അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കത്ത് (1823)

അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസായ മാര്‍ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് തന്‍റെ സ്ഥാനപതിയായ മാര്‍ അത്താനാസ്യോസിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായിട്ട് ഇന്ത്യയിലുള്ള ബ്രിട്ടീഷ് അധികാരികള്‍ക്കെഴുതിയ സര്‍ക്കുലര്‍.

സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കരുണയാല്‍ അന്ത്യോഖ്യയുടെ സിംഹാസനത്തിന്മേല്‍ വാഴുന്നു എന്ന പാത്രിയര്‍ക്കീസും ദിയാ സെപ്രംനിലും മറ്റു കിഴക്കും ഉള്ള സുറിയാനിക്കാരും യാക്കോബായക്കാരുമായവരുടെ ശുദ്ധ അപ്പോസ്തോലിക്കായും ആകുന്ന ശക്തിക്ഷയപ്പെട്ടവനായ നാലാമത്തെ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് ഹിന്തുക്കെട്ടിലുള്ള ബ്രിട്ടീഷ് ജനങ്ങളില്‍ പ്രധാനികള്‍ക്കു എഴുതുന്നത്.

(മുദ്ര)

ദേഹങ്ങളുടെ സ്രഷ്ടാവും ദേഹികളുടെ രക്ഷിതാവും ആയിരിക്കുന്ന പരിശുദ്ധമുള്ള ദൈവത്തിന് സ്തുതി. ഹിന്തുക്കെട്ടിലെ രാജ്യങ്ങളില്‍ ശുദ്ധമുള്ളവരും ദൈവത്തിന് ഇഷ്ടന്മാരും ആയ പ്രധാനികള്‍ ആകുന്ന നമ്മുടെ വാത്സല്യവും ഭാഗ്യം നിറയപ്പെട്ടവരുമായ സ്നേഹിതന്മാര്‍ക്കു വേണ്ടിയുള്ള ഈ പ്രാര്‍ത്ഥന കൈക്കൊള്ളപ്പെടുകയും സര്‍വശക്തനായവന്‍ തന്‍റെ അനുഗ്രഹങ്ങളെ അവരുടെയും അവരുടെ കുടുംബങ്ങളുടെയും സന്തതികളുടെയും മേലും അവരോട് അണയപ്പെടുന്ന എന്നവര്‍ ഒക്കെയുടെയും മേലും ശുദ്ധ കന്യാസ്ത്രീ അമ്മയുടെയും രക്തസാക്ഷിക്കാരും ശുദ്ധമാകപ്പെട്ടവരുമായ സൈന്യം ഒക്കെയുടെയും പ്രാര്‍ത്ഥന മൂലം നല്‍കുമാറാകയും ചെയ്യേണമേ. ആമീന്‍.
വിശേഷിച്ചും സ്നേഹത്തിന്‍റെയും വാഴ്വിന്‍റെയും ഈ എഴുത്തുകള്‍ എഴുതുന്നതിനുള്ള കാരണം ഒന്നാമത് നിങ്ങളുടെ ചെയ്തികളെ കുറിച്ച് ചോദിച്ചറിയുന്നതിനും നാം നിങ്ങളുടെ കാര്യം എപ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നു എന്ന് നിങ്ങളെ തെര്‍യ്യപ്പെടുത്തുന്നതിനും ആകുന്നത്. കൂടാതെ നിങ്ങളോടു കൂടെയും ദൈവത്തിന്‍റെ നിഴലിന്‍കീഴിലും നിങ്ങളുടെ അധികാരത്തിന്‍റെ തണലിലും ഇരിക്കുന്നു എന്ന യാക്കോബായ സുറിയാനിക്കാരായ നമ്മുടെ മക്കളുടെ ഇടയില്‍ നിദിഷ്ഠതിയുള്ള ചില കാര്‍യ്യങ്ങളുടെ നിവൃത്തിക്കും വേണ്ടി നാം നിശ്ചയിച്ചിട്ടുള്ള നമ്മുടെ ഭാഗ്യമുള്ള മക്കളായ അബ്ദുള്‍ മശീഹാ എന്ന മെത്രാനും ഇസഹാക്ക അബ്ദുള്‍ അഹദ്, ബുഷഹാറ എന്ന കാശീശന്മാരും നിങ്ങളെ വന്നു കാണ്മാന്‍ തക്കവണ്ണം നാം ശട്ടം കെട്ടി അയച്ചിരിക്കുന്നതാകകൊണ്ട് ആയവര്‍ നിങ്ങളുടെ അടുക്കല്‍ എത്തിയാല്‍, അവര്‍ നമ്മളുടെ മക്കളും ഇന്ത്യാ രാജ്യത്തിലെ ചട്ടപ്പെട്ട മര്യാദകള്‍ക്കു അശേഷം ശീലം ഇല്ലാത്തവരും ആകയാല്‍ അവരുടെ മേല്‍ ദയയോടെ ദൃഷ്ടി വച്ച് അവര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യുന്നു എന്ന ഇടങ്ങളിലെ പ്രഭുക്കന്മാരോട് ശിപാര്‍ശി ചെയ്തുകൊടുക്കുകയും ചെയ്യണമെന്നും നാം യാചിക്കുന്നു.

