സ്വർഗ്ഗാരോഹണ പെരുന്നാൾ കഴിഞ് പെന്തിക്കോസ്തി പെരുന്നാളിലെ പരിശുദ്ധാത്മാനുഭവത്തിനായി ഒരുങ്ങുന്ന കാത്തിരിപ്പിന്റെ സമയം ആണല്ലോ ഇത്.
യേശുക്രിസ്തു ഏറ്റവും അവസാനം സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ് ശിഷ്യന്മാരോട് നിങ്ങൾ യെരുശലേമിൽ നിന്ന് വാങ്ങിപ്പോകാതെ എന്നോട് കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കണം ( അപ്പോസ്തോല പ്രവൃത്തികൾ 1:4) എന്നു പറഞ്ഞു. അതനുസരിച്ച് പരിശുദ്ധ കന്യക മറിയാമും യേശുവിന്റെ ശിഷ്യന്മാരും യേശുവിനെ അനുഗമിച്ചവരും ഉൾപ്പെടെ ഏകദേശം120 പേരുടെ സംഘം അങ്ങനെ കാത്തിരുന്നു പ്രാർത്ഥിച്ചതിന്റെ ഒടുവിൽ പരിശുദ്ധാത്മാവിന്റെ സമൃദ്ധമായ ആവാസം അവർക്ക് ഉണ്ടായി . ഇതെല്ലാം ഓർത്തുകൊണ്ടാണ് മാമോദീസയിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരെങ്കിലും പരിശുദ്ധാത്മാവിനെ ജ്വലിപ്പിക്കുവാനായി പെന്തിക്കോസ്തി പെരുന്നാളിലേക്ക് പ്രാർത്ഥിച്ച് നാം ഒരുങ്ങുന്നത്.
വൈദിക സെമിനാരി പരിശീലനത്തിന്റെ അവസാന വർഷത്തിൽ ഞങ്ങൾ ഏതാനും ശമ്മാശൻമാർ അന്ന് കാതോലിക്ക ബാവ ആയിരുന്ന പരിശുദ്ധ ബസേലിയോസ് മർത്തോമ മാത്യൂസ് ദ്വതീയൻ ബാവാ തിരുമേനിയെ കണ്ട് പെന്തിക്കോസ്തി പെരുന്നാളിന് മുമ്പായി കാത്തിരിപ്പ് ധ്യാനം പരുമലയിൽ നടത്തുന്നതിനെ സംബന്ധിച്ച് സംസാരിച്ചു. അത് നടപ്പാക്കുവാൻ പരിശുദ്ധ ബാവാ തിരുമേനി കൽപ്പിച്ചതനുസരിച്ച് 1991 മുതൽ കുറേ വർഷങ്ങളിൽ കാത്തിരിപ്പ് നാളുകളിൽ മൂന്ന് ദിവസങ്ങൾ ഉപവാസവും പ്രാർത്ഥനയും ആയി 500ലധികം ആളുകൾ പരുമലയിൽ പ്രാർത്ഥനയോടെ കഴിഞ്ഞിരുന്നത് ദൈവ സന്നിധിയിൽ നന്ദിയോടെ ഓർക്കുന്നു. ഒന്നിച്ചു കൂടാം കാത്തിരിക്കാം എന്നതായിരുന്നു അതിന്റെ പൊതു പ്രമേയം. ഇപ്പോഴും അങ്ങനെ ചില ഇടങ്ങളിൽ നടക്കുന്നുണ്ടാകും. ഓരോ കുടുംബവും ഓരോ ഇടവകയും ക്രിസ്തീയ ജീവിതത്തിന് വെല്ലുവിളികൾ ഏറിവരുന്ന ഈ നാളുകളിൽ കൂടുതലായി പരിശുദ്ധാത്മ സഹായവും ശക്തീകരണവും തേടേണ്ടത് അനിവാര്യമാണല്ലോ.
