സന്യാസ സമൂഹ വളര്‍ച്ച: ചില ചിതറിയ ചിന്തകള്‍ | സവ്യസാചി


മലങ്കര സഭയിലെ ദയറാ ജീവിതം നയിക്കുന്നവര്‍ അവിവാഹിത ജീവിതം നയിക്കുന്നവര്‍ വിവാഹിത ജീവിതം നയിക്കുന്നവര്‍ സഭയില്‍ ദൈവ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ ജീവിത ശൈലിയെ പറ്റി

1. ദയറാ ജീവിതം നയിക്കുന്നവര്‍

ഒരു ദയറായില്‍ ജീവിക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിന്‍റെ 16,17 വയസ്സില്‍ ആയിരിക്കും ആ ദയറായിലെ അംഗത്വം സ്വീകരിക്കുക അതായത് പത്താം ക്ലാസ്സോ പ്ലസ് ടുവോ കഴിഞ്ഞിട്ട്, ദയറായില്‍ കയറി ഒരു വര്‍ഷം ടെമ്പററിയായി നിര്‍ത്തിയതിനു ശേഷം ദയറായുടെ നിയമങ്ങളും ചട്ടങ്ങളും എല്ലാം മനസ്സിലാക്കിയതിനു ശേഷം സ്വന്തം ഇഷ്ട പ്രകാരം ആ ദയറായില്‍ ബ്രദര്‍ഹുഡ് സ്വീകരിക്കുന്നു, അല്ലെങ്കില്‍ (സാധു ആയിട്ട്) ദയറായില്‍ അംഗത്വം എടുക്കുന്നു. അപ്പോള്‍ അവരുടെ വസ്ത്രരീതികള്‍ വെള്ള ജുബ്ബയും വെള്ള കച്ചയും ഇടക്കെട്ടും കുരിശും ആയിരിക്കും. ആദ്യത്തെ വ്രതത്തില്‍ ആണ് ഇത് ലഭിക്കുക.

തുടര്‍ന്ന് അവരുടെ ഡിഗ്രിയും ബാക്കി പഠനങ്ങളും എല്ലാം ദയറായില്‍ പൂര്‍ത്തീകരിക്കുന്നത് അനുസരിച്ചും ദയറായിലെ സുപ്പീരിയറിന്‍റേയും ദയറായുടെ ചാപ്റ്ററിന്‍റെ അനുവാദം അനുസരിച്ചും ആ വ്യക്തിയെ ശെമ്മാശ്ശന്‍ ആക്കുവാന്‍ തീരുമാനം എടുക്കാം.

ചില ദയറാകളില്‍ ശെമ്മാശ്ശന്‍ ആക്കിയതിനു ശേഷം അവരെ വൈദീക സെമിനാരിയില്‍ വിട്ട് പഠിപ്പിക്കുകയും പഠനം പൂര്‍ത്തിയാക്കി തിരിച്ചു സെമിനാരിയില്‍ നിന്ന് വന്നതിനു ശേഷം വൈദികനാക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ചില ദയറാകളില്‍ അംഗബലം കുറവായതുകൊണ്ട് അവിടെ ജീവിക്കുന്ന ദയറാവാസിക്ക് സെമിനാരിയില്‍ പോയി പഠിക്കുവാന്‍ ഉളള അവസരം കുറയുകയും അവിടുത്തെ ആരാധനാ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ദയറായിലെ മറ്റു പ്രവര്‍ത്തനങ്ങളും അതിന്‍റെ നടത്തിപ്പുമായിട്ട് ബന്ധപ്പെട്ട് സമൂഹ ചാപ്റ്റര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യും. അങ്ങനെ ഉള്ള വ്യക്തികളെ സംബന്ധിച്ച് അവര്‍ക്ക് സെമിനാരിയില്‍ പോയി പഠിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടും.

ദയറായില്‍ നിന്നുകൊണ്ട് തന്നെ മല്പാന്മാരുടെ കീഴില്‍ പോയി വി. ആരാധനയെ പറ്റിയും കൂദാശകളെ പറ്റിയും പഠിക്കുകയും തുടര്‍ന്ന് ആശ്രമ ചാപ്റ്റര്‍ കൂടി വിസിറ്റിംഗ് ബിഷപ്പിനോട് ആ വ്യക്തിയെ വൈദികനാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് വിസിറ്റിങ് ബിഷപ്പ് പൗരോഹിത്യപട്ടം കൊടുക്കുകയും ചെയ്യുന്നു.

പൂര്‍ണ്ണ സന്യാസ വ്രതം എടുക്കണം എന്നുണ്ടെങ്കില്‍ ഒരു ദയറാ വാസി എട്ടു മുതല്‍ പത്ത് വര്‍ഷം ആ ദയറായില്‍ ജീവിച്ചാല്‍ മാത്രം ആണ് അവിടുത്തെ പൂര്‍ണ്ണ വ്രതം എടുക്കുന്നത്. ദയറായുടെ നിയമം. ഒരാള്‍ ദയറായില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയുടെ പഠനവും മറ്റ് എല്ലാ ചെലവുകളും ആ ദയറാ നിര്‍വഹിക്കണം എന്നുള്ളതാണ്.

ആ ദയറായില്‍ ജീവിക്കുന്ന വ്യക്തി ദയറായുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും അതില്‍ നിന്നും കിട്ടുന്ന ശമ്പളം ദയറായില്‍ കൊടുക്കണം എന്നുള്ളതുമാണ് നിയമം.

