ധന്യന്‍ തന്‍ മൃതിയാല്‍ മരണത്തെ കൊന്നു by by John Kunnathu

John_Kunnathu

ജോർജിയൻ മിറര്‍ 2014 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.

പൌരസ്ത്യ ക്രൈസ്തവസഭകളുടെ ദുഖവെള്ളി ആരാധനക്രമം രൂപപ്പെട്ടു വികസിച്ചത് ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്കന്മാര്‍ രചിച്ച അതിമനോഹരവും അര്‍ത്ഥവത്തുമായ കാവ്യങ്ങളില്‍ നിന്നാണ്. മാര്‍ അപ്രേം, മാര്‍ ശെമവോന്‍ കൂക്കോയോ, സെരൂഗിലെ മാര്‍ യാക്കോബ് എന്നിവരുടെ പേരുകളാണ് പ്രധാനമായും രചയിതാക്കളായി നാം കാണുന്നത്. നാല്, അഞ്ച്, ആറ് എന്നീ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഈ പിതാക്കന്മാര്‍ സുറിയാനി ഭാഷയിലാണ് കാവ്യങ്ങള്‍ രചിച്ചത്. യേശുക്രിസ്തു ഉപയോഗിച്ച അരമായിക് ഭാഷയുടെ ഒരു ഭാഷാന്തരമാണ് പില്‍ക്കാലത്ത് സുറിയാനി എന്നറിയപ്പെട്ടത്.

റോമാസാമ്രാജ്യം ഒന്നാം നൂറ്റാണ്ടില്‍ രാജദ്രോഹക്കുറ്റത്തിന് കുരിശിലേറ്റിയ യേശു നാലാം നൂറ്റാണ്ടോടെ അതേ സാമ്രാജ്യത്തില്‍ ദൈവമായി വാഴ്ത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ യേശുവിന്റെ മരണവും ഉയിര്‍പ്പും ലോകചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളായി കരുതപ്പെട്ടു. ഈ സംഭവങ്ങള്‍ ഓര്‍ക്കുന്ന പെരുനാളുകള്‍ ഏറ്റവും പ്രധാനപ്പെട്ട പെരുനാളുകളുമായി. ദൈവം എന്തിന് മനുഷ്യനായി എന്നും എന്തിന് സ്വമനസാലെ മരണം വരിച്ചു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് ഈ കാവ്യങ്ങളില്‍.

ദൈവം തന്റെ മരണത്തിലൂടെ മരണം എന്ന ഭീകരഭൂതത്തെ കൊന്ന കഥയാണ്‌ ഈ ഗാനങ്ങളുടെ വിഷയം. താഴെക്കൊടുത്തിരിക്കുന്ന ഈരടിയില്‍  ഈ കഥ സംക്ഷിപ്തമായി പറഞ്ഞിരിക്കുന്നു.

ധന്യന്‍ തന്‍ മൃതിയാല്‍ മരണത്തെ കൊന്നു
പാതാളസ്ഥര്‍ക്കായ് വിടുതല്‍ കൊടുത്താന്‍

പണ്ടുപണ്ടൊരു മഹാരാജാവ് തന്റെ രാജ്യത്തെ സമാധാനത്തോടെ ഭരിച്ചുവരവേ ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായി. ഏതോ ഒരു ഗുഹയില്‍ പാര്‍ത്തിരുന്ന ഒരു ഭീകരഭൂതം പുറത്തു വന്നു സമാധാനത്തോടെ കഴിഞ്ഞിരുന്ന പ്രജകളെ പിടിച്ച് കൊണ്ട് പോയി അവന്റെ ഗുഹയില്‍ തടവുകാരാക്കി. വിവരം രാജാവിന്റെ ചെവികളിലെത്തിയപ്പോള്‍ ഭൂതത്തെ നേരിടുവാന്‍ രാജാവു തന്റെ മല്ലന്‍മാരായ ഭടന്മാരെ അയച്ചു. എന്നാല്‍ ഭൂതം അവരെയും ബന്ധനസ്ഥരാക്കി. ഒടുവില്‍ രാജാവു തന്റെ പുത്രനെത്തന്നെ ഭൂതത്തെ നേരിടുവാന്‍ അയച്ചു. ഒരു സാധാരണ പ്രജയുടെ വേഷത്തില്‍ രാജകുമാരന്‍ ഭൂതത്തെ സമീപിച്ചു. രാജകുമാരനെയും ഭൂതം തന്റെ ഗുഹയ്ക്കുള്ളിലാക്കി. ഗുഹയ്ക്കുള്ളില്‍ രാജകുമാരന്‍ തന്റെ കപടവേഷം അഴിച്ചുകളഞ്ഞു. സ്വന്തരൂപം പൂണ്ട രാജകുമാരനെ കണ്ടു ഭൂതം ഭയന്ന് വിറച്ചു. അതിഭയങ്കരമായ മല്ലയുദ്ധത്തിനൊടുവില്‍ ഭൂതം മൃതനായി നിലം പതിച്ചു. ഗുഹക്കുള്ളില്‍ ബന്ധ്നസ്തരായിരുന്ന എല്ലാവരെയും രാജകുമാരന്‍ സ്വതന്ത്രരാക്കി.

