മര്‍ദീന്‍ യാത്രാവിവരണം | പ. വട്ടശേരില്‍ തിരുമേനി


മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍നിന്ന്
(മുദ്ര)

പ്രിയരെ,

അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ അനിഷ്ടം സമ്പാദിപ്പാന്‍ നമുക്ക് സംഗതിയായത് മലങ്കരസഭയുടെ ഐശ്വര്യത്തേയും സ്വാതന്ത്ര്യത്തെയും മുന്‍കാലത്തെപ്പോലെതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നു നമുക്കുണ്ടായിരുന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഈ വിഷയത്തില്‍ നമ്മെ സഹായിക്കുകയും അനുകൂലിക്കുകയും നമ്മോടു സഹകരിക്കുകയും ചെയ്യാന്‍ ചുമതലയുള്ളവരായ ചിലര്‍ അങ്ങനെ ചെയ്യുന്നതിനു പകരം നമുക്കു വിപരീതമായി പുറപ്പെടുകയും തന്നിമിത്തം മുടക്കും, കേസും ഉണ്ടാകുകയും ചെയ്ത വിവരം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇപ്പോള്‍ അവസാനിച്ച വട്ടിപ്പണക്കേസ്, ജില്ലാക്കോടതിയില്‍ സത്യത്തിനും നീതിക്കും അനുസരണമായി ഒരു വിധി ഉണ്ടായി എന്നുവരികിലും ഹൈക്കോടതിയില്‍ അങ്ങനെയല്ല സംഭവിച്ചത്. കൃത്രിമവും വ്യാജനിര്‍മ്മിതവുമായ ഒരു കാനോന്‍ സഭയുടെ സ്വീകാര്യ കാനോനാണെന്നു ഹൈക്കോടതി പ്രസ്താവിക്കുകയുണ്ടായി. നമ്മുടെ മുടക്കു കാനോന്‍ നിയമങ്ങള്‍ക്കു മാത്രമല്ല സ്വാഭാവികനീതിക്കുപോലും വിപരീതമായി ഉണ്ടായതാണെന്നു നമുക്കും അതിന്‍റെ സൂക്ഷ്മാവസ്ഥ അറിയാവുന്ന ഏവര്‍ക്കും നല്ല ബോദ്ധ്യമുണ്ടെങ്കിലും തിരുവിതാംകൂറിലെ ഹൈക്കോടതി മറിച്ചാണ് തീരുമാനിച്ചത്. ഹൈക്കോടതി വിധിയുടെ ശേഷം മലങ്കരസഭ രണ്ടായി പിരിയുകയേ ഗതിയുള്ളു എന്ന സ്ഥാനത്തിലെത്തി. ആ അവസരത്തിലും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് ഇവിടെ തന്നെ നാം പല ശ്രമങ്ങള്‍ ചെയ്തു. എന്നാല്‍ അവ ഒന്നും ഫലിച്ചില്ല. ആ സമയത്തു സന്ധിയാലോചനയില്‍ സമാധാനത്തിന് പ്രതിബന്ധങ്ങളായി രണ്ടു സംഗതികള്‍ പ്രത്യക്ഷപ്പെട്ടു. ഒന്നാമത്തേത്, അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ നമ്മുടെ നേര്‍ക്ക് അയച്ച മുടക്ക്, രണ്ടാമത്തേത്, അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് ബാവാ ഈ നാട്ടില്‍ വന്നു വാഴിച്ചിട്ടുള്ള മേല്പട്ടക്കാരെ സ്വീകരിക്കുന്നതിന് എതിര്‍ കക്ഷികള്‍ക്കുള്ള വൈമനസ്യവുമായിരുന്നു. ഇവയ്ക്കു രണ്ടിനും പരിഹാരം ഉണ്ടാക്കുന്നപക്ഷം മലങ്കരസഭയില്‍ സമാധാനവും പുനരൈക്യവും സ്ഥാപിക്കുന്നതിന് സാധിക്കുമെന്നു സമാധാനാലോചനയില്‍ മദ്ധ്യസ്ഥന്മാരായി നിന്നു പ്രവര്‍ത്തിച്ച നമ്മുടെ പാലാമ്പടം തോമസ് വക്കീല്‍ മുതല്‍ പേരില്‍ നിന്നു നമുക്കു മനസ്സിലായി. ഇപ്പോഴത്തെ പാത്രിയര്‍ക്കീസിനെ നേരിട്ടുകണ്ട് മലങ്കരസഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ വേണ്ടതു പ്രവര്‍ത്തിക്കണമെന്നു അപേക്ഷിപ്പാന്‍ നാം തീര്‍ച്ചയാക്കി. നമ്മുടെ ഈ വാര്‍ദ്ധക്യദശയില്‍ കരയും കടലും കടന്നു ശീമ രാജ്യത്തുപോയി ഈ കാര്യം നേടുന്നതു സഭയുടെ ഐക്യത്തിനു ആവശ്യമാണ്. ഇതു സാധിക്കുന്നതിലേക്കായി തുര്‍ക്കി രാജ്യത്തേക്കുള്ള നമ്മുടെ ദീര്‍ഘയാത്ര, യാത്രാക്ലേശങ്ങള്‍ നിമിത്തമോ, തുര്‍ക്കി ദേശത്തെ അസ്വാസ്ഥ്യങ്ങള്‍ നിമിത്തമോ നമുക്കു ജീവാപായം നേരിടുവാന്‍ എളുപ്പമുണ്ടെങ്കിലും അങ്ങനെ വന്നാല്‍പോലും നമ്മുടെ സഭയുടെ ഐശ്വര്യത്തിനായി ശ്രമിപ്പാനുള്ള ധര്‍മ്മത്തെ നിവര്‍ത്തിക്കണമെന്നുള്ള മനോബോദ്ധ്യം നിമിത്തം നാം പാത്രിയര്‍ക്കീസിനെ കാണുന്നതിനായി മര്‍ദ്ദീന്‍ പട്ടണത്തിലേക്കു യാത്ര പുറപ്പെട്ടു. നമ്മുടെ യാത്രയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു തന്നിട്ടുള്ളവരായി ഇവിടെയും ഇതര ദേശങ്ങളിലും നിവസിക്കുന്ന വാല്‍സല്യ ഭാജനങ്ങളായ ഏവരോടും നമുക്കുള്ള കൃതജ്ഞതയെ ഈ അവസരത്തില്‍ പ്രകാശിപ്പിച്ചുകൊള്ളുന്നു.

