പത്രോസ് മാര്‍ ഒസ്താത്തിയോസ് മൂക്കഞ്ചേരില്‍

സ്ലീബാ ദാസ സമൂഹ സ്ഥാപകനും, മലബാർ ഭദ്രാസനത്തിന്റെ പ്രഥമ ഇടയനും, സാമൂഹിക നവോത്ഥാന രംഗങ്ങളിൽ ശ്രേഷ്ഠനും, മുക്കാൽ നൂറ്റാണ്ടിനപ്പുറം പാവപ്പെട്ടവൻ്റെ കുടിലുകൾ സന്ദർശിച്ച് സുവിശേഷം പകർന്ന പള്ളി തമ്പ്രാനും, ‘വിജാതീയരുടെ അപ്പോസ്തോലൻ’, ‘മലങ്കര ഗാന്ധി’ എന്നീ അപരനാമങ്ങളിൽ ജനമനസ്സുകളിൽ ഇടം പിടിച്ച ഭാഗ്യസ്മരണാർഹനായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി തൃപ്പൂണിത്തറ മൂക്കഞ്ചേരിൽ ചെറിയാൻ പുരവത്തിന്റെയും കൂളിയാട്ട് മറിയത്തിന്റെയും മകനായി 1886 ജൂൺ 20ന് ജനിച്ചു. കൊച്ചുപിള്ള എന്ന ഓമനപ്പേരിൽ അറിയപ്പെട്ട എം.പി. പീറ്റർ തൃപ്പൂണിത്തുറ മഹാരാജാസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം (മെട്രിക്കുലേഷൻ ,1902) എറണാകുളം
മഹാരാജാസ് കോളേജിൽ നിന്നും എഫ്.എ(1908), തൃശനാപ്പള്ളി സെൻ്റ്.ജോസഫ് കോളേജിൽ നിന്ന് ബി.എ. (1911) , തിരുവനന്തപുരം ട്രെയിനിംഗ് കോളേജിൽ നിന്ന് എൽ.ടി (1914) പാസായ ശേഷം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. ആ കാലഘട്ടത്തിൽ തന്നെ അധ:കൃതരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. 1907 ൽ യങ് മെൻസ് സിറിയൻ അസോസിയേഷൻ രൂപീകരിച്ചു. 1908 ൽ തിരുവല്ലയിൽ വച്ച് നടന്ന സിറിയൻ സ്റ്റുഡൻ്റ്സ് മൂവ്മെന്റിന്റെ ആദ്യ സമ്മേളനത്തിൽ വച്ച് ഫാ. ഹോംസ് നടത്തിയ പ്രസംഗവും, ശക്തമായ പ്രാർത്ഥനയും, വേദപുസ്തക വായനയും കൊച്ചുപിള്ളയിൽ ദൈവവിളിയുടെ നാദം മാറ്റൊലി കൊള്ളിച്ചു. 1916 ജൂൺ 4 ന് പരുമലയിൽ വച്ച് യൂയാക്കിം മാർ ഇവാനിയോസ് മെത്രാപ്പോലീത്ത എം.പി. പീറ്ററിന് ശെമ്മാശ്ശ പട്ടം കൊടുത്തു. തുടർന്ന് സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ഡി. (1919)ബിരുദം കരസ്ഥമാക്കി.

