കേരളത്തിലെ സാംസ്കാരികവും മതപരവുമായ വളര്‍ച്ചയുടെ തായ് വേരുകള്‍ മതപാഠശാലകളിലാണ്. മതപാഠശാലകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ വളര്‍ച്ചയെ ലക്ഷ്യമാക്കി ക്രമീകരിച്ചിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന് ആഴവും പരപ്പും നല്‍കിയ ഗുരുകുല വിദ്യാഭ്യാസ മാതൃകയിലുള്ള ക്രൈസ്തവ മതപഠന കേന്ദ്രത്തിന് ‘മല്പാന്‍ പാഠശാല’ അഥവാ ‘മല്പാന്‍ ഭവനങ്ങള്‍’ എന്നറിയപ്പെട്ടിരുന്നു.
മല്പാന്‍ ഭവനം വിദ്യാനികേതനമാണ്. ആദ്ധ്യാത്മികതയുടെ പ്രഭവസ്ഥലമാണ്.. മല്പാന്മാര്‍ ക്രൈസ്തവ സഭയുടെ വിശ്വാസപ്രമാണങ്ങള്‍ വിശദീകരിച്ചു കൊടുത്ത വേദജ്ഞാനികളായിരുന്നു. ഭൗതികവും ആദ്ധ്യാത്മികവുമായ ജ്ഞാനസമാര്‍ജ്ജനത്തിൻറെ സംഗമവേദിയായിരുന്നു മല്പാന്‍ ഭവനങ്ങള്‍. ഇത്തരം മല്പാന്‍ പാഠശാലകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മധ്യദശകം വരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്നു.
മല്പാന്‍ ഭവനങ്ങളോടനുബന്ധിച്ച് ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. അപൂര്‍വ്വമായ ഗ്രന്ഥങ്ങള്‍ സമാഹരിക്കുന്നതിനും പകര്‍ത്തി സൂക്ഷിക്കുന്നതിനും മല്പാന്മാര്‍ അതീവപാടവം നേടിയിരുന്നു. മല്പാന്മാരുടെ നിരന്തരമായ കഠിനാദ്ധ്വാനവും ഗവേഷണ താല്പര്യവുമാണ് ഗ്രന്ഥപ്പുരകൾക്ക് കരുത്ത് പകർന്നത്. വിവിധ കാരണങ്ങളാൽ മല്പാൻ ഭവനങ്ങളിലെ ഗ്രന്ഥപ്പുരകൾ കൃത്യമായി സംരക്ഷിക്കുവാൻ കഴിഞ്ഞില്ല.എന്നാൽ ആധുനിക സംവിധാനങ്ങളേടെ നിലനില്‍ക്കുന്ന ആദ്യകാല മല്പാന്‍ ഭവന ഗ്രന്ഥപ്പുരയാണ് പാമ്പാക്കുടയിലെ കോനാട്ട്. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള അപൂര്‍വ്വ സുറിയാനി ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന ഭാരതത്തിലെ ഏക മല്പാന്‍ ഭവനഗ്രന്ഥപ്പുരയും ഇതാണ്.
എറണാകുളം ജില്ലയില്‍ പിറവത്തിനും മൂവാറ്റുപുഴയ്ക്കും മദ്ധ്യേയുള്ള പാമ്പാക്കുടയിലാണ് ഈ അതിപുരാതന ഗ്രന്ഥാലയം 1877-ല്‍ പശ്ചിമജര്‍മ്മനിയിലെ സികിര്‍ക്കസിന്‍റെ കേരള ഭൂപടത്തില്‍ ഭൂമിശാസ്ത്രപരമായി വലിയ പ്രാധാന്യമില്ലാത്ത പാമ്പാക്കുട എന്ന കൊച്ചുഗ്രാമം അടയാളപ്പെടുത്തിയിട്ടുണ്ട്. കോനാട്ട് ഗ്രന്ഥപ്പുരയുടെ മാഹാത്മ്യം പാശ്ചാത്യര്‍ അന്നേ മനസ്സിലാക്കിയതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണിത്. ഏഴ് തലമുറകളുടെ സ്വകാര്യസ്വത്തായ ഈ ഗ്രന്ഥഖനിയില്‍ നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും സമാഹരിച്ചിരിക്കുന്നു. പാശ്ചാത്യ സുറിയാനി ഭാഷാചരിത്രഗവേഷകര്‍ എല്ലാ വര്‍ഷവും ഇവിടെ സന്ദര്‍ശിച്ച് ആവശ്യമായ ഗവേഷണ വിഭവങ്ങള്‍ ശേഖരിക്കാറുണ്ട്.
ചരിത്രരേഖയനുസരിച്ച് കോനാട്ട് കുടുംബത്തിലെ ഏഴാം തലമുറക്കാരനും 24-ാമത്തെ വൈദികനും ഓര്‍ത്തഡോക്സ് വൈദിക സെമിനാരി മുൻപ്രിൻസിപ്പാളുമായ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടാണ് ഗ്രന്ഥപ്പുരയുടെ അവകാശി. ഓരോ തലമുറയിലെയും വേദശാസ്ത്രനിപുണരായ മല്പാന്മാര്‍ ശേഖരിച്ചതും പകര്‍ത്തിയതും സ്വന്തമായി എഴുതിയതുമായ ഗ്രന്ഥങ്ങളാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. പുസ്തകങ്ങളെക്കാള്‍ അധികം സുറിയാനി കൈയെഴുത്തുപ്രതികളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഒന്നാം തലമുറയിലെ കോനാട്ട് ഗീവര്‍ഗീസ് മല്പാന്‍ അനന്തരാവാശിക്ക് എഴുതികൊടുത്ത വില്‍പത്രത്തില്‍ സ്വത്തുക്കളോടൊപ്പം ‘എന്‍റെ വക പുസ്തകങ്ങള്‍ ഒക്കെയും തനിക്ക് സന്തോഷത്താലെയും വാഴ്വാലേയും തന്നിരിക്കുന്നു’ എന്ന് എഴുതിയിട്ടുണ്ട്. ദായക്രമത്തിൽ പുസ്തകങ്ങളും അവകാശിയെ ഏല്‍പിക്കുന്ന പാരമ്പര്യം പാമ്പാക്കുട കോനാട്ട് കുടുംബത്തില്‍ നിലനിന്നിരുന്നു. സുറിയാനി ഗ്രന്ഥങ്ങൾ സമാഹരിക്കുന്നതിലും സംരക്ഷിക്കുന്നതിലും അത്യുത്സാഹം കാട്ടിയത് കോനാട്ട് മാത്തൻ മല്ലാൻ (1860-1928) ആയിരുന്നു. പുസ്തകങ്ങൾ നമ്പരിട്ട് കാറ്റലോഗിൽ ക്രമപ്പെടുത്തുവാൻ അദ്ദേഹം ശ്രദ്ധിച്ചു.
കോനാട്ട് ഗ്രന്ഥപ്പുരയിലെ പല ഗ്രന്ഥങ്ങളുടെയും മൈക്രോഫിലിം പാരീസ്, ലണ്ടന്‍, റോം, വത്തിക്കാന്‍, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാരതത്തിലെ വേദശാസ്ത്ര-ചരിത്രഗവേഷകര്‍ പാശ്ചാത്യ നാടുകളില്‍ നിന്നാണ് കോനാട്ട് ലൈബ്രറിയുടെ പ്രാധാന്യം മനസ്സിലാക്കുന്നത്. പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ ഇല്ലാത്ത പല സുറിയാനി കൈയെഴുത്തുപ്രതികളും കോനാട്ട് ഗ്രന്ഥപ്പുരയില്‍ ഉണ്ടെന്ന് കേരളത്തിലെ സുറിയാനി കൈയെഴുത്തു പ്രതികളെക്കുറിച്ച് പഠനം നടത്തിയ വാന്‍ഡര്‍ പ്ലോഗ് രേഖപ്പെടുത്തിയിട്ടുണ്ട്. (The Syriac manuscripts of St. Thomas. J.P.M. Vander Ploeg, Bangalore 1983)
സുറിയാനിയുടെ ഏറ്റവും പഴയ ലിബിയായ ‘എസ്രാഗേല’, സുറിയാനി, ഹീബ്രു, ഗ്രീക്ക്, അരമായ, അറബി, ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ ഈ ഗ്രന്ഥപ്പുരയിൽ സൂക്ഷിച്ചിരിക്കുന്നു. മലയാളം, സുറിയാനി ലിബിയില്‍ എഴുതിയിരിക്കുന്ന ഗര്‍ശൂനിയുമുണ്ട്. നിരവധി കൈഎഴുത്തു പ്രതികളും താളിയോലകളും പുസ്തകങ്ങളുമുള്ള ഈ ഗ്രന്ഥപ്പുരയിലെ മുക്കാൽ ഭാഗവും പതിനോട്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലെ രചനകളാണ്.
മലങ്കര ഇടവകയുടെ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് പാമ്പാക്കുട ലൈബ്രറിയെക്കുറിച്ച്…..
