ദൈവകൃപയാല്‍ കല്‍ക്കത്തായുടെ ബിഷപ്പാകുന്ന മാര്‍ റജിനാള്‍ഡ് ഇന്ത്യായില്‍ സുറിയാനിക്രമ പ്രകാരം നടക്കുന്നു എന്ന മശിഹായുടെ പള്ളികള്‍ ഒക്കെയുടെയും ബിഷപ്പും മെത്രാപ്പോലീത്തായും ആകുന്ന ബഹുമാനവും ജ്ഞാനവും ഉള്ള മാര്‍ അത്താനാസ്യോസ് അവര്‍കള്‍ക്കു – പിതാവാം ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവീശോ മശിഹായില്‍ നിന്നും കൃപയും കരുണയും സ്വത്വവും.
കര്‍ത്താവില്‍ വാത്സല്യമുള്ള സഹോദരാ, ബോംബെയില്‍ നിന്നുള്ള താങ്കളുടെ യാത്രയെ കര്‍ത്താവ് അനുഗ്രഹിച്ച് സുഖത്തോടെ താങ്കള്‍ മലയാളത്ത് ചെന്നു ചേര്‍ന്ന് ക്ഷേമം ആയിരിക്കുന്ന വിവരം അറിയുന്നതിന് നാം ഏറ്റവും ആസ്ഥയോടിരുന്നു.
(മാര്‍ ബസ്സേലിയോസും മാര്‍ ഗ്രീഗോറിയോസും മാര്‍ ഈവാനിയോസും ചെന്നിരുന്നപ്പോള്‍ അവര്‍ സന്തോഷിച്ചതുപോലെ തന്നെ താങ്കളുടെ വരവിലും അവര്‍ സന്തോഷിച്ചിരിക്കും എന്ന് നാം ഇച്ഛിക്കുന്നു) താങ്കളെ പ്രതി കര്‍ത്താവിനോടുള്ള നമ്മുടെ നമസ്കാരം. വിശ്വാസം മൂലം പാത്രിയര്‍ക്കീസായ അബ്രഹാമിനെ തന്‍റെ സ്വദേശത്തു നിന്നും വംശക്കാരുടെ ഇടയില്‍ നിന്നും അറിയാത്ത ദൂരദേശത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയ പ്രകാരം തന്നെ, താങ്കളെയും നടത്തി രക്ഷിച്ച് അനുഗ്രഹിച്ച് ശരീര സൗഖ്യവും കൃപയും മറ്റുമുള്ള നല്‍വരങ്ങള്‍ ഒക്കെയും തന്ന് താങ്കളുടെ ആട്ടിന്‍കൂട്ടത്തിന് താങ്കളോടുള്ള ഉപവി വര്‍ദ്ധിപ്പിച്ച് റൂഹായുടെ ഫലങ്ങള്‍ അവരില്‍ നിന്ന് ഞങ്ങള്‍ക്കു ഏറ്റിക്കപ്പെടണം എന്നാകുന്നു. നിന്‍റെ വഴിയെ കര്‍ത്താവിന് ഭരമേല്പിച്ച് അവനില്‍ ആശ്രയിക്കാ. എന്നാല്‍ അവന്‍ അതിനെ സംഭവിപ്പിക്കും എന്നല്ലോ എഴുതിയിരിക്കുന്നത്.
വിശേഷിച്ചും മലയാളത്തില്‍ വിശ്വാസം ഉള്ള നമ്മുടെ സഹോദരന്മാരാകുന്ന മെത്രാന്മാരുടേയും കശ്ശീശന്മാരുടെയും ശെമ്മാശന്മാരുടെയും കോട്ടയത്ത് നിങ്ങളുടെ ഇടയില്‍ സഞ്ചരിക്കുന്നു എന്നു മശിഹായില്‍ നമ്മുടെ സ്വന്ത മക്കളാകുന്ന ഇംഗ്ലീഷ് കശീശന്മാരുടെയും സ്വത്വത്തെക്കുറിച്ച് താങ്കളുടെ എഴുത്തു വന്നു കാണുന്നതിന് നാം ആഗ്രഹിച്ചിരുന്നു. നമ്മുടെ മക്കളോട് താങ്കള്‍ക്കുള്ള ദയാശീലത്തിന് തക്കവണ്ണം കര്‍ത്താവ് താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. നിങ്ങളും അവരും തമ്മിലുള്ള സഹോദരസ്നേഹവും ദിവസേന വര്‍ദ്ധിച്ച് ബലപ്പെടുകയും ചെയ്യുമാറാകട്ടെ.
സ്നേഹിതാ, പിന്നെയും നമ്മുടെ ഹൃദയത്തിന്നുള്ള ആഗ്രഹവും കര്‍ത്താവിനോട് നമുക്കുള്ള അപേക്ഷയും മശീഹായുടെ നാമം ജാതികള്‍ ഒക്കെയുടെയും ഇടയില്‍ ഇനിയും അധികമായി അറിയിക്കപ്പെടേണം എന്നും നിങ്ങളിലുള്ള ഒരുമ്പാടും സമാധാനവും പുറമേയുള്ളവര്‍ കണ്ടിട്ട് ദര്‍ശനത്തിനുടെ ദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി കര്‍ത്താവിനെ സ്നേഹിക്കുന്നു എന്നവര്‍ ഒക്കെയും തമ്മില്‍ തമ്മില്‍ സ്നേഹിക്കുമാറാകണം എന്നും ആകുന്നു. നമുക്കു മുമ്പ് ഈ ഇടവകയില്‍ മശിഹായുടെ സഭയെ ഭരിച്ചുപോന്നു എന്ന അനുഗ്രഹിക്കപ്പെട്ട തോമസ് മിഡില്‍ട്ടന്‍ അവര്‍കളുടെ മനസ്സില്‍ ഇരുന്ന ആഗ്രഹവും ദൈവത്തോടുള്ള അപേക്ഷയും ഇപ്രകാരം തന്നെ ആയിരുന്നു. അദ്ദേഹത്തിന്‍റെ ഓര്‍മ്മ മശിഹായുടെ ശുദ്ധമാക്കപ്പെട്ടവരുടെ ഇടയില്‍ വാഴ്ത്തപ്പെട്ടതാകുന്നു. ആയവര്‍ ഇംഗ്ലണ്ടുകാരായും ഇന്ത്യാക്കാരായും ദൈവത്തിന്‍റെ വലത്ത് ഭാഗത്ത് ഇരിയ്ക്കുന്നു എന്ന് കര്‍ത്താവായ മശിഹായുടെ നാമത്തിന്‍പ്രകാരം വിളിക്കപ്പെട്ടിരിക്കുന്ന ഒരു വംശക്കാരത്രേ ആകുന്നു. എന്തുകൊണ്ടെന്നാല്‍ മശീഹായില്‍ ജാതികളും പരിഷകളും ഭാഷകളും ഒന്നിക്കപ്പെട്ട് മഹത്വപ്പെടും. താങ്കളുടെയും താങ്കളുടെ കൂട്ടത്തില്‍ ഉള്ളവര്‍ എല്ലാവരുടേയും സ്വത്വത്തെക്കുറിച്ചും നമ്മുടെ സ്വന്ത മക്കളാകുന്ന ഇംഗ്ലീഷ് കശ്ശീശന്മാരുടെ സ്വത്വത്തെക്കുറിച്ചും നിങ്ങളുടെ ഇടയില്‍ അവര്‍ക്കുള്ള സംസ്സര്‍ഗ്ഗം ഏതുപ്രകാരം ഇരിക്കുന്നു എന്നും എഴുതി അയപ്പാറാകണം എന്ന് നാം അപേക്ഷിക്കുന്നു.
