അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826)

ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ ഇസഹാക്ക് എന്നും അബദനഹാദെന്നും പേരായ രണ്ടു റമ്പാന്മാരും ഉണ്ടായിരുന്നു. അവരു വഴിയില്‍ മരിച്ചു. അന്ന് പീലക്സിനോസ് കല്ലിയോട്ടും ദീവന്നാസ്യോസ് കണ്ണങ്കോട്ടും ആയിരുന്നതിനാല്‍ 5-നു സിമ്മനാരിയില്‍ നിന്നും കോനാട്ടു മല്പാനും കോട്ടയത്തു ചെറിയപള്ളിയില്‍ വേങ്കിടത്തു ചാണ്ടി കത്തനാരും ശെമ്മാശന്മാരും കൊച്ചീക്കു പോകയും ചെയ്തു. ഇവര്‍ ചെല്ലുമ്പോള്‍ 18-ാമതു ലക്കത്തില്‍ പറയുന്നപ്രകാരം കീറിക്കളഞ്ഞ രണ്ടാമതു ശെമ്മാശുപട്ടം ഏറ്റ ചാമക്കാട്ടു മൂപ്പന്‍ കത്തനാരു മുതല്‍പേര്‍ അവിടെ ഉണ്ടായിരിക്കുകയും ഇയാള്‍ക്കു ആരു പട്ടം കൊടുത്തു എന്നു ചോദിച്ചാറെ മുമ്പ് ഉണ്ടായിരിക്കുന്ന വര്‍ത്തമാനങ്ങള്‍ സുറിയാനിയില്‍ പറഞ്ഞും കൈക്രിയ കാട്ടിയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടായിരുന്നതിനാല്‍ രണ്ടാമതും മല്പാന്‍ മുഖാന്തിരം മൂപ്പന്‍ കത്തനാരോടു ചോദിച്ചറിഞ്ഞശേഷം ………………
ഇത് അത്ഭുതം തന്നെ എന്നും ബാവാ പറയുകയും ചെയ്തു. 5-നു കോട്ടയത്തുനിന്നും ബെയിലി പാതിരി ചെന്നു ബാവായെ കണ്ടാറെ തരമല്ലെന്നു കണ്ടു. റസിഡണ്ട് കേണല്‍ ദാവീദ് നൂവാല്‍ സായ്പ് അവര്‍കളെ കണ്ടു ഏതാണ്ടൊക്കെ ബോധിപ്പിച്ചും വച്ച് പോകയും ചെയ്തു. ഇതിന്‍റെ ശേഷം പോഞ്ഞിക്കര ബംഗ്ലാവില്‍ റെസിഡണ്ട് സായ്പ് അവര്‍കളെ കണ്ടു. ബോംബെയില്‍ വച്ച് ഹീബര്‍ ബിഷപ്പ് അവര്‍കള്‍ കൊടുത്തയച്ചിരുന്ന കടലാസ് കൊടുത്തശേഷം ഈ നാട്ടില്‍ രണ്ടു മെത്രാന്മാര്‍ ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിനു വന്നു എന്നും പറകയാല്‍ എത്രയും കോപിച്ചു ഞാനല്ലാതെ ഒരു മെത്രാനും ഇപ്പോള്‍ ഇവിടെയില്ലെന്നും പറഞ്ഞ് സുസ്താത്തിക്കോന്‍ കാണിച്ചാറെ കോട്ടയത്തിനു പോകുവീന്‍ എന്നും സുറിയാനിക്കാര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ ഞാനും കൈക്കൊണ്ടിരിക്കുന്നു എന്നും പറഞ്ഞയക്കുകയും ചെയ്തു. ഭാഷ പറഞ്ഞത് അറബി റൈട്ടരും