കാതോലിക്കാ ബാവായെ സ്വീകരിക്കാന്‍ സിഡ്നി ഒരുങ്ങുന്നു

 bava visit

സിഡ്നി : മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ സിഡ്നി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  വരുന്നതായി ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് അറിയിച്ചു.    പത്തു ദിവസത്തെ ഓസ്ട്രേലിയയിന്‍ സന്ദര്‍ശനത്തിനായി  എത്തുന്ന പരിശുദ്ധ ബാവ നവംബര്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ സിഡ്നിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പരിശുദ്ധ ബാവയുടെ ഒന്നാം ശ്ലൈഹിക സന്ദര്‍ശനം അവിസ്മരണീയമായി തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സിഡ്നിയിലെ നസ്രാണി സമൂഹം.

നവംബര്‍ 14-ന് രാവിലെ ന്യൂസിലന്‍ഡില്‍ നിന്ന് സിഡ്നി എയര്‍പോര്‍ട്ടിലെത്തുന്ന പരിശുദ്ധ  ബാവയെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ നേതിര്‍ത്വത്തില്‍ വൈദീകരും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചേര്‍ന്ന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും.അന്നേ ദിവസം വൈകുന്നേരം എഡന്‍സര്‍ പാര്‍ക്കിലുള്ള  പാര്‍ക്ക് സൈഡ് ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച് സിഡ്നിയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും ചേര്‍ന്ന് ബാവക്ക് ഉജ്‌ജ്വല സ്വീകരണം നകും. സിഡ്നിയിലെ  സമുന്നതരായ നേതാക്കളും ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. പരിശുദ്ധ ബാവയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനവും തദവസരത്തില്‍ നടത്തപെടും.

തുടര്‍ന്ന് സിഡ്നി സെന്‍റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ എത്തുന്ന പരിശുദ്ധ ബാവയെ വിശ്വാസി സമൂഹം പള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പരിശുദ്ധ  ബാവ സന്ധ്യാ  നമസ്കാരത്തിനു നേത്രുത്വം നല്‍കുകയും വിശ്വാസി സമൂഹവുംമായി കൂടികാഴ്ച നടത്തുകയും ചെയ്യും. പിറ്റേ ദിവസം  ഞാഴറാഴ്ച പരിശുദ്ധ  ബാവ  കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സണ്‍‌ഡേ സ്കൂള്‍ ബില്‍ഡിംഗിന്‍റെ കൂദാശ നിര്‍വഹിക്കുന്നതുമാണ്. സിഡ്നിയിലും പരിസരത്തുമുള്ള ദേവാലയങ്ങളിലേയും കോണ്ഗ്രിഗേഷനുകളിലേയും വിശ്വാസികള്‍ പരിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കും. അന്ന് വൈകുന്നേരം പരിശുദ്ധ ബാവ എപ്പിംഗ് സെന്‍റ്റ് മേരിസ് ചര്‍ച്ചില്‍ സന്ധ്യാ  നമസ്കാരത്തിനു നേത്രുത്വം നല്‍കും. തിങ്കളാഴ്ച രാവിലെ പരിശുദ്ധ ബാവ കാന്‍ബറയിലേക്ക് തിരിക്കും. സിഡ്നിയിലെ സന്ദര്‍ശന വേളയില്‍ ഇതര ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരുമായി ബാവ കൂടികാഴ്ച നടത്തുന്നതായിരിക്കും.

പരിശുദ്ധ ബാവായുടെ സിഡ്നിയിലെ പ്രഥമ ശ്ളൈഹിക സന്ദര്‍ശനം വന്‍ വിജയമാക്കുന്നതിനായി ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ്സിന്‍റെ  നേതിര്‍ത്വത്തില്‍   വിവിധ കമ്മിറ്റികകള്‍  പ്രവര്‍ത്തിച്ച് വരുന്നു.

 

വാര്‍ത്ത‍ : സുജീവ് വര്‍ഗീസ്‌