അത്രയുമല്ല, കര്‍ത്താവ് തിരുമനസ്സായിട്ട് മദ്രാസ്, തഞ്ചാവൂര്‍, തൃശ്ശിനാപ്പള്ളി മുതലായ പട്ടണങ്ങളില്‍ സഞ്ചരിച്ച് അവിടങ്ങളില്‍ നമുക്കുള്ള എടവക പള്ളികളെ കണ്ടതിന്‍റെ ശേഷം അതുവഴി വന്ന് സഹോദരാ, താങ്കളെയും താങ്കളുടെ കീഴുള്ള പള്ളികളെയും കണ്ട് ഏറ്റിക്കപ്പെട്ട സന്തോഷത്തോടുകൂടെയും നിങ്ങളുടെ ക്രമങ്ങളെ നോക്കി നിങ്ങളുടെ കൂട്ടത്തില്‍ നമസ്കാരം കഴിക്കേണ്ടുന്നതിന് ദൈവത്തില്‍ നാം ഇച്ഛിച്ചിരിക്കുന്നു. എന്നാല്‍ ഇതില്‍ എഴുതുവാന്‍ വിട്ടുപോയിട്ടുള്ളത് ഉണ്ടായിരുന്നാല്‍ ആയത് നാം താങ്കളുടെ അടുക്കല്‍ വരുമ്പോള്‍ പറഞ്ഞുകൊള്ളാം. എന്തെന്നാല്‍ (മഷിയുടെ പുത്രനേക്കാള്‍ സ്വരത്തിന്‍റെ പുത്രി) നല്ലതാകുന്നു. ഒരുത്തന്‍ തന്‍റെ സ്നേഹിതനോട് മുഖാമുഖമായി സംസാരിക്കുന്ന സമയം സല്ക്കാലം ആകുന്നു.
നമ്മുടെ മുമ്പാകെ നിന്നുള്ള കശ്ശീശന്മാരില്‍ ഒരുത്തന്‍ ആകുന്ന പഠിത്വവും വിശ്വാസവുമുള്ള ജോണ്‍ ഡൊറന്‍ എന്ന ഇംഗ്ലീഷ് കശ്ശീശായുടെ പക്കല്‍ താങ്കള്‍ക്കുള്ള ഈ എഴുത്ത് നാം കൊടുത്തയക്കുന്നു. ബഞ്ചമിന്‍ ബെയിലി, ജോസഫ് ഫെന്‍, ഹെന്‍റി ബേക്കര്‍ എന്ന കശ്ശീശന്മാര്‍ അവിടെ പഠിത്തത്തിന് ആഗ്രഹമുള്ളവരെ വിദ്യയിലും ഭക്തിയിലും ഉപദേശിച്ച് ഗുണം ചെയ്തുകൊണ്ട് യാതൊരു വിരോധത്തിനും ഇടകൊടുക്കാതെ മലയാളത്തെ ഭക്തിയുള്ള മെത്രാന്മാരുടെ അനുവാദത്തോടു കൂടി സഞ്ചരിച്ച് വരുന്ന പ്രകാരം തന്നെ ഈ ആളും താങ്കളുടെ അനുവാദത്തോടുകൂടെ കോട്ടയത്തു സഞ്ചരിക്കുന്നതിന് പുറപ്പെടുന്നു. അതുകൊണ്ട് സഹോദരാ, നമ്മെ പ്രതിയും മശിഹായുടെ സുവിശേഷത്തെ പ്രതിയും പിതാവായ ദൈവത്തിന്‍റെ മഹത്വത്തില്‍ റൂഹാദ്കുദിശായോടു കൂടിയും അത്യുന്നതനായിരിക്കുന്ന നമ്മുടെ കര്‍ത്താവിന്‍റെ വിശ്വാസം ഉള്ള ശുശ്രൂഷക്കാരനെപ്പോലെയും കൈക്കൊള്ളണമെന്ന് നാം അപേക്ഷിക്കുന്നു. തനിക്കു എന്നെന്നേക്കും സകല ബഹുമാനവും അധികാരവും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.