ഇതാണ് ദുഖവെള്ളിയുടെ പിന്നിലുള്ള കഥ. ഇതിലെ രാജ്യം നമ്മുടെ ലോകം തന്നെ. രാജാവു ദൈവം. ഭീകരഭൂതം മരണം. അതിന്റെ ഗുഹ പാതാളം. രാജകുമാരന്‍ യേശുക്രിസ്തു.

മരണത്തെ നേരിടുവാന്‍ മനുഷ്യവേഷം പൂണ്ട ദൈവത്തെ തിരിച്ചറിയാതിരിക്കുന്നത് മനുഷ്യര്‍ മാത്രമാണ്. സൂര്യചന്ദ്രാദികളും, കടലും, കരയും, മറ്റും അവരുടെ സൃഷ്ടാവിനെ തിരിച്ചറിയുന്നു. യേശുവിനെ കുരിശിച്ച മരം പോലും സൃഷ്ടാവിനെ തിരിച്ചറിയുന്നു. അതിന്റെ ആത്മഗതം കേള്‍ക്കുക.

ചൊല്ലുന്നു മരം, കഷ്ടമെനിക്കെന്തുളവായ്‌
സൃഷ്ടീശനെയെന്‍ മീതെ ഹാ കുരിശിച്ചാര്‍

യേശുവിന്റെ കൂരിശുമരണസമയത്തുണ്ടായ സൂര്യഗ്രഹണവും ഭൂമികുലുക്കവും വര്‍ണിക്കുമ്പോള്‍ ഈ പിതാക്കന്മാരുടെ കവിഭാവന ചിറകു വിരിച്ച് പറക്കുന്നു.

നഗ്നത പൂണ്ടോരുടയോനെക്കണ്ടടിയാന്‍ സൂര്യന്‍
ഘോരാക്ഷേപം കാണായ്-വാന്‍ തന്‍ നയനം ചിമ്മി

തന്റെ ഉടയവനെ നഗ്നനായി കാണാനിടയായ സൂര്യന്‍ ആക്ഷേപകരമായ ഈ കാഴ്ച കാണാന്‍ കെല്‍പ്പില്ലാതെ തന്റെ കണ്ണുകള്‍ മൂടിയതുകൊണ്ടാണ് ഭൂമിയില്‍ ഇരുട്ട് വന്നത് എന്നാണ് ഇവിടെ കവിഭാവന.

സ്കീപ്പായിന്‍മേല്‍ നീതിമാഹാര്‍ക്കന്‍ മേവീടുമ്പോള്‍
സൃഷ്ടികളില്‍ ഞാനെങ്ങനുദിക്കും ചൊന്നാന്‍ സൂര്യന്‍.

സൂര്യന്‍ പ്രകാശിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ക്ക് പ്രകാശം നഷ്ടപ്പെടുന്നതുപോലെ നീതിമഹാസൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ തനിക്ക് പ്രകാശം നഷ്ടപ്പെട്ടു പോയെന്ന് സൂര്യന്‍ സമ്മതിക്കുന്നു എന്നാണ് ഇവിടെ കവിഭാവന.

