അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത് പ്രതിഷേധാര്‍ഹം: മാര്‍ ദീയസ്ക്കോറോസ്

അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത് പ്രതിഷേധാര്‍ഹം: മാര്‍ ദീയസ്ക്കോറോസ്

സര്‍ക്കാര്‍ നിര്‍ദ്ദേശം പക്ഷപാതപരവും നീതിനിഷേധവപരവും: ഓര്‍ത്തഡോക്സ് സഭ

സഭാ തര്‍ക്കം സംബന്ധിച്ച് കേരള ഗവണ്‍മെന്റിനു വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അയച്ച കത്തിലെ പരാമര്‍ശങ്ങള്‍ പക്ഷപാതപരവും നീതിനിഷേധവുമാണെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്. കോടതി വിധി നടപ്പാക്കാനെന്ന വ്യാജേന, ആഗസ്റ്റ് 29 ന് ചര്‍ച്ചകള്‍ക്കായി പരിശുദ്ധ ബാവാ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്തില്‍ 1934 ലെ ഭരണഘടനയുടെ അസല്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാകുന്നില്ല. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നാവായി സര്‍ക്കാര്‍ പരിണമിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. കുറേക്കാലമായി പാത്രിയര്‍ക്കീസ് വിഭാഗം കേസുകളില്‍ക്കൂടി ആവശ്യപ്പെടുകയും, കേസുകള്‍ കേട്ട എല്ലാ കോടതികളും തളളുകയും ചെയ്ത ഒരു കാര്യമാണ് അഡീ. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. ബഹു. സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അസോസിയേഷന്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനോടുളള പ്രതികരണമായി സഭാമേലദ്ധ്യക്ഷന്‍ 1934 ലെ ഭരണഘടനയുടെ ഒറിജിനലുമായി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്നത് അവഹേളനമായി മാത്രമെ കാണാനാവൂ.

2017 ലെ സുപ്രീം കോടതി വിധിയില്‍ എല്ലാ കാര്യങ്ങളും ഇരുപക്ഷത്തിന്റെയും വാദമുഖങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അതിനാല്‍ കോടതിയുടെ തീര്‍പ്പ് സത്വരമായി അതിന്റെ പൂര്‍ണ്ണതയില്‍ നടപ്പാക്കുകമാത്രമാണ് സര്‍ക്കാരിനു ചെയ്യാനുളളതെന്നും കോടതി തന്നെ തീര്‍പ്പുകല്‍പ്പിച്ചിട്ടുളളതിനാല്‍ ഇനി ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലായെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നല്‍കിയ മറുപടി കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായുളള ക്ഷണം വിധി നടത്തിപ്പ് താമസിപ്പിക്കുവാനുളള ഉപായം മാത്രമാണ് എന്ന് വിലയിരുത്തേണ്ടി വരുന്നു.

മലങ്കര സഭാ ഭരണഘടനയുടെ 1934 ലെ രൂപമനുസരിച്ച് ഭരണം നടത്തണമെന്നല്ല കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘1934 ലെ ഭരണഘടന’ എന്നത് ആ രേഖയുടെ പേരാണ്. ഭരണഘടന പലപ്രാവശ്യം ഭേദഗതി ചെയ്തിട്ടുളളതാണ്. 1995 ല്‍ സുപ്രീം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് അത് ഭേദഗതി ചെയ്തിട്ടുളളതാണ്. എല്ലാ ഭേദഗതികളും ഉള്‍ക്കൊളളുന്ന ഇന്നത്തെ രൂപമാണ് നടപ്പാക്കേണ്ടത്. അതാണ് അതിന്റെ അസ്സല്‍ രൂപം. 1934 ലെ രൂപം 1958 ല്‍ അവസാനിച്ച കേസില്‍ എക്സിബിറ്റ് എ.എം ആയി ഹാജരാക്കിയിട്ടുളളതും വിവിധ കോടതികള്‍ അത് വിശദമായി പഠിച്ച് അംഗീകരിച്ചിട്ടുളളതുമാണ്. ഇത്രയേറെ നിരീക്ഷണങ്ങളും വിധികളും ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിന്നും, കേരള ഹൈക്കോടതിയില്‍ നിന്നും ആവര്‍ത്തിച്ചുണ്ടായിട്ടും സംസ്ഥാന ഭരണസംവിധാനം കൈക്കൊളളുന്ന നിലപാടുകള്‍ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനുളള അവിശ്വാസവും സര്‍ക്കാരിന്റെ നിക്ഷിപ്ത താല്പര്യവും വ്യക്തമാക്കുന്നതാണെന്നു മാത്രമെ വിലയിരുത്തുവാനാവുകയുളളു. അഡീ. ചീഫ് സെക്രട്ടറി വീണ്ടും ഈ പ്രശ്നം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യമാണ്. കോടതിവിധിയില്‍ പരാമര്‍ശിച്ചിരിക്കുന്നതും കോടതി അംഗീകരിച്ചിരിക്കുന്നതുമായ രേഖയുടെ അസല്‍പകര്‍പ്പ് കോടതിയില്‍ നിന്നുതന്നെ ലഭ്യമാക്കാനാവും എന്നത് മറന്നുകൊണ്ടാണോ ഈ നടപടികളെല്ലാം എന്നത് ആശ്ചര്യം ജനിപ്പിക്കുന്നു; ഉദ്ദേശ്യശുദ്ധിയില്‍ സംശയമുളവാക്കുന്നു. അതിനാല്‍ തന്നെ എത്രയും വേഗം സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.