കോനാട്ട് മല്പാനും ആയിരുന്നു. റെസിഡണ്ട് സായ്പിന്‍റെ മൊഴികൊണ്ടും പാതിരിമാരുടെ ഉപായം കൊണ്ടും എത്രയും കോപിച്ചും ദുഃഖിച്ചും കോട്ടയത്തിനു യാത്ര പുറപ്പെട്ട സമയത്ത് 9-നു ഞാന്‍ കൊച്ചിയില്‍ എത്തി. ഒന്നിച്ചു ബോട്ടില്‍ കയറി നീങ്ങിയശേഷം സുറിയാനിക്കാരെ വഞ്ചിപ്പാനായിട്ടത്രെ മിഷണറി പാതിരിമാര്‍ കോട്ടയത്ത് ചെന്നു പാര്‍ക്കുന്നു എന്നും ബോംബെയില്‍ വച്ച് അര്‍മ്മീനിയാക്കാര്‍ പറഞ്ഞതു ……………….മെന്നു ഞാന്‍ ……………….. ബോധിച്ചിരുന്നു എങ്കില്‍ പരമാര്‍ത്ഥപ്പെട്ടവനും വിശ്വസിക്കപ്പെട്ടവനും ആയ കൂടപ്പിറപ്പ് ബിഷോപ്പും ……………………….. ഞാനും ഒന്നിച്ചു പോന്നേനെ എന്നും പറകകൊണ്ടും ………….. ആവണ്ണമുള്ള ഗുണദോഷങ്ങള്‍……………. ഞാന്‍ പറഞ്ഞു കേള്‍പ്പിച്ചുംകൊണ്ട് 10-നു ആറു നാഴിക പുലര്‍ന്നപ്പോള്‍ കോട്ടയത്ത് എത്തി വലിയപള്ളിയില്‍ കുമ്പിട്ടു. ഉടന്‍തന്നെ ചെറിയപള്ളിയില്‍ ചെന്നു കുമ്പിട്ടു മുറി പൂട്ടിയിരിക്കുന്നതിനാല്‍ റാന്തലില്‍ ഉള്ള തിരിച്ചുകെട്ടില്‍ ഇരിക്കയും ചെയ്തു. പിന്നത്തേതില്‍ 12-നു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ വന്നു ബാവായെയും കണ്ടു മുറിയും തുറന്നു ഒന്നിച്ചു പാര്‍ക്കുകയും പീലക്സിനോസ് വരുന്നതിനു എഴുതി കൊടുത്തയക്കുകയും ചെയ്തു.

ഇങ്ങനെയിരിക്കുമ്പോള്‍ സിമ്മനാരി കാണുന്നതിനു റമ്പാന്‍ ചെന്നശേഷം പരദേശക്കാരന്‍ മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പായും ദീയസ്ക്കോറോസും അറബി ഭാഷയില്‍ എഴുതിയിരുന്ന വര്‍ത്തമാനപുസ്തകം കിട്ടുകകൊണ്ടും അതില്‍ കാട്ടുമങ്ങാടന്‍ പാര്‍ത്ത വിവരവും കീറിക്കളഞ്ഞ വിവരവും മറ്റു വര്‍ത്തമാനങ്ങളും എഴുതിയിരിക്കകൊണ്ടും ഈ സ്ഥാനം നിങ്ങള്‍ക്കെവിടെ കിട്ടിയെന്നും മെത്രാപ്പോലീത്തായോടു ചോദിച്ചപ്പോള്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാടനെ മെത്രാനായിട്ടു വാഴിച്ചപ്പോള്‍ കൊടുത്തിരുന്ന സുസ്താത്തിക്കോന്‍ ബാവായുടെ പക്കല്‍ കൊടുത്ത് ഈ വഴിയത്രെ ഞങ്ങള്‍ എന്നും പറകയും ചെയ്തു. എന്നാല്‍ ഈ സുസ്താത്തിക്കോന്‍ കാട്ടുമങ്ങാടന്‍റെ കൈപ്പടയായിരുന്നു. …………………………………….. മേലും കീഴും ഗ്രീഗോറിയോസിന്‍റെ രണ്ട് മുദ്ര ഉണ്ടായിരുന്നു. എങ്കിലും മലയാളത്തില്‍ നാം വന്നപ്പോള്‍ തൊട്ടു നമ്മുടെ കൂടെ പാര്‍ത്തു നമുക്കു ചിറ്റാഴ്മ ചെയ്തു എന്ന കാട്ടുമങ്ങാട്ട് ഗീവറുഗീസ് റമ്പാനു കൂറിലോസ് മെത്രാപ്പോലീത്താ ആയിട്ടു നാം പട്ടംകെട്ടി അന്ത്യോക്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് നമുക്കു തന്നിരിക്കുന്ന അധികാരം ഒക്കെയും അയാള്‍ക്കു നാം കൊടുത്തിരിക്കുന്നു എന്നും പുറഭേദമായിട്ടും ന്യായവിരോധമായിട്ടും അതില്‍ ഒരു വാചകം കാണ്‍കകൊണ്ടും ഇത് സത്യം അല്ലെന്നും ഏതാണ്ട് വഞ്ചനയുണ്ടെന്നും പറഞ്ഞ് സൂക്ഷിച്ചുവയ്ക്കയും ചെയ്തു. 17-നു പീലക്സിനോസ് വന്ന് ബാവായെയും കണ്ടു വലിയപള്ളിയില്‍ പാര്‍ത്തുകൊണ്ടു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് നമുക്കായിട്ട് അയച്ച മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ വന്നുചേര്‍ന്നിരിക്കുകകൊണ്ട് സുസ്താത്തിക്കോന്‍ വായിച്ചു അനുസരിക്കുന്നതിനു ധനു മാസം 13-നു ഞായറാഴ്ച കോട്ടയത്ത് എത്തിക്കൊള്ളത്തക്കവണ്ണം എല്ലാ പള്ളിക്കാര്‍ക്കും സാധനം കൊടുത്തയക്കുകയും ചെയ്തു.

ഒരു ദിവസം മേല്‍പറഞ്ഞിരിക്കുന്ന സുസ്താത്തിക്കോന്‍ ബാവാ എടുത്തു അതിന്‍റെ മുദ്രയില്‍ കൈവിരല്‍ കൊണ്ടു തടവിയാറെ കനം കൂടി കാണ്‍ക കൊണ്ട് പിച്ചാത്തി എടുത്തു ചുരണ്ടിയശേഷം പശ വെച്ചു പറ്റിച്ചിരുന്നതായ മുദ്ര രണ്ടും ഇളകി പറികകൊണ്ട് സൂക്ഷിച്ചു വയ്ക്കയും ചെയ്തു. പിന്നെയും ധനു മാസം 13-നു എല്ലാ പള്ളിക്കാരും കൂടി സുസ്താത്തിക്കോനും വായിച്ച് അനുസരിച്ചശേഷം അറബി ഭാഷയില്‍ കണ്ടിരിക്കുന്ന വര്‍ത്തമാനപുസ്തകം കൊണ്ടും ഈ സുസ്താത്തിക്കോന്‍ കൊണ്ടും വഞ്ചനയായിട്ടു ഈ സ്ഥാനം എടുത്തു നടത്തി വരുന്നപ്രകാരം തെളിഞ്ഞിരിക്കുന്നതിനാല്‍ ഇനി നിങ്ങള്‍ ആര്‍ക്കും പട്ടം കൊടുക്കരുതെന്നും ബാവാ പറയുകകൊണ്ട് മെത്രാന്മാരു വിപദിച്ച് 16-നു സിമ്മനാരിയില്‍ പോയി പാര്‍ത്തുംകൊണ്ട് മിഷനറിമാരുടെ കൂടെ കൂടി ബാവായെ അയയ്ക്കുന്നതിനു വിചാരിക്കയും ചെയ്തു. പള്ളിക്കാര്‍ പിരിയും മുമ്പ് വരത്തക്കവണ്ണവും എല്ലാവരുംകൂടി കേട്ടാല്‍ ന്യായംപോലെ അനുസരിച്ചാല്‍ മതിയെന്നും ബാവാ പറഞ്ഞ് ചില പള്ളിക്കാരെ അയച്ചാറെ ദൂഷണക്കാരായിട്ടു അടുക്കല്‍ നില്‍ക്കുന്ന ഫീലിപ്പോസ് കത്തനാരു മുതല്‍പേരെ അയച്ചാല്‍ വരാമെന്നും പറഞ്ഞയച്ചശേഷം ഒരു പുരുഷന്‍ അവന്‍റെ ഭാര്യയെ വീട്ടിലാക്കിയുംവച്ച് വഴി പോയി കുറെക്കാലം കഴിഞ്ഞ് അവന്‍ തിരികെ വന്നപ്പോള്‍ അവള്‍ വ്യഭിചാരം ചെയ്തു ജനിപ്പിച്ച മക്കളോടുംകൂടെ അവളെ കാണ്‍കകൊണ്ടും അവന്‍ അവളെ ഒഴിച്ചു കളയുമ്പോള്‍ അയല്‍ക്കാരാല്‍ എന്‍റെ ഭര്‍ത്താവ് ഇതു ഗ്രഹിച്ചു എന്നു പറയുന്നതും ഒരു ദൂഷണം തന്നെയെന്നു ബാവാ പറഞ്ഞ് ഉടന്‍ പള്ളിയകത്തിറങ്ങി മെത്രാന്മാരെ മഹറോന്‍ ചൊല്ലി ആ വിവരം പള്ളികള്‍ക്ക് എഴുതി. അന്നുതന്നെ അപ്പീല്‍ കോര്‍ട്ടില്‍ മൂന്നാം ജഡ്ജിയാകുന്ന ചാത്തന്നൂര്‍ ഗീവറുഗീസും വന്ന് ബാവായെയും മെത്രാന്മാരെയും മിഷണറി പാതിരിമാരെയും കണ്ടാറെ സത്യം കൊണ്ടു ബാവായെയും ദൂഷ്യം കൊണ്ടു മെത്രാന്മാരെയും പാതിരിമാരെയും ഭയം തോന്നുകയാല്‍ തിരികെ പോകുകയും ചെയ്തു. 10-നു ബാവായെ കൈക്കൊണ്ടിരിക്കുന്നപ്രകാരം എല്ലാ പള്ളിക്കാരും പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കു ഒരു കടലാസ് എഴുതിക്കൊള്ളുകയും ചെയ്തു. പിറ്റേ ദിവസം പട്ടം കൊടുക്കുന്നതിനു നിശ്ചയിക്കുകയാല്‍ ഞാന്‍ വിലക്കിയാറെ അനുസരിക്കായ്കയാല്‍ ഞാന്‍ വരുവാനിരിക്കുന്ന വൈഷമ്യത്തെയും പട്ടം കൊടുത്താലുണ്ടാകുന്ന ദൂഷ്യത്തെയും ഓര്‍ത്ത് ഏറ്റവും ദുഃഖിക്കുകയും ചെയ്തു. വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും ആ ദേഹത്തിന്‍റെ അനന്തിരവന്‍ എപ്പിസ്ക്കോപ്പായുടെയും സ്ഥാനം വാസ്തവമുള്ളതെന്നു നിശ്ചയിച്ചു അവരോടൊഴികെ ശേഷം മെത്രാന്മാരോടു പട്ടം ഏറ്റവര്‍ക്കു പട്ടമില്ലെന്നു നിശ്ചയിച്ച് 11-നു കടമറ്റത്തു തെക്കലക്കാട്ടു അയിപ്പു കത്തനാര്‍ക്കും പിറവത്തു കാരാമെ യോഹന്നാന്‍ കത്തനാര്‍ക്കും പട്ടം കൊടുക്ക കൊണ്ട് ഇനി എന്തെങ്കിലും