നോഹിന്‍ നാഥന്‍ തന്‍ നഗ്നത കാണായ്-വാന്‍ ശേമും
യാഫേത്തും പോല്‍ രവിയും മതിയും വദനം മൂടി

തങ്ങളുടെ പിതാവായ നോഹ നഗ്നനായി കിടന്നുറങ്ങുന്നു എന്നു ഹാമില്‍ നിന്നും കേട്ട ശേമും യാഫേത്തും ആക്ഷേപകരമായ ആ കാഴ്ച കാണാനാവാതെ പിറകോട്ടു നടന്നു ഒരു തുണി പിതാവിന്റെ മേല്‍ വിരിക്കുന്ന കഥയുണ്ട്. അതുപോലെ സൂര്യനും ചന്ദ്രനും തങ്ങളുടെ നാഥന്‍റെ നഗ്നത കാണാനാവാതെ മുഖം മൂടി.

രൂപകം, ഉപമ എന്നിവയോടൊപ്പം ഈ കാവ്യങ്ങളില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കാവ്യസങ്കേതങ്ങള്‍ വ്യക്തിവത്കരണവും (personification) വിരോധാഭാസവും (irony) ആണ്. സൂര്യന്‍, ചന്ദ്രന്‍, മരം, കടല്‍, തുടങ്ങിയ അചേതന വസ്തുക്കളെ സചേതന വ്യക്തികളായി സങ്കല്‍പ്പിച്ചിരിക്കുന്നു.

ഇന്നാളുടയോന്‍ തരുവിന്‍മീതെ ദാഹത്താല്‍ ജലമാരായ്കെ
പാരാവാരം കൂറ്റന്‍ പോലാരവമേറി

എനിക്കു ദാഹിക്കുന്നു എന്നു യേശുതമ്പുരാന്‍ പറയുന്നതു കേട്ടു മഹാസമുദ്രം അലറുന്നതെന്തിന്? തനിക്ക് ഈ ജലമെല്ലാം തന്ന തന്റെ ഉടയവനാണ് അല്പം ജലത്തിന് വേണ്ടി യാചിക്കുന്നതെന്ന് സമുദ്രം അറിയുന്നു.  ഇത് വിരോധാഭാസ (irony) ത്തിന്റെ ഒരു ഉദാഹരണമാണ്.

ഇന്നാള്‍ നിന്നാന്‍ മൌലി നമിച്ചാ വിധി ഗേഹത്തില്‍
സര്‍വവിധീശവിധീശന്‍ താന്‍

ന്യായാധിപന്‍മാരെ ന്യായം വിധിക്കുന്നവന്‍ ഒരു ന്യായാധിപന്റെ മുമ്പാകെ കുറ്റവാളിയെപ്പോലെ നില്‍ക്കുന്നതും വിരോധാഭാസം തന്നെ.

ഒരു നാടകത്തിലെ ഒരു കഥാപാത്രത്തെ നാടകത്തിലെ മറ്റ് കഥാപാത്രങ്ങള്‍ മനസിലാക്കുന്നില്ലെങ്കിലും നാടകത്തിന്റെ കാഴ്ചക്കാര്‍ ആ കഥാപാത്രത്തെ മനസിലാക്കുന്നത് നാടകീയ വിരോധാഭാസം (dramatic irony) എന്ന കാവ്യസങ്കേതമാണ്. യേശുവിനെ കുരിശിലേറ്റുന്നവര്‍ക്ക് യേശു ആരെന്നു അറിഞ്ഞുകൂട. എന്നാല്‍ ഇതെല്ലാം കണ്ടുകൊണ്ട് സ്വര്‍ഗത്തിലും ഭൂമിയിലും ഇരിക്കുന്ന മനുഷ്യേതര കാഴ്ചക്കാര്‍ യേശു ആരെന്നു അറിയുന്നു.