സ്ലീബാദാസ സമൂഹവും മൂക്കഞ്ചേരിൽ തിരുമേനിയും

1924 സെപ്റ്റംബർ 14 ന് സ്ലീബാപെരുന്നാൾ ദിവസത്തിൽ സ്ലീബാദാസ സമൂഹം(അബ്ദേ ദ് സ്ലീബോ) സ്ഥാപിച്ച് മിഷനറി പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 2024 സ്ലീബാദാസ സമൂഹത്തിൻ്റെ ശതാബ്ദി വർഷമാണ്. മദനപ്പിള്ളി ഹോപ്പ് ഹൈസ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച് കിട്ടിയ ശമ്പളം മുഴുവൻ അധ:കൃതരുടെ ഉന്നമനത്തിനായി ഉപയോഗിച്ചു.പൊതു നിരത്തുകളിൽ താഴ്ന്ന ജാതിക്കാർക്ക് നടക്കുവാൻ അനുവാദമില്ലായിരുന്നു. പത്രോസ് ശെമ്മാശൻ ‘തീണ്ടൽ, തൊടീൽ’ എന്നീ ദുരാചാരങ്ങൾക്കെതിരെ ശക്തമായി പോരാടി. ജാതിക്കോമരങ്ങൾ കേരളത്തിൽ കാട്ടിക്കൂട്ടിയ തീണ്ടലിന്റെയും, തൊടീലിന്റെയും പേരിലുള്ള പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ പൊതുജനസമക്ഷത്ത് കൊണ്ടുവരുവാൻ എം.പി. പീറ്റർ ശെമ്മാശ്ശൻ പരിശ്രമിച്ചു.
മിഷനറിപ്രവർത്തനങ്ങളുടെ പിന്നിലുള്ള ചേതോവികാരം സഭയുടെ ആൾബലം കൂട്ടുക എന്നതല്ലായിരുന്നു മറിച്ച് ‘മറ്റൊരുത്തനിലും രക്ഷയില്ല രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല’ എന്ന അപ്പോസ്തോല പ്രമുഖനായ പത്രോസ് ശ്ലീഹായുടെ വചനം ഈ പത്രോസിനെയും ആവേശഭരിതനാക്കി. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ക്രിസ്തുവിൽ മാത്രമേ മാറ്റപ്പെടുകയുള്ളൂ എന്ന് തിരുമേനി വിശ്വസിച്ചു. ഗലാത്യർ 3: 28 ‘അതിൽ യഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല നിങ്ങളെല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ’. ഈ ഒരുമയുടെ ആത്മാവിനായി തിരുമേനി ദാഹിച്ചിരുന്നു.
മദനപ്പിള്ളിയിലെ അധ്യാപക ജോലി രാജിവച്ച് മുളന്തുരുത്തിക്കടുത്ത് ആമ്പല്ലൂരിൽ (മാന്തുരുത്തേൽ) എത്തി വേദ സംബന്ധമായ ചിത്രച്ചുരുളുകളും , വിളക്കും, കൈത്താളുമായി കുടിലുകൾ തോറും തനിച്ച് സഞ്ചരിച്ച് സുവിശേഷ പ്രവർത്തനം ആരംഭിച്ചു.
തിരുമേനിയുടെ മിഷനറി പ്രവർത്തനം ഒരു പ്രത്യേക രീതിയിലായിരുന്നു. വഴിക്കവലകളിൽ നിന്നുകൊണ്ടുള്ള പ്രസംഗങ്ങളേക്കാൾ കുടിൽ സന്ദർശിച്ചുള്ള പ്രവർത്തനമാണ് തിരുമേനി കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. കുടിലുകൾ സന്ദർശിച്ച്, കുടിലിലിരുന്നുകൊണ്ട് യേശുവിനെപ്പറ്റി പറയുകയും, പാടുകയും, മദ്യപാനം നിർത്തണമെന്നും, കുട്ടികളെ പള്ളിക്കൂടത്തിൽ വിടണമെന്നും, വീടും പരിസരങ്ങളും ശുചിയായി സൂക്ഷിക്കണമെന്നും ഗുണദോഷിക്കുകയും, പ്രാർത്ഥന പഠിപ്പിക്കുകയും, മാമോദീസ മുക്കുകയും ചെയ്തിരുന്നു.
സഭയിലെ ഉന്നതന്മാരുടെയും, മെത്രാപ്പോലീത്തന്മാരുടെയും ആലോചനയും, അറിവും, സമ്മതവും കൂടാതെ ആയിരുന്നു ഈ മിഷണറി സമൂഹം ഉടലെടുത്തത്. ഒരു വിപ്ലവകാരിയുടെ നിശ്ചയദാർഢ്യത്തോടു കൂടി ,ദൈവത്താൽ താൻ ഇതിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്ന ഉത്തമ ബോധ്യത്തോടു കൂടി എം.പി.പീറ്റർ ശെമ്മാശൻ പ്രവർത്തിച്ചു.
ഈ പിതാവിൻ്റെ പിൻഗാമികളായി ചേർക്കപ്പെട്ട പാവപ്പെട്ടവരെ കരുതുവാനോ, ഉൾക്കൊള്ളുവാനോ ഉന്നത ചിന്താധാരയുള്ള സുറിയാനി ക്രിസ്ത്യാനികൾക്ക് ഇന്നും സാധിക്കുന്നില്ല എന്നത് വാസ്തവം. സ്ലീബാദാസ സമൂഹത്തിൻ്റെ നൂറാം വർഷത്തിലെങ്കിലും ഈ സത്യം നമ്മുടെ ചിന്തയിലേക്ക് വരട്ടെ!