വിശേഷിച്ചും സഹോദരാ, ശുദ്ധിമാന്മാരുടെ രക്തത്തില്‍ കൈകള്‍ മുക്കിയിരിക്കുന്നവരായ റോമ്മായിലെ ബിഷപ്പിന്‍റെ ദൂതന്മാരെ സൂക്ഷിച്ചുകൊള്ളണമെന്ന് നാം അപേക്ഷിക്കുന്നു. അവരുടെ ക്രൂരതയില്‍ നിന്ന് ഇംഗ്ലണ്ടില്‍ ഉള്ള ഞങ്ങളുടെ സഭ ദൈവാനുഗ്രഹത്താല്‍ ഏറിയനാള്‍ മുമ്പേ തന്നെ സ്വാതന്ത്ര്യപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യസ്ഥിതിയില്‍ എന്നെന്നേക്കും നിലനില്ക്കുമാറാകണം എന്ന് നാം ആഗ്രഹിക്കുന്നു. മുന്‍കാലങ്ങളില്‍ ഇന്ത്യയിലുള്ള സഭയെ വളരെ ഉപദ്രവിച്ചിട്ടുള്ള ഗോവയിലെ മെത്രാപ്പോലീത്തന്മാരും കൊടുങ്ങല്ലൂര്‍ ബിഷപ്പും വരാപ്പുഴെ ഇരിയ്ക്കുന്ന ആളും മേല്പറഞ്ഞവരുടെ കൂട്ടക്കാരാകുന്നു. മലയാളത്തിലുള്ള താങ്കളുടെ പള്ളികളില്‍ നിന്നും ഈയാളുകളെ അനുസരിച്ചു പോയവര്‍ ഒക്കെയും ഉണരപ്പെട്ട് അവരുടെ കൈകളില്‍ നിന്ന് വിടുവിക്കപ്പെടുമാറാകണം എന്നും നാം അപേക്ഷിക്കുന്നു. ഏതെങ്കിലും, കര്‍ത്താവ് പാപികളുടെ മരണത്തെ ആഗ്രഹിക്കുന്നില്ല. തന്‍റെ കരുണകള്‍ തന്‍റെ പ്രവൃത്തികളിന്മേല്‍ ഒക്കെയും ഇരിക്കുന്നു. തന്നെ അന്വേഷിക്കാത്തവരാല്‍ താന്‍ കണ്ടെത്തപ്പെടുകയും ചെയ്യുന്നു.
അര്‍മ്മേനിയാക്കാര്‍ക്കു മെത്രാനായിട്ട് യെരുശലേമില്‍ നിന്നും അവരുടെ പാത്രിയര്‍ക്കീസ് അയച്ചിട്ടുള്ള നമ്മുടെ കൂടപ്പിറപ്പ് മാര്‍ അബ്രഹാം താങ്കള്‍ക്കു സ്വത്വം പറയുന്നു. യേരുശലെമിലെ സുറിയാനി പാത്രിയര്‍ക്കീസ് താങ്കള്‍ക്കു ഒരു എഴുത്ത് ഇദ്ദേഹത്തിന്‍റെ പക്കല്‍ കൊടുത്തയച്ചിരുന്നത് മലയാളത്ത് എത്തിച്ചുതരുന്നതിന് ഇതുവരെ വഴി കാണായ്കയാല്‍ ആയത് നമ്മുടെ മുഖാന്തരത്തില്‍ ഇതോടൊന്നിച്ച് കൊടുത്തയക്കുന്നു. ഇവിടെയുള്ള മശിഹായുടെ സഭ ഒക്കെയും താങ്കള്‍ക്കു വന്ദനം ചൊല്ലുന്നു. നമ്മുടെ നാമത്തില്‍ താങ്കളുടെ സഹോദരന്മാരാകുന്ന മാര്‍ ദീവന്നാസ്യോസിനും മാര്‍ പീലക്സീനോസിനും കശീശന്മാര്‍ക്കും ശിംശാനന്മാര്‍ക്കും വന്ദനം ചൊല്ലുക. ഈ കുറി എഴുതുന്ന വില്യം മില്‍ തോമസ് റോബിന്‍സണ്‍ എന്ന കശീശന്മാരും കര്‍ത്താവില്‍ താങ്കള്‍ക്കു വന്ദനം ചൊല്ലുന്നു. ബാവായുടെയും പുത്രന്‍റെയും റൂഹായുടെയും വാഴ്വ് എന്നെന്നേക്കും താങ്കളോടു കൂടെ. ആമേന്‍.
മാര്‍ റജിനാള്‍ഡ് (ഒപ്പ്)
ഈ കുറി ദൈവസഹായത്താല്‍ തിരുവിതാംകോട്ട് സംസ്ഥാനത്തു കോട്ടയം നഗരത്തില്‍ ഇരിക്കും മലയാളത്തെ പള്ളികള്‍ക്കു മെത്രാപ്പോലീത്താ ആയിരിക്കുന്ന എത്രയും പെരികെ പെരികെ ബഹുമാനപ്പെട്ട മാര്‍ അത്താനാസ്യോസ് അവര്‍കള്‍ക്കു ചെന്ന് ചേരുമാറാകട്ടെ.
(തമിഴിലും ഇതിന്‍റെ പകര്‍പ്പ് എഴുതിയിട്ടുണ്ട്)
മാര്‍ അത്താനാസ്യോസിന് രണ്ടാമത്തെ കുറി
ദൈവകൃപയാല്‍ കല്ക്കത്തായുടെ ബിഷൊപ്പാകുന്ന മാര്‍ റജിനാള്‍ഡ്, ഇന്ത്യായില്‍ സുറിയാനിക്രമം അനുസരിച്ച് വരുന്ന പള്ളികളുടെ മെത്രാപ്പോലീത്തായും ബിഷോപ്പന്മാരില്‍ വച്ച് ബഹുമാനിക്കപ്പെട്ടവനും കര്‍ത്താവായ യേശു മശീഹായില്‍ നമ്മുടെ പ്രിയ സഹോദരനും ആയിരിക്കുന്ന മാര്‍ അത്താനാസ്യോസിന് ഇഹലോകത്തിലും വരുവാനുള്ള ലോകത്തിലും സ്വത്വവും സമാധാനവും ഉണ്ടായിവരട്ടെ. ആമ്മീന്‍.
കര്‍ത്താവില്‍ വാത്സല്യമുള്ള സഹോദരാ, ദൈവകൃപയാല്‍ നാം മദ്രാസ് പട്ടണത്തില്‍ എത്തിയിരിക്കുന്നുവെന്നും കല്ക്കത്തായില്‍ നിന്നും പുറപ്പെട്ടതിന്‍റെ ശേഷം, അവിടെ താങ്കളുടെ കുറി എത്തിയതിനെ ഇവിടേക്കു കൊടുത്തയച്ചത് വന്നുചേര്‍ന്നു എന്നും താങ്കളെ അറിയിക്കുന്നതിന് വേണ്ടി ഈ രണ്ടാമത്തെ കുറി നാം എഴുതുന്നു. താങ്കളുടെ ജനങ്ങളുടെ പള്ളികളില്‍ ക്ഷേമമായി ചെന്ന് ചേര്‍ന്ന് സുഖമായിരിക്കുന്നു എന്ന് അറികയാല്‍ നമുക്കു ആശ്വാസം തന്നെ എങ്കിലും ഏറിയകാലത്തേക്ക് അന്ത്യോഖ്യായില്‍ നിന്നും യാതൊരു വര്‍ത്തമാനവും വരാതെ ഇരുന്ന ശൂന്യകാലത്ത് തിരുവിതാംകോട്ട് ഉള്ള പള്ളികളെ ഭരിച്ച് നടത്തിക്കൊണ്ട് പോന്നിരിക്കുന്ന പീലക്സീനോസും ദീവന്നാസ്യോസും ആയ നമ്മുടെ സഹോദരന്മാരുടെയും താങ്കളുടെയും ഇടയില്‍ ശത്രു കലഹത്തിന്‍റെ വിത്തിനെ വിതച്ചിരിക്കുന്നു എന്നു കേള്‍ക്കയാല്‍ നമുക്കു വളരെ ദുഃഖവും മനോവ്യസനവും ആയിരിക്കുന്നു. അക്കാലങ്ങളില്‍ തന്‍റെ ആടുകളെ മേയിക്കുന്നതിന് ദൈവം ഇവരെ ഉയര്‍ത്തിയിട്ടില്ലായിരുന്നു എങ്കില്‍ കര്‍ത്താവിന്‍റെ ജനങ്ങള്‍ ഇടയന്‍ ഇല്ലാത്ത ആടുകളെപ്പോലെ മലകളില്‍ ചിതറപ്പെടുമായിരുന്നുവല്ലോ. ഇതിനെ വിചാരിച്ച് സഹോദരാ, അവരോട് നിരപ്പായിരിക്കാ. താങ്കളെ പ്രതിയും താങ്കളെ അയച്ചു എന്ന ആളെ പ്രതിയും സകല ബഹുമാനവും വഴക്കവും താങ്കള്‍ക്ക് തരുവാന്‍ തക്കവണ്ണം അവരിലും ദൈവാത്മാവ് വ്യാപരിക്കുമാറാക.
വിശേഷിച്ചും മദ്രാസിലെ ബഹുമാനപ്പെട്ടിരിക്കുന്ന ഗവര്‍ണര്‍ സായിപ്പിനോട് നാം താങ്കളുടെ കാര്യം കൊണ്ട് സംസാരിച്ചിട്ടുണ്ട്. താങ്കളുടെ പേരില്‍ ദൂഷ്യമായി പല കാര്യങ്ങളും അദ്ദേഹം കേട്ടിരിക്കുന്നു. അദ്ദേഹത്തോട് നാം പറഞ്ഞതെന്തെന്നാല്‍ ‘അത്താനാസ്യോസ് നമ്മുടെ സഹോദരന്‍ ആകുന്നു. ബോംബെയില്‍ അദ്ദേഹം സഞ്ചരിച്ചപ്പോള്‍ സകല കാര്യത്തിലും കുറ്റമില്ലാത്തവനായി നാം കണ്ടിരിക്കുന്നു. സത്യമായിട്ട് അദ്ദേഹം മശിഹായില്‍ ബഹുമാനപ്പെട്ട പിതാവാകുന്ന അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസില്‍ നിന്നും എഴുത്തുകള്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേല്‍ കേള്‍വിപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ പരമാര്‍ത്ഥം അല്ലായിരിക്കും. പിന്നെ അദ്ദേഹത്തെ നാട്ടില്‍ നിന്നും അയച്ച് കളയുന്നത് എന്തിന്? ഇതാ നാം തെക്കോട്ട് യാത്രയാകുന്നു. ത്രിശ്ശ്നാപ്പള്ളിക്കും കൊല്ലത്തിനും തന്നെ. ഒരു വേള നാം അവരെ തമ്മില്‍ രമ്യപ്പെടുത്താം. ഈ വസ്തുതകള്‍ക്കു തിരുവിതാംകോട്ട് രാജ്യത്തേയും കൊല്ലത്തിരിയ്ക്കുന്ന റസിഡണ്ടിനും എഴുതി അയയ്ക്കണം എന്ന് നാം അപേക്ഷിക്കുന്നു.’ നമ്മുടെ അപേക്ഷപ്രകാരം തന്നെ ഗവര്‍ണരും എഴുതി അയച്ചിട്ടുണ്ട്. അതുകൊണ്ട് ബഹുമാനപ്പെട്ട സഹോദരാ, ദൈവകൃപയാല്‍ നാല്പത് ദിവസത്തിനകം നാം അവിടെ വന്നുചേരുന്നതാകകൊണ്ട് അപ്പോള്‍ നിങ്ങളെ തമ്മില്‍ രാജിപ്പെടുത്തുവാന്‍ ഇടവരേണം എന്ന് നാം അപേക്ഷിക്കുന്നു. അധികാരത്തോടെ അല്ലാ. എന്തെന്നാല്‍ താങ്കളുടെ പള്ളികളില്‍ നാം ഒരു അന്യന്‍ ആകുന്നു.