എന്തെന്നാല്‍ നിങ്ങള്‍ക്കുള്ളവ ഞങ്ങള്‍ക്കുള്ളവയും ഞങ്ങള്‍ക്കു സന്തോഷമായി വരുന്നവ നിങ്ങള്‍ക്കും സന്തോഷം തന്നെ എന്നും ഞങ്ങള്‍ക്കു സങ്കടമായി വരുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്കു രസമാകുന്നതല്ലെന്നും അറിഞ്ഞിരിക്കുന്നതല്ലോ ആകുന്നത്. അത്രയുമല്ല, ബ്രിട്ടീഷ് ശ്രേഷ്ഠ ജാതിയായ നിങ്ങള്‍ക്കു മാര്‍ഗ്ഗകാര്യത്തില്‍ പ്രത്യേകം സുറിയാനിക്കാരായ നമ്മുടെ പരിഷയോടുള്ള താല്പര്യവും സഹായവും ലോക പ്രസിദ്ധവും ആകുന്നു. പൂര്‍വകാലം മുതല്‍ ഇപ്രകാരം തന്നെ ആയിരുന്നുവെങ്കിലും ഈ ഇടയില്‍ നമുക്ക് പരസ്പരം ഉള്ള സ്നേഹം വര്‍ദ്ധിച്ചിരിയ്ക്കുന്നതു കൊണ്ട് കര്‍ത്താവിന് സ്തുതി. അവസാന ദിവസം വരെ ഇപ്രകാരം തന്നെ നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നതിന് ഇടവരണമെന്ന് ദൈവത്തോട് നാം പ്രാര്‍ത്ഥിക്കുന്നു.

