആയുധമത്സരം ഇവയ്ക്കല്ലാം എതിരേ ഓരോ കാലത്തും സമൂഹത്തിൽ സഭയുടെ ശബ്ദം ഉയർത്തേണ്ടതുണ്ട് . സഭ രാഷ്ട്രത്തിൻ്റെ ഭാഗമാകയാൽ സഭയുടെ ന്യായമായ ഇടപെടലുകൾ നീതിപൂർവ്വമായ സമൂഹസൃഷ്ടിക്ക് സഹായമാകാവുന്നതാണ് . പഴയനിയമത്തിൽ പ്രവാചകന്മാർ ആത്മപ്രേരിതരായി ഈ ധർമ്മം നിർവ്വഹിച്ചിരുന്നു . ഇന്ന് ആത്മപ്രേരണ ഒരിടത്തും തന്നെ പ്രകടമാകാത്തതു കൊണ്ട് കൂട്ടായ ആലോചനയോടെ കൃത്യമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടതുണ്ട് . അതിനെതിരെ ഭരണരംഗത്തു നിന്ന് പ്രതികൂലശബ്ദങ്ങൾ ഉയരാം . സ്നാപകയോഹന്നാൻ കൊല്ലപ്പെട്ടത് കൊട്ടാരഗൂഢാലോചനപ്രകാരം ആയിരുന്നുവല്ലോ . ഏതാനും വർഷങ്ങൾക്കു മുമ്പ് തെക്കേ അമേരിക്കയിൽ കോർപ്പറേറ്റുകളെ ചെറുത്തതു കൊണ്ട് ആർച്ച് ബിഷപ്പ് ഒസ്കാർ റൊമേറോയ്ക്ക് വെടിയേറ്റത് രാഷ്ട്രീയകുറ്റവാളി എന്ന നിലയിലാണ് . സുവിശേഷപ്രേരിതമായ രാഷ്ട്രീയപ്രതികരണത്തിന്റെ പേരിലാണ് ബോൺഹോഫർ രക്തസാക്ഷി ആയത് . അവരെപ്പറ്റി സഭ അഭിമാനിക്കുന്നു .

ജനാധിപത്യത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ഭരണം , രാഷ്ട്രീയനിലപാടുകൾ തുടങ്ങിയവ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകാറുണ്ട് . അവിടെ സഭാദ്ധ്യക്ഷന്മാരുടെ ഇടപെടൽ ആവശ്യമില്ല . ആ സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു കൂട്ടരുടെ പ്രവൃത്തികൾ സാധൂകരിക്കുവാൻ സഭാനേതാക്കൾ ശ്രമിക്കുന്നതിന് ന്യായവും ഇല്ല . അത്തരത്തിലുള്ള വാദ പ്രതിവാദങ്ങൾ അവർ തമ്മിൽ നടക്കട്ടെ . രാഷ്ട്രീയനയങ്ങൾ , ഭരണക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ കൂട്ടരും ഭരണത്തിൽ വരികയോ പുറത്തു പോവുകയോ ചെയ്യട്ടെ . പാർട്ടികളെ ജയിപ്പിക്കുകയോ തോൽപ്പിക്കുകയോ ചെയ്യുന്ന കാര്യത്തിൽ സഭാദ്ധ്യക്ഷന്മാർ ഉപദേശം നൽകേണ്ട കാര്യമില്ല . അടുത്തകാലത്തു നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയത്തെ തുടർന്ന് അവരെ അവരുടെ സകല നടപടികളെയും പിന്തുണച്ചു വന്ന ഒരു സഭാദ്ധ്യക്ഷൻ അവരുടെ നയ – നിലപാടുകൾ തിരുത്തിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റുപോകും എന്ന് ഉപദേശിക്കുകയും ഭാരപ്പെടുകയും ചെയ്തത് സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടു . ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ജയ – പരാജയങ്ങൾ സംബന്ധിച്ച് ഇത്തരം ആശങ്കകളും ഉപദേശങ്ങളും സഭാദ്ധ്യക്ഷന്മാരിൽ നിന്നും ഉണ്ടാകേണ്ട കാര്യമല്ല .

സഭ രാഷ്ട്രീയബന്ധത്തിൽ കൃത്യമായ അകലം പാലിക്കുകയാണ് വേണ്ടത് . രാഷ്ട്രീയപാർട്ടികളിൽ അംഗത്വം എടുക്കുന്നതും അടുപ്പം പ്രകടിപ്പിക്കുന്നതും പുരോഹിതരെയും സഭാദ്ധ്യക്ഷന്മാരെയും സംബന്ധിച്ച് നീതീകരണം ഉള്ള കാര്യമല്ല . അപ്രകാരമുള്ള രാഷ്ട്രീയ അടുപ്പം വഴി സഭാദ്ധ്യക്ഷന്മാർ നിലനിർത്തേണ്ട സ്വാതന്ത്ര്യമാണ് രാഷ്ട്രീയപാർട്ടികൾക്കു മുമ്പിൽ അടിയറ വയ്ക്കുന്നത് . അതോടെ അവർക്ക് നഷ്ടപ്പെടുന്നത് വിശ്വാസ്യതയും രാഷ്ട്രീയവിഷയങ്ങളിൽ ഉള്ള പ്രതികരണസ്വാതന്ത്ര്യവുമാണ് . അതിനു ശേഷം നടത്തുന്ന രാഷ്ട്രീയപ്രതികരണങ്ങൾ സമൂഹത്തിൽ അവരെപ്പറ്റി അവഹേളനം സൃഷ്ടിക്കും . രാഷ്ട്രീയപാർട്ടികളുടെ അഭ്യുദയകാംക്ഷികളായ സഭാനേതാക്കന്മാർക്ക് രാഷ്ട്രീയധർമ്മം നിർവ്വഹിക്കാനാവില്ല . അങ്ങനെ വരുന്നതോടെ സഭാനേതാക്കന്മാർ രാഷ്ട്രീയരംഗത്ത് വിദൂഷകവേഷം കെട്ടുന്നവരായി പരിണമിക്കുന്നു . അത് അവർക്ക് ഒരുപക്ഷേ പ്രശ്നമായിരിക്കില്ല . എന്നാൽ സഭാംഗങ്ങൾ അത് ആഗ്രഹിക്കുന്നില്ല . പൊതുസമൂഹത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ട സഭാദ്ധ്യക്ഷന്മാരാണ് കേരളത്തിലെ സഭകളെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് എന്ന തിരിച്ചറിവ് സഭാംഗങ്ങൾ മനസ്സിലാക്കി വരികയാണ് .

മണിപ്പൂർ വിഷയം സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ചില സഭാദ്ധ്യക്ഷന്മാരിൽ നിന്നും ഉണ്ടായിട്ട് അധികം ദിവസങ്ങൾ കഴിഞ്ഞില്ല . അവയും സമൂഹത്തിൽ ഇഴ കീറി വിചാരണയ്ക്ക് വിധേയമായി . അഭിപ്രായപ്രകടനം നടത്തുന്നവർക്ക് അതു ചെയ്താൽ മതിയല്ലോ . അവഹേളിതരാകുന്നത് സഭയും സഭാജനങ്ങളും ആകുന്നു . മണിപ്പൂരിൽ നടന്നത് രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള വെറും ഏറ്റുമുട്ടൽ ആയിരുന്നത്രേ ! അതിന് കേന്ദ്ര – സംസ്ഥാന ഭരണനേതൃത്വങ്ങൾക്ക് ബാദ്ധ്യത ഇല്ല എന്ന് ധ്വനി . ഇത് ആരെയൊക്കെയോ പ്രീണിപ്പിക്കാനും കുറ്റവിമുക്തരാക്കാനും ഉള്ള ആസൂത്രിത പ്രതികരണമായിരുന്നു എന്ന് ആർക്കും സംശയിക്കാം . മത്സരിച്ച് സർക്കാരുകളെ വെള്ള പൂശാനുള്ള ശ്രമം നടത്തിയത് എന്തിനുവേണ്ടിയായിരുന്നു എന്നതിന് സമൂഹം അതിന്റെ ഉത്തരം കണ്ടെത്തി . അത് ശരിയാകട്ടേ തെറ്റാകട്ടേ , ഇതുപോലുള്ള പ്രതികരണങ്ങൾ സഭയ്ക്ക് ക്ഷതം സൃഷ്ടിക്കുന്നു . ഇവിടെ രണ്ടു ഗോത്രങ്ങൾ തമ്മിലായിരുന്നു സംഘർഷം എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് . അതു വലിയ കണ്ടുപിടുത്തം ആയി എന്തിന് സഭാദ്ധ്യക്ഷന്മാർ അവതരിപ്പിച്ചു എന്നതാണ് പ്രശ്നം . ഈ സംഘർഷം ഏതു സാഹചര്യത്തിൽ ഉണ്ടായി എന്നത് വിലയിരുത്തുന്നതിനോ പഠിക്കുന്നതിനോ ശ്രമിക്കാതെ ഭരണകൂടത്തെ കുറ്റവിമുക്തരായി