പഴയ കാലത്ത് മലങ്കരസഭയില്‍ വൈദികരുടെ എണ്ണം കുറവായിരുന്ന കാലഘട്ടത്തില്‍ ദയറായില്‍ ജീവിച്ചിരുന്ന വൈദീകരെ ഭദ്രാസന ഇടവക ശുശ്രൂഷയിലേക്ക് വിളിക്കുകയും അവര്‍ക്ക് ഇടവക ശുശ്രൂഷ നയിക്കുന്നതിന്‍റെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും സഭയില്‍ നിന്ന് ലഭിക്കുകയും ചെയ്യുമായിരുന്നു. ആ വൈദീകര്‍ അവരുടെ ശമ്പളത്തിന്‍റെ ഇത്ര ശതമാനം ആ ദയറായില്‍ അടയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സഭയിലും ഭദ്രാസനങ്ങളിലും വൈദീകരുടെ എണ്ണം കൂടുകയും വിവാഹിതരുടെ എണ്ണം കൂടുകയും ചെയ്യുന്നതുകൊണ്ട് ദയറായിലുള്ള അച്ചന്‍മാര്‍ക്ക് ദേവാലയ ശുശ്രൂഷയിലേക്ക് പോകുവാന്‍ ഉളള സാധ്യത കുറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ദയറാവാസികളെ എടുക്കുന്നത് ഇടവക ശുശ്രൂഷക്ക് അല്ല, മറിച്ച് സഭയുടെ ശുശ്രൂഷക്കുവേണ്ടി ആണ്.

സഭ എവിടെ കല്പിക്കുന്നുവോ അവിടെ ശുശ്രൂഷിക്കുക, സഭയ്ക്ക് വേണ്ടിയും ജനത്തിനു വേണ്ടിയും കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുക ഇതൊക്കെയാണ് ദയറായില്‍ ആയിരിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍.

എന്നാല്‍ ഇന്ന് മലങ്കരസഭയില്‍ ദയറാ ജീവിതത്തിലേക്കു വരുന്നവരുടെ എണ്ണം വളരെ കുറയുകയും. അവിവാഹിത പട്ടക്കാരുടേയും ,വിവാഹിത പട്ടക്കാരുടേയും എണ്ണം കൂടുകയും ചെയ്യുന്നു.

അവിവാഹിത പട്ടക്കാരെ സംബന്ധിച്ച് മനസ്സിലാക്കുമ്പോള്‍ അവര്‍ ഒരു ഭദ്രാസനത്തില്‍ നിന്നും സെമിനാരിയില്‍ പോയി പഠിക്കുന്നു. പഠനം പൂര്‍ത്തിയാക്കുന്ന സമയത്ത് അവര്‍ അവിവാഹിത പട്ടക്കാരനായി ജീവിക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ ഉള്ളവരെ സംബന്ധിച്ച് അവര്‍ക്കു ഇടവക ശുശ്രൂഷ ലഭിക്കുകയും സഭയുടെ ആനുകൂല്യങ്ങള്‍ എല്ലാം അവര്‍ക്ക് ലഭ്യമാകുകയും ചെയ്യും. അവരെ സംബന്ധിച്ച് അവര്‍ക്ക് എവിടെ വേണമെങ്കിലും പോകുവാനും ഇടവക ശുശ്രൂഷയോടൊപ്പം മറ്റു ജോലികള്‍ ചെയ്യുന്നതിന് ഒന്നും തടസ്സം ഇല്ല.
അവര്‍ എവിടെ പോകുന്നു എന്നുള്ളതിനെ പറ്റി ഒന്നും അവര്‍ക്ക് പ്രത്യേകിച്ച് ആരുടെയും കൈയില്‍ നിന്ന് അനുവാദം വാങ്ങേണ്ടതില്ല. ഭദ്രാസനത്തില്‍ ശുശ്രൂഷിക്കുന്ന വൈദീകരാണെങ്കില്‍ ഭദ്രാസന മെത്രാപ്പോലീത്തായുടെ മാത്രം അനുവാദത്തോടു കൂടി അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ നടപ്പിലാക്കാം. അവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ശമ്പളം അടക്കം എല്ലാം അത് അവര്‍ക്ക് സ്വന്തം ആയിരിക്കും, അതിന്‍റെ കണക്കുകള്‍ മറ്റാരേയും കാണിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.

വിവാഹിതരെ സംബന്ധിച്ച് ആണെങ്കില്‍ അവര്‍ കുടുംബസ്ഥര്‍ ആയതു കൊണ്ട് തന്നെ സഭയില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് അടക്കം കിട്ടുന്നു. വൈദികനും വൈദികന്‍റെ കൊച്ചമ്മയ്ക്കും രണ്ട് മക്കള്‍ക്കും അടങ്ങുന്ന ഇന്‍ഷ്വറന്‍സ് പാക്കേജ് അടക്കം ആണ് കുടുംബസ്ഥരായിട്ടുള്ളവര്‍ക്കു ലഭിക്കുന്നത്.

ഒരു ദയറായില്‍ ജീവിക്കുന്ന വ്യക്തിയെ സംബന്ധിച്ചാണെങ്കില്‍ അവന്‍ എവിടെയെങ്കിലും ജോലി ചെയ്യണമെങ്കിലോ മറ്റെന്തെങ്കിലും ശുശ്രൂഷാപരമായി പുറത്ത് എവിടെയെങ്കിലും പോകണമെങ്കിലോ അവന് ദയറായുടെ അനുവാദം – സുപ്പീരിയറിന്‍റേയും, വിസിറ്റിഗ് ബിഷപ്പിന്‍റെയും അനുവാദം – കിട്ടിയേ മതിയാവുകയുള്ളു. അതായത് ദയറാവാസികളെ സംബന്ധിച്ച് അവര്‍ തീര്‍ത്തും ഒരു ചട്ടക്കൂടിനകത്തായിരിക്കും അവരുടെ ജീവിതം.