ഓക്സ്ഫോർഡ് ഡിഷ്ണറി 2016 ലെ word of the year ആയി തിരഞ്ഞെടുത്തത് ‘Post-Truth ‘ആണ്. എല്ലാ കാലഘട്ടങ്ങളിലും കള്ളവും വഞ്ചനയും ഉണ്ടല്ലോ. പിന്നെന്ത് സത്യാനന്തര യുഗം? വസ്തുനിഷ്ഠമായ സത്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടത് എന്ന ഒരു ചിന്താഗതിയാണീ post truthism. വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളെക്കാൾ വികാരങ്ങളും സ്വാർത്ഥ താൽപര്യങ്ങളും കൂടുതലായി സ്വാധീനം ചെലുത്താൻ ഇടയാക്കുന്ന സാഹചര്യം ആണിത്. ഓക്സ്ഫോർഡ് ഡിഷ്ണറി നിർവചിക്കുന്നത് അനുസരിച്ച് “post truth speaks of circumstances in which objective facts are less influential in shaping public opinion than appeals to emotion and personal belief”. ഐറിഷ് തത്വചിന്തകൻ Vittorio Bufacchi postruthism സംബന്ധിച്ച് എഴുതിയത് ഇങ്ങനെയാണ്, “Advocates
of post-truth (post truthers )are devious: they are in the business of subverting truth… they feel threatened by truth, and therefore want to undermine or emasculate truth… Post truthers aim to delegitimise truth, since this is the best way to disarm the threat that truth poses to them.”
സത്യം ഉയർത്തുന്ന ഭീഷണിയെ നേരിടുവാനുള്ള നല്ല വഴിയായി സത്യാനന്തര വാദികൾ കൈക്കൊള്ളുന്ന മാർഗമാണ് സത്യത്തെ അഥവാ സത്യമെന്ന മൂല്യത്തെ നിസ്സാരവൽക്കരിക്കുകയും നിർവീര്യമാക്കുകയും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുക എന്നുള്ളത്. രാഷ്ട്രീയത്തിലും മതത്തിലും സ്ഥാപനങ്ങളിലും ബിസിനസിലും കുടുംബങ്ങളിലും വ്യക്തിജീവിതങ്ങളിലും എല്ലാം ഈ വൈറസ് വല്ലാതെ ബാധിച്ചു തുടങ്ങിയിരിക്കുന്നത് ഇന്ന് പ്രകടമാണല്ലോ.
യേശു ശിഷ്യന്മാർക്ക് നൽകിയ വാഗ്ദാനം . “സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും” എന്നതായിരുന്നല്ലോ (യോഹന്നാൻ 16 :13 ). ഗലാത്യലേഖനം അഞ്ചാം അധ്യായം പതിനാറാം വാക്യത്തിൽ പൗലോസ് ശ്ലീഹ നമ്മെ ഓർമ്മിപ്പിക്കുന്നത് “ആത്മാവിനെ അനുസരിച്ച് നടപ്പിൻ” എന്നാണ്. ഈ രണ്ട് വാക്യങ്ങളും ചേർത്ത് ഈ കാലഘട്ടത്തിന്റെ പശ്ചാത്തലവും ഓർത്താണ് ‘സത്യാനന്തര യുഗത്തിലും പരിശുദ്ധാത്മാവിനെ അനുസരിച്ച് ‘ എന്ന വിഷയം രൂപപ്പെടുത്തിയത്.
ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം മനുഷ്യന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു എന്ന് ആദിമ ക്രിസ്തീയ സഭയ്ക്ക് ബോധ്യപ്പെട്ടിരുന്നു. മനുഷ്യാവതാരത്തിന്റെ തുടർച്ചയായി പരിശുദ്ധാത്മാവ് നൽകപ്പെട്ടു. പരിശുദ്ധാത്മാവിനെ വീണ്ടും നൽകി മനുഷ്യസൃഷ്ടിയെ പുതുക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക എന്നതു ദൈവ പദ്ധതി ആയിരുന്നു എന്ന് രണ്ടാം നൂറ്റാണ്ടിൽ പ. ഐറേനിയോസ് എഴുതി. പരിശുദ്ധനായ അത്താനാസിയോസ് നാലാം നൂറ്റാണ്ടിൽ ഇങ്ങനെ എഴുതി ‘the Logos took flesh that we might receive the Spirit’. വചനം ജഡമായത് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ പോലെ ആകുവാനും ആ സത്യത്തിന് സാക്ഷികളായി ജീവിക്കുവാനും ഉള്ള വെളിച്ചവും ശക്തിയും ആണ് പരിശുദ്ധാത്മാവ് പകരുന്നത്.
