ശുദ്ധനും ശക്തനുമായ പിതാവ് / ഫാ. ഡോ. ജോര്‍ജ് കോശി


കുന്നംകുളത്തു നിന്നുള്ള കെ. ഐ. പോള്‍ (പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ) വൈദികാഭ്യസനത്തിനായി 1968-ലാണു പഴയസെമിനാരിയില്‍ വന്നത്. പഞ്ചവത്സര വൈദിക പഠനത്തിന്‍റെ സമാപനം കുറിച്ചുകൊണ്ടു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ഇരുവരില്‍ ഒരുവനായി ഞാനും അവിടെയുണ്ട്. മറ്റൊരാള്‍ മറുഭാഗത്തെ മലബാര്‍ മെത്രാപ്പോലീത്തായായി സഹദാ മരണം പ്രാപിച്ച യൂഹാനോന്‍ മാര്‍ പീലക്സീനോസും. ഞങ്ങള്‍ ചേര്‍ന്നതിനുശേഷം അഭ്യസനം നാലു വര്‍ഷമായി കുറച്ചു. കൂടെ ചേര്‍ന്ന പലരും നേരത്തെ തന്നെ പിരിഞ്ഞു. കെ. ഐ. പോള്‍ ഉള്‍പ്പെടെ 1968-ല്‍ പ്രഥമ വര്‍ഷ വിദ്യാര്‍ത്ഥികളായി വന്നവരില്‍ പകുതിയോളം പേര്‍ക്കു സാങ്കേതിക കാരണങ്ങളാല്‍ ആ അദ്ധ്യയനവര്‍ഷം പഠനം തുടരുവാനാവാതെ അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നു. 1968-ലെ ഒരു മാസത്തോളമുള്ള സെമിനാരി വാസവേളയില്‍ത്തന്നെ പോള്‍ ശ്രദ്ധേയനായി. ചെയ്ത്തിലോ ചൊല്‍ത്തിലോ ഒന്നുമല്ല, മറിച്ചു സംസാരത്തില്‍. അസല്‍ കുന്നംകുളം ശൈലിയിലുള്ള ഭാഷണം ഏവര്‍ക്കും കൗതുകമായിതോന്നി. “എന്തിട്ടാ കുട്ടി”, “വാര്‍പൊട്ടി” എന്നെല്ലാം പുഞ്ചിരി പൊഴിയുന്ന പോളില്‍ നിന്നു ശ്രവിക്കുമ്പോള്‍ സഹപാഠികള്‍ക്കു ഹരം പകരാതിരിക്കുന്നതെങ്ങനെ?

കെ. ഐ. പോള്‍ നാലു വര്‍ഷത്തെ സെമിനാരി പഠനവും, പിന്നെ പട്ടക്കാരനായി സി.എം.എസ്. കോളജിലെ ബിരുദാനന്തര പഠനവും എം.ഡി. ഹോസ്റ്റലിലെ വാസവും വാര്‍ഡന്‍ ചുമതലയുമായി കോട്ടയത്തു തുടര്‍ന്നു. അന്ന് ഈ ലേഖകന്‍ നിയുക്ത ബാവായുടെ സെക്രട്ടറിയായി എം.ഡി. സെമിനാരിയിലും പിന്നെ ദേവലോകം അരമനയിലുമുണ്ടായിരുന്നു. ആ കാലങ്ങളിലും ഇരുവരും തമ്മില്‍ അടുപ്പം പുലര്‍ത്താനും വളര്‍ത്താനും സാധിച്ചു. 1970-കളില്‍ ആറു മാസ കാലത്തോളം പ. മാത്യൂസ് പ്രഥമന്‍ ബാവാ എറണാകുളത്തു സഭാകേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സാക്ഷിയായി മൊഴി നല്കുകയുണ്ടായി. ശനി, ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ അദ്ദേഹം താമസിച്ചിരുന്നത് എറണാകുളം സെന്‍റ് മേരീസ് പള്ളിയിലായിരുന്നു. അവിടെ അന്നു വികാരി ബഹു. ഒ. വി. ഏലിയാസ് അച്ചനും ഏക സഹപട്ടക്കാരന്‍ കെ. ഐ. പോള്‍ അച്ചനും. പോള്‍ അച്ചന്‍ പള്ളികെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ബാവായുടെയും കൂടെയുള്ളവരുടെയും കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നതും ആവശ്യങ്ങള്‍, ആവശ്യപ്പെടാതെ അറിഞ്ഞു നിര്‍വ്വഹിച്ചിരുന്നതും സദാ അവിടെയുണ്ടായിരുന്ന പോള്‍ അച്ചനായിരുന്നു. ആ വാസവേള അന്യോന്യമുള്ള സൗഹൃദത്തിന്‍റെ ഇഴകള്‍ അടുപ്പിക്കുന്നതിനു ഇടയാക്കാതിരുന്നില്ല.

