അബുദാബി സെന്റ്‌ ജോർജ്ജ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ശുശ്രൂഷകൾ

Abu Dhabi St.George Orthodox CathedralA0-Poster_X-mas-and-new-year (1)

അബുദാബി:  സെന്റ്‌ ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ്  പുതുവത്സര  ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 24 ന്  വൈകുന്നേരം 6  മണിക്ക് ആരംഭിക്കുന്ന സന്ധ്യാ നമസ്കാരത്തോടുകൂടി ക്രിസ്തുമസ്സ്  ശുശ്രൂഷകൾക്ക്  തുടക്കമാകും. തുടർന്ന് 8 മണിക്ക് പ്രദക്ഷിണവും   തീജ്ജ്വാല ശുശ്രൂഷയും, 8.30ന്  വിശുദ്ധ കുർബ്ബാനയും.   
യേശുക്രിസ്തുവിന്റെ  ജനന സമയത്ത് ആ പ്രദേശങ്ങളിൽ ആടിനെ മേയിച്ചു കൊണ്ടിരുന്ന ആട്ടിടയന്മാരോട്  ഉണ്ണിയേശുവിന്റെ ജനന വാർത്ത അറിയിച്ച മാലാഖമാർക്ക് ചുറ്റും  ദിവ്യ  പ്രകാശം കാണപ്പെട്ടതിന്റെ സൂചനയായിട്ടാണ്  ദേവാലയങ്ങളിൽ  മുൻപിൽ  തീജ്ജ്വല  ശുശ്രുഷ നടത്തുന്നത്.   ആട്ടിടയന്മാർ ഉണ്ണി യേശുവിനെ  കാണാൻ പോയതിനെ അനുസ്മരിച്ച്  തീജ്വാല ശുശ്രുഷയോട് അനുബന്ധിച്ചുള്ള പ്രദക്ഷിണവും നടത്തുന്നു.  വിദ്വാന്മാർ  പൊന്നും  കുന്തിരിക്കവും  മൂരും കാഴ്ച വച്ചതിന്റെ  പ്രതീകാത്മകമായിട്ട്  പ്രദക്ഷിണത്തിൽ  പങ്കെടുക്കുന്ന  വിശ്വാസികൾ  കുന്തിരിക്കം തീജ്ജ്വലയിൽ  സമർപ്പിക്കുന്നു.   ഊശാന  പെരുന്നാളിന് വിശ്വാസികൾക്ക് ദേവാലയങ്ങളിൽ നിന്ന്   ലഭിച്ച കുരുത്തോലകൾ  ഭക്തിപൂർവ്വം   അവരവരുടെ  ഭവനങ്ങളിൽ സൂക്ഷിച്ചുവയ്ക്കുകയും അവ   ക്രിസ്തുമസ്സ് ദിവസം   ദേവാലയത്തിനു മുൻപിൽ    തീർക്കുന്ന  തീജ്ജ്വലയിൽ  നിക്ഷേപിക്കുകയും ചെയ്യുന്നു. 
 
ഡിസംബർ 25  വെള്ളിയാഴ്ച വൈകുന്നേരം 6  മണിക്ക് സന്ധ്യാ  നമസ്കാരവും, 6.30ന്  ക്രിസ്തുമസ്സ്  കാരോളും, ക്രിസ്തുമസ്സ്  സന്ദേശ  പ്രസംഗവും, സണ്ടേ സ്കൂൾ കുട്ടികളുടെയും ആദ്ധ്യാത്മിക  സംഘടനകളുടെയും    നേതൃത്വത്തിൽ  വിവിധ കലാപരിപാടികളും തുടർന്നു  സ്നേഹവിരുന്നും ഉണ്ടായിരിക്കും.
 
പുതുവത്സര  ശ്രുശൂഷകൾ  ഡിസംബർ 31 വ്യാഴായ്ച  വൈകുന്നേരം 7.30 ന്  സന്ധ്യാ നമസ്കാരവും  വൈകിട്ട്  8.15 ന്   വിശുദ്ധ കുർബ്ബാനയും  തുടർന്ന് പുതുവത്സര  പ്രാർത്ഥനയും  ഉണ്ടായിരിക്കും.  ശുശ്രുഷകൾക്ക്  റവ. ഫാ. എം.സി. മത്തായി മാറാച്ചേരിൽ,  സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ് എന്നിവർ മുഖ്യ കാർമ്മികരായിരിക്കും.
 
ഇടവക വികാരി  റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ,  സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്,  കത്തീഡ്രൽ  ട്രസ്റ്റി ശ്രീ. എ. ജെ. ജോയ്ക്കുട്ടിസെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽമാനേജിംഗ് കമ്മറ്റി  അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ  വിശ്വാസികളുടെ സൗകര്യാർത്ഥം വിപുലമായ സജ്ജീകരണങ്ങളാണ്  ദേവലയത്തിൽ ഒരുക്കിയിരിക്കുന്നത്.