മലങ്കരസഭാ ഭരണഘടന പാത്രിയര്‍ക്കീസിനെയും മലങ്കരസഭയിലെ എല്ലാ വ്യക്തികളെയും ബാധിക്കുമെന്ന് കൊച്ചി ഇടവകയുടെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആര്‍ത്താറ്റ് കുന്നംകുളം പള്ളിക്കേസില്‍ കൊടുത്ത പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പത്രികയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:
തൃശ്ശൂര്‍ സബ്കോടതിയില്‍ 1961-ലെ അസ്സല്‍ നമ്പര്‍ 47.
വാദികള്‍: മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ മുതല്‍പേര്‍.
പ്രതികള്‍: പൗലൂസ് മാര്‍ സേവേറിയോസ് മുതല്‍പേര്‍.
1908-ലെ സിവില്‍ നടപടി നിയമത്തിലെ എട്ടാം ഉത്തരവ് ഒന്നാം ചട്ടമനുസരിച്ച് തൃശ്ശൂര്‍ ജില്ലയില്‍ കൊരട്ടി സീയോന്‍ സിമ്മനാരിയില്‍ താമസിക്കുന്ന ഒന്നാം പ്രതിയായ പൗലോസ് മാര്‍ സേവേറിയോസ് ബോധിപ്പിക്കുന്ന പത്രിക.
1. ഈ അന്യായം നിയമവശാല്‍ നിലനില്‍ക്കത്തക്കതല്ല. ഇതു സദുദ്ദേശപരമല്ല. സിംഹാസനപള്ളിയെന്നോ പുത്തന്‍പള്ളിയെന്നോ അറിയപ്പെടുന്ന അന്യായ പള്ളിയില്‍ ശാശ്വതമായി കലഹിക്കുന്ന ഗ്രൂപ്പുകളെയും വിഭാഗങ്ങളെയും സൃഷ്ടിക്കുവാന്‍ ലാക്കാക്കിക്കൊണ്ട് ബോധിപ്പിച്ച അന്യായമാണ് ഇത്.
2. ഒന്നാം വാദിക്കുവേണ്ടി ഹാജരാക്കിയിരിക്കുന്ന മുക്ത്യാര്‍ ആധാരം നിയമാനുസൃതമല്ല. ഒന്നാം വാദിയെ പ്രതിനിധാനം ചെയ്യുവാന്‍ രണ്ടാം വാദിക്ക് യാതൊരു അധികാരവും ലഭിക്കുന്നുമില്ല. നിവൃത്തിക്കായി അപേക്ഷിച്ചിട്ടുള്ള സങ്കടങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നതിനോ ഈ അന്യായം ബോധിപ്പിക്കുന്നതിനോ വാദികള്‍ക്കാര്‍ക്കും അവകാശം ഇല്ല.
3. പാത്രിയര്‍ക്കീസിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കഴിയുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മതപരമായ ആരാധനയ്ക്കുവേണ്ടിയുള്ളതാണ് അന്യായപള്ളിയെന്ന് അന്യായം രണ്ടാം ഖണ്ഡികയില്‍ പറയുന്ന പ്രസ്താവന തെറ്റാണ്. മലങ്കര യാക്കോബായ സുറിയാനി സഭയിലെ ഒരു ഇടവകപള്ളിയായിട്ടാണ് അന്യായപള്ളി സ്ഥാപിച്ചിട്ടുള്ളതും നടന്നുവരുന്നതും. 1910-ാം വര്‍ഷത്തില്‍ മലങ്കരയിലുള്ള എല്ലാ പള്ളികളുടെയും മേല്‍ ആത്മീയ, ഭൗതിക കാനോനികാധികാരിയാകുവാന്‍ അവകാശപ്പെട്ട അന്നത്തെ മലങ്കരമെത്രാപ്പോലീത്തായായിരുന്ന ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസിനെ സഭയില്‍ നിന്നും മുടക്കുവാനും മാര്‍ കൂറിലോസിനെ അദ്ദേഹത്തിന്‍റെ സ്ഥാനത്തു നിയമിക്കുവാനും മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ശ്രമിച്ചു. പിന്നീട് മാര്‍ അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസ് മേല്‍പറഞ്ഞ മുടക്ക് അസാധുവാണെന്നും പൗലോസ് മാര്‍ ഈവാനിയോസിനെ പരിശുദ്ധ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തതായും സഭയില്‍ കുറച്ചുകാലമായി വൈധവ്യം പ്രാപിച്ചിരുന്ന കാതോലിക്കാ സ്ഥാപനത്തെ പുനരുദ്ധരിച്ചതായും പ്രഖ്യാപിച്ചു. ഇവയുടെയെല്ലാം പരിണിതഫലമായി, മലങ്കര യാക്കോബായ സമുദായത്തിലും സമുദായഭാഗമായ വളരെയേറെ ഇടവകപള്ളികളിലും വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള കലഹം മൂലം വളരയെധികം ഇടവകപള്ളികളില്‍ സമാധാനപരമായി ആരാധന നടത്തുന്നതിനു അസാദ്ധ്യമായിത്തീര്‍ന്നു. ആര്‍ത്താറ്റ്-കുന്നംകുളം ഇടവകപള്ളികളിലും ഇടവക രണ്ടു ഭാഗമായി തിരിഞ്ഞു. കാതോലിക്കാ സ്ഥാപനത്തിന്‍റെ പുനരുദ്ധാരണത്തെ അനുകൂലിക്കുകയും മലങ്കര മെത്രാപ്പോലീത്തായെ മുടക്കിയെന്നാക്ഷേപിക്കുന്നവരെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ മെത്രാന്‍കക്ഷിയെന്ന പേരിലും മേല്‍പറഞ്ഞ മുടക്കിനെ അനുകൂലിക്കുകയും കാതോലിക്കാ പുരുദ്ധാരണത്തെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ബാവാകക്ഷി എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ആര്‍ത്താറ്റ്-കുന്നംകുളം ഇടവകപ്പള്ളി മെത്രാന്‍ കക്ഷിയുടെ നിയന്ത്രണത്തിലായിരുന്നു. ബാവാകക്ഷിക്കാര്‍ ഇടവകപള്ളിയുടെമേല്‍ അധികാരം കൈവശപ്പെടുത്തുവാനും അവിടത്തെ ആരാധനകള്‍ അവരുടെ നിയന്ത്രണത്തില്‍ നടത്തുവാനും പല തവണ ശ്രമിച്ചു. ഈ ശ്രമങ്ങള്‍ വിഫലങ്ങളാകുകയും മുന്‍പറഞ്ഞ മാര്‍ ഗീവറുഗീസ് ദീവന്നാസിയോസിന്‍റെയും കാതോലിക്കേറ്റിന്‍റെയും അധികാരത്തിനു വിരുദ്ധമായി അവിടെ കര്‍മ്മങ്ങള്‍ നടത്തുവാന്‍ ബാവാകക്ഷിക്ക് അവകാശമില്ലെന്നു വിധിക്കുകയും ചെയ്തു. അതിനുശേഷം ആര്‍ത്താറ്റ്-കുന്നംകുളം പള്ളിയിലെ ബാവാകക്ഷിക്കാര്‍ ഒരു പള്ളിയും സെമിത്തേരിയും സ്ഥാപിക്കുവാന്‍ അനുവാദത്തിനായി കൊച്ചി ഗവണ്‍മെന്‍റ് മുമ്പാകെ അപേക്ഷിച്ചു. പട്ടികവസ്തുവില്‍ മലങ്കര യാക്കോബായ സുറിയാനിസഭയില്‍ ഒരു ഇടവകപള്ളി സ്ഥാപിക്കുവാന്‍ ബാവാകക്ഷിക്ക് കൊച്ചി ഗവണ്‍മെന്‍റ് അനുവാദം നല്‍കി. ഈ അനുവാദത്തെ അടിസ്ഥാനമാക്കി ഒരു പള്ളി സ്ഥാപിക്കുകയും ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി വിശ്വാസത്തില്‍ ആരാധനയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു. ടി പള്ളി പൊളിച്ചു വലുതാക്കി പണിതതാണ് കേസ്സിനാസ്പദമായ പള്ളി. ബാവാകക്ഷിഭാഗത്തെ മലങ്കര മെത്രാപ്പോലീത്തായും ഈ പ്രതി ഉള്‍പ്പെടെയുള്ള ഇടവകമെത്രാപ്പോലീത്താമാരും ഈ പള്ളിയുടേമേല്‍ അധികാരം നടത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ ഈ പള്ളിക്ക് കല്പനകള്‍ അയയ്ക്കുകയും അവ പള്ളിയില്‍ വായിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു.