പോള്‍ അച്ചന്‍ പുരോഹിതനായിരുന്ന കാലത്തെ ഒരു സംഭവം ഈ ലേഖകന്‍റെ പ. മാത്യൂസ് പ്രഥമന്‍ ബാവായെക്കുറിച്ചുള്ള “മലങ്കരസഭാകേസരി” എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്‍റെ പേരു വെളിപ്പെടുത്താതെ രേഖപ്പെടുത്തിയിട്ടുണ്ട്. പൗലോസ് ദ്വിതീയന്‍ ബാവാ, മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിലൊന്നിലെ പ്രബോധനവേളയില്‍ അതേക്കുറിച്ചു സാക്ഷിക്കുകയുണ്ടായി. 1970-കളുടെ മദ്ധ്യത്തില്‍ മാര്‍ ഏലിയാ കത്തീഡ്രലിലെ വലിയ നോമ്പിലുള്ള ഒരു ഇടദിവസ നമസ്കാരസമയം. നയിക്കുന്നത് അന്നത്തെ നിയുക്ത ബാവായും. എവിടെയോ പോയിട്ടു നമസ്കാരസമയമായതുകൊണ്ടു പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാന്‍ പോള്‍ അച്ചന്‍ പള്ളിയില്‍ പ്രവേശിച്ചു. സമയത്തു പള്ളിയില്‍ എത്താന്‍ ആയാസപ്പെട്ടതിന്‍റെ അടയാളമെല്ലാം വദനത്തില്‍ വീര്‍പ്പുമുട്ടി ഒഴുകുന്ന വിയര്‍പ്പുകണങ്ങള്‍ ഒട്ടും ഒളിപ്പിക്കാതെ വെളിപ്പെടുത്തുന്നുണ്ട്. കറുത്ത കുപ്പായം കൈയിലില്ല. അച്ചന്‍റെ ആഗമനം കണ്ടു അന്നത്തെ വികാരി വന്ദ്യ ബേബി അച്ചന്‍ (ഫാ. കെ. വി. ഗീവറുഗീസ്) ഓടി മുറിയില്‍ച്ചെന്നു ഒരു ളോഹയുമായി എത്തി അച്ചനു നല്കി. ഒത്തിരി വലിപ്പമുള്ള ആളല്ലായിരുന്നുവെങ്കിലും ഒത്തയാളിനേക്കാള്‍ ഇത്തിരി വണ്ണം കൂടുതലുണ്ടായിരുന്ന വികാരി അച്ചന്‍റെ പൊടിപിടിച്ചതും പൊട്ടലിനും കീറലിനും കുറവില്ലാത്തതുമായ കുപ്പായമാണു ബേബി അച്ചനു പെട്ടെന്നു കൈയില്‍ കിട്ടിയത്. ളോഹ അണിഞ്ഞു നിന്നപ്പോള്‍ നല്ലൊരു ഫാന്‍സിഡ്രസ്സിന്‍റെ ചന്തം കൃശഗാത്രനായ പോള്‍ അച്ചനു സ്വന്തമായി. ഏവന്‍ഗേലിയോന്‍ സമയത്തു ആ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ ബേബി അച്ചന്‍ അതിഥി അച്ചനെ തള്ളിവിട്ടു. വിയര്‍ത്തു വശംകെട്ടുനിന്ന അച്ചന്‍ കൈലേസുകൊണ്ടു മുഖം ആവുംവിധം ആവര്‍ത്തിച്ചു തുടച്ചു. ചവിട്ടിവീഴാതിരിക്കുവാന്‍ ഇട്ട കുപ്പായം ഇടതുകൈ കൊണ്ടു പൊക്കിപ്പിടിച്ചും വലതുകൈകൊണ്ടു വലിപ്പമേറിയ കുപ്പായം വാരിചുറ്റി വരുതിയിലാക്കാന്‍ ശ്രമിച്ചു. മെത്രാപ്പോലീത്തായുടെ കൈമുത്തി അനുവാദം വാങ്ങാന്‍ എത്തി. അപ്പോളാണു അച്ചനെ അദ്ദേഹം കാണുന്നത്. ആ വരവും വേഷവും കണ്ട് അദ്ദേഹം അച്ചനെ ഊടുപാടു ഒന്നു നോക്കി. ഒന്നും പറഞ്ഞില്ല; എന്നാല്‍ ഒത്തിരി പറയാതെ പറഞ്ഞ കനത്ത നോട്ടമായിരുന്നു. അച്ചന്‍റെ ഉടലിലേക്കും ഉയിരിലേക്കും ഉളിപോലെ ആ നീട്ടിയുള്ള നോട്ടം കടന്നു കയറിയിരിക്കണം. നോട്ടം അച്ചനു നൊമ്പരം പകര്‍ന്നുവെന്നു പതര്‍ച്ചയോടെ പിന്നീടുള്ള നില്പും നീക്കവും വെളിപ്പെടുത്താതിരുന്നില്ല.