വരട്ടെന്നു നിശ്ചയിച്ച് ഞാനും തെക്കേത്തലയ്ക്കല്‍ കുര്യന്‍ കത്തനാരും തുമ്പമണ്‍ കരിങ്ങാട്ടില്‍ യാക്കോ കത്തനാരും മാരാമണ്ണില്‍ പാലക്കുന്നത്തു അബ്രഹാം കത്തനാരും കായങ്കുളം ഇടിക്കുള കത്തനാരും കോതമംഗലത്തു മാറാച്ചേരില്‍ വറുഗീസ് കത്തനാരും 10-നു പട്ടം ഏല്‍ക്കുകയും ചെയ്തു. പിന്നെ മണര്‍കാടു പുത്തന്‍പുരയ്ക്കല്‍ യാക്കോ കത്തനാരും കോലഞ്ചേരില്‍ ചെന്നക്കാട്ടു യോഹന്നാന്‍ കത്തനാരും ടിയില്‍ ചെത്തിമറ്റത്തു മത്തായി കത്തനാരും ടിയില്‍ പുന്നച്ചാലി യാക്കോ കത്തനാരും ടിയില്‍ കുന്നത്തു കോര കത്തനാരും കുറിപ്പുംപടിക്കല്‍ പാലക്കാട്ടു വറുഗീസ് കത്തനാരും പുത്തന്‍കാവില്‍ കുര്യന്‍ കത്തനാരും കോഴഞ്ചേരില്‍ വഞ്ചിത്ര കത്തനാരും ടിയില്‍ ചേറുള്ള കത്തനാരും പുതുപ്പള്ളിയില്‍ പടിഞ്ഞാറെകുറ്റ് യാക്കോ കത്തനാരും കത്തനാരുപട്ടം ഏല്‍ക്കുകയും ചെയ്തു. നിരണത്തു കുറ്റിക്കാട്ടില്‍ കുര്യന്‍ ശെമ്മാശും കോട്ടയത്തു മള്ളൂച്ചേരില്‍ യൗസേപ്പ് ശെമ്മാശും ഒന്നാം പുസ്തകം 42-ാം ലക്കത്തില്‍ പറയുന്ന ചാണ്ടി കത്തനാരുടെ അനന്തിരവനായ കോട്ടയത്ത് വേങ്കിടത്തു മാത്തു കത്തനാരും ശെമ്മാശുപട്ടം ഏല്‍ക്കുകയും ചെയ്തു. ഇതില്‍ വേങ്കിടത്തു മാത്തു ശെമ്മാശു കത്തനാരുപട്ടം ഏറ്റാറെ ചൊല്ലുന്നതിനു മുമ്പ് ബാവാ വരികയും ശെമ്മാശുപട്ടം കൊടുക്കയും ഉടനെ ബാവാ പോകയും ചെയ്കയാല്‍ അയാള്‍ ബാവാ പോയ ഉടനെ മെത്രാന്മാരുടെ കൂടെ ചേര്‍ന്ന് കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. കുര്യന്‍ ശെമ്മാശും യൗസേപ്പ് ശെമ്മാശും പിന്നീട് മെത്രാന്മാരോടു ശേഷം പട്ടം ഏറ്റു കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. ഇതില്‍ കുര്യന്‍ ശെമ്മാശ് കത്തനാരു ………………………….. ഏറെനാള്‍ കഴിഞ്ഞു 1846-ല്‍ വന്ന മാര്‍ കൂറിലോസ് ബാവായോടു കത്തനാരുപട്ടം മാറി ഏല്‍ക്കുകയും ചെയ്തു.

ചെറിയപള്ളിയുടെ ത്രോണോസ് ബാവായും പുതുപ്പള്ളി പള്ളിയുടെ ത്രോണോസ് റമ്പാനും പണിയിക്കുകയും വലിയപള്ളിയില്‍ ഉണ്ടായിരുന്ന രൂപങ്ങള്‍ എടുത്തു കളയുകയും ചെയ്തു.