നമ്മുടെ സ്വന്തം ജനങ്ങളെ അല്ലാതെ ആരെയും ഭരിക്കുന്നതിന് നമുക്കു ആഗ്രഹവും ഇല്ലാ. ജ്ഞാനഭാവത്തോടും അല്ല, എന്തെന്നാല്‍ സത്യത്തിനടുത്ത കാര്യങ്ങള്‍ താങ്കളില്‍ നിന്ന് സന്തോഷത്തോടെ പഠിക്കുവാന്‍ നമുക്കു മനസ്സായിരിക്കുന്നു. എന്നാല്‍ കര്‍ത്താവില്‍ താങ്കളുടെ സഹോദരനെപ്പോലെയും മശിഹായുടെ പള്ളികളുടെ അടിയാനെപ്പോലെയും മൊര്‍ ദെഖായിയെപ്പോലെയും ദൈവത്തിന്‍റെ മക്കള്‍ ആയവരോട് ഒക്കെയും സ്വത്വം പറയുന്നതിനും ‘കര്‍ത്താക്കന്മാരെ നിങ്ങള്‍ സഹോദരന്മാരല്ലോ. നിങ്ങള്‍ തമ്മില്‍ തമ്മില്‍ ഉപദ്രവിക്കുന്നതെന്ത്’ എന്ന് മോശ ഇസ്രായേല്‍ മക്കളോട് പറഞ്ഞപ്രകാരം തമ്മില്‍ കലഹിക്കുന്ന നിങ്ങളോടും പറവാന്‍ ആഗ്രഹിച്ചുകൊണ്ടും അത്രേ. താങ്കളും സഹോദരന്മാരായ പീലക്സീനോസും ദീവന്നാസ്യോസും പള്ളികളിലെ മല്പാന്മാരും കത്തങ്ങളും എല്ലാവരും കൂടി ഒരു സ്ഥലത്തു കോട്ടയത്തു തന്നെ കൂടി നമ്മെ കാണണം എന്നും പള്ളി മര്യാദകളെക്കുറിച്ചും മറ്റും ഉള്ള സകല കാര്യങ്ങളെപ്പറ്റിയും നമ്മോടു പറയണം എന്നും ആകുന്നു നമ്മുടെ ആലോചന. എല്ലാവര്‍ക്കും അവരവരുടെ മനസ്സില്‍ ഇരിയ്ക്കുന്നതിനെ സ്വാതന്ത്ര്യത്തോടും ഭയം കൂടാതെയും പറയുന്നതിനു വേണ്ടി കോട്ടയത്ത് സിമ്മനാരിയിലേക്കു ഇവിടെ നിന്നും അയച്ചിട്ടുള്ള കശീശന്മാരില്‍ നിന്നല്ലാതെ വേറെ അറബിയും മലയാളവും ശീലമുള്ളതില്‍ ചിലരെ നമ്മുടെ ഒന്നിച്ചു കൊണ്ടുവരുന്നുണ്ട്. അതിനാല്‍ അവര്‍ പറയുന്നതും താങ്കള്‍ക്കു സ്വകാര്യമായി പറയാനുള്ളതും നമുക്കു കേള്‍ക്കാമല്ലോ.
പീലക്സീനോസ് മെത്രാന്‍ മെത്രാനല്ലെന്ന് ചിലരും താങ്കളെപ്പോലെ തന്നെ കൈവച്ച് റൂഹാദ്കുദിശാ മൂലം വാഴ്ച ഏറ്റതാണെന്ന് മറ്റു പലരും പറയുന്ന കാര്യം പല സാക്ഷികളുടെ വായ്മൊഴി കൊണ്ടും അറിയാവുന്നതാകുന്നു.
പള്ളിക്കാര്‍ക്കു ആരെ അനുസരിപ്പാന്‍ മനസ്സായിരിക്കുന്നു എന്നും അപ്പോള്‍ അറിയാം. ഇതിനിടയില്‍ സഹോദരാ, താങ്കളെക്കുറിച്ചും ‘അദ്ദേഹം കാലവും നാഴികയും മാറ്റുവാന്‍ നോക്കുന്ന ഒരു കഠിന മനുഷ്യന്‍ ആകുന്നു’ എന്ന കേള്‍വിപ്പെട്ടിരിക്കകൊണ്ട് അന്ധകാരത്തിന്‍റെയും വ്യാകുലത്തിന്‍റെയും നാളുകളില്‍ എന്തെങ്കിലും തെറ്റായി ഭവിച്ചു പോയിരുന്നാല്‍ ആയതു കാലക്രമം കൊണ്ട് ചൊവ്വെ വന്നു കൊള്ളും എന്നും താങ്കളുടെ അധികാരം ബലപ്പെടുമെന്നും വച്ച് ക്ഷമിച്ചുകൊള്ളണമെന്ന് നാം അപേക്ഷിക്കുന്നു. കര്‍ത്താവ് താങ്കളുടെ സകല വഴികളെയും ശുഭപ്പെടുമാറാക്കുകയും ചെയ്യും. നാം ഈ പറയുന്നത് ബുദ്ധിമാനോട് എന്നപോലെ അത്രേ. ഇസ്രായേലില്‍ നിന്ന് ഉയര്‍ന്ന സ്ഥലങ്ങളിലെ ആചാര്യന്മാരെ ഒന്നായിട്ട് ഛേദിച്ചു കളയപ്പെട്ടില്ല എന്നുള്ളത് താങ്കള്‍ക്കു അറിവുണ്ടല്ലോ. അങ്ങനെ ഇരിക്കുമ്പോള്‍ അന്ത്യോഖ്യായുടെ അനുവാദം കൂടാതെ ആണെന്ന് വരികിലും ഒരു മെത്രാനോട് കൈവെപ്പ് ഏറ്റിട്ടുള്ളവരെ അശേഷം നീക്കിക്കളയുന്നത് യുക്തമോ? അപ്രകാരം തന്നെ ദാവീദ് രാജാവിന്‍റെ കാലങ്ങളിലും ഉറിമും തമ്മീറും സാക്ഷാല്‍ ആചാര്യന്‍ അബിമേലേക്കിന്‍റെ മകന്‍ ആയ അബിയാതാര്‍ തന്നെ ആയിരുന്നു എങ്കിലും കൂടാരത്തിലെ പ്രധാനാചാര്യന്മാര്‍ സാദൊക്കും അബിയാതാറും ആയിരുന്നില്ലയോ? അതുകൊണ്ട് അഭിഷേകം താങ്കളുടെ ശിരസ്സിന്മേലും അധികാരം താങ്കളുടെ തോളുകളിലും തന്നെ ആകും എന്ന് വരികിലും താങ്കള്‍ കഴിഞ്ഞാല്‍ പിന്നത്തെ സ്ഥാനം താങ്കളുടെ വരവിന് മുമ്പേ ഈ ആട്ടിന്‍കൂട്ടത്തെ മേയിച്ച് വന്നിരുന്ന ഇവര്‍ക്കു തന്നെ മുറയ്ക്കു കൊടുക്കപ്പെടണം. ഈ കാര്യങ്ങള്‍ കൊണ്ട് സമയം പോലെ നമുക്കു സംസാരിച്ചുകൊള്ളാം. എന്നാല്‍ ആരെങ്കിലും താങ്കളെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അതു ഭയം കൂടാതെ നമ്മോട് പറയണം. നാം താങ്കളുടെ സഹോദരന്‍ അല്ലയോ? അയാള്‍ നമ്മുടെ സ്വന്തം ജനങ്ങളില്‍ ഉള്ളവന്‍ ആയാലും നമ്മുടെ അധികാരത്തിന് തക്കവണ്ണം നാം ശാസിക്കാതിരിക്കുകയില്ല.