ഇവിടെനിന്നു പുറപ്പെട്ട് 37 ദിവസങ്ങളുടെ ശേഷം നാം മര്‍ദ്ദീനില്‍ പാത്രിയര്‍ക്കീസിന്‍റെ അടുക്കലെത്തി. 67 ദിവസങ്ങളോളം അവിടെ താമസിക്കുകയും മലങ്കരസഭയുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സമാധാനപരിപാലനത്തിനും വേണ്ട കാര്യങ്ങള്‍ പാത്രിയര്‍ക്കീസിനോടു നാം അറിയിക്കയും ചെയ്തു. ഞങ്ങള്‍ ബാവായുടെ അടുക്കല്‍ താമസിച്ചിരുന്ന എല്ലാ ദിവസങ്ങളിലും അദ്ദേഹം നമ്മെ എത്രയും ബഹുമാനിക്കുകയും നമ്മോട് സ്നേഹം കാണിക്കുകയും ചെയ്തു എന്നു മാത്രമല്ല, കുര്‍ക്കുമാ ദയറായില്‍ ബാവായോട് ഒരുമിച്ച് നാം താമസിപ്പാന്‍ തുടങ്ങിയ ദിവസം മുതല്‍ നമസ്കാരങ്ങളിലും കുര്‍ബാനകളിലും നമ്മെയും കൂടെയുള്ളവരെയും സ്നേഹപൂര്‍വ്വം സംബന്ധിപ്പിക്കുകയും ചെയ്തുവന്നു.

നമ്മുടെ സഭയ്ക്കോ സത്യവിശ്വാസത്തിനോ വി. സിംഹാസനത്തിനോ എതിരായി നാം വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവ നമ്മോടു ക്ഷമിക്കണമെന്നു നാം പാത്രിയര്‍ക്കീസിനെ അറിയിക്കുകയുണ്ടായി. അപ്പോള്‍ ‘താങ്കള്‍ എവിടെനിന്നും വീണുവോ അവിടെ എഴുന്നേറ്റു നില്‍ക്കണം’ എന്നു പാത്രിയര്‍ക്കീസു നമ്മോടു കല്പിക്കുകയും നാം ഉടമ്പടി കൊടുത്തെങ്കില്‍ മാത്രമേ നമ്മുടെ അപേക്ഷയെ സാധിച്ചുതരികയുള്ളുവെന്നുള്ള വിധത്തില്‍ നമ്മെ മനസ്സിലാക്കുകയും ചെയ്തു. നമ്മുടെ സഭയ്ക്കോ സത്യവിശ്വാസത്തിനോ വി. സിംഹാസനത്തിനോ എതിരായി നാം യാതൊന്നുംതന്നെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും നമ്മുടെ വിനയത്തെയും സിംഹാസനത്തോടുള്ള ബഹുമാനത്തെയും പ്രദര്‍ശിപ്പിക്കുന്നതിനും മലങ്കരസഭയില്‍ സമാധാനം ഉണ്ടാകണമെന്നുള്ള ആഗ്രഹം മൂലവും മാത്രം നാം ഈ ക്ഷമായാചനം ചെയ്തതാണെന്നും അബ്ദുള്ളാ പാത്രിയര്‍ക്കീസ് നമ്മെ മുടക്കാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം ഇവ ഒന്നുമല്ലെന്നും നമ്മെ മുടക്കാന്‍ ഉണ്ടായ സത്യകാരണം നാം പാത്രിയര്‍ക്കീസിന്‍റെ ലൗകികാധികാരം സമ്മതിച്ചു രജിസ്റ്റര്‍ ഉടമ്പടി കൊടുക്കാതിരുന്നതു മാത്രമാണെന്നും മലങ്കരസഭമേല്‍ ലൗകികാധികാരം കിട്ടുന്നതിനുവേണ്ട ഉടമ്പടി എഴുതിക്കുക മുതലായി അബ്ദള്ള പാത്രിയര്‍ക്കീസു ചെയ്ത ശ്രമങ്ങള്‍ നിഷ്ഫലമായി തീര്‍ന്നു എന്നും പാത്രിയര്‍ക്കീസിനു മലങ്കരസഭമേല്‍ ലൗകികാധികാരം ഇല്ലെന്നു റോയല്‍ കോടതിവിധിയില്‍ ഒന്നു കൂടി ദൃഢപ്പെടുത്തുകയാണ് ഉണ്ടായിട്ടുള്ളതെന്നും അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്ക് ഏതൊരു കാര്യത്തിനായി പുറപ്പെടുവിച്ചുവോ ആ കാര്യം – ലൗകികാധികാരലാഭം – സാധിച്ചിട്ടില്ലെന്നും ആ മുടക്കുകൊണ്ട് നമ്മെ ദ്രോഹിപ്പാനും മലങ്കരസഭയെ ഭിന്നിപ്പിപ്പാനും സാധിച്ചുവെന്നല്ലാതെ അബ്ദുള്ളാ പാത്രിയര്‍ക്കീസിനോ സിംഹാസനത്തിനോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും വിനയപൂര്‍വ്വം നാം അറിയിച്ചു. എന്നുതന്നെയുമല്ല അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് ഈ നാട്ടില്‍ എഴുന്നെള്ളി സ്ഥാനം കൊടുത്തിട്ടുള്ളതായ മേല്പട്ടക്കാരെ സ്വീകരിക്കണമെന്നും, മുന്‍കാലത്ത് ഒന്നിലധികം പാത്രിയര്‍ക്കീസുമാര്‍ സഭയില്‍ സമകാലികന്മാരായി ഉണ്ടായിട്ടുള്ളപ്പോള്‍ അവര്‍ ഓരൊരുത്തരും മേല്പട്ടക്കാരെ വാഴിക്കുകയും തദനന്തരം സമാധാനം ഉണ്ടാകുമ്പോള്‍ വാഴിക്കപ്പെട്ടവരെ എല്ലാം രണ്ടാമതു പട്ടംകൊടുക്കാതെ സ്വീകരിക്കുകയും ചെയ്തിട്ടാണ് സഭയില്‍ പുനരൈക്യം ഉണ്ടായിട്ടുള്ളതെന്നും അതുപോലെ ഈ അവസരത്തില്‍ മലങ്കരസഭമേല്‍ കരുണ തോന്നി പ്രവര്‍ത്തിക്കണമെന്നും അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസില്‍നിന്നും സ്ഥാനമേറ്റിട്ടുള്ള മേല്‍പട്ടക്കാര്‍ ഒരുനാളും അദ്ദേഹത്തിന്‍റെ ആത്മവരത്തെയോ അവര്‍ക്കു ലഭിച്ചിട്ടുള്ള ആത്മവരത്തെയോ നിന്ദിച്ചു പ്രവര്‍ത്തിക്കുന്നതല്ലെന്നും ഒരിക്കല്‍ പട്ടമേറ്റവര്‍ക്കു രണ്ടാമതു പട്ടം കൊടുക്കുക എന്നത് ന്യായരഹിതമാണെന്നും മറ്റും കാനോന്‍, ചരിത്രം മുതലായവ അടിസ്ഥാനപ്പെടുത്തി നാം അവസരംപോലെയും എത്രയും താഴ്മയോടും പാത്രിയര്‍ക്കീസിനോടു പല ദിവസങ്ങളായി ബോധിപ്പിച്ചു. എന്നു തന്നെയുമല്ല, നീ മദ്ബഹായില്‍ വച്ച് ദൈവത്തിന്‍റെ തിരുമുമ്പാകെ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന ശല്‍മൂസായില്‍ പ്രസ്താവിക്കുന്ന അനുസരണ ഉടമ്പടിക്കും പുറമേ സര്‍ക്കാര്‍ കച്ചേരി മുമ്പാകെ രജിസ്റ്റര്‍ ഉടമ്പടി കൂടി മേല്‍പ്പട്ടക്കാര്‍ എഴുതിക്കൊടുക്കണമെന്നു നിര്‍ബന്ധിക്കുന്നത്, വി. സഭാതത്വങ്ങള്‍ക്കും വി. സഭയിലെ പൂര്‍വ്വീകമായ ആചാരത്തിനും പ്രതികൂലമാണെന്നും അവിടെ തുര്‍ക്കിദേശത്തു ഇല്ലാതായ ഒരു കാര്യം മലങ്കരയുള്ള മേല്പട്ടക്കാരെക്കൊണ്ടു ചെയ്യിക്കുന്നതു മലയാളത്തുകാരെ അപമാനിക്കുന്നതാണെന്നും നാം ബോധിപ്പിച്ചു. നാം പാത്രിയര്‍ക്കീസിന്‍റെ അടുത്ത് ദീര്‍ഘയാത്രയുടെ കായക്ലേശവും മനഃക്ലേശവും ദ്രവ്യനഷ്ടവും സഹിച്ചെത്തിയിരിക്കുന്നത് നമ്മുടെ മുടക്കു തീര്‍ത്തിട്ടു നമുക്കു അധികാരത്തോടും പ്രഭാവത്തോടുംകൂടി ഭരിക്കണമെന്നുള്ള ആഗ്രഹംകൊണ്ടല്ലെന്നും നമ്മുടെ ശിഷ്ടായുസ്സ് ഭരണസംബന്ധമായ ചുമതലകളില്‍നിന്നു വേര്‍പെട്ടു സ്വസ്ഥമായും സ്വൈര്യമായും കഴിച്ചുകൂട്ടണമെന്നാണ് നാം നിശ്ചയിച്ചിരിക്കുന്നതെന്നും ഭരണമോഹം പ്രമാണിച്ചു നാം വന്നിട്ടുള്ളതല്ലെന്നും മലങ്കരസഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകണമെന്നുള്ള അത്യാഗ്രഹം നിമിത്തവും നമ്മോടുകൂടെയുള്ള മേല്പട്ടക്കാരെ പാത്രിയര്‍ക്കീസു സ്വീകരിക്കുന്നപക്ഷം മാത്രമേ മലങ്കരസഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകുകയുള്ളുവെന്നും നമുക്കു ബോദ്ധ്യപ്പെട്ടിരിക്കുന്ന സംഗതി അറിയിച്ചു. സമാധാനത്തിനായി നാം ചെയ്യേണ്ട അവസാനശ്രമം കൂടി ചെയ്യണമെന്നു നമ്മുടെ മനസ്സാക്ഷി നമ്മെ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് നാം വന്നിരിക്കുന്നതെന്നും സവിനയം ഗ്രഹിപ്പിച്ചു. ആദ്യത്തെ 47 ദിവസങ്ങളോളം മലങ്കരസഭാ കാര്യങ്ങള്‍ സംബന്ധിച്ചു നാം അറിയിച്ചുകൊണ്ടിരുന്നവയ്ക്കു ശരിയായ സമാധാനം തരാതെ കഴിച്ചുകൂട്ടി. എന്നാല്‍ നാം അവിടെ എത്തിയതിന്‍റെ 47-ാം ദിവസം പാത്രിയര്‍ക്കീസ് താഴെപറയുംപ്രകാരം നമ്മോടു കല്പിച്ചു. നമുക്കു ദൈവമുമ്പാകെയുള്ള ഉടമ്പടി മതി. കോടതി മുമ്പാകെയുള്ള ഉടമ്പടി നമുക്ക് ആവശ്യമില്ല. നിങ്ങളുടെ മുടക്കും സര്‍വ്വ മുടക്കുകളും നാം