മേല്പട്ടമോഹമൊന്നും അച്ചന്‍റെ മനസ്സില്‍ അന്നു മൊട്ടിടാന്‍ ഇടയില്ല (പിന്നെ ഉണ്ടായിരുന്നുവെന്നു അര്‍ത്ഥമാക്കേണ്ട). അന്നു വെറുമൊരു നാടന്‍ കൊച്ചച്ചന്‍! മേല്പട്ട സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുമെന്നു അച്ചനു അറിവില്ലായിരുന്നു. പതിവുള്ള പ്രാര്‍ത്ഥന മുടക്കുന്നതിനുള്ള മടികൊണ്ടു പള്ളിയില്‍ ബദ്ധപ്പെട്ടു എത്തിയതാണ്. പോള്‍ അച്ചന്‍ പള്ളിയില്‍ സന്ധ്യാനമസ്കാരത്തിനു ഓടിയെത്തിയത് അത് അദ്ദേഹത്തിന്‍റെ ശീലവും ശൈലിയുമായിരുന്നതുകൊണ്ടാണ്. അദ്ദേഹത്തിന്‍റെ മേല്പട്ട തെരഞ്ഞെടുപ്പിനു പതിറ്റാണ്ടുകള്‍ക്കു മുമ്പാണത്.

അധികം കഴിയാതെയാണ് എറണാകുളം പള്ളിയില്‍ സാക്ഷിവിസ്താരവുമായി ബന്ധപ്പെട്ടു ബാവാ താമസിച്ചത്. ആരംഭ ദിനങ്ങളിലൊന്നില്‍ ഏലിയാ കത്തീഡ്രലിലെ സന്ധ്യാനമസ്കാരവും അന്നു പോളച്ചനു ഏറ്റ “പരുക്കും” സാന്ദര്‍ഭികമായി ഞങ്ങളുടെ സംസാരവിഷയമായി. തുടര്‍ന്ന് അച്ചന്‍റെ സാന്നിദ്ധ്യത്തില്‍ ആ “നൊമ്പരനോട്ട”ത്തെക്കുറിച്ച് ഈ ലേഖകന്‍ ബാവായെ അറിയിച്ചു. അതൊന്നും അദ്ദേഹത്തിന്‍റെ ഓര്‍മ്മയിലില്ലായിരുന്നു. തനിക്കു ഓര്‍ത്തെടുക്കുവാന്‍പോലും കഴിയാത്ത ഒന്നിനെക്കുറിച്ചാണോ അച്ചന്‍ വിഷമിച്ചതെന്നു പറഞ്ഞ് അദ്ദേഹം സാന്ത്വനപ്പെടുത്തുകയുണ്ടായി. മാത്രമല്ല, അച്ചനു ബാവായുടെ വിമലഹൃദയത്തെ തൊട്ടറിയുവാനുള്ള അവസരവുമായും അതു പരിണമിച്ചു.

