സസ്പെന്‍ഷന്‍ കേസ് | പി. എ. ഉമ്മന്‍

Elias Mar Yulios

_____________________________________________________________________________________

1928 ആഗസ്റ്റ് 16-ന് സഭയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കാന്‍ മലങ്കര അസോസിയേഷന്‍റെ മാനേജിംഗ് കമ്മിറ്റിയെ അധികാരപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പാത്രിയര്‍ക്കീസിന്‍റെ ഡലിഗേറ്റ് ആയിരുന്ന മാര്‍ യൂലിയോസ്, രണ്ടു ദിവസങ്ങള്‍ക്കകം ഒരു ഉടമ്പടി കൊടുക്കണമെന്ന് കാണിച്ച് മാര്‍ ദീവന്നാസ്യോസിന് ഒരു ഉത്തരവ് അയച്ചു. അതേസമയം അന്ത്യോഖ്യാ സിംഹാസനത്തിനും സഭയുടെ ആചാരത്തിനും എതിരായി ഗുരുതരമായ പല കുറ്റങ്ങള്‍ ചെയ്തതിനും ഭരണത്തിലിരിക്കുന്ന പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെ നിഷേധിച്ചതിനുമായി, മാര്‍ ദീവന്നാസ്യോസിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വട്ടിപ്പണത്തിന്‍റെ പലിശ മാര്‍ ദീവന്നാസ്യോസിനു കൊടുക്കരുതെന്നു മാര്‍ യൂലിയോസ് തിരുവിതാംകൂര്‍, മദ്രാസ് ഗവണ്‍മെന്‍റുകള്‍ക്ക് എഴുതി. 1928 ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി പാത്രിയര്‍ക്കീസ് ഭാഗത്തെ പതിനെട്ടുപേര്‍ ചേര്‍ന്നു കോട്ടയം ജില്ലാക്കോടതിയില്‍ ഒ. എസ്. 2 ഓഫ് 1104 ഫയല്‍ ചെയ്തു. അതിലെ പ്രതികള്‍ വട്ടശ്ശേരില്‍ തിരുമേനിയും രണ്ടു കൂട്ടുട്രസ്റ്റികളും രണ്ടാമത്തെ കാതോലിക്കോസ് ഉള്‍പ്പെടെ കാതോലിക്കോസ് പാര്‍ട്ടിയിലെ മറ്റു പന്ത്രണ്ടു പേരും സെക്രട്ടറി ഓഫ് സ്റ്റേറ്റും (ഇന്‍ഡ്യ) ആയിരുന്നു. 1929-ല്‍ രണ്ടാമത്തെ കാതോലിക്കോസ് നിര്യാതനായപ്പോള്‍ ഗീവറുഗീസ് ദ്വിതീയന്‍ ബാവായെ ആ സ്ഥാനത്ത് പ്രതിയായി ചേര്‍ത്തു. കമ്മീഷന്‍പടി ഒടുക്കാഞ്ഞതു മൂലം 1931 ജനുവരി 23-നു കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കാനുള്ള അപേക്ഷ 29-9-1931-ല്‍ തള്ളി. അതിന്മേലുള്ള പലവക അപ്പീലും 23-7-1036 ല്‍ തള്ളി. ഈ കേസില്‍ വട്ടശ്ശേരില്‍ തിരുമേനിയെ പല ദിവസം ഇട്ടിച്ചെറിയ വക്കീല്‍ കേസ് വിസ്താരം നടത്തി. ‘ആദാമിനെ ഏദന്‍തോട്ടത്തില്‍ നിന്നു പുറത്താക്കിയത് വിസ്തരിച്ച ശേഷമായിരുന്നോ?’ എന്ന് ചോദിച്ചതിന്, ‘യഹോവ ആദാമിനെ വിളിച്ചപ്പോള്‍ തന്നെ കുറ്റസമ്മതം ചെയ്ത’ വിവരം തിരുമേനി ചൂണ്ടിക്കാണിച്ചു. വട്ടിപ്പണക്കേസില്‍ വിസ്തരിക്കവെ, കൈവിറയല്‍ ഉള്ളതുകൊണ്ടു കുര്‍ബാന ചൊല്ലാന്‍ സധിക്കയില്ലേ എന്നു തെളിയിക്കാന്‍, വെള്ളം നിറച്ച ഒരു ഗ്ലാസ്സ് റ്റംബ്ലര്‍ ഒരു മേശയില്‍ നിന്നു മറ്റൊരു മേശയിലേക്കു എടുത്തു മാറ്റിവയ്ക്കുവാന്‍ വട്ടശ്ശേരില്‍ തിരുമേനിയോട്, കയ്യാലം പരമേശ്വരന്‍പിള്ള ആവശ്യ പ്പെടുകയുണ്ടായി. ‘ചോദ്യങ്ങള്‍ക്കു മറുപടി പറയാനാണ് വന്നിരിക്കുന്നത്, അഭിനയിച്ച് കാണിക്കാനല്ല’ എന്നു തിരുമേനി മറുപടി പറഞ്ഞു.