കോനാട് ഗ്രന്ഥാലയത്തിൽ 200 ലധികം സുറിയാനി കൈയ്യെഴുത്ത് പ്രതികൾ ( Manuscript) ഉണ്ട്. ഇവയിൽ ഏറ്റവും പഴയ മാനുസ്ക്രിപ്റ്റ് നമ്പര്‍ 33 ആണ്. ഇത് സുറിയാനി ഭാഷയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായ ബാര്‍ എബ്രായുടെ ഹൂദായ കാനോനാണ് (Book of Rules). പോള്‍ ബ്രഡ്ജാന്‍ എഡിറ്റ് ചെയ്ത് 1286-ല്‍ എഴുതിയ ഇത് ലോകത്തെ ഏറ്റവും പഴയ ഹൂദായ കാനോന്‍ മാനുസ്ക്രിപ്റ്റാണ്. മറ്റൊരിടത്തും ഇത്രയും പഴക്കമുള്ള കൈഎഴുത്തു പ്രതിയില്ല. വത്തിക്കാനില്‍ 15-ാം നൂറ്റാണ്ടിലും പാരീസില്‍ 19-ാം നൂറ്റാണ്ടിലും എഴുതിയ മാനുസ്ക്രിപ്റ്റാണ് ഇപ്പോഴുള്ളത്.
1423-ല്‍ രചിച്ചതും യെരുശലേമില്‍ ഉപയോഗിച്ചിരുന്നതുമായ വേദപുസ്തക വായനപടി (awsar roze) ശ്രദ്ധേയമായ മറ്റൊരു കൈഎഴുത്തു പ്രതിയാണ്. തുര്‍ക്കിയിലെ ബിഷപ്പായിരുന്ന ബസ്സേലിയോസില്‍ നിന്നും ലബിച്ചതാണിത്. ബാര്‍ എബ്രായുടെ പ്രശസ്തമായ വേദപുസ്തക വ്യാഖ്യാനവും ഇവിടെയുണ്ട്. ഇത് ആഞ്ഞൂര്‍ ഗ്രന്ഥാലയത്തിലുള്ള കൈഎഴുത്തു പ്രതിയുടെ പകര്‍പ്പാണ്. അപ്രകാശിതമായ ഈ കൈഎഴുത്തു പ്രതി ആഞ്ഞൂരും കോനാട്ടും മാത്രമേയുള്ളു.
1718, 1732, 1783, 1792 എന്നീ വര്‍ഷങ്ങളില്‍ കേരളത്തില്‍ വച്ച് പകര്‍ത്തിയ സുറിയാനി വേദപുസ്തക കൈഎഴുത്തുപ്രതികള്‍, 1804-ല്‍ കോനാട്ട് അബ്രഹാം മല്പാന്‍ കേരളത്തില്‍ വെച്ച് പകര്‍ത്തിയ സമ്പൂര്‍ണ്ണമായ പഴയനിയമം, ദിവന്നാസിയോസ് ബര്‍സ്ലീബിയുടെ വേദപുസ്തക വ്യാഖ്യാനം, പരുമല തിരുമേനിയുടെ കൈപ്പടയിലുള്ള ഗ്രന്ഥങ്ങള്‍ എന്നിവ പ്രത്യേകം പരിഗണന അര്‍ഹിക്കുന്നു. വേദപുസ്തകസംബന്ധമായ ഒട്ടനവധി വ്യാഖ്യാനഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ഇതില്‍നിന്നും ഡോ. ക്ലോഡിയന് ബുക്കാനന്‍റെ കേരളസന്ദര്‍ശനത്തിന് മുമ്പേ സുറിയാനി വേദപുസ്തകത്തിനും വ്യാഖ്യാനപഠനത്തിനും പരക്കെ അംഗീകാരം ലഭിച്ചിരുന്നു എന്നു കരുതാം.