പ. പൗലോസ് ദ്വിതീയന്‍ ബാവായെ അടുത്തറിയാവുന്നവരെല്ലാം സാക്ഷിക്കുന്ന ഒന്നാണ് അദ്ദേഹം നിര്‍മ്മലനും നിഷ്കളങ്കനും നിഷ്കൈതവനുമാണെന്നുള്ളത്. അവയെല്ലാം ശിശുമനസ്സിന്‍റെ മുഖമുദ്രയാണല്ലോ. എന്നാല്‍, സഭയുടെ സ്വാതന്ത്ര്യവും സത്യവിശ്വാസവും സംരക്ഷിക്കുന്നതിനു നിശ്ചഞ്ചലനായി, ചാഞ്ചല്യലേശമില്ലാതെ അദ്ദേഹം ഉണര്‍ന്നു, ഉര്‍വരനായി പ്രവര്‍ത്തിച്ചു. മലങ്കരസഭയില്‍ നിന്നു കൂറുമാറി മറുഭാഗം ചേര്‍ന്നവര്‍ അപമാനിച്ചപഹസിച്ചപ്പോളും കൂടെയുള്ളവര്‍ വിമര്‍ശിച്ചു വിഷമിപ്പിച്ചപ്പോളും ഒപ്പം ഒറ്റയ്ക്കും ഒറ്റപ്പെട്ടും കഴിയേണ്ടി വന്നപ്പോളും തള്ളിപ്പറഞ്ഞ പത്രോസ് അപ്പോസ്തോലന്‍റെ അനുഗാമിയാകാതെ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഈ പിന്‍ഗാമി യഥാര്‍ത്ഥ പാറയായ ക്രിസ്തുവില്‍ ആശ്രയിച്ചു തിരുസഭയെ നയിച്ചു; കൊടുമുടിയിലെ കെടാവിളക്കായി അദ്ദേഹം പ്രശോഭിച്ചു, പ്രകാശിച്ചു.

പ്രധാന മഹാപുരോഹിതനെന്ന നിലയില്‍ മാത്രമല്ല, വെറും മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്ന ഒന്നുരണ്ടു വൈശിഷ്ഠ്യങ്ങള്‍ കുറിക്കുന്നു. ഒന്ന്, അരകെട്ടി ചുറ്റും ആളുകള്‍ നിന്നു ശുശ്രൂഷിക്കണമെന്നു ആഗ്രഹിച്ചിരുന്നില്ലെന്നു മാത്രമല്ല, ആയകാലത്ത് അതിന് അദ്ദേഹം അനുവദിച്ചുമിരുന്നില്ല. അഥവാ, ശുശ്രൂഷിക്കപ്പെടുന്നതിലല്ല, മറിച്ചു ശുശ്രൂഷിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു കമ്പവും ഇമ്പവും. ട്രെയിനില്‍ ഓടികയറുവാനും പ്ലെയിനില്‍ ഒത്തിരിയേറെയുള്ള ചവിട്ടുപടികള്‍ ചാടികയറുവാനും ആരുടെയും സഹായം വേണ്ടാത്ത ചില ഇടയശ്രേഷ്ഠര്‍ ആരാധനാ സദസ്സുകളില്‍ ആഗതരാകുമ്പോള്‍ ഇരുകരങ്ങളും താങ്ങിപിടിക്കുവാന്‍ പൗരോഹിത്യ ശ്രേണിയില്‍പ്പെട്ടവരെ പരതുന്നതു കാണാം. രോഗമോ പ്രായമോ ഉള്ളവരെങ്കില്‍ മനസ്സിലാക്കാവുന്നതാണ്. ഫ്യൂഡലിസത്തിന്‍റെയും രാജവാഴ്ചയുടെയും അവശിഷ്ടങ്ങള്‍ അപ്രത്യക്ഷമായിട്ടു നൂറ്റാണ്ടുകള്‍ പലതും പിന്നിട്ടെങ്കിലും അവ തലപൊക്കുന്നതും തളിര്‍ത്തു വളരുന്നതും സഭാചക്രവാളങ്ങള്‍ക്കുള്ളിലാണ്. പ്രത്യേകിച്ചും അവയ്ക്കു കുറവില്ലാത്തതു ക്രിസ്തുസാന്നിദ്ധ്യമെന്നും പ്രതീകമെന്നും വിശേഷിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരില്‍ പലരിലുമാണെന്നുള്ളതു ഒരു വിരോധാഭാസം തന്നെ.

