പ്രതിബദ്ധതയുടെ വ്യത്യസ്ത പ്രവർത്തനവുമായി നിലയ്ക്കൽ ഭദ്രാസന യുവജനപ്രസ്ഥാനം


പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് എന്ന ഗ്രാമത്തിലെ വാർദ്ധക്യത്തിലെത്തിയിരിക്കുന്ന വ്യക്തികൾക്ക് പിന്തുണയും പ്രചോദനവുമായി നിലയ്ക്കൽ ഭദ്രാസനത്തിലെ യുവജനങ്ങൾ. വാർദ്ധക്യത്തിലായിരിക്കുന്നവർക്ക് പിന്തുണയേകുന്ന യുവജനപ്രസ്ഥാനത്തിന്റെ പദ്ധതിയുടെ പേര് ‘അരികെ’ എന്നാണ്. നിലയ്ക്കൽ ഭദ്രാസന മെത്രാപോലിത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ പ്രേരണയും പിന്തുണയിലുമാണ് ഈ പദ്ധതി പ്രാവർത്തികമായത്.

ഒരുമിച്ചിരിക്കാൻ സംസാരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരുപറ്റം മാതാപിതാക്കൾ…അവരെ കേൾക്കുവാനും അരികെ ആരെങ്കിലും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ….നമ്മുടെ സ്പർശനത്തിനും സമയത്തിനും സ്നേഹം എത്രയോ അധികം അളവിൽ തിരികെ നല്കുവാൻ തയ്യാറായി നിൽക്കുന്നവർ…നമ്മുടെ നല്ല നാളെയ്ക്കായി ശ്രമിച്ച അവരുടെ ഇന്നലെകളുടെ അധ്വാനത്തെ തിരിച്ചറിയുവാനുള്ള ശ്രമം…അതായിരുന്നു അരികെ. അതിന്റെ ഭാഗമായുള്ളതായിരുന്നു കൊറ്റനാട് ഗ്രേസ് ഹോമിൽ നടന്ന പ്രത്യേക കർമ്മപരിപാടി. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വാർദ്ധക്യത്തിലെത്തിയവർക്ക് ഒരുമിച്ചിരിക്കുവാൻ വേദിയൊരുക്കാറുണ്ട് ഗ്രേസ് ഹോമിൽ. നിലയ്ക്കൽ ഭദ്രാസനത്തിലെ 13 പേരുൾപ്പെടുന്ന ടീമാണ് അവരെ സർഗാത്മക രാക്കുന്ന പരിപാടിക്ക് നേതൃത്വം നൽകിയത്.  90 ൽ അധികം വരുന്ന ഗ്രാമീണരെ ഗ്രൂപ്പുകളായി തിരിച്ച് അവരിൽ നിന്ന് കേൾക്കുവാനും അവരോട് സംസാരിക്കുവാനും ടീം നേതൃത്വം നൽകി. പഴയകാല ഭക്ഷണം, പഴയകാല പ്രണയം, പൂർവ്വയാത്രാനുഭവങ്ങൾ, പഴയ ചികിത്സാരീതികൾ, തിക്താനുഭവങ്ങൾ, സന്തോഷാനുഭവങ്ങൾ ഇവയൊക്കെയും സംഭാഷണ വിഷയമായി. അതോടൊപ്പം അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും കലാപ്രകടനങ്ങൾക്ക് വേദിയൊരുങ്ങി. പായസം കൂട്ടിയുള്ള ഉച്ചഭക്ഷണവും കഴിഞ്ഞപ്പോൾ അവർ നിലയ്ക്കലെ യുവാക്കളോട് പറഞ്ഞു ‘ഇനിയും വരണം ഞങ്ങളെയും കൂട്ടണം…’

കൂട്ടാം…കൂട്ട് കൂടാമെന്ന് യുവാക്കൾ മറുപടിയും കൊടുത്തു. യുവത്വം വാർദ്ധക്യത്തെയും വാർദ്ധക്യം യുവത്വത്തെയും പരസ്പരം ആദരിക്കുന്ന ഒരു സുന്ദര ദിവസമായിരുന്നു അത്. ആ ദിവസാനുഭവം നിലയ്ക്കൽ ഭദ്രാസനത്തിൽ ഇനിയും തുടരും…നേതൃത്വം നൽകിയ ടീം അംഗങ്ങൾ: റവ ഫാ യൂഹാനോൻ ജോൺ, റവ ഫാ വർഗീസ് ഫിലിപ്പ്, പ്രൊഫ പി എ ഉമ്മൻ (സഭാ മാനേജിംഗ് കമ്മിറ്റിയംഗം), അനു വർഗീസ്, വിനീഷ് പി തോമസ്, മനീഷ് മാത്യു,
ഷൈജു മാത്യു, ലിനു ജോൺ, റെനി ജോർജ്, റീബ,മിന്റാ മറിയം വർഗിസ് (ജനറൽ സെക്രട്ടറി),
ജിജിൻ മാത്യു (എം ജി ഒ സി എസ് എം ജോയിന്റ് സെക്രട്ടറി), ലിബിൻ ചാക്കോ (ജോയിൻറ് സെക്രട്ടറി), ആൽവിൻ, ജെറിൻ അനിൽ ജീൻസ് ജേക്കബ് (കേന്ദ്ര സമിതിയംഗം)