അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കുറിയുടെ പകര്‍പ്പ്
ഇന്ത്യയിലുള്ള ഇംഗ്ലീഷ് പള്ളികളുടെ ബിഷോപ്പായിരുന്ന അനുഗ്രഹിക്കപ്പെട്ട മാര്‍ റജിനാള്‍ഡ് അവര്‍കളുടെ റമ്പാന്‍ തോമസ് റോബിന്‍സണ്‍ എന്ന കശീശ വണക്കത്തോടും വഴക്കത്തോടും കൂടെ എഴുതുന്നത്.
നമ്മുടെ കര്‍ത്താവീശോ മശിഹായുടെ സഭയില്‍ തിരുമനസ്സിലേക്കുള്ള സ്ഥാനം എത്രയും ഉയര്‍ന്നതും എനിക്കുള്ളതു എത്രയും താണതും ആയിരിക്കുകയാല്‍ തിരുമനസ്സിലേക്ക് എഴുതുന്നതിന് ഞാന്‍ യോഗ്യനല്ല. എങ്കിലും കര്‍ത്താവ് താന്‍ അനുഗ്രഹിക്കുകയും വാഴ്ത്തുകയും ചെയ്തിട്ടുള്ള അടിയാനായി, ഇന്ത്യയിലുള്ള ഞങ്ങളുടെ സഭയ്ക്ക് ബിഷപ്പുമായിരുന്ന മാര്‍ റജിനാള്‍ഡ് അവര്‍കളെ സേവിക്കുന്നതിന് എന്നെ യോഗ്യന്‍ എന്നു കരുതിയതുകൊണ്ട് തന്‍റെ വാക്കുകളെപ്പോലെ തന്നെ ഇതിനെ കൈക്കൊള്ളുമാറാകണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു. അദ്ദേഹത്തിനു തിരുമനസ്സറിയിക്കുന്നതിന് വളരെ കാര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും തിരുമനസ്സിലേക്കു സ്വത്വത്തിന്‍റെ ഈ എഴുത്തു എഴുതുന്നതിന് വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സകലത്തിന്‍റേയും നാഥനും പ്രധാന ഇടയനും ആയവന്‍ നിത്യാനന്ദത്തിലേക്കു അദ്ദേഹത്തെ വിളിച്ചുകൊണ്ടതിനാല്‍ ഈ എഴുത്തു എഴുതുന്നതിന് പ്രത്യേകം എന്‍റെ മുറയാകുന്നു. അതുകൊണ്ട് തിരുമനസ്സിലെ അനുവാദം ഉണ്ടായിരുന്നാല്‍ ഇന്ത്യയിലുള്ള താങ്കളുടെ സഭയ്ക്ക് ചെയ്തിട്ടുള്ളതും ചെയ്വാന്‍ വിചാരിച്ചിരുന്നതുമായ കാര്യങ്ങളെ തിരുമനസ്സറിയിക്കാം. എത്രയും ബഹുമാനപ്പെട്ട പിതാവായുള്ളോവേ, മലയാളത്തിലുള്ള പള്ളികളുടെ ബഹുമാനപ്പെട്ട മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ കഴിഞ്ഞ ആണ്ടില്‍ (1825) അമ്പതാം പെരുനാള്‍ കഴിഞ്ഞ ഉടനെ ഞങ്ങളുടെ അനുഗ്രഹിക്കപ്പെട്ട പിതാവായ മാര്‍ റജിനാള്‍ഡുമായി ബോംബെയില്‍ വച്ച് കണ്ട വിവരവും ഒരു മെത്രാന്‍ മറ്റൊരു മെത്രാനോടു കൂടി എന്നപോലെ അവര്‍ ഒരുമിച്ച് അവിടെ വച്ച് തോമ്മാശ്ലീഹായുടെ പേരുള്ള ഇംഗ്ലീഷ് പള്ളിയുടെ ത്രോണോസിങ്കല്‍ ശുദ്ധമുള്ള രഹസ്യങ്ങളെ കൈക്കൊണ്ട വിവരവും അദ്ദേഹത്തിന്‍റെ എഴുത്തു കൊണ്ട് സന്നിധാനത്തില്‍ അറിഞ്ഞിരിപ്പാന്‍ ഇടയുണ്ടല്ലോ. മാര്‍ അത്താനാസ്യോസിന് തന്നോടുള്ള സ്നേഹത്തിന് പകരമായിട്ട് മാര്‍ റജിനാള്‍ഡ് അങ്ങോട്ടും വളരെ സ്നേഹം കാണിച്ചു. ഈ നാട്ടില്‍ ഇംഗ്ലീഷുകാരുടെ ഇടയില്‍ പ്രമാണപ്പെട്ട ധ്വരമാര്‍ക്കു, ഇദ്ദേഹം മലയാളത്തുള്ള സുറിയാനിക്കാരുടെ മെത്രാപ്പോലീത്താ ആയി വന്നിരിക്കുന്നു എന്നും ശിപാര്‍ശി എഴുത്തുകളും കൊടുത്തു. അതിന്‍റെ ശേഷം അവര്‍ തമ്മില്‍ മുഖാമുഖമായി കണ്ടില്ല എങ്കിലും അവര്‍ തങ്ങളില്‍ ഉണ്ടായ സഹോദരത്വത്തിനടുത്ത സംസര്‍ഗത്തെ മാര്‍ റജിനാള്‍ഡ് എപ്പോഴും ഓര്‍ത്തിരുന്നു. അദ്ദേഹം തന്‍റെ ഇടവകയുടെ വിവരത്തെക്കുറിച്ച് കാന്തരപുരിയിലെ ആര്‍ച്ച് ബിഷപ്പും ഇംഗ്ലീഷുകാരുടെ സകല പള്ളികള്‍ക്കും മെത്രാപ്പോലീത്തായും ആയിരുന്ന മാര്‍ കൂറിലോസ് അവര്‍കള്‍ക്ക് എഴുതി അയച്ചതില്‍ മാര്‍ അത്താനാസ്യോസിന്‍റെ വിവരവും സന്നിധാനത്തിങ്കല്‍ നിന്ന് അദ്ദേഹത്തെ അയച്ചിരിക്കുന്ന സംഗതിയും മലയാളത്തു തോമ്മാശ്ലീഹായുടെ പള്ളികളില്‍ ഇതുവരെ നടന്നിരുന്ന ക്രമക്കേടുകള്‍ അദ്ദേഹം മുഖാന്തിരം തീര്‍പ്പാനിരിക്കുന്ന വിവരവും കൂടി കാണിച്ച് എഴുതിയിട്ടുണ്ടായിരുന്നു. അതിന്‍റെ ശേഷം 5 മാസം കഴിഞ്ഞപ്പോള്‍ മലയാളത്തിനു പോകുവാന്‍ ആഗ്രഹിച്ചുകൊണ്ട് ഈവാനിയോസ് ഡോറന്‍ എന്നു പേരുള്ള ഒരു ഇംഗ്ലീഷ് കശീശ കല്‍ക്കത്തായില്‍ വന്നാറെ സുറിയാനിക്കാരുടെ ഇടയില്‍ സഞ്ചരിക്കുന്നതിന് അയാള്‍ക്ക് അനുവാദം കൊടുപ്പാനും തന്നെ പ്രതി പുത്രനെപ്പോലെ അയാളെ കൈക്കൊള്ളുന്നതിനും വേണ്ടി ഞങ്ങളുടെ അനുഗ്രഹിക്കപ്പെട്ട പിതാവ്, അത്താനാസ്യോസിന്‍റെ പേര്‍ക്ക് ഒരു എഴുത്ത് എഴുതി അയാളുടെ പക്കല്‍ കൊടുത്തിരുന്നു. ഈ എഴുത്തിന്‍റെ പകര്‍പ്പ് തിരുമനസ്സ് കൊണ്ട് കാണുന്നതിന് ഇതിനോട് ഒരുമിച്ച് അയക്കുന്നു. ഇത് മാര്‍ അത്താനാസ്യോസിന്‍റെ കൈകളില്‍ കിട്ടാതെ എത്രയും അഭാഗ്യമായി താമസിക്കപ്പെട്ടത് എങ്ങനെ എന്നും എന്തുകൊണ്ട് എന്നും കൂടെ അറിയിക്കാം. ഈ എഴുത്ത് മൂലം മാര്‍ അത്താനാസ്യോസിനെ കയറ്റി അയക്കാതിരിക്കുന്നതിനും ഇന്ത്യയിലുള്ള നിങ്ങളുടെ സഭയെ മഹാ അരിഷ്ടകരമായി വിഭാഗിച്ചിരിക്കുന്നതായ ക്രമക്കേടുകളും വിപരീതപക്ഷങ്ങളും തീര്‍ക്കുന്നതിനും ഇടവരുന്നതായിരുന്നതിനാല്‍ അത് താമസം കൂടാതെ ചെന്നെത്തുന്നതിന് ഞങ്ങളുടെ അനുഗ്രഹിക്കപ്പെട്ട പിതാവിന് എത്രയും താല്പര്യവും ആയിരുന്നു.
ഈവാനിയോസ് ഡോറന്‍ എന്ന കശീശ കല്‍ക്കത്തായില്‍ നിന്നു മലയാളത്തിലേക്കു യാത്ര പുറപ്പെട്ട് മദ്രാസില്‍ എത്തിയപ്പോള്‍ മലയാളത്തുള്ള മെത്രാന്മാരും അന്ത്യോഖ്യായില്‍ നിന്ന് വന്നിരിക്കുന്ന മെത്രാപ്പോലീത്തായും തമ്മില്‍ വഴക്കാകുന്നു എന്നു കേട്ടു. അയാള്‍ പരദേശി ആകെകൊണ്ട് ആ വഴക്കില്‍ അശേഷം കൂടാതിരിക്കുന്നത് നന്ന് എന്ന് അവിടെ ചിലര്‍ ഗുണദോഷിക്കുകയും ചെയ്തു. അതുകൊണ്ടും അയാളുടെ സുഖക്കേടു കൊണ്ടും ഈ ആണ്ട് കുംഭ മാസം ഒടുക്കം വരെ രണ്ടു മാസം അവിടെ താമസിച്ചു പോയി. അപ്പോഴത്തേക്കു മാര്‍ റജിനാള്‍ഡും തന്‍റെ ഇടവകയുടെ തെക്കേ ഭാഗത്തേക്കു സഞ്ചരിക്കുന്നതിനായിട്ട് അവിടെ എത്തി. ഈവാനിയോസ് പോകാതെ അവിടെ താമസിച്ചു കളഞ്ഞതിനാല്‍ വളരെ ക്ലേശിക്കയും ചെയ്തു. എന്തെന്നാല്‍ അദ്ദേഹം ആ പള്ളികള്‍ ഒക്കെയ്ക്കും തലവന്‍ എന്ന് കാണിച്ച് അത്താനാസ്യോസിന് എഴുതിയിരുന്നു. എഴുത്തുകളുടെ ഉള്ളില്‍ മാര്‍ അത്താനാസ്യോസിന് യെരുശലേമില്‍ അര്‍മ്മീനിയാ പാത്രിയര്‍ക്കീസിന് നിശ്ചയിച്ച് അയച്ചിരുന്ന അബ്രഹാം ആബൂനാ എഴുതിയിരുന്ന എഴുത്തു കൂടി അടക്കം ചെയ്തിരുന്നു. മാര്‍ച്ച് മാസം 4-ാം തീയതി ഈ എഴുത്തുകള്‍ ഈവാനിയോസിന്‍റെ കയ്യില്‍ നിന്ന് തിരികെ വാങ്ങി മെത്രാപ്പോലീത്തായ്ക്ക് എത്തിച്ചു കൊടുപ്പാന്‍ തക്കവണ്ണം തിരുവിതാംകോട്ടേയ്ക്ക് അയച്ചതു കൂടാതെ ആ ദിക്കില്‍ നിന്നും മാര്‍ റജിനാള്‍ഡിന് വന്നിരുന്ന എഴുത്തുകള്‍ക്ക് മറുപടി അയച്ചതില്‍ സുറിയാനി പള്ളികളിലെ കാനോനാകളെയും കീഴ്മര്യാദകളെയും അനുസരിച്ച് 1825 ഡിസംബര്‍ 29-ാം തീയതി കോട്ടയത്തു വെച്ച് പള്ളിക്കാര്‍ എല്ലാവരും മാര്‍ പീലക്സീനോസ് മുഖാന്തിരം കൂട്ടം കൂടിയപ്പോള്‍ അവര്‍ തിരുമനസ്സിലെ സ്ഥാത്തിക്കോന് ചേര്‍ച്ച ആകുംവണ്ണം സ്വീകരിച്ചപ്രകാരം തന്നെ, മലയാളത്തുള്ള സത്യസുറിയാനിക്കാരുടെ സ്വതേ തലവനും മെത്രാപ്പോലീത്തായും മാര്‍ അത്താനാസ്യോസ് തന്നെ എന്നു സമ്മതിച്ച് നടക്കുന്നതിനു വേണ്ടി ഗുണദോഷമായി അവര്‍ക്ക് എഴുതി അയച്ചിരുന്നതു തന്നെയല്ല, പള്ളി ഇടപെട്ടിട്ടുള്ള കാര്യങ്ങളില്‍ തിരുവിതാംകോട്ടേ സര്‍ക്കാര്‍ അധികാരം നടത്തിക്കുന്നതിന് വാത്സല്യമുള്ള മക്കളെ, നിങ്ങള്‍ ഇടകൊടുക്കരുതു എന്നും നാട്ടു രാജാക്കന്മാര്‍ സുറിയാനിക്കാര്‍ക്ക് സ്വാധീനതയ്ക്ക് അടുത്ത പദവികള്‍ കൊടുത്തതു മുതല്‍ പൂര്‍വ്വകാലത്തിങ്കല്‍ നടന്നുവന്നിരുന്ന പ്രകാരവും അനുഗ്രഹിക്കപ്പെട്ട തോമ്മാശ്ലീഹായുടെ നാള്‍ മുതല്‍ ഇന്നുവരെ നടന്നുവന്നപ്രകാരം വേദ കര്‍ത്താക്കന്മാരെ ജനങ്ങള്‍ കൂടി തെരഞ്ഞെടുക്കുകയും സര്‍ക്കാരില്‍ നിന്ന് ഇങ്ങനെ തെരഞ്ഞെടുത്തു കൊള്ളുന്നതിന് സമ്മതിക്കുകയും ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരെ സ്വീകരിക്കുകയും ചെയ്തു പോന്നതിനാല്‍, കേസറിന് ഉള്ളവ കേസറിനും ദൈവത്തിന് ഉള്ളവ ദൈവത്തിനും കൊടുത്തു വന്നിരിക്കകൊണ്ട് അതുപ്രകാരം തന്നെ സകല കാര്യങ്ങളും ഇപ്പോഴും നടത്തിക്കൊള്ളണമെന്ന് പ്രത്യേകമായും താല്പര്യമായും അപേക്ഷിച്ചിരുന്നു. വിശേഷിച്ചും മാര്‍ അത്താനാസ്യോസ് പള്ളികളില്‍ അക്രമം തുടങ്ങി മുമ്പിനാലെ മെത്രാന്‍മാര്‍ എന്ന് വിചാരിക്കപ്പെട്ടിരുന്നവരെ സ്ഥാനത്തില്‍ നിന്ന് നീക്കുകയും നാട്ടില്‍ അധികാരികളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നപ്രകാരം മാര്‍ റജിനാള്‍ഡിനോട് അറിയിക്കപ്പെടുക കൊണ്ട് ആ നാട്ടിലുള്ള ഇംഗ്ലീഷ് അധികാരികളോട് അതിന്‍റെ പരമാര്‍ത്ഥം ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ആയത് സൂക്ഷ്മമായി അന്വേഷിച്ച് അറിയണമെന്ന് ആഗ്രഹിച്ചിരുന്നു. ഇങ്ങനെയിരിക്കുമ്പോള്‍ മാര്‍ അത്താനാസ്യോസ് മലയാളത്തെ വിവരങ്ങള്‍ക്ക് ഒരു എഴുത്തു എഴുതി അയച്ചത് കല്ക്കത്തായില്‍ ചെന്നതിന്‍റെ ശേഷം അവിടെ നിന്നും മടക്കി മദ്രാസിലേക്കു അയച്ചതു വന്നുചേര്‍ന്നു. ഈ എഴുത്തിന് മാര്‍ച്ച് മാസം 22-ന് സുറിയാനി ഭാഷയില്‍ത്തന്നെ അദ്ദേഹം മറുപടി എഴുതിയതില്‍ തിരുവിതാംകോട്ടെ മെത്രാന്‍മാരുടെ പക്ഷത്തില്‍ ഉള്ളവരെയും സമാധാനപ്പെടുത്തിക്കൊള്ളാം എന്നു തന്നോട് നേരല്ലാതെയോ ന്യായമല്ലാതെയോ ഏതെങ്കിലും ചെയ്തിട്ടുള്ളവര്‍ ഉണ്ടായിരുന്നാല്‍ ആയവരെയും പരിച്ഛദം ശിക്ഷിക്കാതിരിക്കയില്ലെന്നു കൂടി എഴുതിയിരുന്നു. മാര്‍ റജിനാള്‍ഡ് എഴുതിയിരുന്നപ്രകാരം തന്നെ പ്രവര്‍ത്തിക്കയും ചെയ്തു. മലയാളത്തുള്ള പള്ളികളുടെ സമാധാനത്തിനു വേണ്ടി മാര്‍ റജിനാള്‍ഡ് നിശ്ചയിക്കുന്ന ആളെ സ്ഥിരപ്പെടുത്താമെന്ന് മദ്രാസിലെ ബഹുമാനപ്പെട്ട ഗവര്‍ണറെക്കൊണ്ട് വാഗ്ദത്തവും ചെയ്യിച്ചു. മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്താ ആയിട്ട് കോയ്മകളില്‍ സമ്മതിക്കണമെന്നും മെത്രാന്മാര്‍ പരമാര്‍ത്ഥമായിട്ട് മെത്രാന്മാര്‍ എന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ കീഴില്‍ മഫ്രിയാനന്മാരായിട്ട് ബഹുമാനിച്ചിരുത്തണമെന്നും അദ്ദേഹം വിചാരിച്ചിരുന്നത് ഇരുപാടുകാര്‍ക്കും എഴുതിയിട്ടുള്ള എഴുത്തുകള്‍ കൊണ്ട് തിരുമനസ്സിലേക്കു ബോധ്യം വരുന്നതും ആകുന്നു. ഈ വിചാരത്തോടും ഒരു മെത്രാന്‍ മറ്റൊരു മെത്രാനെ എന്നപോലെ മാര്‍ പീലക്സീനോസിന് സഹോദര സ്നേഹത്തിന്‍റെയും ഒരു കുറി എഴുതി അതില്‍ അവരെ ഭരിക്കുന്നതിനായിട്ട് തിരുമനസ്സുകൊണ്ട് അയച്ചിരിക്കുന്ന ആളാകയാല്‍ മാര്‍ അത്താനാസ്യോസിനെ കൈക്കൊള്ളുന്നതിന് ബുദ്ധി ഉപദേശിച്ചിരുന്നു. ആ എഴുത്തിന്‍റെ ഒരു പകര്‍പ്പും ഇതോടു കൂടി അയയ്ക്കുന്നു. വിവരങ്ങള്‍ ഒക്കെയും തിരുമനസ്സുകൊണ്ട് സൂക്ഷ്മമായിട്ട് ഗ്രഹിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഇതിന്‍റെ പരമാര്‍ത്ഥത്തിന് ഞാന്‍ തന്നെ ഒരു സാക്ഷിയും ആകുന്നു. എന്തെന്നാല്‍ മാര്‍ അത്താനാസ്യോസിനുള്ള രണ്ടു കുറികളും എന്‍റെ സ്വന്ത കൈകള്‍ കൊണ്ട് ഞാന്‍ എഴുതി ഈ കാര്യങ്ങള്‍ ഒക്കെയും നടക്കുമ്പോള്‍ ഞങ്ങളുടെ അനുഗ്രഹിക്കപ്പെട്ട പിതാവിന്‍റെ റമ്പാനും സെക്രട്ടറിയുമായിട്ട് ഞാന്‍ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്നു. ആ സമയം തിരുവിതാംകോട്ട് നടന്ന കാര്യങ്ങള്‍ കേള്‍ക്കയാല്‍ മാര്‍ റജിനാള്‍ഡിന് എത്ര സങ്കടവും അതിശയവും ഉണ്ടായി എന്ന് ഇതുകൊണ്ട് തിരുമനസ്സിലേക്കു നിശ്ചയിക്കാം. ഈ സംഗതികള്‍ മാര്‍ അത്താനാസ്യോസ് തന്നെ വിവരമായി അവിടെ അറിയിച്ചിരിക്കുന്നതാക കൊണ്ട് ഞാന്‍ അവയെ വിസ്തരിച്ച് എഴുതണം എന്നില്ലല്ലോ. മശിഹായില്‍ ഞങ്ങളുടെ കഴിഞ്ഞുപോയ അനുഗ്രഹിക്കപ്പെട്ട പിതാവിന്‍റെ ഓര്‍മ്മയെ സ്നേഹിക്കുകയും അദ്ദേഹം വിചാരിച്ചിരുന്ന കാര്യങ്ങളില്‍ സന്തോഷിക്കുകയും ചെയ്തിട്ടുള്ളവ ഒക്കെയും മാര്‍ അത്താനാസ്യോസിനുള്ള എഴുത്തുകള്‍ രണ്ടും എത്തായ്കയാല്‍ എത്രയും ക്ലേശം തോന്നി ഞാന്‍ മുന്‍ അറിയിച്ചപ്രകാരം മാര്‍ച്ച് മാസം 4-ന് അയച്ചിട്ടുള്ള ഒന്നാമത്തെ കുറി, മാര്‍ അത്താനാസ്യോസിനെ ദിവാന്‍ പിടിപ്പിച്ച് ബോട്ടുകയറ്റിയ ദിവസം എങ്കിലും അതിന് പിറ്റേദിവസം എങ്കിലും തിരുവിതാംകോട്ട് എത്തിയിരിക്കണം. എങ്കിലും അദ്ദേഹം കൊച്ചിയില്‍ വരുന്ന ദിവസം താമസിച്ചിരുന്നാറെയും അവിടേക്കു കൊടുത്തയച്ചില്ല. ഈ കുറി തിരുവിതാംകോട്ട് എത്തിയതിന്‍റെ ശേഷം ഏറിയനാള്‍ കഴിഞ്ഞിട്ടും കൊടുത്തില്ല എന്നുള്ള വിവരം മാര്‍ റജിനാള്‍ഡിനെ അറിയിച്ചും ഇല്ല. പിന്നീട് ഈ വര്‍ത്തമാനം നോമ്പ് വീടിയതിന്‍റെ ശേഷം മാത്രമേ തഞ്ചാവൂര്‍ വച്ച് ബിഷപ്പ് അറിഞ്ഞുള്ളു. അതിനാല്‍ തല്ക്കാലം ഒരു നിര്‍വാഹവും ഇല്ലാഞ്ഞു. രണ്ടാമത്തെ കുറിയും ഇരുപത് ദിവസം കഴിഞ്ഞശേഷം മാത്രമേ അവിടെ എത്തിയുള്ളു. എന്നാല്‍ മെത്രാപ്പോലീത്തായെ ക്രിസ്ത്യാനി അല്ലാത്ത കോയ്മയില്‍ നിന്ന് പിടിപ്പിച്ച് ബെന്തവസ്തു ചെയ്തു എന്ന് മാര്‍ റജിനാള്‍ഡ് കേട്ട ഉടനെ, തിരുവിതാംകോട്ട് റസിഡണ്ട് കര്‍ണ്ണല്‍ ന്യൂവാള്‍ സായിപ്പ് അപ്പോള്‍ മലയില്‍ ആയിരുന്നു എങ്കിലും അയാള്‍ക്കു എഴുതി അയച്ചതില്‍, തിരുമനസ്സിലെ സ്താത്തിക്കോനോടു കൂടി മാര്‍ അത്താനാസ്യോസ് വന്നിരിക്കുകയും അതുപ്രകാരം സ്വീകരിക്കപ്പെട്ടിരിക്കുന്നതു കൂടാതെ താമസിയാതെ മലയാളത്തിലുള്ള വിശ്വാസികള്‍ ഒക്കെയും അദ്ദേഹത്തെ കൈക്കൊള്ളുന്നതിന് ഇടയുള്ളതാകകൊണ്ട് അദ്ദേഹത്തിന്‍റെ പേരില്‍ ബോധിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ യാതൊന്നും താന്‍ വരുന്നതുവരെ വിസ്തരിക്കയും മറ്റും ഒന്നുംതന്നെ ചെയ്തുപോകരുതെന്ന് പ്രത്യേകമായി അപേക്ഷിച്ച് എഴുതിയിരുന്നു. അതുതന്നെയല്ല, ദൈവാനുകൂലത്താല്‍ നമ്മുടെ രാജ്യഭാരത്തിന്‍റെയും രക്ഷയുടെയും കീഴില്‍ ഇപ്പോള്‍ ഇരിക്കുന്നതായ ഈ പുരാതന പള്ളികളിലേക്കു സുറിയായില്‍ നിന്ന് വന്നിട്ടുള്ള ബാവാമാരോട് റോമ്മായിലെ വഷളത്തമുള്ള സഭയിലെ ശിഷ്യര്‍ ചെയ്ത പ്രാക്കുപെട്ട പ്രവൃത്തികള്‍ ശരിയല്ലെന്ന് നാമും നിഷേധിച്ചിരിക്കുമ്പോള്‍ ആ വക പ്രവൃത്തികള്‍ ഏതെങ്കിലും നാമും ചെയ്ക എന്ന് വന്നാല്‍ ആയത് ഇംഗ്ലീഷ് ജാതിക്കു എത്ര അപമാനമായിത്തീരുന്ന കാര്യമാകുന്നുവെന്നും എഴുതിയിരുന്നു. ഞങ്ങളുടെ ബാവാ അനുഗ്രഹിക്കപ്പെട്ട മാര്‍ റജിനാള്‍ഡ്, ഈ വിശേഷമായ എഴുത്തു എഴുതിയതിന്‍റെ ശേഷം ഏറെനാള്‍ ജീവിച്ചിരുന്നില്ല. ഇതിന്‍റെ ശേഷം തിരുമനസ്സിലേക്കു കുറി എഴുതണമെന്നും മലയാളത്ത് നിങ്ങളുടെ സഭയ്ക്കു സമാധാനം വരത്തക്ക മറ്റു പ്രവൃത്തികളും ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്‍റെ അടുക്കലേക്കു വിളിച്ചുകൊണ്ടു.