പൗരോഹിത്യ പദവികളുടെ പ്രാരംഭം ശെമ്മാശ്ശനിലാണ് – ശുശ്രൂഷകനിലാണ്. പ്രഥമമായി ആവഹിക്കുന്ന വരങ്ങളും വാഴ്വുകളും എത്ര വലിയ ഉന്നതസ്ഥാനിയായാലും ശുശ്രൂഷിക്കുവാനുള്ളതാണ്. അതിനെ തുടര്‍ന്ന് മാത്രമാണ് പൗരോഹിത്യവും മഹാപൗരോഹിത്യവും ലഭിക്കുക. അതായത്, ശുശ്രൂഷ (ടലൃ്ശരല) എന്ന അടിത്തറയിലാണു മറ്റു പൗരോഹിത്യ പദവികള്‍ പടുത്തുയര്‍ത്തുന്നത്. എന്നാല്‍ പട്ടക്കാരും മേല്പട്ടക്കാരുമാകുമ്പോള്‍ മനഃപൂര്‍വ്വം മറന്നുപോകുന്ന ഒന്നായിത്തീര്‍ന്നിരിക്കയാണു ശുശ്രൂഷകന്‍ (ശെമ്മാശ്ശന്‍) എന്ന പദവിയും ആ പദവിയോടു ചേര്‍ന്ന പ്രവൃത്തികളും. അങ്ങനെയുള്ളവര്‍ക്കു ഒരു അപവാദമാണ് പൗലോസ് ദ്വിതീയന്‍ ബാവാ. റമ്പാനായി പരുമലയില്‍ കഴിയുന്ന കാലത്ത് ഒരു വിവാഹശുശ്രൂഷ നടത്തുന്നിടത്തേക്കു വഴികാട്ടിയായി വന്നയാള്‍ റമ്പാച്ചന്‍റെ കാപ്പപ്പെട്ടി എടുത്തു കൂടെ നടക്കുവാന്‍ ആവതു ശ്രമിച്ചതും അമ്പേ പരാജയപ്പെട്ടതും ഡിജിറ്റല്‍ മീഡിയായില്‍ വായിക്കുവാനിടയായി. കാപ്പപ്പെട്ടി വാങ്ങാന്‍ ആയാസപ്പെട്ട വ്യക്തിയോടു പൗലോസ് റമ്പാച്ചന്‍ പറഞ്ഞതു “പെട്ടി എടുക്കുവാനല്ല, വഴികാട്ടാനാണു” വന്നതെന്നാണ്!!

മൂന്നുനാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അന്നത്തെ ഒരു മേല്പട്ടക്കാരനൊപ്പം സ്ഥാനമേറ്റ മറ്റൊരു മേല്പട്ടക്കാരന്‍ അല്പം അമര്‍ഷത്തോടെ സംസാരിച്ചതോര്‍ക്കുന്നു. ആദ്യം പറഞ്ഞ മഹാപുരോഹിതനു നിര്‍ബന്ധമാണ് അദ്ദേഹം പള്ളിയില്‍ പ്രവേശിക്കുന്നതിനു മുമ്പു തന്‍റെ ചെരിപ്പെടുത്തു കൂടെയുള്ള അച്ചനോ ശെമ്മാശ്ശനോ പള്ളിക്കുള്ളില്‍ വയ്ക്കണമെന്നുള്ളത് (നാട്ടിലുള്ളപ്പോളേ ആ നിര്‍ബ്ബന്ധമുള്ളു, മറുനാട്ടിലില്ല). കുലീനതയുടെ കുബേരകുമാരനായ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായായിരുന്നു അതു കണ്ടു അരിശത്തോടെ സംസാരിച്ചത്. മേല്പറഞ്ഞ മേല്പട്ടസ്ഥാനി കാലം ചെയ്യുന്നതുവരെ ആ “കാനോനിക കര്‍മ്മം” കുറവു കൂടാതെ അനുഷ്ഠിച്ചിരിക്കണം. അതില്‍ നിന്നെല്ലാം എത്രമാത്രം വ്യത്യസ്തനായിരുന്നു, സേവിക്കപ്പെടണമെന്നല്ല, സേവിക്കണമെന്നു വ്രതമെടുത്തിരുന്ന ഈ പരിശുദ്ധ പിതാവ്.