മെത്രാന്മാര്‍ വിപദിച്ച സംഗതിക്കും സുസ്താത്തിക്കോനില്‍ വ്യാജം കണ്ട സംഗതിക്കും റെസിഡണ്ട് സായ്പ് അവര്‍കള്‍ക്കും ദിവാന്‍ അവര്‍കള്‍ക്കും എഴുതിയാറെ അതിനെക്കുറിച്ച് വിചാരിക്കാതെയിരുന്നതിനാല്‍ റമ്പാനും ഞാനും കൂടെ കൊല്ലത്തു ദിവാന്‍റെ അടുക്കല്‍ പോയി ഈ കള്ള സുസ്താത്തിക്കോന്‍ കാണിച്ച് വിവരങ്ങള്‍ ബോധിപ്പിച്ചാറെ വേണ്ടുംവണ്ണം ഉത്തരവായി അവിടെ പാര്‍ത്തിരിക്കുമ്പോള്‍ മിഷണറി ജോസഫ് ഫെന്‍ പാതിരി കോട്ടയത്തു നിന്നും വന്നു ദിവാന്‍ അവര്‍കളെ കണ്ടശേഷം പീലക്സിനോസ് മെത്രാപ്പോലീത്തായുടെ ആജ്ഞയില്‍ സുറിയാനിക്കാരു ഉള്‍പ്പെട്ടു നടന്നുകൊള്ളത്തക്കവണ്ണം തുല്യം ചാര്‍ത്തി വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കുമ്പോള്‍ ആയതിനു വിപരീതമായിട്ട് ചിലര്‍ നടക്കുന്നപ്രകാരം കേള്‍ക്ക കൊണ്ടു അങ്ങിനെയുള്ളവര്‍ ഈ ഗവണ്മെന്‍റിന്‍റെ കോപത്തില്‍ ഉള്‍പ്പെടുമെന്നു ദിവാന്‍ അവര്‍കളില്‍ നിന്നും ഒരു വിളംബരം പുറപ്പെടുകയും ചെയ്തു. പിന്നത്തേതില്‍ ആ വിളംബരം കോട്ടയത്തു മിഷണറി അച്ചുകൂടത്തില്‍ നിന്നും ദൈവസഹായമുണ്ടെങ്കില്‍ താമസിയാതെ കണ്ടുകൊള്ളാമെന്നും അല്ലെങ്കില്‍ മരിച്ചവരെയും ജീവനോടിരിക്കുന്നവരെയും ന്യായം വിധിപ്പാനായിട്ടു തന്‍റെ ശുദ്ധമാകപ്പെട്ട മാലാഖമാരോടും കൂടെ തങ്ങളുടെ കര്‍ത്താവീശോമശിഹാ എഴുന്നള്ളുമ്പോള്‍ അവിടെ വച്ച് ഈ മെത്രാന്മാരോടും മിഷണറിമാരോടും കൂടെ നിന്നെയും കണ്ടുകൊള്ളാമെന്നും പറഞ്ഞുംവച്ച് പോരികയും ചെയ്തു. ഈ സമയത്ത് മുളകുമടിശീല സര്‍വാദി …………………………. പുത്രന്‍ മാത്രം കൂടെയുണ്ടായിരുന്നു. പാറാവില്‍ നിന്നും എന്നെ ഇറക്കിയത്രെ ഭാഷ പറയിച്ചത്. പിന്നെ 18-നു ആറുനാഴിക പകലുള്ളപ്പോള്‍ ഉത്തരവിന്‍പ്രകാരം കാണാനായി ………………………… തുടങ്ങിയശേഷം ഏറിയ പുരുഷന്മാരും സ്ത്രീകളും കൂടി കോട്ടയം ഇളകുവാന്‍ തക്കവണ്ണം ഉറച്ച ശബ്ദമായി നിലവിളിക്കയും ചെയ്തു. കോട്ടയത്തു നിന്നും …………………… എത്തിയശേഷം അധികവും നമ്മുടെ ജനങ്ങള്‍ ……………………………. വല്യ അലയും മുറയും ഉണ്ടാകയും ചെയ്തു. മുമ്പില്‍ ………………………………..