താനടിയേറ്റപ്പോള്‍ ലഗിയോന്‍ വിറപൂണ്ടു
സ്രഷ്ടാവിനെ ധിക്കാരികള്‍ നിന്ദിച്ചതിനാല്‍
ചിറകു വിടര്‍ത്താരവരെ ചുടുവാന്‍
ജനകാംഗ്യം ശമനമവര്‍ക്കേകി
തിരുവുളമായ് ദുഷിയേറ്റാന്‍
തീ പൂണ്ടോര്‍ ശമമാര്‍ന്നു

റോമാസൈന്യത്തിലെ ഒരു വലിയ സംഘത്തെ കുറിക്കുന്ന പദമാണ് ലഗിയോന്‍ (legion). പൈശാചിക സൈന്യത്തെ കുറിക്കുവാന്‍ ആ പദം സുവിശേഷങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ ആ പദം ഉപയോഗിച്ചിരിക്കുന്നത് സ്വര്‍ഗസൈന്യത്തെ കുറിക്കുവാനാണ്. സ്രഷ്ടാവിനെ നിന്ദിക്കുന്ന ധിക്കാരികളെ പറന്നു ചെന്നു ചുട്ടു കരിക്കുവാന്‍ സ്വര്‍ഗസൈന്യം ചിറകു വിടര്‍ത്തുന്നു. എന്നാല്‍ അത് വേണ്ട എന്നു പിതാവ് ആംഗ്യം കാട്ടുന്നത് കണ്ടു അവര്‍ ചിറകുകള്‍ താഴ്ത്തുന്നു. തന്‍റെ സ്വന്ത ഇഷ്ടപ്രകാരമാണ് ദൈവപുത്രന്‍ നിന്ദ  ഏല്‍ക്കുന്നത് എന്നു അവര്‍ക്ക് മനസിലാകുന്നു.  ഇത് നാടകീയ വിരോധാഭാസത്തിന്‍റെ ഒരു ഉദാഹരണമാണ്.

മരണത്തെ കൊല്ലുന്നതെങ്ങനെ?
യേശുതമ്പുരാന്‍റെ മാതൃക പിന്തുടര്‍ന്നു മാര്‍ ആപ്രേമും മറ്റും ഉപയോഗിച്ച ഒരു ഉപമയാണ് മരണം എന്ന ഭീകരഭൂതത്തെ കൊല്ലുന്ന കഥ. അതിനെ ഒരു ചരിത്രസംഭവമായി അക്ഷരാര്‍ഥത്തില്‍ കണ്ടാല്‍ “പരീശന്മാരുടെ പുളിച്ച മാവിനെ സൂക്ഷിച്ചു കൊള്‍വീന്‍” എന്ന യേശുക്രിസ്തുവിന്റെ ഉപദേശം അക്ഷരാര്‍ഥത്തില്‍ എടുത്ത ശിഷ്യന്മാരുടെ മണ്ടത്തരമാവും അത്.
എന്താണ് ഈ ഉപമയുടെ അര്ത്ഥം എന്നു അപ്രേം പിതാവിനോടു ചോദിച്ചാല്‍ എന്താവും അദ്ദേഹം നല്‍കുന്ന ഉത്തരം? അദ്ദേഹം ഇങ്ങനെ പറയുമായിരിക്കും. മരണം രണ്ടു തരമുണ്ട്: യേശു മരിച്ച മരണം, യേശു കൊന്ന മരണം. ആദ്യത്തേത് ആക്ഷരികമാണ്. രണ്ടാമത്തേത് ആലങ്കാരികവും. മനുഷ്യജീവിതത്തിലെ രണ്ടു അടിസ്ഥാന പ്രശ്നങ്ങളാണിവ.
യേശു മരിച്ച മരണം സ്വാഭാവിക മരണമാണ്. ജനനമുള്ള എല്ലാ ജീവികള്‍ക്കുമുണ്ട് മരണവും. മരണം സുനിശ്ചിതം, എന്നാല്‍ എപ്പോള്‍ അത് വരുമെന്നു മാത്രം ഒരു നിശ്ചയവുമില്ല. നമ്മുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞൊടിയിടയില്‍ ഇല്ലാതാക്കുന്ന ഒരു ഭീകരഭൂതമായി മരണം കാണപ്പെടുന്നു. എന്നാല്‍ നമ്മെ ഭയപ്പെടുത്തുന്ന ഈ ഭീകരഭൂതം വീര്‍പ്പിച്ചു വച്ചിരിക്കുന്ന ഒരു വെറും പാവയാണ് എന്നതാണു സത്യം. മരണമല്ല വാസ്തവത്തില്‍ നമ്മുടെ പ്രശ്നം, മരണഭയമാണ്. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ കൊണ്ട് ഇത് വിശദമാക്കാം.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും കാണപ്പെടുന്നു. ഭൂമിയില്‍ നിന്നു ഏതാണ്ട് ഒരായിരം മൈല്‍ മാറി സ്പേസില്‍ പോയി നോക്കിയാല്‍ സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്നു കാണാം. അതുപോലെ നമ്മുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോഴാണ് നമുക്ക് മരണമുള്ളത്. ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ നമുക്ക് ജനനവും മരണവും ഇല്ലെന്നാവും കാണുക. കാരണം നമ്മെ ജീവിപ്പിക്കുന്ന ജീവന്‍ നമ്മുടെ സ്വന്തമല്ല, അത് ദൈവത്തിന്റെ ജീവനാണ്. സ്വയം പ്രകാശിക്കുന്ന സൂര്യന്‍റെ പ്രകാശത്താല്‍ ചന്ദ്രന്‍ പ്രകാശിക്കുന്നത് പോലെ തന്നില്‍ത്തന്നെ ജീവനുള്ള ദൈവത്തിന്‍റെ ജീവനാണ് എല്ലാ ജീവജാലങ്ങളെയും ജീവിപ്പിച്ചു നിര്‍ത്തുന്നത്. ചന്ദ്രനു സ്വതവേ പ്രകാശമില്ലാത്തത് പോലെ നമുക്ക് സ്വതവേ ജീവനില്ല.