ഒരു ഡിസിപ്ളിന്‍ഡ് ലൈഫ് ആയിരിക്കും

ഏഴ് യാമങ്ങളിലും കൃത്യമായിട്ട് നമസ്കരിച്ച് വൈകുന്നേരം സന്ധ്യ നമസ്കാരത്തിനു മുന്‍പ് എവിടെ പോയാലും ദയറായില്‍ വരുന്ന ഒരു സാഹചര്യം ആണ് ഉള്ളത്. എന്നാല്‍ അവിവാഹിത പട്ടക്കാരെ സംബന്ധിച്ച് അങ്ങനെ ഒരു നിയന്ത്രണവും ഇല്ല. എപ്പോള്‍ എവിടെ വേണമെങ്കിലും പോകാം ഏത് ശൈലിയില്‍ വേണമെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യാം.

ഇന്നത്തെ കാലഘട്ടത്തില്‍ ദയറായില്‍ വരുന്നവരുടെ എണ്ണം കുറയുന്നതിന്‍റെ ഒരു കാരണം കാലഘട്ടം മാറുന്നതിനനുസരിച്ച് ദയറാകളുടെ ചിന്താഗതികളും നിലപാടുകളും മാറാത്തത് തന്നെയാണ്. പുതിയ അംഗങ്ങളെ ആകര്‍ഷിക്കുവാന്‍ ഇതു മൂലം സാധിക്കാതെ പോകുന്നു.

2. ദയറായില്‍ വരുന്ന വ്യക്തികളുടെ ജീവിതം ഒരു പ്രായം കഴിഞ്ഞാല്‍ അവരെ തിരിഞ്ഞ് നോക്കുവാന്‍ ആരും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറി പോകുന്നു.

3 സഭയുടെ യാതൊരു വിധമായ ആനുകൂല്യങ്ങളും ലഭിക്കാതെ ശാരീരികമായ എന്തെങ്കിലും പ്രയാസങ്ങളോ പ്രതിസന്ധികളോ നേരിടുകയാണെങ്കില്‍ ആ ദയറായില്‍ താമസിക്കുന്ന വ്യക്തി അവരുടെ കുടുംബാംഗങ്ങളെ ആശ്രയിക്കേണ്ട ഒരു സാഹചര്യത്തിലേക്ക് മാറുന്നു.

അപ്പോള്‍, ദയറായില്‍ പോയി പ്രതിസന്ധി നേരിടുന്ന പലരും, ദയറാ ജീവിതത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന പുതു തലമുറയെ അതില്‍ നിന്ന് വിലക്കുകയും കഴിയുന്നിടത്തോളം അതില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യും.

സഭയെ സംബന്ധിച്ചും സമൂഹത്തെ സംബന്ധിച്ചും ദയറാകള്‍ – സന്യസ്ഥ പ്രസ്ഥാനങ്ങള്‍ – സഭയുടെ നട്ടെല്ല് ആണെന്ന് പറയാം. പൂര്‍വ്വീക പിതാക്കന്‍മാരടക്കം കണ്ണുനീരോടെ ദയറാകളില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചതിന്‍റെ അനുഗ്രഹമാണ് ഈ സഭയുടെ ഓരോ വിശ്വാസിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് നാം മറന്നു പോകരുത്.

അവിവാഹിത പട്ടക്കാരന്‍ ഒരു സമയം കഴിയുമ്പോള്‍ മെത്രാന്‍ സ്ഥാനത്തേക്ക് വരികയും ആ മെത്രാന്‍ സ്ഥാനത്തേക്ക് എത്തുന്നവര്‍ ഈ ദയറാകളിലെ വിസിറ്റിംഗ് ബിഷപ്പ് ആയി മാറുകയും ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ദയറാ ജീവിതം എന്താണെന്ന് മനസ്സിലാക്കുകയോ അതിനകത്തു നേരിടുന്ന സഹനങ്ങളെപ്പറ്റിയോ പ്രതിസന്ധികളെപ്പറ്റിയോ പ്രയാസങ്ങളേ പറ്റിയോ വ്യക്തമായി മനസ്സിലാക്കാതെ അവിടെ ഉള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വരുമ്പോള്‍, പല ദയറാ പ്രസ്ഥാനത്തില്‍ നിന്നും അവിടെ താമസിക്കുന്ന അംഗങ്ങള്‍ ഒഴിഞ്ഞുപോകുന്ന ഒരു ശൈലി കാണാം, സഭ വിട്ടു പോകുന്ന ശൈലി കാണാം , പോകുന്നവര്‍ പോകട്ടെ എന്ന് പറയുന്നതിനപ്പുറം അവരുടെ പ്രയാസം മനസ്സിലാക്കി അവരെ ചേര്‍ത്ത് പിടിക്കുവാന്‍ നമുക്കു സാധിക്കുന്നില്ല എങ്കില്‍ അടുത്ത പത്തുപതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മലങ്കരസഭയുടെ എല്ലാ ദയറാകളും താഴിട്ടു പൂട്ടേണ്ട ഒരു സാഹചര്യത്തിലേക്ക് വരും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല.

ദയറായില്‍ ജീവിക്കുന്ന ഒരു വ്യക്തി പോലും ഞങ്ങള്‍ക്ക് ഇന്ന ഭദ്രാസനത്തില്‍ ശുശ്രൂഷിക്കണമെന്ന് വാശി പിടിക്കാറില്ല. അവരാകെ ആവശ്യപ്പെടുന്നത് അവര്‍ക്ക് വി. ബലി അര്‍പ്പിക്കുവാന്‍ ഉളള ഒരു സ്ഥലവും സഭ അവരെ ഒന്ന് ഉപയോഗപ്പെടുത്തുക അല്ലെങ്കില്‍ ദയറാ അവരെ ഉപയോഗപ്പെടുത്തുക എന്ന ഒറ്റ ആവശ്യമേ അവര്‍ ഉന്നയിക്കാറുള്ളു. ദയറാകളെ പറ്റി പഠിക്കുവാനും ദയറാകളിലെ അന്തേവാസികളുടേ ജീവിത ശൈലിയെ പറ്റി ഒന്ന് മനസ്സിലാക്കുവാനും വ്യക്തിപരമായി അവരോട് ആശയവിനിമയം നടത്തുവാനും ഇപ്പോള്‍ സഭയില്‍ ആയിരിക്കുന്നവര്‍ക്ക് കഴിയുന്നില്ല എങ്കില്‍ അനേകരുടെ കണ്ണുനീരിന് ഉത്തരം പറയേണ്ടി വരും എന്നതിന് യാതൊരു സംശയവും ഇല്ല.