മാര്‍ക്കു ഉദ്യോഗം കൊടുത്ത സമയത്തു ……………………………… കോട്ടയം മുതല്‍ ഉള്ള തെക്കന്‍ ………………യത്തും വന്നുകൂടിയിട്ടില്ല. പട്ടക്കാരു എല്ലാ സമയത്തും വരികയും കഴിയുന്നപ്രകാരം ദേഹം കൊണ്ടും ദ്രവ്യം കൊണ്ടും ബാവായ്ക്കു സഹായിച്ചു. പിന്നെയും മീന മാസം 8-നും 19-നും മഫ്രിയാനായുടെ വീട്ടില്‍ കുര്‍ബ്ബാനയും ചൊല്ലി എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരു മുതല്‍പേരെ മഹറോനും ചൊല്ലി 10-നു കപ്പല്‍ കയറി പോകയും കള്ള സുസ്താത്തിക്കോന്‍ കൊണ്ടുപോകുകയും ചെയ്തു.

പിന്നത്തേതില്‍ ബാവായോടു പട്ടം ഏറ്റതിലും ഏല്‍ക്കാത്തതിലും മെത്രാന്മാര്‍ക്കു നീരസമുള്ള കത്തങ്ങളെ ഹജൂര്‍ കോര്‍ട്ടില്‍ ഏല്‍പിച്ച് പാറാവിലാക്കി കുംഭ മാസം മുതല്‍ വൃശ്ചിക മാസം വരെ പത്തു മാസം ബുദ്ധിമുട്ടിച്ച് വിളംബരം മറുത്തതിനു ഒരു പിഴയും ഉണ്ടാക്കി പ്രായശ്ചിത്തം നിശ്ചയിച്ച് തീര്‍പ്പാക്കി പ്രായശ്ചിത്ത പണം കെട്ടിവെപ്പിച്ച് മെത്രാനെ അനുസരിച്ചുകൊള്ളാമെന്നും കച്ചീട്ട് എഴുതി വയ്പ്പിച്ച് അയക്കുകയും ചെയ്തു.

വിസ്തരിച്ച കത്തങ്ങള്‍ക്കും അവരുചെയ്ത പ്രായശ്ചിത്തത്തിനും വിവരം. കോനാട്ട് മല്പാന്‍ കലിപ്പണം 504. ഞാന്‍ കലിപ്പണം 504. കോട്ടയത്തു തെക്കേത്തലയ്ക്കല്‍ കത്തനാരു ……… മാരാമണ്ണു പാലക്കുന്നത്തു അബ്രഹാം കത്തനാരു ……… വടകര ………………………………………………….. കത്തനാരു ……………… കോതമംഗലത്തു മാറാച്ചേരില്‍ കത്തനാരു ……………. പിറവത്തു …………………………………….. യോഹന്നാന്‍ കത്തനാര്‍ ……………… കടമറ്റത്തു തെ………………………………………………. കത്തനാര്‍ ……………. തുമ്പമണ്‍ കരിങ്ങാട്ടില്‍ കത്തനാര്‍ ………….. കായംകുളത്ത് ഇടിക്കുള കത്തനാര്‍ …………. പുതുപ്പള്ളില്‍ താഴത്തു ചെറിയതു കത്തനാര്‍ …………………. ടിയില്‍ ചാക്കോ കത്തനാര്‍ …………………….. മണര്‍കാട് തൈക്കാട്ടു ചെറിയതു കത്തനാര്‍ …………….