അവതരിപ്പിക്കുന്നതിനു നടത്തിയ ഉദ്യമം സദുദ്ദേശ്യപരമായി ആരും പരിഗണിക്കുന്നില്ല . പരിസരബോധം നഷ്‌ടപ്പെട്ടവർക്കേ ഇത്തരം പ്രതികരണങ്ങൾ നടത്താനാവൂ എന്ന് ഫാ. പോൾ തേലക്കാടിന് പറയേണ്ടി വന്നതിൽ നമുക്ക് ലജ്ജിതരാകാം . രണ്ട് പ്രബലഗോത്രങ്ങളിൽ ഒരു ഗോത്രം ആൾബലത്തിലും സാമ്പത്തികശേഷിയിലും ശക്തമാണ് . ഈ ഗോത്രങ്ങൾക്കിടയിൽ ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കുവാനോ അക്രമവിധേയയായ ന്യൂനപക്ഷത്തെ സംരക്ഷിക്കുവാനോ സർക്കാർ ശ്രമം നടത്തിയില്ല . അതായത് ഭരണകൂടങ്ങളുടെ ബോധപൂർവ്വമായ നിഷ്ക്രിയത്വം വഴി വലിയ ഗോത്രത്തിന് ചെറുതിന്റെ മേൽ തടസ്സമില്ലാതെ അക്രമം അഴിച്ചുവിടാൻ സൗകര്യം സൃഷ്ടിക്കുകയായിരുന്നു . ഈ സമീപനത്തിന്റെ പേരിലാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വിമർശനവിധേയമായത് . മണിപ്പൂരിലെ കുക്കിവംശജരായ സ്ത്രീകളെ ഒരു വർഷം മുമ്പ് വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിയതും തുടർന്ന് കൂട്ടബലാത്സംഗത്തിന് വിധേയരാക്കിയതും ഒരു ജനാധിപത്യരാഷ്ട്രത്തിലാണ് എന്നോർക്കണം . ഈ വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാർക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് സുപ്രീംകോടതി സംസ്ഥാനഭരണകൂടത്തെ അതിനിശിതമായാണ് വിമർശിച്ചത് . ഇതൊന്നും ഇവിടത്തെ സഭാദ്ധ്യക്ഷന്മാർക്ക് വിഷയമല്ല . ഈ വിഷയം നിസ്സാരവത്കരിച്ച് സർക്കാരിന് നല്ല സർട്ടിഫിക്കറ്റ് നൽകിയത് നിർദ്ദോഷമായ അഭിപ്രായപ്രകടനം ആയിരുന്നു എന്ന് പ്രജ്ഞയുള്ള സമൂഹത്തിന് ബോദ്ധ്യപ്പെട്ടില്ല .

സഭ രാഷ്ട്രീയബന്ധത്തിൽ വിമർശനാത്മകമായ നിലപാടാണ് നിലനിർത്തേണ്ടത് . എന്നാൽ ഇതു പലപ്പോഴും കാണുന്നില്ല . തീർച്ചയായും രാഷ്ട്രീയവിമർശനത്തിനു മുമ്പ് ആത്മവിമർശനം കൂടി ആവശ്യമാണ് എന്നത് അടിവരയിടുന്നു . ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് അടിയന്തിരാവസ്ഥപ്രഖ്യാപനം വഴി ജനാധിപത്യമൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെട്ടപ്പോൾ ക്രൈസ്തവസഭാനേതാക്കന്മാർ മൗനം പാലിച്ചതും ചിലർ അതിനെ സാധൂകരിക്കുവാൻ ലഭ്യമായിരുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തിയെന്നതും ചരിത്രം . ഭരണകൂടത്തിന്റെ തെറ്റായ നടപടികൾ സംബന്ധിച്ച് മൗനം പാലിക്കുകയും അതിനെ സാധൂകരിക്കുകയും ചെയ്യുവാൻ രാഷ്ട്രീയപ്രതികരണങ്ങൾ സഹായമായിക്കൂടാത്തതാണ് . ഭരണകൂടത്തിന്റെ തെറ്റായ നയ – നടപടികൾ സംബന്ധിച്ച് മൗനം പാലിക്കുകയും അവയെ സാധൂകരിക്കുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള സഭാദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതാണ് .