സാമൂഹിക പരിഷ്കർത്താവായ മാർ ഒസ്താത്തിയോസ്

വൈക്കം സത്യാഗ്രഹം (1924 ) ഉൾപ്പെടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ എം.പി. പീറ്റർ ശെമ്മാശൻ നിറസാന്നിദ്ധ്യമായിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ മഹാത്മാഗാന്ധിയോടൊപ്പം ഡീക്കൻ.എം.പി.പീറ്റർ പ്രസംഗിച്ചത് ചരിത്ര സംഭവമാണ്‌.1925 ൽ എം.പി. പീറ്റർ ശെമ്മാശനെ താഴ്ന്ന ജാതിക്കാരുടെ നവീകരണത്തിനും ഉന്നമനത്തിനുമായി കൊച്ചി മഹാരാജ്യത്തിലെ അധ:കൃതർക്കായുള്ള വിദ്യാഭ്യാസ സ്പെഷ്യൽ ഓഫീസർ ആയി കൊച്ചി ദിവാൻ നിയമിച്ചു. അന്നേവരെ വിദ്യാലയം കണ്ടിട്ടില്ലാത്ത അനേകം കുട്ടികളെ എം.പി.പത്രോസ് ശെമ്മാശൻ സ്കൂളുകളിൽ ചേർത്തു പഠിപ്പിച്ചു. കേരളത്തിലെ നാനാഭാഗങ്ങളിൽ ബോധവൽക്കരണ മഹായോഗങ്ങൾ സംഘടിപ്പിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തി തൻ്റെ നിലപാടുകൾ മനുഷ്യ സമൂഹത്തോട് വ്യക്തമാക്കുകയും ചെയ്തു.

വിശ്വാസം ചോരാത്ത ആരാധനാപരിഷ്കരണ ഉപജ്ഞാതാവ്

ആരാധനകളെല്ലാംസാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത സുറിയാനി ഭാഷയിലായിരുന്നു ദൈവാലയങ്ങളിൽ നടത്തിയിരുന്നത്.1920ൽ പുലിക്കോട്ടിൽ ജോസഫ് ശെമ്മാശ്ശനോട് ചേർന്ന് സുറിയാനി ആരാധനാക്രമങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ചു. ‘ധൂപക്കുറ്റിയിൽ തീ ഊതേണ്ട ശെമ്മാശ്ശന്മാർ പരിശുദ്ധങ്ങളായ തക്സാകളിൽ തൊട്ടുകളിപ്പാൻ എന്ത് കാര്യം’ എന്ന് പറഞ്ഞ് മെത്രാപ്പോലീത്തന്മാർ ഈ നീക്കത്തെ സഗൗരവം വിലക്കി . എന്നാൽ ആരാധന മനസ്സിലാകുന്ന ഭാഷയിലായപ്പോൾ മനുഷ്യ മനസ്സുകളെ അത് ആത്മീയ ഉയരങ്ങളിലേക്ക് ഉയർത്തി.

മിഷനറി യാത്രയിലൂടെ സഭയുടെ തനിമ ഉയർത്തിയ പിതാവ്

ബാഹ്യ കേരളത്തിൽ സഭയ്ക്ക് ഭദ്രാസനങ്ങൾ ഉണ്ടാകണമെന്നും അത് പല ഭദ്രാസനങ്ങൾ ആയി തീരണമെന്നുമുള്ള അഭിലാഷം തിരുമേനിക്കുണ്ടായിരുന്നു. ബാഹ്യകേരളത്തിന്റെ വികസനമാണ് ഇന്ത്യയിലെ സുറിയാനി സഭയുടെ വളർച്ച എന്നുള്ള യാഥാർത്ഥ്യം തിരുമേനി മനസ്സിലാക്കിയിരിക്കണം. പരിശുദ്ധനായ പൗലോസ് ശ്ലീഹായെ പോലെ തീരുമനസ്സുകൊണ്ട് ബാഹ്യകേരളത്തിൽ മൂന്ന് മിഷനറി യാത്രകൾ നടത്തി.തിരുനെൽവേലി, കോയമ്പത്തൂർ, മദ്രാസ്, വിശാഖപട്ടണം . ജംഷഡ്പൂർ, കൽക്കട്ട , ലക്നോ, ആഗ്ര, കാൺപൂർ, ന്യൂഡൽഹി, ജബൽപൂർ, ബോംബെ, പൂന, ഹൈദരാബാദ് ബാംഗ്ലൂർ മുതലായ സ്ഥലങ്ങളിൽ തിരുമേനി മിഷനറി യാത്ര നടത്തി.ഇതു മൂലം ഇന്ത്യയുടെ തെക്കേയറ്റത്ത് ഒരു പുരാതനസഭ ഉണ്ടെന്ന് പലരും അറിയുവാൻ ഇടയാവുകയും ചെയ്തു.

