ഫാ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ / കെ. വി. മാമ്മന്‍

മലങ്കരസഭയുടെ വടക്കന്‍ മേഖലയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു ശക്തിദുര്‍ഗ്ഗമായി നിലകൊണ്ട പ്രമുഖ വൈദികനും സാമൂഹിക പ്രവര്‍ത്തകനും മികച്ച സംഘാടകനുമാണ് പ്രശസ്തനായ റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ. 1945-ല്‍ പോത്താനിക്കാട് മണ്ണാറപ്രായില്‍ എം. പി. പൗലോസ് – ഏലിയാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം കോതമംഗലം എം.എ. കോളജ്, മലേക്കുരിശ് സെമിനാരി, കോട്ടയം പഴയസെമിനാരി, ബാംഗ്ലൂര്‍ നാഷണല്‍ സിറ്റിസണ്‍ഷിപ്പ് അക്കാദമി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1963-ല്‍ വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസില്‍ നിന്ന് ശെമ്മാശുപട്ടവും, 1970 ജൂണില്‍ ഫീലിപ്പോസ് മാര്‍ തെയോഫിലോസില്‍നിന്ന് കശ്ശീശാപട്ടവും സ്വീകരിച്ചു. 1986-ല്‍ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ കോര്‍എപ്പിസ്കോപ്പായായി ഉയര്‍ത്തി.

1970 മുതല്‍ 2007 വരെ 37 വര്‍ഷം തുടര്‍ച്ചയായി സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, 30 വര്‍ഷം ഭദ്രാസന സെക്രട്ടറി, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും 35 വര്‍ഷം തൃക്കുന്നത്തു സെമിനാരി മാനേജരും വികാരിയും എന്ന സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.

വൈ.എം.സി.എ. സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണിന്‍റെ വൈസ് ചെയര്‍മാന്‍, ട്രഷറാര്‍, നാഷണല്‍ ബോര്‍ഡ് അംഗം, നാഷണല്‍ പ്രൊജക്ട് ഉപാദ്ധ്യക്ഷന്‍, കേരള ബ്ലൈന്‍ഡ് സ്കൂള്‍ സൊസൈറ്റി വൈസ് പ്രസിഡന്‍റ്, വര്‍ക്കിംഗ് പ്രസിഡന്‍റ്, വളയന്‍ചിറങ്ങര ബാലഗ്രാം സെക്രട്ടറി, ഏലൂര്‍ വിമുക്തി സ്പെഷ്യന്‍ സ്കൂള്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ്, ബൈബിള്‍ സൊസൈറ്റി പ്രസിഡന്‍റ്, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എക്സിക്യൂട്ടീവ് അംഗം, ഓര്‍ത്തഡോക്സ് സഭ അസ്സോസിയേഷന്‍ ട്രൈബ്യൂണല്‍ മെമ്പര്‍, റൂള്‍ കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വസ്തുസംരക്ഷണ കമ്മിറ്റി എന്നിവകളുടെ സജീവ അംഗം, മലങ്കരസഭ വക കോര്‍പ്പറേറ്റ് സ്കൂള്‍-കോളജ് എന്നിവകളുടെ നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ്, കേരള ശാന്തി സമിതി സംസ്ഥാന ഉപാധ്യക്ഷന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍, ആലുവാ റെസിഡന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്‍റ് തുടങ്ങി ഒട്ടനവധി പ്രസ്ഥാനങ്ങളുടെ പ്രധാന സാരഥ്യം വഹിക്കുന്നു. കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൗണ്ടേഷന്‍റെ ധിഷണാ അവാര്‍ഡ്, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രഥമ ഗ്രാന്‍റ് ഷെവലിയാര്‍ ജസ്റ്റീസ് ജോസഫ് വിതയത്തില്‍ പുരസ്കാരം, കേരള പീപ്പിള്‍സ് ഫോറത്തിന്‍റെ “മാനവശ്രീ” അവാര്‍ഡ്, രാജീവ്ഗാന്ധി പുരസ്കാരം, “ആചാര്യ” അവാര്‍ഡ് മുതലായവ ലഭിച്ചു.

വടക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് അങ്കമാലി ഭദ്രാസനത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനാര്‍ഹമായ അടിത്തറ പാകുവാന്‍ കാലം ചെയ്ത ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയോടൊപ്പം നിന്ന് ഗര്‍ജ്ജിക്കുന്ന സിംഹംപോലെ മറുപക്ഷത്തോട് അടരാടിയ മണ്ണാറപ്രായിലച്ചനെ മലങ്കരസഭ ഉള്ളിടത്തോളം കാലം മറക്കാനാവില്ല. ദിവംഗതനായ മണലില്‍ അച്ചനോടൊപ്പവും അദ്ദേഹത്തിനുശേഷവും സഭാകേസ് നടത്തിപ്പിന്‍റെ ചുക്കാന്‍ പിടിക്കാന്‍ പ. വട്ടക്കുന്നേല്‍ ബാവാ നിയോഗിച്ചത് ഫാ. മണ്ണാറപ്രായിലിനെയാണ്. 1975-ല്‍ രൂപംകൊണ്ട മലങ്കരസഭ ആക്ഷന്‍ കൗണ്‍സിലിന്‍റെ ജനറല്‍ കണ്‍വീനറും അച്ചനായിരുന്നു.

ഇല്ലാത്ത പ്രശ്നത്തിന്‍റെ പേരില്‍ തൃക്കുന്നത്തു സെമ

നാരിയുടെ പേരുംപറഞ്ഞ് വിഘടിത വിഭാഗം, സെമിനാരി മാനേജരായിരുന്ന അച്ചന്‍റെ വീടാക്രമിച്ച് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും അദ്ദേഹം പല ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്തു.

ഭാര്യ ലീലാമ്മ പെരുമ്പാവൂര്‍ തെക്കേവീട്ടില്‍ വറുഗീസ് – അന്നമ്മ ദമ്പതികളുടെ പുത്രിയും റിട്ട. അധ്യാപികയുമാണ്.