യേശുക്രിസ്തു സത്യത്തിന്റെ ആത്മാവ് എന്ന് വിശുദ്ധിയോഹന്നാന്റെ സുവിശേഷത്തിൽ പല ആവർത്തി പറയുന്നുണ്ട്. അത് സത്യവിരുദ്ധമായ വഞ്ചനയുടെ മറ്റൊരാത്മാവിന് എതിരായിട്ടു കൂടിയാണ്. ദൈവത്തോട് കേട്ടിട്ടുള്ള സത്യം നിങ്ങളോട് സംസാരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു എന്നും എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതെന്ത്, എന്റെ വചനം കേൾക്കാൻ നിങ്ങൾക്ക് മനസ്സിലായ്ക കൊണ്ട് അത്രെ എന്നും ഒക്കെ പറയുന്നതിന്റെ പിന്നാലെയാണ് പിശാച് എന്ന ആത്മാവിനെ കുറിച്ച് ക്രിസ്തു ഇങ്ങനെ പറയുന്നത്: ‘അവൻ ആദ്യം മുതൽ കൊലപാതകനായിരുന്നു അവനിൽ സത്യമില്ലായ്ക കൊണ്ട് സത്യത്തിൽ നിൽക്കുന്നതും ഇല്ല. അവൻ ഭോഷ്ക്കു പറയുമ്പോൾ സ്വന്തത്തിൽ നിന്ന് എടുത്തു പറയുന്നു അവൻ ഭോഷ്ക് പറയുന്നവനും അതിന്റെ അപ്പനും ആകുന്നു “.( യോഹന്നാൻ 8: 44 ). ക്രിസ്തു സ്ഥാപിക്കുന്നത് ആ യഹൂദന്മാർ ഈ വഞ്ചനയുടെ ആത്മാവിന് അടിമപ്പെട്ടു കഴിയുന്നതുകൊണ്ടാണ് സത്യമായവൻ തന്നെ വന്ന് സത്യം വെളിപ്പെടുത്തിയപ്പോൾ അവനെ നശിപ്പിക്കുവാൻ അവർ ശ്രമിക്കുന്നത് എന്നാണ്. ഈ വഞ്ചനയുടെ ആത്മാവിന്റെ ഭീകര താണ്ഡവം നടക്കുന്ന ഈ സത്യാനന്തര സൈബർ യുഗത്തിൽ
സത്യത്തിന്റെ ആത്മാവിനെ അനുസരിച്ച് നടക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്.
സത്യത്തിന്റെ പരിശുദ്ധാത്മാവ് സത്യത്തിന്റെ ആഴങ്ങളിലേക്ക് ഉള്ള ഉൾക്കാഴ്ച നൽകുകയാണ്. അപ്പോസ്തോലന്മാരെ ജ്ഞാനികളാക്കിയ പരിശുദ്ധാത്മാവ് നമുക്കും പകരുന്ന സത്യ ജ്ഞാനത്തിന്റെ നാലഞ്ച് തലങ്ങൾ ഒന്ന് ഓടിച്ചു നോക്കാം:
- ദൈവസാന്നിധ്യ സത്യം.
പരിശുദ്ധ റൂഹായുടെ സംബന്ധവും സഹവാസവും എന്നാണല്ലോ ത്രിത്വ നാമത്തിലുള്ള ആശീർവാദത്തിൽ ഉപയോഗിക്കുന്നത്. ദൈവ സഹവാസത്തിന് സഹായിക്കുകയാണ് പരിശുദ്ധ റൂഹാ. ദൈവം ഇനി അങ്ങ് അകലെയല്ല മറിച്ച് ഉള്ളിലെ സഹവാസവും സംസർഗവും ആണെന്ന വെളിച്ചമാണ് ഇത്. പരിശുദ്ധ റൂഹ പ്രാവ് രൂപത്തിൽ ഇറങ്ങി എന്നുള്ളതുകൊണ്ട് നമ്മുടെ ആരാധനയിൽ പ്രാവിന്റെ പ്രതീകം ഉപയോഗിക്കപ്പെടുന്നു. ഇന്ന് പ്രാവ് സമാധാനത്തിന്റെ പ്രതീകമായി കരുതപ്പെടുന്നെങ്കിലും വേദപുസ്തക രചനാ കാലത്ത് പ്രാവ് ദൈവ മനുഷ്യബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഒരു ബലിവസ്തു ആയിരുന്നല്ലോ. റോമാ ലേഖനം 8:15 ൽ, “അബ്ബാ പിതാവേ എന്ന് വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ നാം പ്രാപിച്ചത്” എന്നും അതിന്റെ പിന്നാലെ വേണ്ടും വണ്ണം പ്രാർത്ഥിക്കുന്നതിന് നമ്മുടെ ഉള്ളിലിരുന്ന് പരിശുദ്ധാത്മാവ് സഹായിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു (റോമർ 8:26) . ഓക്സിജനും ഗുരുത്വാകർഷണ ശക്തിയും കാണുവാൻ കഴിയുകയില്ലെങ്കിലും ഈ ഭൂമിയിൽ എവിടെ ചെന്നാലും അനുഭവിക്കാൻ കഴിയുമല്ലോ. ഇതുപോലെയാണ് ദൈവസാന്നിധ്യം. ആ സാന്നിധ്യം ഉള്ളിലേക്കും പകർന്ന് മനുഷ്യന്റെ അന്തരംഗം തുടരേണ്ട ആരാധനയുടെ ഉൾക്കാഴ്ചയും സഹായവും നൽകുകയാണ് പരിശുദ്ധ റൂഹാ . ആ വിധമുള്ള രഹസ്യമായ ആരാധനയിലൂടെയും കൂടെ ആണല്ലോ പരസ്യമായ ആരാധനയ്ക്ക് ഒരുങ്ങുന്നത്. യേശുവിന്റെ ജീവിതം മുഴുവൻ തന്റെ സ്വർഗീയ പിതാവിന്റെ സാന്നിധ്യവും സംസർഗ്ഗവും നിറഞ്ഞു നിന്നിരുന്നു എന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. കഷ്ടതകളിലും സമാധാനചിത്തരായി അതിജീവനം അന്വേഷിക്കുവാനുള്ള വെളിച്ചമാണ് ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിലൂടെയും ലോകത്തിലേക്ക് പ്രസരിച്ചത്. ക്രിസ്തുവിനോടുള്ള കൂട്ടായ്മയിൽ കഴിയുമ്പോൾ ദൈവത്തിന്റെ സാന്നിധ്യവും സംസർഗവും അനുഭവിക്കുന്ന സ്വർഗീയ സന്തോഷത്തിൽ ആകും ഇവിടെ വച്ചുതന്നെ. ഇത് സത്യം സത്യം. - വചനത്തിന്റെ സത്യം.
യേശു വെളിപ്പെടുത്തിയത് അനുസരിക്കുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും അൽഭുതാവഹമായ സന്തോഷവും സമാധാനവും ജീവിത വിജയവും സാധ്യമാകും എന്ന സത്യ ജ്ഞാനമാണ് പരിശുദ്ധാത്മാവ് പകരുന്നത്. ക്രിസ്തുവിന്റെ എല്ലാ വെളിപ്പെടുത്തലുകളും കൽപ്പനകളും ദൈവ രാജ്യത്തിന്റെ സ്വാതന്ത്ര്യവും സന്തോഷവും സാക്ഷാത്കാരവും ചരിത്രത്തിൽ വെച്ച് തന്നെ കുറെയധികം സാധ്യമാക്കി തരും. ഓരോ സുവിശേഷ പ്രബോധനത്തോടും ബന്ധപ്പെട്ട് അത് മുറുകെ പിടിക്കുന്നവർക്ക് ഇവിടെ വെച്ച് തന്നെ ലഭിക്കാനിരിക്കുന്നതും ഇതിനപ്പുറത്ത് വരുവാൻ ഇരിക്കുന്നതുമായ ആ സന്തോഷത്തിലേക്കുള്ള ഉൾക്കാഴ്ചയും ഉൾകരുത്തും പരിശുദ്ധ റൂഹാ നമുക്ക് നൽകുന്നു. സുവിശേഷ പ്രബോധനങ്ങൾ ആദ്യ കാഴ്ചയിൽ അത്ര സുഖകരമായി തോന്നുകയില്ലായിരിക്കും. എന്നാൽ അത് അനുസരിക്കുന്നവർക്ക് സുബോധവും സമാധാനവും സ്വാതന്ത്ര്യവും സന്തോഷവും ലഭിക്കും എന്ന സത്യം വ്യക്തമാക്കി തരുന്നു പരിശുദ്ധാത്മാവ്. അതുകൊണ്ടാണ് യേശു പറഞ്ഞത് “പിതാവ് എന്റെ നാമത്തിൽ അയക്കാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്ക് സകലവും ഉപദേശിച്ചു തരികയും ഞാൻ നിങ്ങളോട് പറഞ്ഞതൊക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും” എന്ന് (യോഹന്നാൻ 14 :26)
