ഓർത്തഡോക്സ്- യാക്കോബായ സഭാതർക്കം; പ്രശ്നപരിഹാരത്തിനുള്ള സർക്കാർതല ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു

ഇരുസഭകളും തമ്മിൽ ചർച്ചകൾ വേണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി പ്രധാനമായും മുന്നോട്ടുവച്ചത്. എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനം പറയാനാകില്ലെന്ന് ഇരുസഭകളും മുഖ്യമന്ത്രിയെ അറിയിച്ചു.

തിരുവനന്തപുരം:ദശാബ്ദങ്ങളായി തുടരുന്ന ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിയുന്നില്ല. ഇരുസഭകളുടെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി രണ്ടാംവട്ടവും ചർച്ച നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞു.

സർക്കാർതലത്തിൽ അല്ലാതെ തുടർ ചർച്ചകൾ വേണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇരുസഭകളും തമ്മിൽ ചർച്ചകൾ വേണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി പ്രധാനമായും മുന്നോട്ടുവച്ചത്. എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനം പറയാനാകില്ലെന്ന് ഇരുസഭകളും മുഖ്യമന്ത്രിയെ അറിയിച്ചു.

വ്യാഴാഴ്ച ചേരുന്ന സുന്നഹദോസിനു ശേഷം തീരുമാനം അറിയിക്കാമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പക്ഷേ ഇക്കാര്യത്തിൽ ഒരു മാസത്തിനകമേ  തീരുമാനം പറയാൻ ആകുവെന്ന് ഓർത്തഡോക്സ് സഭാ പ്രതിനിധികൾ വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നതിൽ  അർത്ഥമില്ലെന്ന് ഓർത്തഡോക്സ് സഭ നിലപാട് ആവർത്തിച്ചു.

ഒന്നുകിൽ സഭകൾ തമ്മിലുള്ള യോജിപ്പിന് യാക്കോബായ സഭ തയ്യാറാകണം. അല്ലെങ്കിൽ കോടതി വിധി നടപ്പിലാക്കിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ രൂപപ്പെട്ടാൽ അപ്പോൾ അത് പരിഹരിക്കാനായി ചർച്ചകൾ ആകാം.

ഇതായിരുന്നു ചർച്ചയിലുടനീളം ഓർത്തഡോക്സ് സഭ പ്രതിനിധികൾ വ്യക്തമാക്കിയത്. എന്നാൽ സഭകൾ തമ്മിലുള്ള ഐക്യം സാധ്യമല്ലെന്ന് യാക്കോബായ സഭ മറുപടി നൽകി. ഒപ്പം തുടർചർച്ചകൾ അനിവാര്യമാണെന്നും യാക്കോബായസഭ നിലപാടെടുത്തു.

Source