തീര്‍ത്തിരിക്കുന്നു. അബ്ദല്‍ മിശിഹാ വാഴിച്ചിട്ടുള്ള മേല്‍പട്ടക്കാരെയും അവരില്‍നിന്നു സ്ഥാനം സ്വീകരിച്ചിട്ടുള്ള പട്ടക്കാരെയും നാം അംഗീകരിച്ചു അനുഗ്രഹിച്ചിരിക്കുന്നു. പൊതുവെ സര്‍വജനത്തെയും നാം കൂട്ടമായി അനുഗ്രഹിച്ചിരിക്കുന്നു. എങ്കിലും അബ്ദല്‍ മിശിഹാ ബാവാ കൊടുത്ത സ്ഥാനത്തെ ഇപ്പോള്‍ നാം അംഗീകരിച്ചിരിക്കുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ സകല കല്പനകളെയും നാം അംഗീകരിച്ചതായി വന്നു കൂടും. മലങ്കരയ്ക്കു മഫ്രിയാനായെ വാഴിക്കുന്നതിന് അദ്ദേഹം ചില കല്പനകള്‍ കൊടുത്തിട്ടുള്ളതായി നാം അറിയുന്നു. അതു നമുക്കു ഇഷ്ടമില്ലാത്തതാണ്. അതിനു നാം സമ്മതിക്കുന്നതല്ല. അതിനാല്‍ ആ കല്പനകള്‍ അനുസരിച്ച് അവര്‍ മഫ്രിയാനായെ വാഴിക്കുന്നതല്ലെന്ന് ആ മെത്രാന്മാര്‍ നമുക്ക് ഒന്ന് എഴുതിത്തരണം. ഈ വിധം കല്പിച്ചപ്പോള്‍ ‘ഞാന്‍ അവരോടു പറയാം. അവര്‍ ചെയ്യുമെന്നാണ് എന്‍റെ വിശ്വാസം’ എന്നു നാം മറുപടി പറകയുണ്ടായി. അനന്തരം ഇരുകക്ഷിയില്‍പ്പെടുന്ന ആളുകളെയും ഈ വിവരം ബോദ്ധ്യപ്പെടുത്തി സഭയില്‍ സമാധാനവും ഐക്യവും സ്ഥാപിക്കുന്നതിനുവേണ്ടി മുമ്പു മലയാളത്ത് അബ്ദുള്ളാ പാത്രിയര്‍ക്കീസിനോടൊരുമിച്ച് വന്ന ഏലിയാസ് റമ്പാച്ചനെ നമ്മോടുകൂടി അയയ്ക്കണമെന്നും പാത്രിയര്‍ക്കീസ് തീരുമാനിച്ചു. അതിന്‍റെ ശേഷം അദ്ദേഹത്തിനും വേറൊരു റമ്പാനും മെത്രാന്‍ സ്ഥാനം കൊടുക്കണമെന്നു പാത്രിയര്‍ക്കീസ് തീര്‍ച്ചപ്പെടുത്തി. മേല്‍പ്പട്ടസ്ഥാനം കൊടുക്കുന്ന വിഷയത്തില്‍ പാത്രിയര്‍ക്കീസിനോടൊരുമിച്ചു സഹകരിപ്പാനായി നമ്മെയും അമ്മീദിലെ ദീവന്നാസ്യോസ് അബ്ദുല്‍ഡനമൂര്‍ മെത്രാപ്പോലീത്തായെയും അദ്ദേഹം ക്ഷണിച്ചു. അമ്മീദിലെ മെത്രാച്ചന് പാത്രിയര്‍ക്കീസിന്‍റെ കമ്പി കിട്ടാന്‍ താമസിച്ചുപോയതുകൊണ്ട് അദ്ദേഹം വന്നുചേര്‍ന്നില്ല. നമ്മുടെ സഹകരണത്തോടു കൂടിയാണ് പാത്രിയര്‍ക്കീസ് മേല്‍പറഞ്ഞ റമ്പാന്മാര്‍ ഇരുവര്‍ക്കും മേല്‍പ്പട്ടസ്ഥാനം കൊടുത്തത്. പാത്രിയര്‍ക്കീസ് മര്‍ദ്ദീന്‍ പട്ടണത്തിലുള്ള നാല്പതു സഹദേന്മാരുടെ പള്ളിയില്‍ എഴുന്നെള്ളുകയും മെത്രാന്‍സ്ഥാന ശുശ്രൂഷ നടന്നതിന്‍റെ തലേദിവസം വണ്ടി അയച്ച് കുര്‍ക്കുമാ ദയറായില്‍ നിന്നു നമ്മെ കൂട്ടി അവിടേക്കു കൊണ്ടുപോകയും ചെയ്തു. ആ ദിവസം സന്ധ്യാനമസ്ക്കാരത്തിങ്കല്‍, റമ്പാന്മാര്‍, പട്ടക്കാര്‍, പട്ടണവാസികള്‍ മുതലായി അവിടെ കൂടിയിരുന്ന എല്ലാവരോടും പാത്രിയര്‍ക്കീസ് നമ്മെക്കുറിച്ചു പരസ്യമായി പ്രസംഗിക്കുകയും നമ്മുടെ മുടക്കു തീര്‍ന്നിരിക്കുന്നതായും മറ്റും പ്രസ്താവിക്കുകയും ചെയ്തു. പിറ്റേദിവസം ഉണ്ടായ മെത്രാന്‍ സ്ഥാന ശുശ്രൂഷസമയത്ത് നാമും അംശവസ്ത്രം ധരിച്ചു പാത്രിയര്‍ക്കീസിനോടുകൂടി ശുശ്രൂഷിച്ചു. അംശവടി പിടിക്കുക, സ്ഥാനാര്‍ത്ഥികളുടെ തലമേല്‍ ഏവന്‍ഗേലിയോന്‍ വഹിക്കുക. പാത്രിയര്‍ക്കീസിനോടു കൂടി ഒന്നിച്ച് അംശവടിയിന്മേല്‍ പിടിച്ചു വടി സ്ഥാനാര്‍ത്ഥികള്‍ക്കു ഭരമേല്പിച്ചു കൊടുക്കുക മുതലായി മെത്രാന്‍സ്ഥാന ശുശ്രൂഷയില്‍ അടങ്ങിയിരിക്കുന്ന പ്രധാനമായ എല്ലാ കര്‍മ്മത്തിലും പാത്രിയര്‍ക്കീസിന്‍റെ കല്പനയനുസരിച്ചു നാം ശുശ്രൂഷിക്കുകയും സഹകരിക്കുകയും ചെയ്തു.