വിശ്വാസപ്രമാണത്തിൽ മൂന്നാമത്തെ ഖണ്ണികയിൽ ‘നിബിയൻ മാരും ശ്ലീഹന്മാരും മുഖാന്തരം സംസാരിച്ചവനും’ എന്ന് പരിശുദ്ധ റൂഹായെ കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. ഇൻഫോർമേഷൻ റവലൂഷൻ നടക്കുന്ന ഇക്കാലത്തും സുവിശേഷ സത്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ച് പരിശുദ്ധ റൂഹാ സത്യ ജ്ഞാനം പകരുന്നു. വേദ പരിജ്ഞാനത്തിലേക്ക് പ്രത്യേകിച്ച് വേദ പുസ്തകത്തിന്റെ കേന്ദ്രമായ ക്രിസ്തുവിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുകയാണ് പരിശുദ്ധാത്മാവ്. വേദപുസ്തകത്തിൽ ഏറ്റവും പ്രധാനമായ സുവിശേഷങ്ങൾ ഉൾപ്പെടെയുള്ള എഴുത്തുകൾ രൂപപ്പെടുത്തുവാൻ പ്രേരിപ്പിച്ച പരിശുദ്ധാത്മാവ് ഇന്നും അതിലൂടെ നമ്മോട് ഇടപെട്ട് ക്രിസ്തുവെന്ന സത്യത്തിൽ നമ്മെ ഉറപ്പിച്ച് ഈ അസ്ഥിരവും അസ്വസ്ഥവുമായ കാലഘട്ടത്തിലും സുസ്ഥിരവും സമാധാന പൂർണ്ണവുമായ ജീവിതത്തിനും ഉത്തമ സാക്ഷ്യത്തിനും സഹായിക്കുകയാണ്. വചനത്തിന്റെ സഫലത സത്യം സത്യം. - പാപത്തിന്റെ സത്യം.
പാപത്തിന്റെ ദുരന്തഫലം ഒരു സത്യമാണെന്ന് പരിശുദ്ധാത്മാവ് ഓർമിപ്പിക്കുന്നു. യേശു വ്യക്തമായി പറഞ്ഞതാണ് ‘പരിശുദ്ധാത്മാവ് വരുമ്പോൾ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തും’ എന്ന് (യോഹന്നാൻ 16 :8.). തിന്മയെ മഹത്വ വൽക്കരിക്കുന്ന ഒരു ചുറ്റുപാടിൽ തിരുത്തേണ്ടവയെ തിരുത്തുവാൻ, പാപ ബോധം ഉണ്ടാകുവാൻ വളരെയധികം കൃപ തേടേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് പരിശുദ്ധാത്മാവേ വന്ന് സഹായിക്കേണമേ എന്ന് നാം ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടത്. ഏതാനും നാളുകൾക്ക് മുമ്പ് കേരളത്തിലെ ഒരു കോളേജ് ഹോസ്റ്റൽ പോലീസ് റെയ്ഡ് ചെയ്തപ്പോൾ അവിടെ ധാരാളമായി ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്ന ഒരു മുറിയുടെ മുമ്പിൽ എഴുതി വെച്ചിരുന്നത് സ്വർഗ്ഗ വാതിൽ എന്നായിരുന്നു എന്ന് മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഏദൻ കഥയിലെ പ്രലോഭനത്തിൽ എന്നതുപോലെ ഇവിടെയും ഈ ലോകത്തിലെ നരകത്തിലേക്കുള്ള വഴിയും വാതിലും സ്വർഗീയമായിട്ട് ആണ് അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ പിന്നിൽ വഞ്ചനയുടെ ആത്മാവ് ആണ്. ഒരു വിഷ കുപ്പിയുടെ പുറത്ത് പോയിസൺ എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കർ മാറ്റിയിട്ട് മധുര പാനീയം എന്ന് അതിന് പകരം അവിടെ എഴുതി ഒട്ടിച്ചിട്ട് അതിലെ ദ്രാവകം കുടിച്ചാലും അനന്തരഫലം ദുരിതവും ദുരന്തവും ആയിരിക്കുമല്ലോ. പല ചതികളും തട്ടിപ്പുകളുംഈ വിധമാണ് വരുന്നത്. അതുകൊണ്ട് പാപത്തെക്കുറിച്ച് ബോധം വരുത്തുന്ന പരിശുദ്ധാത്മാവിന്റെ സഹായം ഏറെ ആവശ്യമായിരിക്കുകയാണ് . തിന്മയുടെ അനന്തരഫലം അത് ചെയ്യുന്ന വ്യക്തിയിൽ മാത്രം പരിമിതപ്പെടുന്നില്ല. ആ വ്യക്തിയിലൂടെ പല കുടുംബങ്ങളിലേക്കും