സമുദ്രോപരിതലത്തില്‍ ഉയരുന്ന ഒരു തിരമാല നിമിഷങ്ങള്‍ക്കകം താഴേക്കു പതിക്കുമ്പോള്‍ “അയ്യോ ഞാന്‍ മരിക്കുന്നേ” എന്നു വിലപിക്കുന്നതായി സങ്കല്‍പ്പിക്കുക. എന്തു പറഞ്ഞാണ് നാം അതിനെ ആശ്വസിപ്പിക്കുന്നത്? തിരമാല ജനിച്ചിട്ടു വേണ്ടേ മരിക്കാന്‍ എന്നാവും നമുക്ക് മനസില്‍ തോന്നുക. ഇതുപോലെയാണ് എല്ലാ ജീവികളുടെയും കാര്യം. സര്‍വേശ്വരന്റെ ജീവന്റെ പ്രകടനങ്ങളാണ് എല്ലാ ജീവജാലങ്ങളും. സ്വയം ജീവിക്കുന്ന ഒരു ജീവിയും ഇല്ല.
ചുരുക്കത്തില്‍, യേശു മരിച്ച മരണം എല്ലാ ജീവജാലങ്ങളും മരിക്കുന്ന മരണമാണ്. അതില്‍ ഭയക്കേണ്ടതായി ഒന്നും ഇല്ല. ഉള്‍ക്കണ്ണു കൊണ്ടു കാണുമ്പോഴാണു നമ്മെ പേടിപ്പിക്കുന്ന ഈ ഭൂതം വെറും ഒരു പാവയാണ് എന്നു നാം അറിയുന്നത്. എന്നാല്‍ യേശു കൊന്ന മരണം വെറുമൊരു പാവയല്ല, അത് വളരെ അപകടകാരിയായ ഒരു ഭീകരഭൂതം തന്നെയാണ്. ആത്മീയമരണം എന്നാണ് അത് പൊതുവേ അറിയപ്പെടുന്നത്.