തദനന്തരം ഞങ്ങള്‍ക്ക് ഇവിടേയ്ക്കു മടങ്ങിപ്പോരുവാനുള്ള ഒരുക്കമായി. പാത്രിയര്‍ക്കീസ് നമ്മുടെ മുടക്കു തീര്‍ത്തിരിക്കുന്നതായും, അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസ് വാഴിച്ചിട്ടുള്ള മേല്‍പ്പട്ടക്കാരെയും അവര്‍ പട്ടം കൊടുത്തിട്ടുള്ള പട്ടക്കാരെയും അംഗീകരിച്ച് അവരെ അനുഗ്രഹിച്ചിരിക്കുന്നതായും മലങ്കരയുള്ള സര്‍വ ജനത്തെയും പൊതുവായി അനുഗ്രഹിച്ചിരിക്കുന്നതായും ഈ വിവരം മലങ്കര ഇരുകക്ഷികളെയും ബോദ്ധ്യപ്പെടുത്തി ഇവിടെ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിലേയ്ക്കു യൂലിയോസ് മെത്രാനെ ഞങ്ങളോട് ഒരുമിച്ചു അയച്ചിരിക്കുന്നതായും വിവരിക്കുന്ന ഒരു പൊതു കല്പന മലങ്കരസഭയ്ക്കും ഈ സംഗതികളെ സംബന്ധിച്ചും മഫ്രിയാനായേ വാഴിക്കുന്നതല്ലെന്നു ശേഷം മെത്രാന്മാര്‍ രജിസ്റ്റര്‍ ഉടമ്പടി എഴുതിക്കൊടുക്കണമെന്നും മറ്റും വിവരിക്കുന്നതായി ഒസ്താത്തിയോസ് മെത്രാന്‍റെ പേര്‍ക്കുള്ള വേറൊരു കല്പനയും പാത്രിയര്‍ക്കീസ് അദ്ദേഹത്തെ ഏല്പിച്ചു. എന്നു തന്നെയല്ല ഞങ്ങള്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് യൂലിയോസ് മെത്രാനും വേറെ പലരും കൂടി നില്‍ക്കുമ്പോള്‍ പാത്രിയര്‍ക്കീസ് ഇപ്രകാരം കല്‍പ്പിച്ചു. … ‘താങ്കള്‍ ഉടമ്പടി ഒന്നും എഴുതണ്ട. എങ്കിലും അബ്ദല്‍ മിശിഹായുടെ കല്പന അനുസരിച്ചു മലങ്കര മഫ്രിയാനയേ വാഴിക്കുന്നതല്ലെന്നു രേഖപ്പെടുത്തുന്ന ഒരു ഉടമ്പടി അബ്ദല്‍ മിശിഹാ വാഴിച്ചിട്ടുള്ള മെത്രാന്മാര്‍ എഴുതി രജിസ്റ്ററാക്കി യൂലിയോസ് മെത്രാനെ ഏല്‍പ്പിക്കണം.’ ഈ വിധം കല്‍പ്പിച്ചപ്പോള്‍ കല്‍പ്പനയൊന്നും നമ്മുടെ കൈവശം തരാതെ യൂലിയോസ് മെത്രാനെ ഏല്‍പ്പിക്കയും ശേഷം മെത്രാന്മാര്‍ മഫ്രിയാനായെക്കുറിച്ച് എഴുതുന്ന ഉടമ്പടി രജിസ്റ്ററാക്കണമെന്നു കല്‍പ്പിക്കയും ചെയ്തതില്‍ നമുക്കു കുറെ കുണ്ഠിതമുണ്ടായി. മെത്രാന്മാരെ ആക്ഷേപിക്കാമെന്നല്ലാതെ ഈ രജിസ്റ്റര്‍ ഉടമ്പടികൊണ്ടുള്ള പ്രയോജനം എന്താണെന്നും വേറെയുള്ള മെത്രാന്മാര്‍ ഉടമ്പടി എഴുതിയിട്ടുള്ളവരാണെങ്കിലും മഫ്രിയാനായേ വാഴിക്കുന്നതല്ലെന്ന് അവര്‍ എഴുതിയിട്ടില്ലാത്ത സ്ഥിതിക്ക് അവര്‍ക്ക് ഒരു മഫ്രിയാനായെ വാഴിക്കാമല്ലോ എന്നും നമ്മുടെ ഈ വൃദ്ധതയില്‍ ഇവിടെ വരെ വന്നതു മതിയാകാതെ നാം ഓരോരുത്തരുടെ പിന്നാലെ നടക്കേണ്ടി വരുന്നതാകയാല്‍ സമാധാനം ഉണ്ടായാലും ഉണ്ടായില്ലെങ്കിലും നമ്മെക്കൊണ്ട് അതു സാധിക്കയില്ലെന്നും മറ്റും നാം പാത്രിയര്‍ക്കീസിനെ അറിയിച്ചു. അപ്പോള്‍ ‘കല്‍പ്പന ആവശ്യപ്പെടുമ്പോള്‍ യൂലിയോസ് മെത്രാന്‍ കാണിക്കുമെന്നും താങ്കള്‍ യൂലിയോസ് മെത്രാന്‍റെ അടുക്കലേയ്ക്കു പോകേണ്ട. യൂലിയോസ് മെത്രാന്‍ ആവശ്യം നേരിടുന്ന സമയമൊക്കെയും താങ്കളുടെ അടുക്കല്‍ വന്നുകൊള്ളുമെന്നും മഫ്രിയാനായേ സംബന്ധിച്ചുള്ള ഉടമ്പടി താങ്കള്‍ ഒഴിച്ചു ഇരുഭാഗത്തെ മെത്രാന്മാരും എഴുതട്ടെയെന്നും കല്പിച്ചു. ഇങ്ങനെ കല്പിച്ചത് യൂലിയോസ് മെത്രാന്‍ കൂടി ഞങ്ങളുടെ അടുക്കല്‍ ഉള്ള സമയത്തായിരുന്നു.

ഈ വിവരം നമ്മുടെ ഭാഗത്തുള്ള മെത്രാന്മാരോട് പറയാമെന്നു നാം ഭരമേറ്റു. ഉടന്‍തന്നെ യൂലിയോസ് മെത്രാന്‍റെ അടുക്കലേക്കു നാം തിരിഞ്ഞു. ‘താങ്കള്‍ ഇതു കേട്ടുവോ?’ എന്നു നാം ചോദിക്കയും ‘കേട്ടു’ എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ‘കേട്ടത് എന്താണ്’ എന്നു നാം വീണ്ടും ചോദിച്ചപ്പോള്‍ ‘ആബൂന്‍ ഉടമ്പടി എഴുതേണ്ടാ. ശേഷമുള്ളവരെല്ലാം എഴുതണമെന്നാണ് മോറാന്‍ കല്‍പ്പിച്ചിരിക്കുന്നത് എന്ന് പാത്രിയര്‍ക്കീസ് കൂടി കേള്‍ക്കേ അദ്ദേഹം നമ്മോട് പറയുകയുണ്ടായി.

യൂലിയോസ് മെത്രാന്‍ വശം മലങ്കരസഭയ്ക്കു പൊതുവായി പാത്രിയര്‍ക്കീസ് കൊടുത്തയച്ചിരുന്ന കല്‍പ്പനയും ഒസ്താത്തിയോസ് മെത്രാന്‍റെ പേര്‍ക്ക് പാത്രിയര്‍ക്കീസ് കൊടുത്തയച്ചിട്ടുള്ളതായ കല്‍പ്പനയും അദ്ദേഹം ഞങ്ങള്‍ മടങ്ങിവരും വഴിക്ക് ആര്‍ക്കോണം വെയിറ്റിംഗ് റൂമില്‍ വച്ചു നമ്മെ കാണിക്കുകയുണ്ടായി. യൂലിയോസ് മെത്രാന്‍ ഞങ്ങളില്‍ നിന്നു വേര്‍ തിരിഞ്ഞ് ഒസ്താത്തിയോസ് മെത്രാന്‍റെ അടുക്കലേയ്ക്കു പോകാനിരിക്കയാണെന്ന് ആര്‍ക്കോണത്തു വച്ച് നാം അറിഞ്ഞതിനാല്‍ കല്‍പ്പന നമ്മെ കാണിക്കണമെന്നു നാം അദ്ദേഹത്തോട് ആവശ്യപ്പെട്ടതനുസരിച്ച് പാത്രിയര്‍ക്കീസ് കൊടുത്തയച്ചിട്ടുള്ള കല്‍പ്പനകള്‍ രണ്ടും യൂലിയോസ് മെത്രാന്‍ ആര്‍ക്കോണത്തു വച്ചു നമ്മെ കാണിക്കുകയും നമ്മോട് ഒരുമിച്ചു ശീമയ്ക്കു പോന്നിരുന്ന സ്കറിയാ കത്തനാരെ കൊണ്ടു യൂലിയോസ് മെത്രാന്‍ സമീപത്ത് ഇരിക്കവേ തന്നെ നമ്മെ വായിച്ചുകേള്‍പ്പിക്കയും ചെയ്തിട്ടുള്ളതാകുന്നു. മുടക്കു തീര്‍ത്തിട്ടില്ലെന്നും മലയാളത്തു വന്ന് ഏതോ ചില സംഗതികള്‍ സാധിച്ചതിനു മേലേ തീരുകയുള്ളുവെന്നും അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസിന്‍റെയും തങ്ങളുടേയും സ്ഥാനത്തെ നിഷേധിച്ച് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടതുപോലെ വേണ്ടിവന്നാല്‍ രണ്ടാമതും സ്ഥാനം സ്വീകരിച്ചുകൊള്ളാമെന്നു സമ്മതിച്ചു നമ്മുടെ സഹോദര മെത്രാന്മാര്‍ ഉടമ്പടി കൊടുക്കണമെന്നും അതിന്‍റെ ശേഷം പാത്രിയര്‍ക്കീസിന്‍റെ കല്‍പ്പനപോലെ അവരുടെ സ്ഥാനത്തെപ്പറ്റി തീര്‍ച്ചപ്പെടുത്തുന്നതാണെന്നും യൂലിയോസ് മെത്രാനോട് പാത്രിയര്‍ക്കീസ് കല്‍പ്പിച്ചിട്ടില്ലെന്നും ഇതിനിടെ സമാധാനം ഉണ്ടാക്കിയതിനു ശേഷമേ നമ്മുടെ മുടക്കു തീരുക ഉള്ളുവെന്നും മറ്റും യൂലിയോസ് മെത്രാന്‍ പ്രസ്താവിക്കുന്നതായും അദ്ദേഹത്തിന്‍റെ ഒപ്പും മുദ്രയും വച്ച് ഒരു സാധനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതായും കേള്‍ക്കുന്നതില്‍ നാം അദ്ദേഹത്തെക്കുറിച്ചും ഇതിലേയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചവരായ ആളുകളെക്കുറിച്ചും അത്യധികം വ്യസനിക്കുന്നു. വിശുദ്ധ കൂദാശകളും കൃപാവരങ്ങളും നിലനിര്‍ത്തുന്നതിനും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ഇപ്രകാരമുള്ള നയം ഒരുനാളും സഹായിക്കയില്ലെന്നും ദൈവത്തിന്‍റെ സഭയെ പണിയേണ്ടത് ഈ വിധമുള്ള ആയുധങ്ങള്‍ കൊണ്ടായിരിക്കരുതെന്നും നമ്മെ വിശ്വസിപ്പാന്‍ മനസ്സുള്ള ഏവരുടെയും അറിവിനായി നാം പ്രസ്താവിക്കുന്നു. നാം മലങ്കര മെത്രാന്‍ സ്ഥാനം ഉടന്‍തന്നെ ഒഴിയുന്നതായാല്‍ സഭയില്‍ സമാധാനം ഉണ്ടാകുമെന്ന് ഒരു പക്ഷത്തുള്ള ചുരുക്കം ചിലയാളുകള്‍ പറയുന്നുണ്ട്. നമ്മുടെ സ്ഥാനം ഒഴിഞ്ഞുകൊള്ളാമെന്നുള്ള ഉടമ്പടിയിന്മേല്‍ അല്ല പാത്രിയര്‍ക്കീസ് നമ്മുടെ മുടക്കു ‘തീര്‍ത്തിട്ടുള്ളത്.’ നാം ഉടമ്പടി കൊടുക്കുന്നപക്ഷം പാത്രിയര്‍ക്കീസ് കഴിഞ്ഞാല്‍ അതിനു താഴെ സുറിയാനി സഭയിലുള്ള രണ്ടാമത്തെ സ്ഥാനം നമുക്കു തരാമെന്നു പാത്രിയര്‍ക്കീസ് നമ്മോട് കല്‍പ്പിക്കയുണ്ടായി. നമുക്കു യാതൊരു ഭരണവും അധികാരവും ആവശ്യമില്ലെന്നും സ്വസ്ഥമായിരുന്നു ശിഷ്ടായുസ്സു കഴിപ്പാനാണ് നാം നിശ്ചയിച്ചിരിക്കുന്നതെന്നും നമ്മുടെ ഈ നിശ്ചയത്തെ ഒരിക്കലും ഇളക്കുന്നതല്ലെന്നും മലങ്കരസഭയില്‍ സമാധാനം ഉണ്ടായി സമുദായം യോജിച്ചു പൊതുയോഗം കൂടി നമ്മുടെ അനന്തരഗാമിയായി ഒരാളെ തെരഞ്ഞെടുക്കുന്ന