സ്വന്തം വീടും സഹോദരങ്ങളേയും മാതാപിതാക്കളേയും എല്ലാം വിട്ടെറിഞ്ഞ് ദൈവത്തിന്‍റെ പരിശുദ്ധ സഭയില്‍ ശുശ്രൂഷയിലേക്ക് ഇറങ്ങുന്നവരെ തിരിച്ച് ഒന്ന് കരുതുക എന്നുള്ള വലിയ ഒരു ഉത്തരവാദിത്തവും ദൗത്യവും അവരെ ഉപയോഗപ്പെടുത്തുക എന്നുള്ള കാര്യവും പരിശുദ്ധ സഭയ്ക്കും സഭയിലെ ഓരോ വിശ്വാസിക്കും ഉണ്ട് എന്നുള്ളത് തിരിച്ചറിയണം.

ദയറായിലും കോണ്‍വെന്‍റിലും താമസിക്കുന്ന വൈദീകര്‍ക്കും സിസ്റ്റേഴ്സിനും സഭയുടെ ഒരു നിശ്ചയിച്ച രൂപാ അലവന്‍സോ അല്ലെങ്കില്‍ സഭയുടെ മെഡിക്കല്‍ ക്ലേം , – വിവാഹിതരായ പട്ടക്കാരുടെ കാര്യം നോക്കിയാല്‍ ആ അച്ചനും കൊച്ചമ്മയ്ക്കും രണ്ടു മക്കള്‍ക്കും ക്ലേം കൊടുക്കുന്നു, – എങ്കില്‍ സന്യാസജീവിതത്തിലേക്ക് ഇറങ്ങിയവരുടെ മാതാപിതാക്കള്‍ക്കും ആ സന്യാസി വൈദികനും കോണ്‍വെന്‍റില്‍ താമസിക്കുന്ന സിസ്റ്റര്‍ ആണെങ്കില്‍ ആ സിസ്റ്ററിനും മാതാപിതാക്കള്‍ക്കും എങ്കിലും സഭയുടെ ഹെല്‍ത്ത് ക്ലേമില്‍ എങ്കിലും ഒരു പ്രാതിനിധ്യം കൊടുക്കുകയാണെങ്കില്‍ അത് അവരെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു ആശ്വാസമായിരിക്കും.

പലപ്പോഴും സഭയിലുള്ള പലരും പറയുന്നത് കേട്ടിട്ടുണ്ട് ദയറാക്കാരെ ദയറാക്കാര് ശുശ്രൂഷിക്കട്ടെ എന്നുള്ളത്. ഒരു കാര്യം തിരിച്ചറിയണം ദയറായ്ക്കുള്ളിലല്ലാ സഭയുള്ളത്, സഭയ്ക്കുള്ളിലാണ് ദയറാ ഉളളത്. സഭയുടെ ഉള്ളില്‍ ഉളള ദയറായിലേക്കാണ് ഓരോ വ്യക്തിയും പോയി അംഗത്വം എടുക്കുന്നത്.

സഭ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ ദയറാകള്‍ക്ക് അനുവാദം കൊടുക്കുന്നതിനപ്പുറം പുരാതനമായി പൂര്‍വ്വീകപിതാക്കന്മാര്‍ തുടങ്ങി വച്ചിരിക്കുന്ന ദയറാകള്‍, അവിടത്തെ അംഗബലം കൂട്ടുവാന്‍ തക്കവണ്ണമുളള പരിശ്രമം നടത്തണം. അതിന് അവിവാഹിത പട്ടക്കാരെ എല്ലാം നിര്‍ബന്ധം ആയി ദയറാകളില്‍ ചേരുവാനും അവിടെ നിന്ന് അവരുടെ ശുശ്രൂഷ നടത്തുവാനും അങ്ങനെ ഒരു ഡിസിപ്ലിന്‍ സിസ്റ്റത്തിലേക്ക് ഇത് കൊണ്ടുവരുവാനും ഉള്ള ശ്രമം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

മലങ്കര സഭയുടെ എല്ലാ ദയറാകളേ പറ്റിയും ആധികാരികമായിട്ട് പഠിക്കുവാനും അവിടെ താമസിക്കുന്ന ഓരോ വ്യക്തികളോടും ആശയവിനിമയം നടത്തുവാനും അവരുടെ പ്രയാസങ്ങളും പ്രതിസന്ധികളും ഒക്കെ മനസ്സിലാക്കി കൊണ്ട് അവരേയും കൂടി സഭയ്ക്കുള്ളില്‍ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ സഭയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കണം.