നമ്മുടെ നാമത്തില്‍ മെത്രാന്മാരായ പീലക്സീനോസിനും ദീവന്നാസ്യോസിനും വന്ദനം ചൊല്ലുക. നാം അവരെ മെത്രാന്മാരെന്നു വിളിക്കുന്നത് പല ഉറപ്പായ ലക്ഷ്യങ്ങള്‍ കൊണ്ട് അവര്‍ മെത്രാന്മാരെന്ന് നാം കേട്ടിരിക്കുകയാല്‍ ആകുന്നു. അവര്‍ സത്യമായി മെത്രാന്മാരായിട്ടു തന്നെ കാണപ്പെടുമെന്നും നാം ഇച്ഛിക്കുന്നു. നാം ബോംബെയില്‍ വച്ച് കണ്ടപ്പോള്‍ നമ്മുടെയും താങ്കളുടെയും കൂട്ടുസഞ്ചാരി ആയിരുന്ന ഇസഹാക്കു റമ്പാന് വന്ദനം. മല്പാന്മാര്‍ക്കും കത്തങ്ങള്‍ക്കും വന്ദനം. തോമസ് റോബിന്‍സണും നാം മുമ്പേ നിങ്ങള്‍ക്കു എഴുതി അയച്ചിരുന്ന ആളാകുന്ന ജോണ്‍ ഡൊറാനും താങ്കള്‍ക്കു വന്ദനം ചൊല്ലുന്നു. സത്യമായിട്ട് ജോണ്‍ മദ്രാസില്‍ വച്ച് ദീനമായി പോകയാലെ അത്രേ നമുക്കു മുമ്പിലത്തെ കുറി കൊടുത്തയപ്പാന്‍ സംഗതി വരാഞ്ഞത്. എങ്കിലും ദൈവാനുഗ്രഹത്താല്‍ അയാള്‍ക്കു ഇപ്പോള്‍ സൗഖ്യമായി. നമ്മുടെ ഒരുമിച്ച് പുറപ്പെട്ടിരിക്കുന്നു. ബോംബെയില്‍ നമ്മുടെ ഒരുമിച്ചുണ്ടായിരുന്ന ആബൂനാ മാര്‍ സിമഓന്‍ ഇപ്പോള്‍ മദ്രാസില്‍ ഉണ്ട്. അദ്ദേഹം താങ്കള്‍ക്കു വന്ദനം ചൊല്ലുന്നു. ദൈവത്തില്‍ നിന്നും കര്‍ത്താവായ മശിഹായില്‍ നിന്നും കൃപയും സമാധാനവും നിങ്ങള്‍ എല്ലാവരിലും കൂടെ. ആമ്മീന്‍.
താങ്കള്‍ക്കു എന്തെങ്കിലും എഴുതുവാനുണ്ടെങ്കില്‍ നമ്മുടെ പേര്‍ക്കു പളയംകോട്ടയ്ക്കു അയച്ചുകൊള്ളണം.
ആലംബാ എന്ന പട്ടണത്തിന് ചേര്‍ന്നു കോറോമോണ്ടല്‍ ദേശത്തു നിന്നും എഴുതിയത്
(ഒപ്പ്)
മാര്‍ പീലക്സീനോസിന് എഴുതിയ കുറി. 1826 മാര്‍ച്ച് 27
ദൈവകാരുണ്യത്താല്‍ കല്‍ക്കട്ടാ ബിഷപ്പാകുന്ന മാര്‍ റജിനാള്‍ഡ്, ഇന്ത്യയില്‍ സുറിയാനി വിശ്വാസപ്രകാരം നടക്കുന്നു എന്ന പള്ളിക്കാരുടെ ഇടയനും വിചാരക്കാരനുമായി ദൈവം ഉയര്‍ത്തിയിരിക്കുന്ന എത്രയും ബഹുമാനപ്പെട്ട പീലക്സീനോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക് ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവീശോ മശിഹായില്‍ നിന്നും സ്വത്വവും കൃപയും വാഴ്വും.
കര്‍ത്താവില്‍ വാത്സല്യപ്പെട്ട സഹോദരാ, അന്ത്യോഖ്യായിലെ സഭയില്‍ നിന്ന് യാതൊരു വര്‍ത്തമാനവും വരാതെയും വിഗ്രഹാരാധനക്കാരില്‍ നിന്നും ജനങ്ങളില്‍ നേരുകേടുകാരായ സഹോദരന്മാരില്‍ നിന്നും അകമെയും പുറമെയും ഇടത്തും വലത്തും വളരെ അബദ്ധങ്ങളും ദുഃഖങ്ങളും ഉണ്ടാകയും ചെയ്തിരുന്ന കാലത്ത് മലയാളത്തുള്ള സഭയ്ക്കു വേണ്ടി താങ്കള്‍ കാണിച്ചിട്ടുള്ള സ്നേഹവും താങ്കള്‍ ചെയ്തിട്ടുള്ള വേലകളും താങ്കള്‍ക്ക് ഉണ്ടായ കഷ്ടങ്ങളും നാം പലരില്‍ നിന്നും കേട്ടിരിക്കുന്നു. അപ്രകാരം തന്നെ താങ്കളുടെ സ്ഥാനത്ത് ജനങ്ങളെ ഭരിപ്പാനും കര്‍ത്താവിന്‍റെ നിര്‍മ്മലവും സത്യവും ഉള്ള ഉപദേശത്തെ പഠിപ്പിക്കുന്നതിനും വേണ്ടി ബുദ്ധിയും ശുദ്ധവും ഉള്ളവനായ ഒരാളെ സഹോദരനായ ദീവന്നാസ്യോസിനെ തന്നെ തിരഞ്ഞെടുത്ത വിവരവും താങ്കള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു എന്ന കൃപ നശിച്ചുപോകാതെ താങ്കളുടെ മരണശേഷം മുന്തിരിങ്ങാ തോട്ടത്തിന്‍റെ കര്‍ത്താവ് തന്‍റെ വേലക്കാരോട് കണക്ക് പറവാന്‍ വരുവോളം ഇസ്രായേലില്‍ സത്യത്തിന്‍റെ സാക്ഷിയ്ക്കു നിര്‍ത്തല്‍ വരാതെ ഇരിപ്പാനായിട്ട് അദ്ദേഹത്തിന്‍റെ മേല്‍ കൈകളെ വച്ച് സ്ഥാനത്തിന് മുദ്ര കുത്തിയിരിക്കുന്ന വിവരവും നാം അറിഞ്ഞിരിക്കുന്നു.