കര്‍ണ്ണല്‍ ന്യൂവാള്‍ സായിപ്പിന് മേലെഴുതിയ എഴുത്തു കിട്ടിയ ഉടനെ മാര്‍ അത്താനാസ്യോസിന് വിരോധമായി യാതൊന്നും ചെയ്തുപോകരുതെന്നും തിരിയെ നാട്ടിലേക്കു വരുത്തേണം എന്നും തിരുവിതാംകോട്ടെ ദിവാന്‍റെ പേര്‍ക്കു കല്പന അയച്ചിരുന്നു. ആയതിന്‍റെ മറുപടി വന്നുചേര്‍ന്നത് മാര്‍ റജിനാള്‍ഡിന്‍റെ മരണശേഷം ആയിരുന്നതിനാല്‍ ഞാന്‍ അത്രേ പൊട്ടിച്ചു വായിച്ചത്. “അയ്യോ മാര്‍ അത്താനാസ്യോസിനെ കൊച്ചിയില്‍ നിന്നും കപ്പല്‍ കയറ്റി അയച്ചിരുന്നു എന്നും റെസിഡണ്ടിന്‍റെ കല്പന സമയത്ത് എത്തിയില്ല” എന്നും അതില്‍ എഴുതിയിരുന്നു. എത്രയും ബഹുമാനപ്പെട്ട പിതാവേ, തിരുമനസ്സിന്‍റെ അധികാരത്തിന്‍കീഴിലുള്ള സഭയുടെ സമാധാനം സംബന്ധിച്ചിരിക്കുന്ന ഒരു കാര്യത്തില്‍ ഏതെങ്കിലും ഒരു ഗുണദോഷം അറിയിക്കുന്നതിന് ഞാന്‍ യോഗ്യന്‍ അല്ലെന്ന് വരികിലും എന്‍റേതല്ല കര്‍ത്താവില്‍ എന്‍റെ ബഹു. പിതാവിന്‍റെ വിചാരങ്ങളെ അത്രേ അറിയിക്കുന്നതിന് അനുവാദം ഉണ്ടാകണം. അദ്ദേഹത്തിന് തന്‍റെ സ്വന്ത മക്കളുടെ സ്വത്വവും അവര്‍ മുഖാന്തരത്തില്‍ കര്‍ത്താവിന്‍റെ ഏവന്‍ഗേലിയോന്‍ അറിയിക്കുന്നതും കഴികെ ഉണ്ടായിരുന്ന ഒന്നാമത്തെ ആഗ്രഹം മലയാളത്ത് തിരുമനസ്സില്‍ അധികാരത്തിന്‍കീഴുള്ള പള്ളികളുടെ നിര്‍മ്മലതയെ കാക്കണം എന്നായിരുന്നു. മാര്‍ റജിനാള്‍ഡ് കോട്ടയത്തു പാര്‍ക്കുന്നവരോടു മാത്രമല്ല മറ്റുള്ളവരോടും കൂടെ ഈ കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മമായി അന്വേഷണം ചെയ്തതില്‍ സുറിയാനിയില്‍ നിന്നും മലയാളത്തേയ്ക്ക് ഇതിന് മുമ്പില്‍ വന്നിട്ടുള്ള യെരുശലേമിന്‍റെ മാര്‍ ഗ്രീഗോറിയോസും മാര്‍ ബസേലിയോസ് മല്‍പ്രിയാനയും മാര്‍ ഈവാനിയോസും ആയ മൂന്ന് ബാവാമാര്‍ വന്നപ്പോള്‍ മലയാളത്തെ മെത്രാന്‍ ആയിരുന്ന മാര്‍ത്തോമ്മായുടെയും അനന്തിരവന്‍റേയും അത്യാഗ്രഹം കൊണ്ട് മാര്‍ അത്താനാസ്യോസിന്‍റെ വിരോധികളുടെ മൂഢത്വവും വകതിരിവുകേടു കൊണ്ടും ഉണ്ടായിട്ടുള്ള വിഷമങ്ങള്‍ പ്രകാരം ഒക്കെയും അന്നു സംഭവിച്ചു എന്ന് അറിയപ്പെട്ടു എങ്കിലും സൗമ്യതയുള്ളവനും ഹൃദയത്തില്‍ താഴ്മയുള്ളവനുമായി തന്‍റെയും ശുദ്ധ. തന്‍റെ ശ്ലീഹന്മാരുടെയും വായിനാല്‍ ദോഷത്തിന് പകരം ദോഷം ചെയ്യാതെ നന്മ കൊണ്ട് ദോഷത്തെ ജയിക്കണം എന്ന് കല്പിച്ചിരിക്കുന്ന മശിഹായുടെ ശിഷ്യരാകയാല്‍ അവര്‍ പതിനെട്ട് സംവത്സരം വഴക്കായിരുന്നതിന്‍റെ ശേഷമായിട്ട് ഇളയ മെത്രാനെ പാട്ടിലാക്കി മാര്‍ ബസേലിയോസ് കാലം ചെയ്കയാല്‍, മാര്‍ ഗ്രീഗോറിയോസ് അയാളെ വാഴിച്ച് മെത്രാപ്പോലീത്താ എന്ന സ്ഥാനവും ദീവന്നാസ്യോസ് എന്ന് പേരും കൊടുത്തു. ഇതൊക്കെയും