സോഷ്യല്‍ മീഡിയ വഴി ദയറാ ജീവിതത്തെ പറ്റിയും വൈദീകരുടെ ജീവിതത്തെപ്പറ്റിയും ഒക്കെ പറയുമ്പോള്‍ ആ സ്ഥലങ്ങള്‍ ഒന്ന് സന്ദര്‍ശിക്കുവാനും അത് ഏത് സാഹചര്യത്തില്‍ വളര്‍ന്നു വന്ന പ്രസ്ഥാനം ആണ് എന്നൊന്ന് പഠിക്കുവാനും അവിടെ ഉളളവരുടെ ജീവിതത്തെ തൊട്ടു മനസ്സിലാക്കുവാനുമൊക്കെ സഭയുടെ ഓരോ വിശ്വാസികളും ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഒരു വൈദികനോ ഒരു സിസ്റ്ററോ ഇനി ഒരു മെത്രാപ്പോലീത്ത ആയാല്‍ പോലും ശാരീരികമായ ക്ലേശങ്ങള്‍ ഉണ്ടായാല്‍ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നിടം വരെ അവരെ അവരുടെ ഭവനത്തിലേക്കല്ല വിടേണ്ടത് മറിച്ച് അവരെ ശുശ്രൂഷിക്കുവാനും അവര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വരുന്ന സമയംവരെയും അവര്‍ക്ക് വേണ്ട എല്ലാം കാര്യങ്ങളും ക്രമീകരിക്കുവാന്‍ സഭ ഒരു സെന്‍റര്‍ ഫോം ചെയ്യുകയും.. അവിടെ താമസിക്കുന്നവര്‍ക്ക് ഏത് പ്രായത്തില്‍ ഉള്ളവര്‍ ആയാലും അവിടെ വന്നു താമസിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും പ്രത്യേകിച്ചും ദയറായില്‍ ജീവിക്കുന്നവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കുവാനും സഭയ്ക്ക് സാധിക്കുന്നുവെങ്കില്‍.. ധാരാളം ആളുകള്‍ ദയറായിലേക്ക് കടന്നു വരും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല.

ഏഴു ദിവസവും 24 മണിക്കൂറും 365 ദിവസവും സഭയുടെ ദയറാകളില്‍ ജീവിക്കുന്നവര്‍ അവരവരെ ആക്കിയിരിക്കുന്ന പ്രസ്ഥാനങ്ങളെ നോക്കി നടത്തുന്നുണ്ട് എന്നുള്ളത് തിരിച്ചറിയണം. യാമ നമസ്കാരങ്ങള്‍ക്ക് ശേഷം അവരുടെ റിട്രീറ്റുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ആ ദയറായുമായി അനുബന്ധിച്ച സ്ഥാപനങ്ങളിലും ആ സ്ഥലങ്ങളിലും എല്ലാം അവരുടെ ഒരു നോട്ടം ഉളളതു കൊണ്ടാണ് ഇന്നും നിലനിന്നു പോകുന്നത് എന്ന് തിരിച്ചറിയണം. അവരാരും വായ് തുറന്നു ശബ്ദിക്കുന്നില്ലെന്നു മാത്രമേ ഉള്ളു . അപ്പോള്‍ ദയറാ ജീവിതത്തിലേക്കു പുതിയ ആള്‍ക്കാരെ ആകര്‍ഷിക്കണമെങ്കില്‍ സഭ ദയറാകളിലേക്ക് വരുന്നവരുടെ കൂടെ ഉണ്ട് എന്നുള്ള ബോധ്യം, വരുന്ന ഓരോ വ്യക്തികള്‍ക്കും ഉണ്ടാവണം.

ഏത് സ്ഥാനത്തേക്ക്, പ്രത്യേകിച്ചും ദയറാ ജീവിതത്തിലേക്കു വരുന്ന ഏത് വ്യക്തിയും ഒന്നും മോഹിക്കാതെ വരുന്നതാണ്, പക്ഷേ അവനൊന്നു വീണു കിടക്കുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് ഞങ്ങള്‍ കൂടെ ഉണ്ട് എന്നുള്ള ഒരു ധൈര്യം പോലും ഒരു ദയറായില്‍ ജീവിക്കുന്ന ഒരു അച്ചനോ സിസ്റ്ററിനോ കിട്ടുന്നില്ലെങ്കില്‍ അത് ഒരു വലിയ പരാജയം ആയി പോകും എന്നുള്ളത് തിരിച്ചറിയണം. ധാരാളം റമ്പാച്ചന്‍മാരും സിസ്റ്റര്‍മാരും വൈദീകരും ഈ സഭയ്ക്ക് വേണ്ടി രാപ്പകല്‍ ഇല്ലാതെ ഓടി ഇന്ന് ശാരീരികമായ ക്ലേശത്തില്‍ വീണു കഴിഞ്ഞപ്പോള്‍ സഹോദരങ്ങളുടേയും കുടുംബാംഗങ്ങളുടേയും മാത്രം ആശ്രയത്തോടെ ജീവിതം മുന്നോട്ടു നയിക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. അവരുടെ പ്രയത്നവും അധ്വാനവും പ്രാര്‍ത്ഥനയും ഈ സഭയിലെ ഒരാളുപോലും കണ്ടില്ല എന്ന് വിചാരിക്കരുത്. വ്രത ശുദ്ധിയോടു കൂടി ഇതിലേക്ക് ഒരു ബ്രദറായിട്ട് കയറി ഒരു വൈദീകനായിട്ട് ഇറങ്ങുന്ന സമയം വരെ അവര്‍ അഭിമുഖീകരിക്കുന്ന മാനസികവും ശാരീരികവും ആയ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. അവരതൊന്നും പുറത്തു പറയാതെ ദൈവത്തിന്‍റെ ശുശ്രൂഷയാണ് എന്നുള്ള ഉത്തമ ബോധ്യത്തോടു കൂടി എല്ലാം ഉളളില്‍ ഒതുക്കി നിറഞ്ഞ പുഞ്ചിരിയോടെ ദൈവ സന്നിധിയില്‍ മാത്രം വേദനകള്‍ ഇറക്കി വച്ചു കൊണ്ട് ഈ സഭയ്ക്ക് വേണ്ടി ശുശ്രൂഷിക്കുമ്പോള്‍… അങ്ങനെ ഉള്ളവര്‍ക്ക് ഒരു കൈത്താങ്ങ് കൊടുക്കുക എന്നുളള വലിയൊരു ഉത്തരവാദിത്തം സഭയിലെ ഓരോ അംഗത്തിനും ഉണ്ട് എന്നുളളതും തിരിച്ചറിയണം.

