PRESS RELEASE 22-05-2025
കോട്ടയം : മലങ്കരസഭാ തർക്കം പരിഹരിക്കാൻ മൂന്ന് ഓറിയന്റൽ സഭാപിതാക്കൻമാർ മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വത്തെ കെയ്റോയിലേക്ക് ക്ഷണിച്ചെന്ന പ്രചാരണം അവാസ്ഥവമാണ്. മധ്യപൂർവ്വദേശത്തെ മൂന്ന് ഓറിയന്റൽ സഭകൾ നിഖ്യാസുന്നഹദോസിന്റെ വാർഷികം ആചരിക്കാൻ ഒത്തുകൂടി എന്നാണ് മനസിലാക്കുന്നത്. ഇതിനെ ഓറിയന്റൽ സഭകളുടെ കൂട്ടായ്മയായി ചിലർ തെറ്റായി വ്യാഖ്യാനിച്ചു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ മലങ്കര ഓർത്തഡോക്സ് സഭയുൾപ്പെടെ 7 സഭകൾ അംഗങ്ങളാണ്. അത്തരമൊരു ഫോറം അടുത്തദിവസങ്ങളിൽ യോഗം കൂടുകയോ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുകയോ ചെയ്തിട്ടില്ല.
അന്ത്യോഖ്യൻ, കോപ്റ്റിക് പാത്രിയർക്കീസുമാരും ലബനോനിലെ അർമേനിയൻ സഭയുടെ തലവനുമാണ് യോഗത്തിലുണ്ടായിരുന്നത്. പ്രധാന അർമേനിയൻ സഭയായ എച്ച്മിയാഡ്സനിലെ അപ്പൊസ്തോലിക സഭയോ, എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, എറിട്രിയൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പങ്കാളികളല്ല. സ്ഥാപിത താൽപ്പര്യത്തോടെ മിഡിൽ ഈസ്റ്റിലെ സഭകൾ നടത്തിയ നീക്കത്തെ ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ മറ്റുസഭകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയടക്കമുള്ള ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിന് ഭാരതത്തിലെ കാര്യങ്ങൾ വ്യക്തമായി അറിയാം. മലങ്കര ഓർത്തഡോക്സ് സഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗം അയച്ച കത്തിനോട് ക്രിയാത്മകമായാണ് ഇതരസഭകൾ പ്രതികരിച്ചത്. ഭാരതത്തിന്റെ പരമോന്നത കോടതിയുടെ അന്തിമവിധിയടക്കമുള്ള കാര്യങ്ങൾ സഭാനേതൃത്വങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
നടക്കാത്ത യോഗം നടന്നെന്ന് കളവ് പറയുകയും, ക്ഷണിക്കാത്ത ചർച്ചയ്ക്ക് ക്ഷണം ലഭിച്ചെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധി ക്രൈസ്തവമൂല്യങ്ങൾക്ക് ചേർന്നതല്ല. സഭയുടെ ഭരണഘടനയെയും, സുപ്രീംകോടതി വിധിയെയും മാനിച്ചുള്ള ശാശ്വതസമാധാനം മലങ്കരസഭയിൽ ഉണ്ടാകണമെന്നാണ് എക്കാലവും ആഗ്രഹിക്കുന്നതും, പ്രാർത്ഥിക്കുന്നതും, ശ്രമിക്കുന്നതും.