4. ഈ പള്ളിയില്‍ തന്നെ കക്ഷിപിരിവുകളും വഴക്കുകളും ഉണ്ടാകുന്നതു തടയുവാന്‍ വസ്തുവിന്‍റെ ആധാരം തങ്ങളുടെ പേരില്‍ ആയിരുന്ന ഏതാനുംപേര്‍ കൂടി സഭയിലെ അഭിപ്രായ ഭിന്നതകള്‍ അവസാനിക്കുന്നതുവരെ പാത്രിയര്‍ക്കീസിന്‍റെ ഡെലിഗേറ്റിന് ചില അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ഒരു ആധാരം എഴുതിവച്ചു. ഈ ആധാരം ഒരിക്കലും പള്ളിയുടെ നിലപാട് ഭേദപ്പെടുത്തുവാനോ ഗവണ്‍മെന്‍റ് നല്‍കിയ അനുവാദ കല്പനയില്‍ മാറ്റം വരുത്തുവാനോ കാരണമാകുന്നതല്ല.
5. സഭയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ക്ക് സുപ്രീംകോടതിയുടെ സിവില്‍ അപ്പീല്‍ 1958-ല്‍ 267-ാം നമ്പറില്‍ 12-9-1958-ലുണ്ടായ വിധി മൂലം അവസാനമായി തീരുമാനിക്കപ്പെട്ടു. ടി കേസ് പ്രാതിനിധ്യസ്വഭാവമുള്ളതായിരുന്നതിനാല്‍ ഈ കേസ്സിലെ കക്ഷികളെയും മലങ്കരസഭയിലെയും എല്ലാ അംഗങ്ങളെയും ഒരുപോലെ ബാധിക്കുന്നതായിരിക്കും. ടി വിധിക്കു ശേഷം ഒന്നാം അന്യായക്കാരനും അദ്ദേഹത്തിന്‍റെ അനുകൂലികളായ ബാവാ കക്ഷിയിലെ ആളുകളും തമ്മില്‍ അഭിപ്രായഭിന്നതകള്‍ പറഞ്ഞു തീര്‍ക്കുവാന്‍ കൂടിയാലോചനകള്‍ നടത്തപ്പെട്ടു. ഈ ആലോചനകളില്‍ ഉണ്ടാകുന്ന ഏതൊരു ഒത്തുതീര്‍പ്പും 1934 ഡിസംബറില്‍ കൂടിയ മലങ്കര അസോസിയേഷനില്‍ സ്വീകരിക്കപ്പെട്ട ഭരണഘടനയുടെയും അതിനുശേഷം ഉണ്ടായിട്ടുള്ള ഭേദഗതികളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കുന്നതാണെന്നും കത്തുകളും കമ്പികളും മുഖാന്തിരവും മറ്റു തരത്തിലും വ്യക്തമാക്കപ്പെട്ടിരുന്നു. ഒന്നാം അന്യായക്കാരന്‍ ഈ ഭരണഘടനയും കാതോലിക്കേറ്റിനെയും സ്വീകരിച്ചു. ഒന്നാം അന്യായക്കാരനും പരിശുദ്ധ കാതോലിക്കാ ബാവായും തമ്മില്‍ കത്തുകള്‍ കൈമാറി. ഒന്നാം അന്യായക്കാരനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ടാം അന്യായക്കാരന്‍ ഒന്നാം അന്യായക്കാരന്‍റെ കത്തുകള്‍ 16-12-1958-ല്‍ കോട്ടയം പഴയസിമ്മനാരിയില്‍ വെച്ച് പരിശുദ്ധ കാതോലിക്കാ ബാവായെ ഏല്‍പ്പിച്ചു. ഈ ഒത്തുതീര്‍പ്പ് മൂലം സഭയില്‍ നിലവിലുണ്ടായിരുന്ന എല്ലാ ഭിന്നതകളും അവസാനിച്ചു. അതിനാല്‍ ഭരണഘടന ഒന്നാം അന്യായക്കാരനെയോ മലങ്കരസഭയിലെ മറ്റാരെയെങ്കിലുമോ ബന്ധിക്കുന്നതല്ലെന്ന് വാദിക്കുവാന്‍ ഒന്നാം അന്യായക്കാരനോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ല. ഭരണഘടനയ്ക്ക് വിരുദ്ധമായി വിവാദ പള്ളിയില്‍ നിലവിലിരിക്കുന്ന എല്ലാ അധികാരങ്ങളും അവകാശങ്ങളും നടപടികളും റദ്ദായിരിക്കുന്നതും ഇപ്പോള്‍ പ്രബലപ്പെടുന്നതല്ലാത്തതുമാകുന്നു. ടി ഭരണഘടനയ്ക്ക് വിരുദ്ധമായി വിവാദ പള്ളിയിന്മേല്‍ ഏതെങ്കിലും അവകാശങ്ങളോ അധികാരങ്ങളോ തങ്ങള്‍ക്കുണ്ടെന്നു വാദിക്കുവാന്‍ ആര്‍ക്കും അവകാശമില്ലാത്തതുമാകുന്നു.
6. കേസിനാസ്പദമായ പള്ളിയും വസ്തുക്കളും മലങ്കരയില്‍പെട്ടതും കാതോലിക്കായുടെ ഭരണസീമയില്‍പെട്ടതും ആകുന്നു. കാതോലിക്കായുടെ ഭരണസീമയില്‍ പാത്രിയര്‍ക്കീസിനു ഭരണപരമായ യാതൊരവകാശാധികാരങ്ങളും ഇല്ലെന്നും സഭയുടെ കാനോന്‍ പറയുന്നു. മുന്‍പറഞ്ഞ ഒത്തുതീര്‍പ്പുപ്രകാരം ഒന്നാം അന്യായക്കാരന് കാതോലിക്കായുടെ ഭരണസീമയിലുള്ള വിവാദ പള്ളിയിന്മേല്‍ ഏതെങ്കിലും ഭരണാധികാരങ്ങള്‍ പ്രയോഗിക്കുവാനോ കാതോലിക്കായുടെ ഭരണസീമയില്‍ ഏതെങ്കിലും സ്ഥാനി തന്‍റെ ഡെലിഗേറ്റായി തുടരുവാനോ അവകാശമില്ലാത്തതാകുന്നു. രണ്ടാം അന്യായക്കാരന്‍ പാത്രിയര്‍ക്കീസിന്‍റെ ഡെലിഗേറ്റല്ല.
7. അന്യായത്തില്‍ പറയുന്ന പള്ളി കൊച്ചി ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഒരു ഇടവകപള്ളിയും അതിനാല്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയ്ക്ക് ഈ പ്രതിയുടെ ഭരണത്തിന്‍കീഴിലുള്ളതും ആകുന്നു. അന്യായത്തില്‍ പറയുന്ന പള്ളിയുടെ സ്വത്തുക്കളും ഈ പ്രതിയുടെ അധികാരത്തിന്‍കീഴില്‍ ഭരിക്കപ്പെട്ടു വരുന്നു. മലങ്കര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അതിന്‍റെ 1959 ഫെബ്രുവരി 22-ാം തീയതിയിലെ കല്പനപ്രകാരം അന്യായത്തില്‍ പറയുന്ന പള്ളി ഉള്‍പ്പെടെയുള്ള കൊച്ചി ഭദ്രാസന ഭരണം ഈ പ്രതിയെ ഏല്‍പ്പിച്ചിട്ടുള്ളതാകുന്നു.
8. മൂന്നാം അന്യായക്കാരന്‍ ഈ പള്ളിയിലെ ഒരു പട്ടക്കാരനല്ല. അദ്ദേഹത്തിന് പട്ടികവസ്തുക്കളിന്മേല്‍ യാതൊരു അവകാശവും ഇല്ല. ഇടവക മെത്രാപ്പോലീത്താ എന്ന നിലയ്ക്ക് പ്രതിക്കുള്ള അവകാശാധികാരങ്ങള്‍ക്കു ഭംഗം വരുന്ന യാതൊന്നും ചെയ്യുവാന്‍ അന്യായക്കാര്‍ക്കു അവകാശമില്ല.