അവസരത്തില്‍ നാം മലങ്കര മെത്രാന്‍ സ്ഥാനം ആ യോഗത്തില്‍ വച്ച് ഒഴിയുന്നതാണെന്നും അതിന് മുമ്പ് ഒരിക്കലും നാം സ്ഥാനം ഒഴിയുന്നതല്ലെന്നും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ തെളിവായും വിശദമായും നാം ബോധിപ്പിക്കയും അദ്ദേഹം അതിനെ സമ്മതിക്കയും ചെയ്തിട്ടുണ്ട്. എന്നുതന്നെയുമല്ല നാം സ്ഥാനം ഒഴിയുന്ന വിവരം മലങ്കരസഭയുടെ പൊതുയോഗത്തില്‍ പ്രസ്താവിച്ചാല്‍ മാത്രം മതിയാകയില്ലെന്നും പാത്രിയര്‍ക്കീസിനെ കൂടി അറിയിക്കണമെന്നും പാത്രിയര്‍ക്കീസ് ആവശ്യപ്പെടുകയും പൊതുയോഗത്തില്‍ വച്ച് നാം സ്ഥാനം ഒഴിയുമ്പോള്‍ പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കു നാം എഴുതി അയച്ചുകൊള്ളാമെന്നു ഭരമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഈ വ്യവസ്ഥയ്ക്കു വിപരീതമായി ഇപ്പോള്‍ തന്നെ നാം സ്ഥാനമൊഴിയണമെന്നു ചിലര്‍ പറയുന്നതിന്‍റെ അര്‍ത്ഥം നമുക്ക് മനസ്സിലാകുന്നില്ല. നാം ഇപ്പോള്‍ സ്ഥാനം ഒഴിയുന്നതു സഭയുടെ ഐശ്വര്യത്തിനു സഹായിക്കുമെന്നു നമുക്കു ബോദ്ധ്യപ്പെട്ടിരുന്നെങ്കില്‍ സന്തോഷപൂര്‍വ്വം പാത്രിയര്‍ക്കീസിന്‍റെ അടുത്തുവച്ചു തന്നെ ഒഴിയാമായിരുന്നു. ഇപ്പോള്‍ തന്നെ നമ്മെ ഒഴിച്ചിട്ടു പ്രത്യേക ട്രസ്റ്റ് വകയായും പൊതു ട്രസ്റ്റ് വകയായും നമ്മുടെ കൈവശത്തിലും അധീനത്തിലും ഇരിക്കുന്ന സകല സമുദായ സ്വത്തുക്കളേയും കോനാട്ടു മല്‍പ്പാനും സി. ജെ. കുര്യനും കൂടി കൈവശപ്പെടുത്തി അടക്കി ഭരിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുള്ളതിനാലാണ് ഈ വിധം നിര്‍ബന്ധിക്കുന്നത്. മലങ്കര സമുദായത്തിന്‍റെ അവകാശത്തെ ഇല്ലാതാക്കണമെന്നു ഒസ്താത്തിയോസ് മെത്രാന്‍ മുതലായി ചിലര്‍ക്ക് ആഗ്രഹമുള്ളതായും അറിയുന്നു. ഒരു മലങ്കര മെത്രാപ്പോലീത്തായുടെ കൈയിലേയ്ക്കു അല്ലാതെ ഇവരുടെ കൈയിലേക്കു നമ്മുടെ ചുമതല നാം ഏല്‍പിച്ചുകൊടുക്കുന്നതല്ല. നമ്മുടെ അനന്തരഗാമിയായി ഒരു മലങ്കര മെത്രാപ്പോലീത്താ തെരഞ്ഞെടുക്കപ്പെട്ട് അധികൃതനായി തീരുന്നതിന് ഇവരുടെ ശ്രമം നിമിത്തം കാലതാമസം നേരിടുന്നപക്ഷം എത്ര നാളത്തേയ്ക്കു വേണമെങ്കിലും സമുദായ സ്വത്തുക്കള്‍ കൈവശം വച്ചു യഥേഷ്ടം കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. അതു മാത്രമല്ല മലങ്കരസഭയിലുള്ള പൊതുസ്വത്തുക്കളുടെ ഒട്ടുക്കുള്ള മേല്‍ഭരണം ഒരു പട്ടക്കാരന്‍റെയും അയ്മേനിയുടെയും കൈയിലേയ്ക്കായി മാത്രം വിട്ടുകൊടുക്കാന്‍ നാം തയ്യാറില്ല. മലങ്കര സമുദായത്തില്‍ വിവേകമുള്ള ഒരുത്തനും ഈ വിധം ചെയ്യുന്നതിനു നമ്മോടു ഗുണദോഷിക്കുന്നതല്ലെന്നും നമുക്കു നല്ല ധൈര്യമുണ്ട്. നമ്മുടെ ചുമതല ഒരു മെത്രാപ്പോലീത്തായുടെ കൈയിലേയ്ക്ക് അല്ലാതെ മറ്റൊരാളിന്‍റെ കൈയിലേയ്ക്ക് ഏല്‍പിക്കാവുന്നതല്ല. ഒരു മെത്രാപ്പോലീത്തായുടെ കൈവശം സമുദായപക്ഷം ഏല്‍പ്പിക്കണമെന്നാണു നാം നിശ്ചയിച്ചിരിക്കുന്നത്.

ഞങ്ങള്‍ ശീമയില്‍നിന്നു തിരിച്ചുവന്ന ശേഷം ശീമയില്‍ വച്ചു നടന്ന സംഗതികളെക്കുറിച്ചു ഉള്ളവണ്ണം എറണാകുളം മുസാവരിയില്‍ വച്ചു നാമും ഒസ്താത്തിയോസ് മെത്രാനും സമുദായാഭിമാനികളായ പല മാന്യന്മാരും ഉള്ള അവസരത്തില്‍ യൂലിയോസ് മെത്രാന്‍ പരസ്യമായി പ്രസംഗിക്കയും അവിടെ വച്ചു തന്നെ ഒസ്താത്തിയോസ് മെത്രാന്‍ ഒരു പ്രൈവറ്റു സംഭാഷണസമയത്ത് നമുക്ക് സമാധാന ചുംബനം തരുവാന്‍ ഭാവിക്കയും ചെയ്തിട്ടുള്ള വിവരം സമുദായാംഗങ്ങള്‍ അറിഞ്ഞിട്ടുള്ളതിനാല്‍ നാം ഇവിടെ പ്രസ്താവിക്കുന്നില്ല.

