4. വിവാഹം
1) നമ്മുടെ സഭയില്‍പെട്ടവരും ഇതര ക്രൈസ്തവ സഭകളില്‍ വിവാഹം ചെയ്തുകൊടുത്തിട്ടുള്ളവരുമായ സ്ത്രീകള്‍ നമ്മുടെ വിശ്വാസാചാരങ്ങളിന്‍പ്രകാരം തുടര്‍ന്ന് നടന്നുകൊള്ളാമെന്ന് ഉറപ്പുതരുകയും പ്രതിജ്ഞ ചെയ്യുകയും ചെയ്യുമെങ്കില്‍ അവരെ നമ്മുടെ സഭാംഗങ്ങളായി തുടരുന്നതിന് അനുവദിക്കാവുന്നതാണ്.
2) മറ്റു സഭകളില്‍ പോയി വിവാഹം നടത്തിക്കുവാന്‍ നമ്മുടെ സ്ത്രീപുരുഷന്മാര്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇതിനു വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് നമ്മുടെ സഭയില്‍ തുടരുന്നതിനു താഴെ വിവരിച്ചിരിക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതാകുന്നു.
1) റോമന്‍ കത്തോലിക്കാ, കല്‍ദായ (നെസ്തോറിയന്‍) എന്നീ സഭകളില്‍ വച്ച് വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കില്‍ അവര്‍ ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞു വി. കുമ്പസാരം നടത്തി വി. കുര്‍ബ്ബാന അനുഭവിക്കുന്നതു കൂടാതെ അവര്‍ പട്ടക്കാര്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തവും ചെയ്യേണ്ടതാകുന്നു.
2) സി.എന്‍.ഐ., സി.എസ്.ഐ., മാര്‍ത്തോമ്മാ, തൊഴിയൂര്‍ സ്വതന്ത്ര സഭ എന്നീ എപ്പിസ്ക്കോപ്പല്‍ സഭകളില്‍ വച്ച് വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കില്‍ അവര്‍ ചെയ്ത തെറ്റിനെ ഏറ്റുപറയുകയും കുമ്പസാരിച്ചു വിശുദ്ധ കുര്‍ബ്ബാന അനുഭവിക്കുകയും അവരുടെ ഭാര്യാപദം സ്വീകരിച്ചിട്ടുള്ള ആ സഭയിലെ പെണ്‍കുട്ടികള്‍ക്ക് മൂറോന്‍ അഭിഷേകം നടത്തുകയും അവര്‍ കുമ്പസാരിച്ച് വി. കുര്‍ബ്ബാന അനുഭവിക്കുകയും ചെയ്യു ന്നതു കൂടാതെ അവരുടെ വിവാഹം, നമ്മുടെ വിവാഹശുശ്രൂഷയുടെ രണ്ടാം ക്രമത്തില്‍ നിന്നും തക്കതായ പ്രാര്‍ത്ഥനകള്‍ ചൊല്ലി കിരീടം വാഴ്ത്തും കൈപിടിത്തവും നടത്തി പൂര്‍ത്തീകരിക്കുകയും പട്ടക്കാര്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തം നടത്തുകയും ചെയ്യേണ്ടതാണ്. മോതിരം വാഴ്ത്ത്, മിന്നുകെട്ട്, മന്ത്രകോടി ഇടീല്‍ എന്നിവ വീണ്ടും നടത്തേണ്ടതില്ല.
3) എപ്പിസ്ക്കോപ്പലല്ലാത്ത മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍ വച്ചു നടന്നിട്ടുള്ള വിവാഹങ്ങളാണെങ്കില്‍ അങ്ങനെയുള്ളവരെ സ്വീകരിക്കുമ്പോള്‍ അവര്‍ ചെയ്ത തെറ്റ് ഏറ്റുപറയുകയും പട്ടക്കാര്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തം കഴിക്കുകയും അവര്‍ വി. കുമ്പസാരവും വി. കുര്‍ബ്ബാനാനുഭവവും നടത്തുകയും അവര്‍ വിവാഹം കഴിച്ചിട്ടുള്ള പെണ്‍കുട്ടികളെ മാമോദീസാ മുക്കുകയും വി. മൂറോന്‍ അഭിഷേകം നടത്തുകയും അവര്‍ വി. കുര്‍ബ്ബാന അനുഭവിക്കുകയും അവരുടെ വിവാഹം നമ്മുടെ ക്രമം അനുസരിച്ച് മുഴുവനായി നടത്തുകയും ചെയ്യേണ്ടതാണ്.