ഈ വിവരങ്ങള്‍ ശക്തിക്ഷയപ്പെട്ടവനാകുന്ന നമുക്കു മുമ്പേ കല്‍ക്കത്തായുടെയും ഇന്ത്യയില്‍ ഉള്ള ഇംഗ്ലീഷ് പള്ളികള്‍ ഒക്കെയുടെയും ബിഷപ്പും ദൈവത്തില്‍ അനുഗ്രഹിക്കപ്പെട്ട പിതാവും ആയിരുന്ന തോമസ് മിഡില്‍ട്ടന്‍ അവര്‍കള്‍ക്കും തെര്‍യ്യപ്പെട്ടിരുന്നു. അദ്ദേഹം നിങ്ങളുടെ നടപടികളേയും നിങ്ങളിലുള്ള ദൈവകൃപയേയും കണ്ടു സന്തോഷിച്ച് നമ്മുടെ ജാതിയില്‍ പ്രധാനികളായവരെ ഒക്കെയും ആ വസ്തുത ഗ്രഹിപ്പിക്കുകയും ചെയ്തു. കര്‍ത്താവിന്‍റെ മഹത്വം ശിത്തിമും അഷ്കീനായും ഗോമോറും ആകുന്ന പറങ്കിസ്ഥാനില്‍ അറിയിക്കപ്പെട്ടപ്പോള്‍ നമ്മുടെ സ്വദേശം ആകുന്ന ബ്രിട്ടനിലും അറിയിക്കപ്പെട്ടു. ഇന്ത്യയിലുള്ള പള്ളികളില്‍ തന്‍റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്ന് തോമാശ്ലീഹാ നിങ്ങളുടെ ഇടയില്‍ ഏവന്‍ഗേലിയോന്‍ അറിയിച്ചപ്രകാരം തന്നെ പൗലൂസ് ശ്ലീഹാ സ്പാന്ന്യായില്‍ പോയതിന്‍റെ ശേഷം അവിടെയും വന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മശിഹായില്‍ ശുദ്ധമുള്ള പിതാവാകുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നിങ്ങളുടെ സ്നേഹത്തേയും നിങ്ങളുടെ സഹോദരന്മാര്‍ക്കുള്ള ക്ഷമയേയും സത്യത്തേയും കുറിച്ച് കേള്‍ക്കയാല്‍ അദ്ദേഹത്തിന്‍റെ കുറികള്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നു തരുന്നതിനും വിശ്വാസമുള്ള ബിഷപ്പും ഏവന്‍ഗേലീസ്തനും ആകുന്ന തന്‍റെ ഹൃദയത്തിലിരിക്കുന്ന കാര്യങ്ങളെ നിങ്ങളോട് സാക്ഷ്യപ്പെടുത്തുന്നതിന് ആയിട്ട് നമ്മുടെ സഹോദരനായ അത്താനാസിയോസിനെ അയച്ചിരിക്കുന്നു. അദ്ദേഹം വരുന്ന വിവരം നാം ബോംബെയില്‍ വെച്ച് കേട്ടാറെ, അദ്ദേഹവുമായി സംസര്‍ഗം ചെയ്യുന്നതിനാല്‍ താങ്കളും താങ്കളുടെ ആട്ടിന്‍കൂട്ടവും വിശ്വാസത്തില്‍ അധികമായിട്ട് സ്ഥിരപ്പെടുകയും സ്നേഹം സകല അറിവോടും കൂടി അതിശയമായി വര്‍ദ്ധിക്കും എന്നുള്ള ആശയോടെ നാം എത്രയും സന്തോഷിച്ചു. എന്നാലോ സഹോദരന്മാരെ നിങ്ങളുടെ ഇടയില്‍ ഇപ്പോള്‍ വഴക്കുകളും അസൂയകളും ഉണ്ടായിരിക്കുന്നത് എങ്ങനെ? ദൈവം ഭിന്നിപ്പിന്‍റെ ദൈവം അല്ല; സമാധാനത്തിന്‍റെ ദൈവവും ക്രമക്കേടിന്‍റെ അല്ല ക്രമത്തില്‍ ഇഷ്ടപ്പെടുന്ന ദൈവവും അത്രെ ആകുന്നത്. ഈ കാര്യങ്ങള്‍ ഒക്കെയും കൊണ്ട് മശിഹായുടെ നാമം പുറജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുകയും പൂര്‍വ്വകാലങ്ങളില്‍ ഈ ജനത്തെ അധികമായി ദുഖിപ്പിച്ചിട്ടുള്ള കൊടുങ്ങല്ലൂരും വാരാപ്പുഴയും ഇരിക്കുന്ന റോമാ മെത്രാന്‍റെ പട്ടക്കാര്‍ പഠിപ്പിക്കുന്ന പ്രകാരമുള്ള നാശത്തിനടുത്ത ഇടത്തൂട്ടുകളിലേക്ക് പലരുടെയും ആത്മാക്കള്‍ തിരിയുന്നതിന് ഇടവരുമല്ലോ. ആകയാല്‍ സഹോദരന്മാരെ, മശിഹായെ പ്രതി ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: തമ്മില്‍ ഐക്യപ്പെട്ടിരിപ്പിന്‍. മേലാല്‍ എത്രയും അധികമായി മഹത്വത്തെ സമ്പാദിപ്പാന്‍ വേണ്ടി തമ്മില്‍ ബഹുമാനിക്കുകയും ഓരോരുത്തരും താണ സ്ഥലത്തെ ആഗ്രഹിക്കുകയും ചെയ്വിന്‍. ഇപ്പോള്‍ ജനങ്ങള്‍ ഭിന്നിച്ചിരിക്കുകയും ഒരുത്തന്‍ പീലക്സീനോസിന്‍റെ പക്ഷവും മറ്റൊരുത്തന്‍ അത്താനാസ്യോസിന്‍റെ പക്ഷവും ആയിത്തീര്‍ന്നിരിക്കയാല്‍ നമ്മുടെ ആലോചന എന്തെന്നാല്‍ യോഗക്കാര്‍ ഒന്നിച്ചുകൂടുകയും അഹറോന്‍റെ സ്ഥാനമുള്ള കശീശന്മാരും ശെമ്മാശന്മാരാകുന്ന ശുദ്ധമുള്ള ലേപായക്കാരും കൂടി ഒരു സ്ഥലത്തു കൂടി അവരവര്‍ക്കു കൊടുക്കപെട്ടിട്ടുള്ള അറിവിന്‍പ്രകാരം കീഴ്മര്യാദ എങ്ങനെ എന്നും മെത്രാനും ഇടയനുമായിട്ട് ആരെ കൈക്കൊള്ളുവാന്‍ അവര്‍ക്കു മനസ്സാകുന്നു എന്നും സ്പഷ്ടമായി പറയട്ടെ. ‘നിനക്കു നിന്‍റെ സഹോദരന്‍റെ നേരെ ഏതെങ്കിലും ഉണ്ടായിരുന്നാല്‍ സഭയോട് പറയട്ടെ. സഭയെ അനുസരിക്കാത്തവന്‍ നിനക്ക് കാവ്യനും ചുങ്കക്കാരനും ആയി വിചാരിച്ചു കൊള്‍ക’ എന്ന് എഴുതപ്പെട്ടിരിക്കുന്ന പ്രകാരം തന്നെ. ആ സമയം നിങ്ങള്‍ക്കു വിരോധമില്ലെങ്കില്‍ നാമും കോട്ടയത്തു വന്ന് ചേരാം. അധികാരി ആയിട്ടല്ല, എന്തെന്നാല്‍ നാം നിങ്ങളുടെ ഇടയില്‍ പരദേശി ആകുന്നു. വിധികര്‍ത്താവായിട്ടും അല്ല, എന്തെന്നാല്‍ നമ്മുടെ സ്വന്തം ജനങ്ങള്‍ അല്ലാത്തവരെ വിധിക്കുന്നതിന് നാം ആര്‍? എന്തെന്നാല്‍ മശിഹായില്‍ ഒരു സഹോദരനും നിശ്ചയിക്കപ്പെടുന്ന കാര്യങ്ങള്‍ക്കു സത്യമുള്ള ഒരു സാക്ഷിക്കാരനും നിങ്ങളുടെ ജാതിയുടെ കാര്യം കൊണ്ട് തിരുവിതാംകോട്ടെ റാണിയോടും ഇന്ത്യയിലുള്ള ദിക്കുകളുടെ മേല്‍ വിചാരമായിട്ട് ഇംഗ്ലണ്ടിലെ രാജാവ് നിശ്ചയിച്ച് ആക്കിയിരിക്കുന്ന ബഹുമാനപ്പെട്ട ഗവര്‍ണറോടും അപേക്ഷിക്കുന്നതില്‍ ഒരാളും ആയിട്ടത്രെ നാം വരുന്നത്. താങ്കള്‍ മെത്രാനല്ലെന്ന് ദൂഷ്യമായിട്ട് താങ്കളെ കുറിച്ച് കേള്‍ക്കപ്പെട്ടിരിക്കയാല്‍ ആയതു രണ്ടു മൂന്നു സാക്ഷിക്കാരോടും ചോദ്യപ്പെടുകയും ആകും. അത്താനാസ്യോസിനെ ബോംബെയില്‍ വെച്ച് നാം അറിയുമെന്ന് കരുതി വ്യസനപ്പെടേണ്ട. എന്തെന്നാല്‍ ജഡപ്രകാരം നാം ഒരുത്തരേയും അറിയുന്നതല്ലെന്നും ഇക്കാര്യങ്ങളില്‍ ദൈവത്തിന്‍റെ ഇഷ്ടപ്രകാരവും പള്ളിക്കാരുടെ കീഴ്മര്യാദപ്രകാരവും നടക്കുന്നതിനും വേണ്ടിവന്നാല്‍ നിങ്ങള്‍ സഹോദരന്മാരാക കൊണ്ട് നിങ്ങള്‍ ഇരുവരോടും സമാധാനം സംസാരിക്കുന്നതിനും വഴക്കു തീര്‍പ്പാന്‍ ഉണ്ടായിരുന്നാല്‍ നിങ്ങളുടെ ജനങ്ങള്‍ മനപൂര്‍വ്വമായി തെരഞ്ഞെടുക്കുന്ന ആളെ നാമും സമ്മതിക്കുന്നതിനും അത്രെ നിശ്ചയിച്ചിരിക്കുന്നത്. നാല്പതു ദിവസത്തിനകം നിങ്ങളുടെ അടുക്കല്‍ വന്നു ചേരണം എന്ന് കരുതിയിരിക്കുന്നു.
സഹോദരന്മാരെ, നമുക്കു വേണ്ടി നമസ്ക്കരിപ്പിന്‍. നമ്മുടെ കൂടെപ്പിറപ്പാകുന്ന ദീവന്നാസ്യോസ് മെത്രാന് നമ്മുടെ നാമത്തില്‍ വന്ദനം ചൊല്ലുക. നിങ്ങളോടു കൂടെയുള്ള സഹോദരന്മാരാകുന്ന മല്പാന്‍മാര്‍ക്കും കശീശന്മാര്‍ക്കും ശെമ്മാശന്മാര്‍ക്കും ശേഷം പള്ളിക്കാര്‍ക്കും വന്ദനം ചൊല്ലുക. നമ്മുടെ സഹോദരന്‍ ആകുന്ന അത്താനാസ്യോസിനും വന്ദനം ചൊല്ലുക. നിങ്ങള്‍ തമ്മില്‍ ഐക്യമത്യപ്പെട്ടിരിപ്പാന്‍ ദൈവം കൃപ തരുമാറാകട്ടെ. നമ്മോടു കൂടെയുള്ള സഹോദരന്മാരായി മുമ്പേ തന്നെ ദീവന്നാസ്യോസ് മെത്രാന് അറിവുള്ള ആളായ തോമസ് റോബിന്‍സണും ജോണ്‍ ഡോറനും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു. കൃപയും കരുണയും സ്വത്വവും നിങ്ങളോടു കൂടെയും ദൈവത്തിന്‍റെ ഇസ്രായേലിലും ഉണ്ടായിരിക്കട്ടെ.
(ഇട്ടൂപ്പ് റൈട്ടര്‍ എഴുതിയ മലങ്കരസഭാ ചരിത്രത്തില്‍ നിന്നും)