പ. പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മപ്പെരുന്നാളിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി

kodiyettu_parumala_2015

ഭാരത ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിത ശൈലിയിലൂടെ തപോധനനായ “പരുമല കൊച്ചുതിരുമേനി” എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 113-ാം ഓര്‍മപ്പെരുന്നാളിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി. പെരുന്നാള്‍ നവംബര്‍ 1ന് സമാപിക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ചേര്‍ന്ന തീര്‍ത്ഥാടന വാരാഘോഷം സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചിന് അഴിപ്പുരയില്‍ 144 മണിയ്ക്കൂര്‍ നീളുന്ന അഖണ്ഡ പ്രാര്‍ത്ഥന അഭിവന്ദ്യ പോളികാര്‍പ്പോസ് തിരുമേനിയുടെ പ്രാര്‍ഥനയോടെ . ആരംഭിക്കുകയുണ്ടായി.

27-ന് രാവിലെ 10-ന് പരിസ്ഥിതി സെമിനാര്‍ സോപാന അക്കാദമി ഡയറക്ടര്‍ ഫാ.ഡോ.കെ.എം. ചെറിയാന്‍ ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് എക്സിബിഷന്‍ ഉത്ഘാടനവും നടക്കും. 28-ന് രാവിലെ 10ന് അഖില മലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് ഉത്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മാധ്യമ സെമിനാര്‍ ചലചിത്ര സംവിധായകന്‍ ബ്ലെസ്സി ഉത്ഘാടനം ചെയ്യും.

29-ന് രാവിലെ 10-ന് അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷന്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സെമിനാറും നടക്കും. ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.ഷേര്‍ളി മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്യും. 30-ന് രാവിലെ 10-ന് ഉപവാസ ധ്യാനവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും.ഉച്ചകഴിഞ്ഞ് 2.30-ന് എക്യൂമെനിക്കല്‍ സമ്മേളനം ചേരും.

31-ന് രാവിലെ 10ന് അഖിലമലങ്കര ഗായകസംഘ ഏകദിന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന യുവജന സമ്മേളനം ഡിജിപി ടി.പി.സെന്‍കുമാര്‍ ഉത്ഘാടനം ചെയ്യും. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും. നവംബര്‍ ഒന്നിന് രാവിലെ 11ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ ധനസഹായ വിതരണ സമ്മേളനം കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന തീര്‍ത്ഥാടക സംഗമം കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും.

വൈകിട്ട് അഞ്ചിന് അഖണ്ഡ പ്രാര്‍ത്ഥ സമാപനം, ആറിന് പെരുന്നാള്‍ സന്ധ്യാ നമസ്ക്കാരം, രാത്രി എട്ടിന് ശ്ലൈഹീക വാഴ്വ്. 8.15-ന് ഭക്തിനിര്‍ഭരമായ റാസ, 9.30ന് ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം, 10.30ന് സംഗീതാര്‍ച്ചന. പെരുന്നാള്‍ സമാപന ദിനമായ രണ്ടിന് പുലര്‍ച്ചെ മുന്നിന് വിശുദ്ധ കുര്‍ബ്ബാന. ആറിന് ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാന, 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന.11-ന് ശ്ലൈഹീക വാഴ്വ്. 12-ന് വിദ്യാര്‍ത്ഥി പ്രസ്ഥാന സമ്മേളനം, ഉച്ചകഴിഞ്ഞ് രണ്ടിന് ഭക്തിനിര്‍ഭരകമായ റാസ, തുടര്‍ന്ന് നടക്കുന്ന ധൂപപ്രാര്‍ത്ഥനയോടും ആശിര്‍വാദത്തോടും കൂടി കൊടിയിറങ്ങും..