ദയറായിലുളള ഏതൊരു വൈദീകന്‍റെയും കഴിവ് എന്താണെന്നു മനസ്സിലാക്കി അതിനനുസരിച്ച് സഭ അവരെ ഉപയോഗിക്കണം ഇടവക ശുശ്രൂഷയില്‍ മാത്രമല്ല മിഷന്‍ പ്രസ്ഥാനങ്ങളില്‍ അവരുടെ സേവനങ്ങള്‍ ഉപയോഗിക്കാം. വിദ്യാഭ്യാസ മേഖലയില്‍ ആണെങ്കിലും ആതുരസേവന മേഖലയില്‍ ആണെങ്കിലും എവിടെയാണെങ്കിലും അവരുടെ സേവനം ഉപയോഗിക്കാം. അതേപോലെ പ്രാര്‍ത്ഥന ജീവിതം ഉളള അനേകം വൈദീകര്‍ പൂര്‍ണ്ണ സന്യാസികള്‍ ഒക്കെ ഉളള സഭയാണ്. ചെയിന്‍ പ്രയര്‍ റിട്രീറ്റ് പോലെ ഉളള കാര്യങ്ങള്‍ക്ക് അങ്ങനെ ഉളളവരുടെ സേവനം ഉപയോഗിക്കാം. സഭയില്‍ ധാരാളം വിശ്വാസികള്‍ വേദനയിലും പ്രയാസത്തിലും മാനസികമായി വിഷമങ്ങളിലൊക്കേ കഴിഞ്ഞു പോകുമ്പോള്‍ ദയറാകളില്‍ വന്ന് താമസിച്ച് അവരുടെ വേദനകളെ ഇറക്കി വയ്ക്കുവാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ഒക്കെ ഉളള ക്രമീകരണങ്ങള്‍ സഭയുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ അത് ഒരുപോലെ ദയറായ്ക്കും സഭയ്ക്കും സമൂഹത്തിനും മാതൃകയാകും എന്നുള്ളത് സംശയം ഇല്ലാ.

ഇന്ന് ദയറായില്‍ ജീവിക്കുന്ന ഒരു വ്യക്തി ഒരു ബ്രദര്‍ ആണെങ്കില്‍ അടുക്കള പണി മുതല്‍ എല്ലാം കാര്യങ്ങളും ചെയ്യേണ്ട ഒരു അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ആ സിസ്റ്റങ്ങളോക്കേയും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചില കാര്യങ്ങളില്‍ മറ്റ് സഭകളുടെ ശൈലികള്‍ നമ്മള്‍ കണ്ടു പഠിക്കേണ്ടതാണ്. അവരുടെ സഭകളില്‍ ശുശ്രൂഷയ്ക്ക് ഇറങ്ങി തിരിച്ചിരിക്കുന്ന വൈദീകരേയും സന്യാസിനികളേയും അവര്‍ എങ്ങനെയാണ് കരുതുന്നത് എന്നും അവരില്‍ ഒരാള്‍ക്ക് പ്രയാസം വന്നാല്‍ അവര്‍ എങ്ങനെയാണ് ഇടപെടുന്നത് എന്നും നാം തിരിച്ചറിയണം. ദയറാകള്‍ക്ക് ഉളളിലുണ്ടാകുന്ന ഈഗോ, അധികാരമോഹങ്ങള്‍ ഒക്കെയും ഒരു പരിധി വരെ പരിഹരിച്ചില്ലായെങ്കില്‍ ഡിപ്രഷന്‍ കാരണം ഒരുപാട് നല്ലവരായ പൂര്‍ണ സന്യാസികളെ നമുക്ക് നഷ്ടപ്പെടും അവരുടെ കണ്ണുനീരുകള്‍ക്ക് വരും തലമുറകള്‍ വരെയും മറുപടി പറയേണ്ടി വരും എന്നുള്ളത് നാം ഓര്‍ക്കുന്നത് നല്ലതാണ്.

പിതാക്കന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ സഭ, വളരെ നിര്‍ബന്ധം ആയി ദയറാ ജീവിതം നയിക്കുന്ന ദയറാ വാസികളെ ഇതിലേക്ക് കൂടുതലായിട്ട് കൊണ്ടുവരുവാനും അവിവാഹിത പട്ടക്കാര്‍ ദയറായില്‍ ജീവിക്കുവാനും ഉളള ക്രമീകരണം ചെയ്യണം. പുതിയ ദയറാകള്‍ തുടങ്ങുന്നതിനപ്പുറമായി പഴയ ദയറാകള്‍ ഉയര്‍ത്തുവാന്‍ തക്കവണ്ണം ആ ദയറായും ദയറായുടെ അനുബന്ധ സ്വത്തുക്കളും സ്ഥാപനങ്ങളും കാത്തു സംരക്ഷിക്കേണ്ടതും ഈ സഭയുടെ ഉത്തരവാദിത്വം ആണ്. എല്ലാ വര്‍ഷത്തെയും വരവ് ചെലവ് കണക്കുകള്‍ സഭയില്‍ കൊണ്ടു സമര്‍പ്പിക്കുമ്പോള്‍.. അത് കൃത്യതയോടെയാണോ എന്നുള്ളത് പരിശോധിച്ച് മനസ്സിലാക്കി അപാകതകള്‍ പരിഹരിച്ച് മുന്നോട്ട് പോയാല്‍ മലങ്കര സഭയില്‍ മല മുകളില്‍ കത്തിച്ചു വച്ചിരിക്കുന്ന വിളക്കിന്‍റെ ശോഭ പോലെ ദയറാ പ്രസ്ഥാനങ്ങള്‍ പഴയ കാലത്തെ പോലെ പൂര്‍വാധികം ശക്തിയോടെ ബലം പ്രാപിക്കുകയും അനേകര്‍ക്ക് ഒരു വെളിച്ചവും സമാധാനവും ആശ്വാസവും ഒക്കെ കൊടുക്കുന്നതിനോടൊപ്പം ദൈവസന്നിധിയിലേക്ക് പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ എത്തുകയും ചെയ്യും. പ്രാര്‍ത്ഥിക്കുവാന്‍ ഇന്ന് ദയറാകളില്‍ അംഗങ്ങള്‍ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൂടുതല്‍ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പറയുന്നത് അടുത്ത പത്തു പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ദയറാകള്‍ താഴിടേണ്ടി വരും എന്ന്.

