ഫാ. കെ. സി. അലക്സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍

കുറ്റിക്കണ്ടത്തില്‍ അലക്സന്ത്രയോസ് കത്തനാര്‍

1888-ല്‍ ജനിച്ചു. പ. അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കത്തനാര്‍പട്ടം സ്വീകരിച്ചു. അവിശ്രമ പരിശ്രമിയും സുദൃഢചിത്തനും കമ്മധീരനുമായിരുന്നു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ മരണപര്യന്തം വികാരി ആയിരുന്നു. പെരുമ്പെട്ടി, കുമ്പളന്താനം, ഉടുമ്പുംമല എന്നീ സ്ഥലങ്ങളില്‍ മൂന്നു ദൈവാലയങ്ങളും, കുമ്പളന്താനത്തു ഒരു ഹൈസ്കൂളും അതിനോടു ചേര്‍ത്തു ഒരു യു.പി. എല്‍.പി. സ്കൂളും സ്ഥാപിച്ചു. എഴുമറ്റൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈററി; ദേശാഭിവൃദ്ധിസംഘം എന്നിവയുടെ അദ്ധ്യക്ഷപദങ്ങളും ദീര്‍ഘകാലം വഹിച്ചു.

പത്തനംതിട്ട താലൂക്കില്‍ നൂറോക്കാടെന്നു പറഞ്ഞുവരുന്ന സ്ഥലത്തും ഇദ്ദേഹം ദീര്‍ഘകാലം അധിവസിച്ചിരുന്നു. ആ ഭൂമിയെ കനകം വിളയിക്കുന്ന കാര്‍ഷിക ഭൂമിയാക്കി രൂപാന്തരപ്പെടുത്തുന്നതിനു ആവോളം പരിശ്രമിച്ചു വിജയം വരിച്ചു. ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഉത്തരവു മൂലം നൂറോക്കാടു ഒഴിഞ്ഞുകൊടുക്കേണ്ടി വന്നെ ങ്കിലും സുപ്രീംകോടതി വിധിപ്രകാരം നഷ്ടപരിഹാരമായി ഒരു നല്ല സംഖ്യ അനുവദിച്ചു കിട്ടി. ദീര്‍ഘകാലം ജീര്‍ണാവസ്ഥയില്‍ കിടന്നിരുന്ന അയിരൂര്‍ തടീത്ര പുത്തന്‍പള്ളി പുനഃപ്രതിഷ്ഠിച്ചു ആരാധന നടത്തി വന്നിരുന്നു. 1971 നവംബര്‍ 8-നു അന്തരിച്ചു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ കബറടക്കി.