മയാളത്തിലെ ശ്രദ്ധേയമായപല കൃതികളും ഇവിടെയുണ്ട്. കായംകുളം ഫിലിപ്പോസ് റമ്പാന്‍, ഡോ. ബഞ്ചമിന്‍ ബയിലി, ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, കോനാട്ട് മാത്തന്‍ മല്പാന്‍ എന്നിവര്‍ വിവര്‍ത്തനെ ചെയ്ത മലയാളം ബൈബിള്‍, പുകടിയില്‍ ഇട്ടൂപ്പ് റൈട്ടറുടെ മലങ്കര സഭാചരിത്രം. അയ്മനം പി. ജോണിന്‍റെ ഇന്ത്യാചരിത്രം, ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ സത്യവേദകഥകള്‍, പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ഊര്‍ശ്ലേിലേം യാത്രാവിവരണം, നടപടിക്രമം, റവ. ജോര്‍ജ്ജ് മാത്തന്‍റെ സത്യവേദഖടം, സംയുക്തി, മലയാള നോവലിന്‍റെ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാഗ്രൂപങ്ങളായ പരദേശി മോക്ഷയാത്ര (1847) സഞ്ചാരിയുടെ പ്രയാണം (1847) തിരുപോരാട്ടം (1865) ആള്‍മാറാട്ടം (1866) ഘാതകവധം (1877) പുല്ലേലിക്കുഞ്ചു (1882) പരിഷ്ക്കാരപ്പൊതു (1892) കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ എബ്രായകുട്ടി, കൊച്ചീപ്പന്‍ തരകന്‍റെ മറിയാമ്മ. മധുവര്‍ജ്ജനം; ആദ്യകാല ചെറുകഥകളായ വാഴത്തോട്ടം, വിതയും കൊയ്ത്തും… തുടങ്ങി പല ഗ്രന്ഥങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 17-ഉം 18-ഉം നൂറ്റാണ്ടില്‍ എഴുതിയിട്ടുള്ള ക്രൈസ്ത പാനകളുടെയും കീര്‍ത്തനങ്ങളുടെയും വലിയ ഒരു ശേഖരവും ഇവിടെയുണ്ട്. ആദ്യകാല സഭാപഞ്ചാംഗങ്ങളുടെ 1907, 1908 ശേഖരവും ഇവിടെ ഉണ്ട്.
വേദശാസ്ത്രം തര്‍ക്കശാസ്ത്രം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം, എന്നീ വിഭാഗങ്ങളിലായി നിരവദി ഗ്രന്ഥങ്ങളും കൈഎഴുത്തു പ്രതികളുംകോനാട്ട് ഗ്രന്ഥപ്പുരയിൽ ഉണ്ട്. സുറിയാനി ഭാഷയിലുള്ള പുസ്തകങ്ങളുടെ പ്രചരണത്തിനായി 1879-ല്‍ കോനാട്ട് ഗ്രന്ഥപ്പുരയോടു അനുബന്ധിച്ച് ഒരു അച്ചുകുടം സ്ഥാപിച്ചു. ഭാരതത്തിലെ പ്രഥമ സുറിയാനി അച്ചുകുടമായി ഇത് അറിയപ്പെടുന്നു, ഇവിടെ നിന്ന് 1891-ല്‍ ‘സീമസ്ഹായേ’ എന്ന സുറിയാനിയില്‍ ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ഭാരതത്തില്‍ പ്രസിദ്ധീകരിച്ച പ്രഥമ സുറിയാനി മാസികയാണിത്.
മലങ്കരസഭ സന്ദര്‍ശിച്ച പാത്രിയര്‍ക്കീസന്മാരും മെത്രാപ്പോലീത്തന്മാരും കോനാട്ട് കുടുംബത്തിലെ മല്പാന്മാര്‍ക്ക് സമ്മാനിച്ച ഗ്രന്ഥങ്ങളാണ് അധികവും. മധ്യപൂര്‍വ്വദേശങ്ങളില്‍ നിന്നും യെറുശലേം, അന്ത്യോഖ്യാ, സിറിയ, ബാബിലോണ്‍, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള കൈഎഴുത്തുപ്രതികളുമുണ്ട്. മധ്യപൂര്‍വ്വദേശങ്ങളിലെ ലൈബ്രറികളില്‍ സൂക്ഷിക്കുന്ന അപൂര്‍വ്വഗ്രന്ഥങ്ങള്‍ കോനാട്ട് മല്പാന്മാര്‍ കാലാകാലങ്ങളില്‍ റോയല്‍റ്റി നല്‍കി പകര്‍ത്തി എഴുതി വാങ്ങിച്ചിരുന്നു.
ഭാഷാ-ചരിത്ര-സാഹിത്യത്തില്‍ മല്പാന്മാര്‍ക്കുണ്ടായിരുന്ന അതീവ തീക്ഷ്ണത പ്രകടമാക്കുന്ന ഈ ഗ്രന്ഥപ്പുര പാശ്ചാത്യഗവേഷകരുടെ ഒരു അക്ഷയഖനിയാണ്.
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറിയ കോനാട് ഗ്രന്ഥപ്പുരയിലെ സുറിയാനി ചരിത്രരേഖകള്‍ ഗവേഷകര്‍ക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുവാന്‍ പര്യാപ്തമാണ്.
(1994)