മലബാർ ഭദ്രാസനവും പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയും

1926 മെയ് നാലിന് വൈക്കം,ചെമ്പ് പള്ളിയിൽ വെച്ച് സ്ലീബാ മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എം.പി.പീറ്റർ ശെമ്മാശന് കശീശ്ശാപട്ടവും,
1943 ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവ എം.പി. പത്രോസ് അച്ചന് റമ്പാൻ സ്ഥാനവും നൽകി.
1953 മെയ് 15ന് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ വച്ച് പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവ ഇദ്ദേഹത്തെ പത്രോസ് മാർ ഒസ്താത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്ത ആയി അഭിഷേകം ചെയ്തു. മലബാർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തയായി തിരുമേനി ചുമതല ഏറ്റെടുക്കുമ്പോൾ എട്ടോ, പത്തോ പള്ളികൾ മാത്രമാണ് ഭദ്രാസന പരിധിയിൽ ഉണ്ടായിരുന്നത്‌. കർമ്മ ധീരനായിരുന്ന പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ഭരണകാലത്ത് മലബാർ ഭദ്രാസനം വളരെയധികം വളർന്നു. 1960 കളിൽ പള്ളികളുടെ എണ്ണം , എഴുപതിൽപരമായി വർദ്ധിച്ചു. പള്ളികൾ പണിയുന്നതിന് തിരുമേനി തന്നെ പണം കണ്ടെത്തി നൽകി. മലങ്കര സുറിയാനി സഭയിലേക്കും ഏറ്റവും ദരിദ്രവും സാമ്പത്തികശേഷി കുറഞ്ഞതുമായ മലബാർ ഭദ്രാസനത്തിൽ കുന്നും മലയും കയറി, കാടും മേടും ചുറ്റി കാൽനടയായി എത്തി തിരുമേനി 1968 വരെ ഭദ്രാസന ഭരണം നിർവ്വഹിച്ചു. വാഹനം വാങ്ങുവാനായി ലഭിച്ച പണം മുഴുവൻ ദരിദ്രർക്ക് വീതിച്ച് നൽകി തിരുമേനി കാൽ നടയായി സഞ്ചരിച്ചു.

ഒരു നീതിമാൻ്റെ മടക്കയാത്ര

ഒരു സത്യ ക്രിസ്ത്യാനിയെ പോലെ അദ്ദേഹം ആത്മാവിൽ ദരിദ്രനും, ദുഃഖിക്കുന്നവനും, സൗമ്യതയുള്ളവനും, നീതിക്കു വിശന്ന് ദാഹിക്കുന്നവനും, ഹൃദയശുദ്ധിയുള്ളവനും, സമാധാനം നടത്തുന്നവനും, നീതി നിമിത്തം പീഡിപ്പിക്കപ്പെട്ടവനും, മ്ശിഹായ്ക്ക് വേണ്ടി ദുഷിയും പരിഹാസവും, ഉപദ്രവവും സഹിച്ചവനുമായിരുന്നു. തിരുമേനി നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു . 1968 ഫെബ്രുവരി 2 ന് നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശന പെരുന്നാൾ (മായൽത്തോ) ദിവസം പുലർച്ചെ മൂന്ന് മണിക്ക് സ്വർഗീയ ഭവനത്തിലേക്ക് പ്രവേശിച്ചു. ഫെബ്രുവരി 3 ന് പരിശുദ്ധ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ എറണാകുളം ജില്ലയിൽ കണ്ടനാട് കർമ്മേൽ ദയറായിലെ സെൻ്റ്. കുറിയാക്കോസ് ചാപ്പലിൽ ഈ പുണ്യ പിതാവിനെ കബറടക്കി. ഫെബ്രുവരി 2 ഈ പിതാവിൻ്റെ ഓർമ്മപ്പെരുന്നാളായി പരി. സഭ ആചരിക്കുന്നു.

ആധുനിക മലങ്കര സഭയുടെ പൗലോസ് ശ്ലീഹ, ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ 56 – മത് ഓർമ്മപ്പെരുന്നാളിൽ ആ പിതാവിൻ്റെ സ്വർഗീയ മധ്യസ്ഥതയിൽ നമുക്ക് അഭയം പ്രാപിക്കാം.

തയ്യാറാക്കിയത്:
ഫാ.  സോമു കെ. ശാമുവേൽ
ജനറൽ സെക്രട്ടറി,
സ്ലീബാദാസ സമൂഹം.