ദൈവത്തോടും, മനുഷ്യര്‍ തമ്മിലും, പ്രകൃതിയോടും ഉള്ള ഐക്യത്തിലാണ് ലോകത്തിന്റെ മുഴുവന്‍ നിലനില്‍പ്പു അടിസ്ഥാനപ്പെട്ടിരിക്കുന്നത്‍. ബന്ധങ്ങള്‍ വിഘടിക്കുമ്പോള്‍ ലോകത്തിന്റെ നിലനില്‍പ്പു അപകടത്തിലാകുന്നു. എല്ലാ ബന്ധങ്ങളും സുദൃഢമായിരിക്കുന്ന സ്വര്‍ഗീയ വ്യവസ്ഥിതിയുടെ ഒരു പേരാണ് ഏദന്‍ തോട്ടം. ആദാമിന്റെ അനുസരണക്കേട് ബന്ധങ്ങള്‍ വിഘടിക്കുന്നതിന് കാരണമായി. വിലക്കപ്പെട്ട കനി തിന്ന നാളില്‍ ആദാമിനു സംഭവിച്ച മരണം ആദം ഏദനില്‍ അനുഭവിച്ച സ്വര്‍ഗീയജീവിതത്തിന്‍റെ അന്ത്യമായിരുന്നു.  ദൈവത്തോടും, മനുഷ്യര്‍ തമ്മിലും, പ്രകൃതിയോടും ഉള്ള ബന്ധങ്ങള്‍ വിഘടിക്കപ്പെട്ടു. വിഘടിതബന്ധങ്ങള്‍ ആണ് മനുഷ്യന്റെ ഏറ്റവും വലിയ അസ്തിത്വപ്രശ്നം.

വിഘടിച്ചുപോയ ബന്ധങ്ങള്‍ പുനസ്ഥാപിക്കണം– അതാണ് പ്രശ്നപരിഹാരം. ദൈവത്തെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുക, സമസൃഷ്ടങ്ങളെ നമ്മെപ്പോലെ സ്നേഹിക്കുക, പ്രകൃതിയെ സംരക്ഷിക്കുക. വിഘടിച്ചുപോയ ബന്ധങ്ങളില്‍ പശ്ചാത്തപിച്ചു മുടിയന്‍ പുത്രനെപ്പോലെ തിരികെ വരിക. ഒന്നാം ആദം അനുസരണക്കേട് കാട്ടി ദൈവത്തോടുള്ള ബന്ധം വിച്ഛേദിച്ചെങ്കില്‍‍, മരണത്തോളം അനുസരണമുള്ളവനായി രണ്ടാമാദം ദൈവത്തോടുള്ള ബന്ധം സുദൃഢമായി നിലനിര്‍ത്തി എന്നു പൌലൊസ് അപ്പൊസ്തോലന്‍ എഴുതുന്നു. സ്വര്‍ഗീയ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്ന ഈ  ഭീകര ഭൂതത്തെ വകവരുത്തുന്നത് ബന്ധങ്ങള്‍ സുദൃഢമാക്കിക്കൊണ്ടു വേണം.
യേശുക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്നു ഈ ഭീകരഭൂതത്തെ കൊല്ലുവാന്‍ നമുക്കും കഴിയണം.

നമ്മുടെ യഥാര്‍ത്ഥ പ്രശ്നത്തെ തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ചയാണ് നമുക്ക് ആദ്യം വേണ്ടത്. മരണം ഒരു വലിയ പ്രശ്നമായി കാണപ്പെടുന്നത് ആത്മീയ അന്ധതയുടെ ഫലമായാണ്. അന്ധത മാറി ഉള്‍ക്കാഴ്ച ലഭിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നം മരണമല്ല, ആത്മീയ മരണം ആണ് എന്നു നമുക്ക് ബോധ്യപ്പെടും. ആത്മീയ അന്ധതയും ആത്മീയ മരണവുമാണ് മനുഷ്യന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍. പ്രശ്ന പരിഹാരം, യോഹന്നാന്‍ ശ്ലീഹായുടെ ഭാഷയില്‍, വെളിച്ചവും ജീവനുമാണ്– ആത്മീയ വെളിച്ചവും ആത്മീയ ജീവനും.
വിഘടിതബന്ധങ്ങള്‍ എന്ന ഭീകരഭൂതത്തെ വധിച്ചു, നമ്മുടെ ബന്ധങ്ങള്‍ പുനസ്ഥാപിക്കുവാനും സുദൃഢമാക്കുവാനും ഈ ഹാശാപെരുനാളില്‍ നമുക്ക് ഉള്‍ക്കാഴ്ചയുണ്ടാകട്ടെ!

Read this in English here

ദൈവം മരണത്തെ കൊല്ലുന്ന കഥ കാവ്യരൂപത്തില്‍ ഇവിടെ വായിക്കാം .