ആ ഒരു സാഹചര്യം ഉണ്ടാകാതെ ഇരിക്കുവാന്‍ സഭ ഒന്നടങ്കം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാം. കരുതുവാനും കേള്‍ക്കുവാനും ചേര്‍ത്തു പിടിക്കുവാനും സാധിക്കും എങ്കില്‍ ഒരുമയോടെ ദൈവ ശുശ്രൂഷയില്‍ പ്രവര്‍ത്തിക്കുവാന്‍ ഏവര്‍ക്കും സാധിക്കും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല.

മൂന്ന് തരം വൈദികര്‍ എന്നുളള ശൈലി മാറി ദയറാ വാസികളും വിവാഹിത വൈദീകരും എന്നുള്ള രീതിയിലേക്ക് മാറണം അവിവാഹിത പട്ടക്കാര്‍ എല്ലാം ദയറാ ജീവിതം നയിക്കുന്നവര്‍ ആണെന്നുളള വിചാരം തെറ്റാണ്. ദയറായില്‍ ജീവിക്കുന്നവരുടെ ഭക്ഷണശൈലി ഉള്‍പ്പെടെ വസ്ത്രശൈലി ഉള്‍പ്പെടെ എല്ലാത്തിലും വ്യത്യാസം ഉണ്ട്. അവിവാഹിത വൈദീകരുടെ ജീവിത ശൈലികള്‍ വ്യത്യാസം ആണ്. അവിവാഹിത പട്ടക്കാര്‍ എല്ലാം ദയറാ ജീവിതം നയിക്കുന്നവര്‍ ആണെന്നുളള തെറ്റിദ്ധാരണ ദയവായിട്ട് മാറ്റുക.

ദയറാവാസികള്‍ എന്ന് പറയുന്നത് ദയറായില്‍ ജീവിച്ചു അവിടുത്തെ വ്രതങ്ങള്‍ എടുത്തു ആ ചട്ടക്കൂടിനകത്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരെയാണ് ദയറാവാസികള്‍ എന്ന് പറയുന്നത്. അവിവാഹിത വൈദികര്‍ അവരെങ്ങും ഒരു ചട്ടക്കൂടിനകത്ത് അല്ലാ ജീവിക്കുന്നത് ഒരു വ്രതവും എടുക്കുന്നില്ല. അവര്‍ സ്വതന്ത്രമായി ജീവിക്കുന്നവരാണ്. അവരെ അവിവാഹിത വൈദീകര്‍ എന്നുമാത്രമേ പറയാന്‍ സാധിക്കുകയുളളു. ഒരിക്കലും അവരെ ദയറാവാസികള്‍ എന്ന് പറയുവാന്‍ പറ്റുകയില്ല. ദയറാ വാസികള്‍ എന്ന് പറയുന്നത് ദയറായില്‍ വസിക്കുന്നവരെ മാത്രം ആണ്. ആ വ്യത്യാസം തിരിച്ചറിയണം അതിനനുസരിച്ച് പ്രവര്‍ത്തിക്കുക സഭയിലെ ദയറാ വൈദീകരെയും വിവാഹിത വൈദികരും ഒരേപോലെ കരുതുവാന്‍ ദയറായില്‍ ജീവിക്കുന്നവര്‍ക്ക് കുറച്ചുകൂടി ശ്രദ്ധ കൊടുക്കുവാനും സഭ ശ്രമിക്കണം.

