രോഗികൾക്കും വയോധികർക്കും ആശ്വാസവും , മാധവശേരിക്ക് നവ്യാനുഭവവുമായി ഇടയൻ

kollam

മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ഭദ്രാസന വൈദിക കൂട്ടായ്മ ഇടവകയിൽ നടത്തി വരുന്ന ആഭ്യന്തര മിഷനോട് അനുബന്ധിച്ച് , ഇടവകയിലെ പ്രായാധിക്യം മൂലം അവശരായ മാതാപിതാക്കളെയും,രോഗികളെയും ഭദ്രാസന മെത്രാപൊലീത്താ അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി ഭവനങ്ങൾ സന്ദർശിച്ചത്‌ മാധവശേരിക്ക് വേറിട്ട അനുഭവമായി. രോഗികളുമായി ഏറെ നേരം സമയം ചെലവഴിച്ച തിരുമേനിയുടെ സാമീപ്യം ആശ്വാസത്തിന്റെ കുളിർ തെന്നലായി മാറി . ഇടവകയിലെ പതിമ്മൂന്നോളം ഭവനങ്ങൾ ഭദ്രാസന മെത്രാപൊലീത്ത സന്ദർശിച്ചു പ്രാർഥന നടത്തി. ഇടവക വികാരി മാത്യു അബ്രഹാം അച്ഛനും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, യുവജന പ്രസ്ഥാന അംഗങ്ങളും തിരുമേനിയെ അനുഗമിച്ചു.
മൂന്നു ദിവസമായി നടക്കുന്ന മിഷൻ പ്രവർത്തനങ്ങൾക്ക് നാളെ അഭിവന്ദ്യ തിരുമനസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വി. കുർബാനയോടെ സമാപിക്കുക്കും.

ഈ ചിത്രങ്ങൾ കണ്ടപ്പോൾ കൊല്ലം ഭദ്രാസന മെത്രാപൊലീത്ത ആയിരുന്ന അഭിവന്ദ്യ മാത്യുസ് മാർ കൂറിലോസ് തിരുമേനി 80-കളിൽ ഞങ്ങളുടെ ഇടവക സന്ദർശിച്ച് ഭവനങ്ങൾ തോറും കയറി ഇറങ്ങി അവശരായ മാതാപിതാക്കളെയും,രോഗികളെയും നേരിൽ കണ്ട് പ്രാർഥിച്ചു അനുഗ്രഹിക്കുന്ന ചിത്രമാണ് എന്റെ ഓർമയിൽ ഉള്ളത്. 3- ദിവസത്തോളം നീണ്ട് നിൽക്കുന്ന ഇടവക സന്ദർശനം. തിരുമേനിയും രണ്ടു മൂന്നു വൈദീകരും ഒപ്പമുണ്ടാകും. വൈകിട്ട് സന്ധ്യാ നമസ്കാരവും പ്രസംഗവും. തിരുമേനിക്ക് കിടക്കാൻ ഒരു കട്ടിലും പുൽപായും തലയിണയും മാത്രം. അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി തന്റെ ഗുരുവിൽ നിന്ന് കണ്ടു പഠിച്ചതാണ് ഇവയെല്ലാം. ഇന്ന് കാലം മാറി ..കോലവും ? ഈ ചിത്രങ്ങൾ നമുക്ക് ഒരു പുനർചിന്തക്ക് കാരണമായിരുന്നെങ്കിൽ…?