5. വിവാഹക്കുറി
മറ്റു സഭകളില്‍ വച്ച് നടത്തുന്ന വിവാഹത്തിന് നമ്മുടെ സഭയില്‍ വച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു കൊടുത്തുവരുന്ന രീതിയിലുള്ള വിവാഹക്കുറി കൊടുക്കുകയോ പ്രസ്തുത വിവാഹങ്ങളുടെ വിളിച്ചുചൊല്ല് നമ്മുടെ പള്ളികളില്‍ നടത്തുകയോ ചെയ്യാന്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ ഒഴിച്ചുകൂടാത്ത ആവശ്യം ഉണ്ടായാല്‍ താഴെപ്പറയുന്ന വിധത്തിലുള്ള ഒരു വിവാഹക്കുറി ‘ഇന്ന’ വികാരിക്ക് എന്ന് എഴുതാതെ “ഈ ഇടവകയില്‍പെട്ട ഇന്നാരുടെയും ഇന്നാരുടെയും മകള്‍/മകന്‍ ഇന്നാരുടെ വിവാഹം നടത്തുന്നതിനു കാനോനികവും സഭാപരവുമായ യാതൊരു തടസ്സവും ഇല്ലാത്തതാകുന്നു” എന്നു വിവാഹക്കുറി എന്നും മേലെഴുത്തുള്ള പ്രത്യേക കടലാസ്സില്‍ എഴുതി കൊടുക്കാവുന്നതാകുന്നു.
(1977 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍)
5. വിവാഹങ്ങള്‍ക്കുള്ള പ്രത്യേകാനുമതി നല്‍കുന്നതിനെപ്പറ്റി
ഒഴിച്ചുകൂടാന്‍ പാടില്ലാത്ത അത്യാവശ്യം നിമിത്തം സാധാരണ അനുവദിക്കാത്ത ദിവസങ്ങളില്‍ വിവാഹം നടത്തുന്നതിനു പ്രത്യേക അനുവാദം കൊടുക്കുന്നതിനും, വിവാഹസംബന്ധമായ ക്രമക്കേടുകളെ സംബന്ധിച്ച് തീരുമാനം ചെയ്യുന്നതിനും പ. കാതോലിക്കാബാവായ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാകുന്നു. അങ്ങനെയുള്ള വിവാഹങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ ഇടവക വികാരിയുടെ ശുപാര്‍ശയോടു കൂടി പ. ബാവാ തിരുമേനിക്ക് സമര്‍പ്പിക്കേണ്ടതാകുന്നു.
(1979 ജൂലൈസുന്നഹദോസ് നിശ്ചയങ്ങള്‍)
9. സാധാരണ വിവാഹം, പുനര്‍ വിവാഹം മുതലായവ സംബ ന്ധിച്ചുള്ള പ്രത്യേക അനുവാദം
വിവാഹങ്ങള്‍ നടത്തുന്ന ദിവസങ്ങള്‍ സംബന്ധിച്ചും മറ്റും ആവശ്യമായേക്കാവുന്ന പ്രത്യേക അനുവാദം പ. കാതോലിക്കാ ബാവാ തനിച്ചു നല്‍കേണ്ടതും പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവാഹമോചനം, പുനര്‍ വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ആയതിലേക്ക് പ. സുന്നഹദോസ് നിശ്ചയിച്ചിരിക്കുന്ന പ. കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിലുള്ള വിവാഹ കമ്മറ്റിയുടെ തീരുമാനം പരിഗണിച്ചു പ. കാതോലിക്കാബാവാ അനുവാദം നല്‍കേണ്ടതുമാകുന്നു.
(1982 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍)
ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
‘കല്ല്യാണക്കുറിക്ക് ദൈവശാസ്ത്രപരമായിട്ടൊരു അര്‍ത്ഥമുണ്ട്. ഒരു സഭയിലെ ഒരു വൈദികന്‍ ആ സഭയിലെ മറ്റൊരു വൈദികന്, എന്‍റെ ഇടവകയില്‍ വച്ച് കല്യാണം നടത്തുവാന്‍ സാധിക്കുന്നില്ലാത്തതുകൊണ്ട്, നിങ്ങളുടെ ഇടവകയില്‍ വച്ച് നിങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് പറയുന്നതാണത്. അത് പരസ്പരം വി. കുര്‍ബ്ബാനാ ബന്ധമുള്ള സഭകള്‍ തമ്മിലേ സാധിക്കുകയുള്ളു. വി. കുര്‍ബ്ബാനാ ബന്ധമില്ലാത്ത സഭകള്‍ തമ്മില്‍ കുറി കൊടുക്കാന്‍ സാധ്യമല്ല.’
– ഡോ. പൗലോസ മാര്‍ ഗ്രീഗോറിയോസ്