ദൈവം ചേര്‍ത്തു പിടിച്ചു: തലകീഴായി മറിഞ്ഞ കാറില്‍ ഒരു പോറലുപോലുമില്ലാതെ വൈദികന്‍

fr_jomon

എരുമേലി: ഓട്ടത്തിനിടെ സ്റ്റിയറിംഗിന്‍റെ ജോയിന്‍റ് വേര്‍പ്പെട്ട് നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വന്‍ ശബ്ദത്തോടെ റോഡിലേക്ക് തലകീഴായി മറിയുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ കണ്ണടച്ചിരുന്ന ആ വൈദികന്‍ ദൈവത്തിന്‍റെ അദൃശ്യമായ രക്ഷാകരങ്ങളിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഡോര്‍ തുറന്നപ്പോള്‍ തലകീഴായി സീറ്റ് ബെല്‍റ്റില്‍ നിന്ന് ഇറങ്ങി ഒരു പോറല്‍ പോലുമില്ലാതെ വൈദികന്‍ പുറത്തുവന്നു. അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഈ രക്ഷപെടലും ഭീതി നിറഞ്ഞ ഈ അപകടവും ഇന്നലെ രാവിലെ 11.30ഓടെ എരുമേലി-റാന്നി റോഡിലെ മുക്കട ജംഗ്ഷനിലായിരുന്നു. തൊട്ടുമിന്നിലെത്തിയ മരണത്തില്‍ നിന്നു പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടത് കനകപ്പലം സെന്‍റ് ജോര്‍ജ്ജ് കാതോലിക്കേറ്റ് സെന്‍ററിലെ ഫാ. ജോമോന്‍ ജോണ്‍ കുന്നത്തേരില്‍ ആണ്. വൈദികന്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇടവകാംഗത്തിന്‍റെ വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം കനകപ്പലത്തുനിന്ന് കറുകച്ചാല്‍ വഴി കോട്ടയത്ത് അരമനയിലേക്ക് പോകാനായി കാറില്‍ വരുമ്പോള്‍ മുക്കടയിലെ വളവില്‍വെച്ച് സ്റ്റിയറിംഗ് ജോയിന്‍റ് വേര്‍പെടുകയായിരുന്നു. ഇതറിയാതെ വളവ് തിരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് വൈദികന്‍ പറഞ്ഞു. വീതികൂടിയപ്പോള്‍ റോഡിനുള്ളിലായ വൈദ്യുതി പോസ്റ്റില്‍ ആണ് കാര്‍ ഇടിച്ചത്. ഈ സമയം സ്റ്റിയറിംഗില്‍ മുറുക്കി പിടിച്ച് കണ്ണടച്ചിരിക്കുകയായിരുന്നുവെന്ന് ഫാ. ജോമോന്‍ പറഞ്ഞു. പോസ്റ്റില്‍ ഇടിച്ച് കാര്‍ റോഡിലേക്ക് തെറിച്ച് തലകീഴായി മറിയുകയായിരുന്നു. ഒപ്പം വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വീഴുകയും ചെയ്തു. ഉടന്‍ തന്നെ വൈദ്യുതി ബന്ധം നിലച്ചത് വന്‍ അപകടമാണ് ഒഴിവാക്കിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കാര്‍ തലകീഴായി മറിഞ്ഞപ്പോള്‍ വൈദികന്‍ കുടുങ്ങിപോയില്ല. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഒരു പരുക്കുമില്ലാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത് ദൈവത്തിന്‍റെ കൃപാകടാക്ഷമാണെന്ന് ഫാ. ജോമോന്‍ പറഞ്ഞു.