ഇതിനാല്‍ നിങ്ങള്‍ക്കുള്ള ജ്ഞാനം ഹേതുവായിട്ട് ഈ ചെയ്തികളെക്കുറിച്ച് ഇതില്‍ അധികം വിവരമായി അപേക്ഷിക്കണമെന്നില്ലല്ലോ. നമ്മുടെ മക്കള്‍ക്കു നിങ്ങള്‍ ചെയ്യുന്നു എന്ന സഹായങ്ങളും ഉതവികളും നമ്മുടെ ശക്തിക്ഷയത്തെ പ്രതി ചെയ്യണമെന്നും നമ്മുടെ ശക്തിക്ഷയത്തിനു വേണ്ടി ചെയ്യപ്പെടുന്നത് ബലവാനാകുന്ന കര്‍ത്താവീശോ മശിഹായാല്‍ കണക്കിടപ്പെട്ടിട്ട് താന്‍ നമ്മുടെ പേര്‍ക്കു അനവധി വാഴ്വുകളെ വലിയതും ഇരട്ടിപ്പുമായ അളവുകൊണ്ട് നിങ്ങള്‍ക്കു പ്രതിഫലം നല്‍കുകയും തന്‍റെ ശുദ്ധമുള്ള വാഴ്വുകള്‍ കൊണ്ട് എപ്പോഴും നിങ്ങളെ അനുഗ്രഹിക്കുകയും ജഡസംബന്ധമായും ആത്മസംബന്ധമായും നിങ്ങള്‍ക്കുണ്ടാകുന്ന സകല പരീക്ഷകളില്‍ നിന്നും നിങ്ങളെ രക്ഷിച്ച് താങ്ങി നിങ്ങളുടെ കാര്യാദികളെ ക്രമപ്പെടുത്തി നിങ്ങളുടെ ആഗ്രഹങ്ങളെ സാധിപ്പിച്ച് നിങ്ങളുടെ ശത്രുക്കളുടെ ബലത്തെ തകര്‍ത്തുകളയുന്നതിനു വേണ്ടി നാം എല്ലായ്പ്പോഴും നമസ്കരിക്കുന്നു. നിങ്ങളുടെ ആത്മാക്കള്‍ ബലപ്പെടുകയും നിങ്ങളുടെ പൈതങ്ങള്‍ രക്ഷിക്കപ്പെടുകയും ചെയ്യുമാറാകട്ടെ. കരുണയുടെ വാതിലുകളെ നിങ്ങള്‍ക്കു താന്‍ തുറന്ന് തന്ന് നിങ്ങള്‍ എല്ലാവരുടെമേലും തന്‍റെ അനുഗ്രഹങ്ങളെയും വാഴ്വുകളെയും വരങ്ങളെയും വര്‍ദ്ധിപ്പിച്ച് തന്ന് ഇഹലോകത്തിലും പരലോകത്തിലും നിങ്ങള്‍ക്കു വാഴ്വും സ്വത്വവും ഐശ്വര്യവും നിത്യജീവനും താന്‍ തരുമാറാകട്ടെ.

നിങ്ങളുടെ ക്ഷേമ വര്‍ത്തമാനങ്ങളെക്കുറിച്ച് കൂടെക്കൂടെ നമ്മെ ഗ്രഹിപ്പിക്കുമല്ലോ. നിങ്ങളുടെ പേര്‍ എഴുതാഞ്ഞതില്‍ വച്ച് ഗര്‍വ്വിക്കയും അരുത്. ആയ്ത് നാം തമ്മില്‍ ഇതുവരെ എഴുത്തുകള്‍ നടന്നിട്ടില്ലായ്കകൊണ്ട് നമുക്കു അത് അറിഞ്ഞുകൂടാ. നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഈ കുറി നമ്മുടെ വാഴ്വോടു കൂടി എഴുതിയതാകുന്നു.

ഹിജറാ വര്‍ഷം 1299-ക്കു നമ്മുടെ കര്‍ത്താവിനുടെ ആണ്ട് 1823-ാമത് 2-ാം തെശ്രീന്‍ (നവംബര്‍) 29-ന് എഴുതിയത്.

(ഇട്ടൂപ്പ് റൈട്ടര്‍ എഴുതിയ മലങ്കരസഭാ ചരിത്രത്തില്‍ നിന്നും)

പ. ഇഗ്നാത്യോസ് ഗീവര്‍ഗീസ് അഞ്ചാമനാണ് (Ignatius George V – 1819–1837) ഈ കാലഘട്ടത്തില്‍ അന്ത്യോഖ്യന്‍ സഭയുടെ പാത്രിയര്‍ക്കീസ് ആയിരുന്നത് – എഡിറ്റര്‍