9. രണ്ടാം അന്യായക്കാരന്‍ അന്യായം … പാരായില്‍ പറയുംപ്രകാരം ഒരു കത്തും ഒരു രജിസ്റ്റേര്‍ഡ് നോട്ടീസും അയച്ചിരുന്നു. അങ്ങിനെയൊന്ന് അയക്കുവാന്‍ അദ്ദേഹത്തിന് അധികാരമില്ലായിരുന്നു. ഈ പ്രതി അതിനു മറുപടിയായി അതില്‍ പറയുന്ന കാര്യങ്ങള്‍ തീരുമാനിക്കുവാനും നടപ്പിലാക്കാനും ഈ പ്രതിക്കു മാത്രം അധികാരമുള്ളതാണെന്നും അത് താന്‍ തന്നെ ചെയ്യുന്നതാണെന്നും പ്രസ്താവിച്ചിരുന്നു. ഇരുപതാം പാരായില്‍ കാണുന്ന ആരോപണങ്ങള്‍ തെറ്റാണ്. അവ ഞാന്‍ നിഷേധിക്കുകയും ചെയ്യുന്നു.
10. ഇതേ പരിഹാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഒ.എസ്. 67/59 ഇതേ കോടതിയില്‍ ഫയലാക്കിയിട്ടുള്ളതാകുന്നു. ആ കേസ് ചിലവ് സഹിതം തള്ളി വിധിയായിട്ടുള്ളതാകുന്നു. ഈ പ്രതി അധികാരപ്പെടുത്തിയ പ്രകാരം ടി പള്ളിയില്‍ കര്‍മ്മാദികള്‍ സമാധാനപരമായി നടന്നു വന്നിരുന്നതും ഇപ്പോഴും നടന്നുവരുന്നതുമാകുന്നു. രണ്ടാം അന്യായക്കാരന്‍റെ പ്രേരണപ്രകാരം സ്ഥലത്തുള്ള ചിലര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു വരികയാണ്. സമാധാനപരമായി പള്ളിയില്‍ ആരാധന നടത്തുവാന്‍ അനുവദിക്കാതെ അക്രമങ്ങള്‍ നടത്തുവാന്‍ അവര്‍ ശ്രമിച്ചു വരുന്നു. ഇതിനെ ആസ്പദമാക്കി ഒരു ക്രിമിനല്‍ കേസ് നിലവിലുള്ളതാകുന്നു. അക്രമങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സമാധാനപരമായ കര്‍മ്മാദികള്‍ നടത്തുക അസാധ്യമായി തീരുമെന്ന് ഉള്ള കാര്യം ഈ പ്രതിയുടെയും ചില ഇടവകക്കാരുടെയും ശ്രദ്ധയില്‍പെടുത്തപ്പെട്ടു. അതിനാല്‍ പള്ളിയില്‍ സമാധാനപരമായ കര്‍മ്മാദികള്‍ നടത്തുന്നതിന് പ്രയാസമുണ്ടാക്കുന്നതില്‍ നിന്നും അന്യായക്കാരനെയും 9 മുതല്‍ 11 വരെ പ്രതികളെയും തടയേണ്ടത് ആവശ്യമായിരിക്കുന്നു.
11. അഞ്ചാം പ്രതിയുടെ പത്രികയില്‍ പറയുന്ന വാദങ്ങള്‍ ഈ ഈ പ്രതിയും സ്വീകരിക്കുന്നു. അവ ഈ പ്രതിയുടെ ഭാഗമായി കണക്കാക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
ഈ കാരണങ്ങളാല്‍ അന്യായം ചെലവ് സഹിതം തള്ളി വിധിയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
1961 സെപ്റ്റംബര്‍ അഞ്ചാം തീയതി
ഒന്നാം പ്രതി ഒപ്പ്
അഡ്വക്കേറ്റ് ഒപ്പ്