ഈ സമയത്ത് ഹജൂര്‍ കോര്‍ട്ടില്‍ ഒന്നാം ജഡ്ജി കേശുപിള്ള എന്നു പേരുള്ള ഒരു മഹാ നല്ലയാളും രണ്ടാം ജഡ്ജി തേവലക്കര ഉമ്മമ്മനും ആയിരുന്നു. ഈ സമയത്ത് അപ്പീല്‍ കോര്‍ട്ടില്‍ ഒന്നാം ജഡ്ജി തമ്പിയങ്ങുന്നും രണ്ടാം ജഡ്ജി മുകുന്നയ്യനും മൂന്നാം ജഡ്ജി ചാത്തന്നൂര്‍ ഗീവറുഗീസും ആയിരുന്നു. ഇവരില്‍ കേശുപിള്ള ജഡ്ജി കഴിയുന്ന ഉപകാര സഹായം ഞങ്ങള്‍ക്കു ചെയ്തു. എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അടങ്ങപ്പുറത്തു യൗസേപ്പ് കത്തനാരും ബാവായെ അയക്കുന്നതിനു പ്രത്യേകം വിചാരിക്കയും മെത്രാന്‍റെ ആളായിട്ടു ഞങ്ങളെ കുറ്റം ചുമത്തുവാന്‍ കൊല്ലത്തു വന്നു പാര്‍ക്കുകയും അതിനാല്‍ മിഷനറികളില്‍ നിന്നു ഇവര്‍ക്കു വളരെ ലാഭം കിട്ടുകയും ചെയ്തു. 1836-ല്‍ ഫെന്‍ പാതിരി ശീമയ്ക്കു പോകുകയും ഡൊറന്‍ പാതിരി വരികയും ചെയ്തു. ഇതിന്‍റെ ശേഷം സിമ്മനാരിയില്‍ പഠിക്കുന്ന പൈതങ്ങള്‍ക്കു ഉടുപ്പ് തയിപ്പിച്ചു കൊണ്ട് ആയത് ഇടുവിക്കണമെന്നു പറഞ്ഞാറെ കീഴ്മര്യാദപ്രകാരമല്ലാതെ ഒന്നും നടത്തുകയില്ലെന്നു മെത്രാപ്പോലീത്താ പറഞ്ഞ് ആയത് അനുസരിച്ചില്ല. 1837-ല്‍ ……………. പീലക്സിനോസ് മെത്രാപ്പോലീത്താ മരിച്ച് ആഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ അടക്കുകയും ചെയ്തു. ഉടന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അവിടെയെത്തി പീലക്സിനോസിന്‍റെ ശുശ്രൂഷക്കാരനായ ഗീവറുഗീസു കത്തനാരെ കൂറിലോസ് മെത്രാപ്പോലീത്താ എന്നു പേരു വിളിച്ചു വാഴിച്ചും വച്ച് കോട്ടയത്തിനു പോരുകയും ചെയ്തു. പിന്നത്തേതില്‍ ഈ ദേഹം തന്നെ എഴുതി ബോധിപ്പിച്ച് വിളംബരം വരികയും ചെയ്തു. വിളംബരം വരുന്നപ്രകാരം എന്നാല്‍ വാഴിക്കുന്ന മെത്രാന്‍ എങ്കിലും വാഴ്ച ഏല്‍ക്കുന്ന മെത്രാന്‍ എങ്കിലും ദിവാന്‍ അവര്‍കള്‍ക്കു എഴുതി അയയ്ക്കുകയും ഉടനെ തിരുമനസ്സറിയിച്ച് മണ്ടപത്തുംവാതില്‍തോറും കൊടുത്തയയ്ക്കയും ചെയ്തുവരുന്നു. സിമ്മനാരി പണി ചെയ്യിച്ച മെത്രാപ്പോലീത്തായുടെ വാഴ്ചയ്ക്കു വിളംബരം പ്രസിദ്ധപ്പെടുത്തി തുടങ്ങിയതല്ലാതെ അതിനു മുമ്പില്ലാഞ്ഞു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)