കരിങ്ങാശ്ര വച്ചും അദ്ദേഹം ശീമയില്‍ വച്ചു നടന്ന സംഗതികളെപ്പറ്റി ഒരു വിധം ഉള്ളവണ്ണം പലരോടും പ്രസ്താവിച്ചിട്ടുള്ളതായി നാം അറിയുന്നു. ആര്‍ക്കോണത്തു വച്ചു ഒസ്താത്തിയോസ് മെത്രാന്‍റെ ആള്‍ വന്നു യൂലിയോസ് മെത്രാനോടു പ്രൈവറ്റായി സംസാരിച്ചതു മുതല്‍ യൂലിയോസ് മെത്രാന്‍റെ മനഃസ്ഥിതി ഒന്നിനൊന്നു ഭേദപ്പെടുകയും എന്നാല്‍ പാണമ്പടിക്കല്‍ പള്ളിയില്‍ അദ്ദേഹം എത്തിയതിനുശേഷം അദ്ദേഹത്തിന്‍റെ മനഃസ്ഥിതി ആകെ ഭേദപ്പെടുകയും ചെയ്തുവെന്ന് ഇക്കഴിഞ്ഞ ധനു മാസം പതിമ്മൂന്നാം തീയതി ബുധനാഴ്ച കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ചു ഞങ്ങള്‍ തമ്മിലുണ്ടായ കൂടിക്കാഴ്ച സമയത്ത് നമുക്കു ബോധ്യപ്പെട്ടു. ഇതേപ്പറ്റിയും അദ്ദേഹത്തെപ്പറ്റിയും നാം വ്യസനിക്കുന്നു. പാത്രിയര്‍ക്കീസ് നമ്മോടു കല്‍പ്പിക്കയും നാം ബാവായുടെ അടുക്കല്‍ വാഗ്ദാനം ചെയ്കയും ചെയ്തിട്ടുള്ളപ്രകാരം സഭയുടെ സമാധാനത്തിനു വേണ്ട സകലതും ചെയ്യുവാന്‍ നാം സന്നദ്ധനാണ്. നമ്മുടെ വീഴ്ചകൊണ്ടു സമാധാനത്തിനു പ്രതിബന്ധം ഉണ്ടാകയില്ലെന്നു നമുക്കു നല്ല ധൈര്യമുണ്ട്. ഒസ്താത്തിയോസ് മെത്രാന്‍ മുഖാന്തിരവും യൂലിയോസ് മെത്രാന്‍ മുഖാന്തിരവും ഇവരുടെ വിശ്വസ്ത മിത്രങ്ങളായി വര്‍ത്തിക്കുന്ന ചുരുക്കം ചില ആളുകള്‍ മുഖാന്തിരവും മലങ്കരസഭ ഭിന്നിക്കുന്നതിന് ഇടയാകുന്നപക്ഷം അതിന്‍റെ ചുമതല നമ്മുടെ മേല്‍ ഇരിക്കയില്ലെന്ന് നമുക്കു നല്ല വിശ്വാസമുണ്ട്. ഹൃദയങ്ങളെ അറിയുന്നവനായ ദൈവം സകലതും വിധിക്കട്ടെ. സി. ജെ. കുര്യന്‍റെ സ്വന്തം കൈയില്‍നിന്നു വ്യവഹാരത്തിനായി ചെലവാക്കിയിട്ടുള്ള പണം നാം തിരികെ കൊടുക്കണമെന്നു വാദിക്കുന്നതായി കേള്‍ക്കുന്നു. ഇതേപ്പറ്റി നാം യാതൊരു അഭിപ്രായവും പറയുന്നില്ല. തനതു കൈയില്‍ നിന്നു ചെലവാക്കിയിട്ടുണ്ടെങ്കില്‍ അതു കൊടുക്കുന്നതിനു പൊതു സമുദായത്തിനു തൃപ്തിയാണെങ്കില്‍ നാം വിരോധിക്കുന്നതല്ല. സമുദായത്തിന്‍റെ ഇഷ്ടംപോലെ ചെയ്യണമെന്നു മാത്രമേ നമുക്ക് അഭിപ്രായമുള്ളു. ഇതു സംബന്ധിച്ച് പാത്രിയര്‍ക്കീസ് നമ്മോട് എന്തെങ്കിലും കല്‍പ്പിക്കുകയോ നാം എന്തെങ്കിലും ഉടമ്പടി ചെയ്യുകയോ ഉണ്ടായിട്ടില്ല.

ഈ കാലമെല്ലാം പല വിഷമഘട്ടങ്ങളില്‍ കൂടി നമ്മുടെ സഭയെ നടത്തിയവനായ കര്‍ത്താവു തന്‍റെ തിരുനാമമഹത്വത്തിന് ഏറ്റവും ഉതകുന്നതായ മാര്‍ഗ്ഗത്തില്‍ മേലാലും നടത്തുന്നതിനു ബലഹീനനായ നാം പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ അനുഗ്രഹിക്കപ്പെട്ട മക്കള്‍ എല്ലാവരും ഈ വിധം പ്രാര്‍ത്ഥിക്കണമെന്നും ഈ അവസരത്തില്‍ ദൈവത്തിന്‍റെ മഹത്വത്തിനായി വേണ്ടതു പ്രവര്‍ത്തിക്കണമെന്നും നാം ഏവരോടും ഗുണദോഷിക്കുന്നു. ശീമയാത്രയിലും അതിനു മുമ്പും കരുണയുള്ള കര്‍ത്താവു നമുക്കു വളരെ ആശ്വാസവും മനഃസമാധാനവും ധൈര്യവും തന്നുകൊണ്ടിരുന്നു. അതു നമ്മുടെ കര്‍ത്താവ് ഇപ്പോഴും നമുക്കു തന്നുകൊണ്ടിരിക്കുന്നു. തന്‍റെ അവധിയില്ലാത്ത കൃപകള്‍ എല്ലാറ്റിനുമായി തിരുനാമത്തിന് എന്നേയ്ക്കും സ്തോത്രം.

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും സദാ നിങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ.

എന്ന് 1924-ന് കൊല്ലം 1099-ാം ആണ്ട് മകര മാസം 9-ാം തീയതി പരുമല സിമ്മനാരിയില്‍ നിന്ന്.

(സഭയില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ അരികിലേക്കു യാത്ര ചെയ്ത വട്ടശ്ശേരില്‍ തിരുമേനി തിരിച്ചെത്തിയതിനുശേഷം, അവിടെ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് സഭാംഗങ്ങള്‍ക്കായി എഴുതിയ സര്‍ക്കുലര്‍ കല്പന)