ദയറാകളെല്ലാം പരിശുദ്ധ സഭയുടെ നേരിട്ട് നിയന്ത്രണത്തിലാണ്. പരിശുദ്ധ ബാവാ തിരുമേനിയുടെ നിയന്ത്രണത്തിലാണ്. പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി ഓരോ ദയറായ്ക്കും, ദയറാ ആവശ്യപ്പെടുന്നതിനനുസരിച്ച് ഓരോ വിസിറ്റിംഗ് ബിഷപ്പിനെ നിയമിക്കാറുണ്ട്, അത് പരിശുദ്ധ സിനഡാണ് തീരുമാനം എടുക്കുന്നത്. എന്നാല്‍ മലങ്കര സഭയുടെ കീഴിലുള്ള ദയറാകളിലെല്ലാം ദയറാകള്‍ക്ക് എല്ലാം കൂടെ ഒരു വിസിറ്റിംഗ് ബിഷപ്പിനെ കൊടുക്കുന്നതാകും കുറച്ചു കൂടി ഉചിതം. ഓരോ ദയറായും സ്വതന്തമായിയി പോകാതെ ആള്‍ബലം കൊണ്ടും സമ്പാദ്യം കൊണ്ടും ഉയര്‍ന്നു നില്‍ക്കുന്ന ദയറാകള്‍, സാമ്പത്തികമായിട്ടും ആള്‍ബലം ഇല്ലാതെയും നില്‍ക്കുന്ന ദയറാകള്‍ക്ക് പിന്തുണ കൊടുക്കേണ്ടതും ആവശ്യമാണ്. ദയറാ ജീവിതം നയിച്ച് വരുന്നവരെ ദയറായില്‍ വിസിറ്റിംഗ് ബിഷപ്പ് ആയി നിയമിക്കുകയാണെങ്കില്‍ കുറച്ചു കൂടി നല്ലതായിരിക്കും. മലങ്കര സഭയില്‍ ഇന്ന് ദയറാ ജീവിതത്തില്‍ നിന്നും വന്നിരിക്കുന്ന ബിഷപ്പുമാരുടെ എണ്ണം വളരെ കുറവാണ്. ദയറായില്‍ ഒരു ബ്രദറായി വന്ന് ശെമ്മാശ്ശന്‍ ആയി വൈദീകനായി റമ്പാനായി മെത്രാപ്പോലീത്ത ആയി വരുന്ന കാലഘട്ടം അവര്‍ നേരിടുന്ന ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും ഒരു അവിവാഹിത വൈദീകനായി മെത്രാപ്പോലീത്താ ആയി ദയറായുടെ വിസിറ്റിങ് ബിഷപ്പായി വരുന്ന ഒരു വ്യക്തിയോടു പറഞ്ഞാല്‍ പൂര്‍ണമായും മനസ്സിലാവണം എന്നും ഉള്‍ക്കൊള്ളണമെന്നും നിര്‍ബന്ധം ഇല്ല. ദയറാ ജീവിതം നയിക്കുന്നവരെ കേള്‍ക്കുവാനും അവരെ ചേര്‍ത്ത് പിടിക്കുവാനും ആത്മീയ പിതാക്കന്‍മാരുടെ ഭാഗത്തുനിന്നും കരുതല്‍ ഉണ്ടായാലെ ദയറാ ജീവിതത്തില്‍ ആയിരിക്കുന്നവര്‍ക്ക് കുറച്ചു കൂടി മനസ്സ് ശാന്തമായി ശുശ്രൂഷിക്കാന്‍ സാധിക്കുകയുള്ളൂ. ഒരിക്കലും ദയറാ ജീവിതത്തില്‍ ജീവിക്കാത്ത ഒരു വ്യക്തി ദയറാക്കാരുടെ ജീവിതത്തില്‍ കേറി വല്ലവരും പറയുന്നത് കേട്ടിട്ട് പിതാക്കന്മാരോട് ചെന്ന് ഉളളതും ഇല്ലാത്തതും പറഞ്ഞ് ആ ദയറാ ജീവിതത്തില്‍ ആയിരിക്കുന്നവരെ മാനസീകമായിട്ട് മുറിവേല്‍പ്പിക്കുമ്പോള്‍ സത്യം തിരിച്ചറിയാതെ അവരെ ഒറ്റപ്പെടുത്തുമ്പോള്‍ ആ കണ്ണുനീരിന് സഭ ഒന്നടങ്കം മറുപടി പറയേണ്ടി വരും എന്നുള്ളത് തിരിച്ചറിയണം. സഭ വിട്ടു പോകുന്നതിനെ പറ്റി എല്ലാവരും പറയുന്നു . എന്തുകൊണ്ടാണ് ഒരു ദയറാവാസി സഭ വിട്ടുപോകാന്‍ ഉണ്ടായ സാഹചര്യം എന്നുളളതിനെപ്പറ്റി ആരും അന്വേഷിക്കുന്നില്ല. ഒരു സിസ്റ്റര്‍ ആത്മഹത്യ ചെയ്തു എങ്കില്‍ പതിനേഴാമത്തെ വയസ്സില്‍ ഒരു സന്യാസ പ്രസ്ഥാനത്തില്‍ വന്ന്, 55-ാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്തപ്പോള്‍ ‘ആ സിസ്റ്റര്‍ ഡിപ്രഷന്‍ കാരണം ആണ് ആത്മഹത്യ ചെയ്തത്’ എങ്കില്‍ ആ ഡിപ്രഷന്‍ എവിടെ നിന്ന് വന്നു എന്ന് അന്വേഷിച്ച് അതിന് പരിഹാരം കാണുന്നില്ലെങ്കില്‍ അത് വലിയ അപകടം ആയിരിക്കും എന്നുള്ളത് തിരിച്ചറിയുന്നത് നല്ലതാണ്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം എങ്കിലും ദയറായില്‍ ജീവിക്കുന്നവരായി കൊളളട്ടെ സന്യാസി പ്രസ്ഥാനങ്ങളില്‍ ജീവിക്കുന്നവരായി കൊളളട്ടെ വിവാഹിത വൈദീകരായിക്കൊളളട്ടെ അവര്‍ക്കു ഒരു റിട്രീറ്റ് കൊടുക്കുന്നതും അവരുടെ ഉള്ളിലെ വേദന തുറന്നു പറയാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തില്ലെങ്കില്‍ സഭയുടെ ആത്മീയ ശുശ്രൂഷയിലായിരിക്കുന്ന പലരും അവരുടെ ജീവിതം അവസാനിപ്പിക്കുന്നത് കാണേണ്ടി വരും. പൂര്‍ണ സന്യാസികളായിട്ടുളള പല പ്രായമുള്ളവരും ജീവിതം നിരാശയിലൂടെ തള്ളിനീക്കിക്കൊണ്ടിരിക്കുന്നു. പലരും ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത് തിരിച്ചറിഞ്ഞ് സഭ പ്രവര്‍ത്തിക്കണം. വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നതിനു മുമ്പേ അവര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് പോയി പഠിച്ച ശേഷം മാത്രം കുറ്റപ്പെടുത്തുവാനും കുത്തുവാക്കുകള്‍ ഉപയോഗിക്കുവാനും ശ്രമിക്കുക. സത്യം നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്.
ദയറായും, സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതും സഭയുടെ ഉത്തരവാദിത്വം ആണ്.