പുനലൂര്‍ വാളക്കോട് സെന്‍റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു. സി. ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും 6 മക്കളില്‍ മൂത്ത മകനായി (ഡബ്ല്യു. എ. ചെറിയാന്‍) 1946 ജൂലൈ 19-നു ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍ നിന്ന് ജി.എസ്.ടി. യും സെറാമ്പൂരില്‍ നിന്ന് ബി.ഡി. യും കരസ്ഥമാക്കി. 1974 ഫെബ്രുവരി 2-നു പൗരോഹിത്യം സ്വീകരിച്ചു. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ശിഷ്യനായി ദീര്‍ഘനാള്‍ കൊല്ലം അരമനയില്‍ താമസിച്ച് അരമന മാനേജരായി സേവനമനുഷ്ഠിച്ചു. നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ മുതലായ പല ഇടവകകളിലും സേവനമനുഷ്ഠിച്ചു.
1989 ഡിസംബര്‍ 28-ന് മേല്‍പ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30-നു എപ്പിസ്കോപ്പാ പദവിയിലെത്തി. തുടര്‍ന്ന് കൊച്ചി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു. കൊച്ചി ഭദ്രാസനത്തില്‍ 17 വര്‍ഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു മാറിയത്. 2022-ല്‍ ഭദ്രാസന ചുമതലകള്‍ ഒഴിഞ്ഞശേഷം വിശ്രമത്തിനായി തിരഞ്ഞെടുത്തത് പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാര്‍ അന്തോണിയോസ് ദയറായാണ്. സ്ലീബാദാസ സമൂഹം പ്രസിഡന്‍റ്, അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു.
2023 ഓഗസ്റ്റ് 20-നു കാലംചെയ്തു. കബറടക്കം ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമ ചാപ്പലില്‍ 22-ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്നു.