അദ്ദേഹത്തിന്‍റെ മറ്റൊരു സവിശേഷതയായിരുന്നു, മറ്റുള്ളവരെ, അവര്‍ ആരു തന്നെയായാലും ആദരിക്കുകയെന്നുള്ളത്. ഉന്നതസ്ഥാനികളില്‍ അധികം പേരിലും ഇല്ലാത്തതും, ഉണ്ടെങ്കില്‍ത്തന്നെ അത്യപൂര്‍വ്വമായിട്ടുള്ളതുമാണു മറ്റുള്ളവരോടുള്ള ബഹുമാനം. പലരുടെയും ഭാവവും മനോഭാവവും അവര്‍ മാത്രമാണ് ആദരവ് അര്‍ഹിക്കുന്നുവെ ന്നുള്ളതാണ്. അതുകൊണ്ടു ബഹുമാനം നല്കുവാന്‍ “മാന്യരും” “ബഹുമാന്യരും” മറന്നുപോകുന്നു. മലങ്കരസഭയുടെ അധികാരശ്രേണിയില്‍ അഗ്രഗണ്യനായിരുന്നിട്ടുപോലും സമീപിക്കുന്നവരോട് എത്ര മമതയോടും മാന്യതയോടും മൃദുലതയോടുമാണ് അദ്ദേഹം ഇടപെട്ടത്. സഭാ, സമുദായ, സ്ഥാനവ്യത്യാസമെന്യേ ആരെയും ആദരവോടെ അദ്ദേഹം സ്വീകരിച്ചു; അവരോടു സംഭാഷിച്ചു; അവരുമായി സമ്പര്‍ക്കം പുലര്‍ത്തി. അഥവാ, സമീപിക്കുന്നവരെ തന്നേക്കാള്‍ സ്ഥാനമുള്ളവരായി അദ്ദേഹം കരുതി. ചുരുക്കത്തില്‍, ആരെയും ആദരിക്കുവാനുള്ള അനിതരസാധാരണമായ സിദ്ധി ഈ പരിശുദ്ധ പിതാവിനു സ്വന്തമായിരുന്നു; അത് സ്വന്തം സ്വത്വത്തിന്‍റെ ഭാഗമായിരുന്നു.

സൂചിപ്പിച്ചപോലെ, ശിശുതുല്യമനസും മനോഭാവവുമുള്ള ഈ പിതാവ് സഭയുടെ സ്വാതന്ത്ര്യത്തെയും സത്യവിശ്വാസത്തെയും സംരക്ഷിക്കേണ്ട സാഹചര്യങ്ങളില്‍ സടകുടഞ്ഞെഴുന്നേറ്റ സിംഹമായി രൂപാന്തരപ്പെട്ടു. അവിടെയൊന്നും വിട്ടുവീഴ്ചയ്ക്കും തട്ടിക്കൂട്ടിനും ഒട്ടുമേ അദ്ദേഹം തയ്യാറായിരുന്നില്ല. ആ “തിരു”മേനിയില്‍ സഭയ്ക്കു പുറത്തുള്ളവരും അകത്തുള്ളവരും കുറവില്ലാതെ പോറലുകളും കീറലുകളും ഏല്പിച്ചു. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും വധത്തിനുള്ള വിധിതീര്‍പ്പുകളും സ്വന്തം സഭയ്ക്കുവേണ്ടി പുഷ്പഹാരമായി അദ്ദേഹം അണിഞ്ഞു. സത്യവിശ്വാസ സംരക്ഷണത്തിനു വീഴ്ച ഭവിച്ചെന്നറിഞ്ഞപ്പോള്‍, അല്പം ധൃതിയിലായിപ്പോയിയെന്നുള്ള പരിഭവവും പരാതിയും ഉയര്‍ന്നുവെങ്കിലും സുധീരമായ നടപടി എടുക്കുന്നതിന് അദ്ദേഹം തരിപോലും അമാന്തിച്ചില്ല. (സത്യവിശ്വാസ സംരക്ഷണമാണു മേല്പട്ടക്കാരുടെ പ്രഥമവും പ്രധാനവുമായ ധര്‍മ്മവും ഉത്തരവാദിത്തവും. ഇന്ന് അത് ഏറ്റം അപ്രധാനമായി പരിണമിച്ചിരിക്കുന്നു!