തിരുമനസ്സുകൊണ്ട് അറിയാതിരിക്കുന്നതല്ലല്ലോ. ഇതു കൂടാതെ ഈ വഴക്കിന്‍റേയും പിണക്കത്തിന്‍റേയും ഇടയില്‍ അന്ത്യോഖ്യായില്‍ നിന്നും വന്നിരിക്കുന്ന സുറിയാനി ബാവാമാരുടെ ന്യായമായുള്ള കാര്യത്തിന് വിശ്വസ്തനായി നിന്നിരുന്ന മലയാളത്തെ ഒരു ചെറിയ കശ്ശീശാ ഉണ്ടായിരുന്നു. ആയതുകൊണ്ട് മാര്‍ ബസേലിയോസ് അയാള് ഈ വ്യാകുലങ്ങളുടെ ഇടയില്‍ മെത്രാനായിട്ട് കൂറിലോസ് എന്ന് പേരും കൊടുത്തു വാഴിച്ചു. മാര്‍ ഗ്രീഗോറിയോസ്, ദീവന്നാസ്യോസിന് മെത്രാപ്പോലീത്താ സ്ഥാനം കൊടുത്തതിന്‍റെ ശേഷം പറഞ്ഞു ബോധിപ്പിച്ച പ്രകാരം മാര്‍ ദീവന്നാസ്യോസ് ചെലവ് കൊടുക്കായ്കയാല്‍ മാര്‍ ഗ്രീഗോറിയോസ് മേല്പറഞ്ഞ കൂറിലോസിന് സ്ഥാനം തികച്ചു കൊടുത്തിരിക്കുന്നുവെന്ന് കേട്ടിരിക്കുന്നതിന്‍റെ പരമാര്‍ത്ഥം ഏതെല്ലാംപ്രകാരം എന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. ഇതിനാല്‍ അയാളുടെ മെത്രാപ്പോലീത്താ സ്ഥാനത്തെപ്പറ്റിയോ അവകാശത്തെപ്പറ്റിയോ ഉള്ള തര്‍ക്കം എങ്ങനെ ആയിരുന്നാലും മാര്‍ ബസ്സേലിയോസ് അയാളെ വാഴിച്ചിട്ടുള്ളതു ശരി തന്നെയെന്ന് മലയാളത്തുള്ള സകലമാനപേര്‍ക്കും സമ്മതം ഉള്ളതത്രേ ആകുന്നു. 1805-ല്‍ ആ കൂറിലോസ് മരിക്കുന്നതിന് മുമ്പെ പീലക്സീനോസ് എന്ന് പേരും കൊടുത്തു ഒരു കാശീശായെ വാഴിച്ചു. പീലക്സീനോസ് 1812-ല്‍ ഇപ്പോഴുള്ള പീലക്സീനോസിനെ വാഴിച്ചു. എന്നാല്‍ മെത്രാപ്പോലീത്താ സ്ഥാനവും ഈ കൈവഴിയിലുള്ള വാഴ്ചകളും ശരിഅല്ലെന്നും ആയത് സര്‍ക്കാരില്‍ നിന്ന് അറിയാതെ സമ്മതിച്ചു പോയിരിക്കുന്നതാണെന്നും മാര്‍ അത്താനാസ്യോസിന് തോന്നി. എങ്കിലും ശുദ്ധമുള്ള കാനോനാകളില്‍ കല്പിച്ചിരിക്കുന്നപ്രകാരം ഉള്ള മെത്രാന്മാര്‍ക്കൂടി വാഴിച്ചതല്ലെന്ന് വരികിലും ഇവര്‍ മെത്രാന്മാര്‍ എന്ന് തിരുമനസ്സുകൊണ്ടും സമ്മതിക്കുമല്ലോ. എന്തെന്നാല്‍ ബിഷപ്പന്മാരുടെ ചുരുക്കവും അന്ത്യോഖ്യായില്‍ നിന്ന് അകലവും ആയിട്ടുള്ള ഒരു കാട്ടുദേശത്തിലെ പള്ളികളില്‍ മെത്രാന്മാര്‍ തീരുമാനം ഇല്ലാതെ വന്നുപോകുന്നതിനേക്കാള്‍ ഒരു മെത്രാന്‍ തന്നെ മുറയ്ക്കു വാഴ്ച കൊടുത്തു തന്‍റെ മരണത്തിന് മുമ്പില്‍ അനന്തിരവരെ നിശ്ചയിച്ചുകൊള്ളുന്നതത്രേ നല്ലതെന്ന് മാര്‍ റജിനാള്‍ഡിന് തോന്നിയിരുന്നപ്രകാരം തന്നെ തിരുമനസ്സിലേക്കും ബോധിക്കുമല്ലോ. എന്നാല്‍ പ്രത്യേകം പന്ത്രണ്ടു സംവത്സരത്തിന് മുമ്പെ, സാക്ഷാല്‍ മെത്രാപ്പോലീത്താ സ്ഥാനത്തില്‍ ഇരുന്നിരുന്ന ആള്‍ മരിക്കുമ്പോള്‍ മലയാളത്തിലുള്ള ജനങ്ങളുടെ ഇടയില്‍ സത്യമായ ഇടയന്‍ ഉണ്ടാകുന്നതിന് ഇടയില്ലാതിരുന്ന സമയത്ത്, മാര്‍ ബസേലിയോസ് കൂറിലോസിന് കൊടുത്തിട്ടുള്ളതും ഇന്നുവരെ മലയാളത്തില്‍ നില്ക്കുന്നതുമായ ഒരു കൈവാഴ്പ ശരിയായിട്ടുള്ളതെന്ന് കൈക്കൊള്ളാതെ എന്തു പൊത്തുവരുത്തം ഉള്ളൂ. തങ്ങള്‍ക്കായിട്ടു തന്നേ, തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കു തങ്ങളുടെ സഹോദരന്മാരില്‍ അറ്റകുറ്റം പറയുന്ന ഇന്ത്യായിലെ ദുരാഗ്രഹികളുടെ വര്‍ത്തമാനങ്ങള്‍കൊണ്ട് ഉണ്ടായിട്ടുള്ള വാശികള്‍ ഒക്കെയും തള്ളിക്കളയണം എന്നും ഈ വക കാര്യങ്ങളില്‍ സഭയുടെ സമാധാനത്തിനും സ്വത്വത്തിന്നും അടുത്ത കാര്യങ്ങളെ ചിന്തിക്കയല്ലാതെ വേദകര്‍ത്താക്കന്മാരെ നിശ്ചയിപ്പാന്‍ അന്ത്യോഖ്യയ്ക്കുള്ള അധികാരത്തിന് വിരോധം ആയി കാവ്യ രാജാക്കന്മാരുടെ കല്പനയെ സ്ഥിരപ്പെടുത്തുന്നതിന് ശ്രമിക്കുന്ന ദുഷ്ടന്മാരും ദുര്‍വാശിക്കാരുമായ സഹോദരന്മാരെ ഒരിക്കല്‍പോലും സമ്മതിക്കരുതെന്നും മലയാളത്തുള്ള വിശ്വാസികളെയും പട്ടക്കാരെയും മല്പാന്മാരെയും വിസ്തരിച്ച് അവര്‍ മെത്രാന്മാര്‍ തന്നെ എന്ന് തെളിയുന്നു എന്നുവരികില്‍ ജനങ്ങള്‍ക്കൂടി സമ്മതിച്ചിരിക്കുന്ന ആ സ്ഥാനത്തെ തള്ളരുതെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് തിരുമനസ്സിലേക്കു എത്രയും ബഹു. സഹോദരന്‍ ആകുന്ന മാര്‍ അത്താനാസ്യോസിനും എഴുതി അയക്കണം എന്ന് ഞങ്ങളുടെ അനുഗ്രഹിക്കപ്പെട്ട പിതാവിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. ഈ ശൈത്യമുള്ള വഴികളാലും സംശയം ഉള്ള കാര്യങ്ങള്‍ക്കു ഒക്കെയും ന്യായമായും നേരായും ഉള്ള വിസ്താരത്തിന് ക്ഷണിക്കുന്നതിനാലും സഭയിലെ സമാധാനവും ക്രമവും വര്‍ദ്ധിക്കുന്നതിന് ഇട ഉണ്ടായിരുന്നു.
ഇംഗ്ലീഷ് പള്ളികളില്‍ ഉള്ള ഞങ്ങളുടെ പിതാക്കന്മാരും സഹോദരന്മാരും മലയാളത്തെ തോമ്മാശ്ലീഹായുടെ പള്ളിയുടെ സ്ഥിരതയിന്മേല്‍ വളരെ താല്പര്യത്തോടും സ്നേഹത്തോടും നോക്കിക്കൊണ്ടിരിക്കുന്നത് കൂടാതെ അതിന് അന്ത്യോഖ്യയോടുള്ള സംബന്ധം വിടാതെ സമാധാനവും ക്ഷേമവും ആയി കാണുന്നതിന് താല്പര്യത്തോടെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരുമാകയാല്‍ മാര്‍ അത്താനാസ്യോസിനെ ഈ നാട്ടില്‍ നിന്നും കയറ്റി അയച്ചു എന്ന് കേള്‍ക്കുമ്പോള്‍ വളരെ സങ്കടപ്പെടുകയും ചെയ്യും.
ഈ കാര്യങ്ങള്‍ ഒക്കെയും നടന്നിരിക്കുന്ന വിവരവും അതു സംബന്ധമായി ഞങ്ങളുടെ അനുഗ്രഹിക്കപ്പെട്ട പിതാവിന് ഉണ്ടായിരുന്ന ആഗ്രഹങ്ങള്‍ മുഴുവനും ഇംഗ്ലണ്ടിലെ ആര്‍ച്ച്ബിഷപ്പാകുന്ന ഞങ്ങളുടെ ബഹു. പിതാവും ലോര്‍ഡും ആയ മാര്‍ കാറേലസ് അവര്‍കള്‍ക്കു ഞാന്‍ ഇപ്പോള്‍ എഴുതുന്നുണ്ട്.
എന്ന്, അനുഗ്രഹിക്കപ്പെട്ട മാര്‍ റജിനാള്‍ഡിന്‍റെ റമ്പാനും കശ്ശീശായുമായ തോമസ് റോബിന്‍സണ്‍
(ഇട്ടൂപ്പ് റൈട്ടരുടെ സഭാചരിത്രം, പു. 224-226)