പ. ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ 52-​‍ാം ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

 MBM Perunnaal 2016

കുവൈറ്റ്‌ : മലങ്കരസഭയുടെ സൂര്യതേജസ്സായി സുദീർഘമായ 35 വർഷക്കാലം മാർത്തോമ ശ്ലീഹായുടെ സിംഹാസനത്തിൽ വാണരുളിയ പരിശുദ്ധ ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ 52-​‍ാം ഓർമ്മപ്പെരുന്നാൾ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക, ഭക്ത്യാദരപൂർവ്വം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ 42 വർഷമായി, ഇടവകയിൽ പ്രവർത്തിച്ചു വരുന്ന ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌, പെരുന്നാൾ ആഘോഷങ്ങൾക്ക്‌ നേതൃത്വം നൽകി.

 പെരുന്നാളിനോടനുബന്ധിച്ച്‌ ജനുവരി 8-ന്‌ രാവിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന വിശുദ്ധ സമൂഹബലിയ്ക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ്‌ മാർ ക്ലിമീസ്‌ മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന്‌ പ്രത്യേക ധൂപപ്രാർത്ഥനയും നേർച്ചവിളമ്പും ക്രമീകരിച്ചു.

 അന്നേദിവസം വൈകിട്ട്‌ അബ്ബാസിയ സെന്റ്‌ ജോൺസ്‌ മാർത്തോമാ ഹാളിൽ നടന്ന മാർ ബസേലിയോസ്‌ കുടുംബസംഗമം അഭിവന്ദ്യ കുര്യാക്കോസ്‌ മാർ ക്ലിമീസ്‌ മെത്രാപ്പോലീത്ത ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. വിശുദ്ധജീവിതം നയിച്ച പരിശുദ്ധ ബാവാ തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ട്‌, കൂട്ടായ്മയുടെ അനുഭവത്തിൽ പ്രവർത്തിക്കുവാനും, കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുവാനും മാർ ക്ലിമീസ്‌ മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.

 ഇടവക വികാരിയും, പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ ഫാ. രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വൈസ്‌ പ്രസിഡണ്ട്‌ ഷൈജു കുര്യൻ സ്വാഗതവും, സെക്രട്ടറി ജിജി ജോൺ നന്ദിയും പറഞ്ഞു. സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം ഷാജി എബ്രഹാം, ഇടവക സെക്രട്ടറി ജോജി പി. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക ട്രഷറാർ ജോൺ പി. ജോസഫ്‌, ഇടവകയിലെ മറ്റു ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 50-​‍ാം വിവാഹ വാർഷികം ആഘോഷിച്ച സംഘടനാംഗം കെ.എം. ചാക്കോ ദമ്പതികളെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. പരിപാടികൾക്ക്‌ കൺവീനർ വിനോദ്‌ തോമസ്‌ നേതൃത്വം നൽകി.