എന്തായാലും ഇതുപോലെയുള്ള പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികളുമായി പൗലോസ് ദ്വിതീയന്‍ ബാവാ മുമ്പോട്ടു പോയെങ്കിലും നേതൃനിരയിലുള്ളവര്‍ അദ്ദേഹത്തെ “ടഹമൗഴവലേൃ” ചെയ്യുവാനാണു മുതിര്‍ന്നത്. മലങ്കര സഭാഭരണഘടനപ്രകാരം യഥാര്‍ത്ഥ മെത്രാ”സനാധിപന്‍” മലങ്കര മെത്രാപ്പോലീത്തായാണ്. മെത്രാസന ചുമതലയുള്ള മേല്പട്ടക്കാര്‍ അദ്ദേഹത്തിന്‍റെ സഹായികളും. അതുകൊണ്ടുതന്നെ വിശ്വാസസംരക്ഷണം ഉള്‍പ്പെടെ മലങ്കര മെത്രാപ്പോലീത്താ-പൗരസ്ത്യ കാതോലിക്കായുടെ ഉത്തരവാദിത്തം സീമാതീതവും). എന്തായാലും എതിര്‍പ്പുകളുടെ മദ്ധ്യത്തിലും പരാശക്തിയുടെ തണലില്‍ പാറപോലെ ഉറച്ചുനിന്നു പരിശുദ്ധ സഭയെ അദ്ദേഹം സംരക്ഷിച്ചു.

പ. പൗലോസ് ദ്വിതീയന്‍ ബാവാ, ആധുനിക കാലഘട്ടത്തില്‍ മലങ്കരസഭയുടെ പ്രധാന സാരഥ്യം വഹിച്ചവരില്‍ ഏറ്റം ആദരിച്ചത് പ. മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായെയാണ്. അവസരമുള്ളപ്പോള്‍ മാത്രമല്ല, അവസരമുണ്ടാക്കിയും ആ പരിശുദ്ധ പിതാവിന്‍റെ സമാനമില്ലാത്ത സഭാസേവനത്തെ സാക്ഷിക്കുന്നതിലും അപദാനങ്ങളെ വര്‍ണ്ണിക്കുന്നതിലും പ. പൗലോസ് ദ്വിതീയന്‍ ബാവാ ആഹ്ലാദം കണ്ടെത്തി. അദ്ദേഹത്തോടുള്ള അദമ്യമായ ആദരവു മൂലമായിരിക്കണം തൊട്ടുള്ള രണ്ടു മുന്‍ഗാമികളില്‍ പ. മാത്യൂസ് ദ്വിതീയന്‍ ബാവായെ ശാസ്താംകോട്ടയിലും പ. ദിദിമോസ് പ്രഥമന്‍ ബാവായെ പത്തനാപുരത്തും കബറടക്കണമെന്ന് അവര്‍ ശഠിച്ചതില്‍നിന്നു വ്യത്യസ്തമായി പൗലോസ് ദ്വിതീയന്‍ ബാവാ കുന്നംകുളം തെരഞ്ഞെടുക്കാതെ ദേവലോകമെന്നു നിശ്ചയിച്ചുറപ്പിച്ചത്. അങ്ങനെ പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ വിലപ്പെട്ട കബറിനു തൊട്ടരികെ പ. പൗലോസ് ദ്വിതീയന്‍ ബാവാ നിത്യനിദ്രയില്‍ നിലകൊള്ളുന്നു.

പ. പിതാവേ! അങ്ങ് ആഗ്രഹിച്ചതുപോലെ ഒന്നായി മലങ്കരസഭ മുന്നേറുന്നതിനു അങ്ങയുടെ സ്വപ്നവും സാക്ഷ്യവും സമയമധികം എടുക്കാതെ സാക്ഷാല്‍ക്കരിക്കപ്പെടുന്നതിനു പ്രാര്‍ത്ഥിച്ചാലും! ശുദ്ധനായ അങ്ങയുടെ പ്രാര്‍ത്ഥന ശക്തിയുള്ളതാണെന്ന് അങ്ങയുടെ ആത്മീയ മക്കള്‍ക്ക് ഉറപ്പുണ്ട്.