സമൂഹത്തിലെ ദുർബലവിഭാഗങ്ങൾ , ന്യൂനപക്ഷങ്ങൾ , അടിസ്ഥാനവർഗ്ഗങ്ങൾ എന്നിവർക്ക് നീതി ലഭ്യമാക്കുന്നതിലാണ് സഭ ശ്രദ്ധിക്കേണ്ടത് . എന്നാൽ ഈ ശ്രദ്ധ പലപ്പോഴും കാണാറില്ല . കേരളത്തിൽ കുടികിടപ്പവകാശം നൽകി ഭൂമിയില്ലാത്തവർക്ക് കിടപ്പാടവകാശം നൽകുകയും സ്കൂൾ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകി കേരളത്തിൽ വിദ്യാഭ്യാസം വ്യാപകമാക്കുവാൻ സാഹചര്യം ഒരുക്കുകയും ചെയ്ത സർക്കാരിനെതിരെ സഭാദ്ധ്യക്ഷന്മാർ പ്രസ്താവനകൾ നടത്തി വിമോചനസമരത്തിന് പിന്തുണ നൽകിയത് ഇന്നും നീതീകരണം ഇല്ലാതെ നിലനിൽക്കുന്നു . നാട് പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിക്കുവാൻ പ്രൊഫസർ മാധവ് ഗാഡ്ഗിൽ പഠിച്ച് തയ്യാറാക്കി അവതരിപ്പിച്ച റിപ്പോർട്ടിനെതിരെ മുൻനിരയിൽ നിന്ന് കടന്നാക്രമണം നടത്തിയത് ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരായിരുന്നു . ഫ്രാൻസിസ് മാർപാപ്പ 2015 ലെ ലൗദാത്തോസി ( അങ്ങേയ്ക്ക് സ്തുതി ) എന്ന ചാക്രികലേഖനത്തിൽ പ്രകൃതിസംരക്ഷണം ക്രിസ്ത്യാനികളെ സംബന്ധിച്ച് അവരുടെ ആദ്ധ്യാത്മികകാര്യമാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത് . ആറ് അദ്ധ്യായങ്ങളിലായി പരിസ്ഥിതിസംരക്ഷണത്തിൻ്റെ അനിവാര്യതയിലേക്ക് അദ്ദേഹം വിരൽചൂണ്ടുന്നു . പ്രകൃതിയിലെ ദൈവിക അടയാളങ്ങൾ കാണാത്തവർ ദൈവത്തിൽ നിന്നും അകന്നു കഴിയുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു . ഇത് ഇവിടത്തെ ക്രൈസ്തവസഭാദ്ധ്യക്ഷന്മാർ ഒരു വിഷയമായി കരുതുന്നില്ല . ദുർബലരുടെ നീതിപോരാട്ടങ്ങളിൽ പലപ്പോഴും സഭാനേതൃത്വത്തിന് താല്പര്യം കാണുന്നില്ല . അതേസമയം സ്ഥാപിത / വ്യക്തി താല്പര്യങ്ങൾക്കുവേണ്ടി അഭിപ്രായപ്രകടനം നടത്തുന്നതിൽ അവർ മുമ്പിലുമാണ് . ഈ രീതി സംബന്ധിച്ച് വീണ്ടുവിചാരം ഉണ്ടാകണം . 2017ലെ കോടതിവിധിക്കു ശേഷം സഭയിൽ സമാധാനം ഉണ്ടാകാതെ പോയതിനു പിന്നിൽ സഭാദ്ധ്യക്ഷന്മാരിൽ നിന്നുണ്ടായ പക്വതയില്ലാത്ത രാഷ്ട്രീയപ്രതികരണങ്ങൾ നിർണ്ണായകമായ പങ്കുവഹിച്ചു എന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത് .

രാഷ്ട്രീയമേഖലയിൽ സഭയുടെ ശബ്ദവും പ്രതികരണവും ജനകീയപോരാട്ടങ്ങളിൽ സഭയ്ക്ക് പങ്കാളിത്തവും ഉണ്ടാകണം . ദുർബലവിഭാഗങ്ങളുടെ ആവശ്യങ്ങളോടൊപ്പം സഭയ്ക്ക് നിൽക്കാൻ സാധിക്കണം . വിഷയങ്ങൾ അവധാനതയോടെ പഠിച്ച് കൂട്ടായ ആലോചനയോടെ നല്ല ഭാഷയിൽ പ്രതികരിച്ചാൽ സമൂഹം ശ്രദ്ധിക്കും . സഭയെ സംബന്ധിച്ച് അതു സാക്ഷ്യമാവുകയും ചെയ്യും . ക്രിസ്തുസാക്ഷ്യത്തിനും സുവിശേഷമൂല്യങ്ങൾക്കും നിരക്കാത്ത രാഷ്ട്രീയപ്രതികരണങ്ങൾ സഭാദ്ധ്യക്ഷന്മാരിൽ നിന്നുണ്ടായാൽ അവയെ പരസ്യമായി തള്ളിപ്പറയാനും സഭാംഗങ്ങൾ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതുണ്ട് . നീതിസമൂഹത്തിൻ്റെ കെട്ടുപണി സഭയുടെ താൽപര്യം ആണല്ലോ .