ബന്ധപ്പെട്ടിരിക്കുന്ന സമൂഹത്തിലേക്കും എല്ലാം അതിന്റെ അന്ധകാരവും വിനാശവികിരണങ്ങളും പ്രസരിക്കുക തന്നെ ചെയ്യും. ഒരു വള്ളത്തിലോ ബോട്ടിലോ യാത്ര ചെയ്യുന്ന ഒരു കുട്ടി താനിരിക്കുന്നതിന്റെ താഴെ ദ്വാരം ഉണ്ടാക്കി അതിൽക്കൂടെ ഉള്ളിലേക്ക് ഉയർന്നുപൊങ്ങുന്ന വെള്ളത്തിന്റെ ഫൗണ്ടനിൽ കളിക്കുകയും കുളിക്കുകയും ചെയ്തു രസിക്കുന്നു എന്ന് കരുതുക. എന്നാൽ ക്രമേണ ബോട്ട് മുഴുവനായും വെള്ളത്തിലേക്ക് താഴുമ്പോൾ ആ കുട്ടിക്ക് മാത്രമല്ല അതിൽ യാത്ര ചെയ്യുന്നവർക്കും അതിന്റെ ഉടമസ്ഥർക്കും എല്ലാം എത്രയധികം നാശമാണ് അത് വരുത്തി വയ്ക്കുന്നത് എന്ന് ഓർക്കേണ്ടതാണ്.
പാപത്തിന്റെ ശമ്പളം മരണം എന്ന് തിരുവചനം പഠിപ്പിക്കുന്നു. തിന്മയുടെ അനന്തരഫലം ഏത് കാലത്തും നാശമാണെന്നത് സത്യം സത്യം. - ദൈവീകരണത്തിന്റെ സത്യം.
മനുഷ്യസൃഷ്ടിയിലേ നിക്ഷേപിക്കപ്പെട്ടിട്ടുള്ള അനന്തമായ ആത്മീയ സാധ്യതയെ കുറിച്ചുള്ള പരാമർശം ആണ് ഉല്പത്തി 1: 26 ൽ പറഞ്ഞിരിക്കുന്ന ദൈവ സ്വരൂപത്തിലും സാദൃശ്യത്തിലും ഉള്ള മനുഷ്യസൃഷ്ടി എന്നത്. ഇത് ദൈവീക ഗുണഗണങ്ങളിൽ ക്രിസ്തുവിനെ പോലെ ആയിത്തീരുവാനുള്ള വലിയ ആത്മീയ സാധ്യതയാണ്. ഏതു മനുഷ്യനിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഈ ഒരു സാധ്യതയെ കാണുവാനും അതിനെ പരിപോഷിപ്പിക്കുവാനും പരിശുദ്ധ റൂഹ സഹായിക്കും. പരിശുദ്ധനായ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു, “കർത്താവിന്റെ ആത്മാവ് ഉള്ളടത്ത് സ്വാതന്ത്ര്യമുണ്ട് മൂട് പടം നീങ്ങിയ മുഖത്ത് കർത്താവിന്റെ തേജസിനെ കണ്ണാടി പോലെ പ്രതിബിംബപ്പിക്കുന്ന വരായി നാമെല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്മേൽ തേജസ്സ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു”. ( രണ്ട് കൊരിന്ത്യർ 3: 17, 18). ‘അതേ പ്രതിമയായി’ എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് യേശുക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് നാം രൂപാന്തരപ്പെടുന്നതിനെ കുറിച്ചാണ്. അതിനെ സംബന്ധിച്ച് പറയുന്ന ഈ വാക്യത്തിൽ അത് പരിശുദ്ധാത്മാവിന്റെ സഹായത്താൽ ആണെന്നും പറഞ്ഞിരിക്കുന്നു. പരിശുദ്ധ റൂഹായെ പൊരുന്ന ആവസിക്കലും ആയി ബന്ധപ്പെടുത്തി പരാമർശിക്കുന്നത് സുറിയാനി ദൈവശാസ്ത്രത്തിൽ സുപ്രധാനമാണ്. അതുകൊണ്ടാണ് നമ്മുടെ വിശുദ്ധ കുർബാനയിൽ ശുശ്രൂഷക്കാരൻ വാത്സല്യമുള്ളവരെ ജീവനുള്ള പരിശുദ്ധ റൂഹാ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി അർപ്പിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ കുർബാനമേൽ പൊരുന്നി ആവസിച്ച് അതിനെ തിരുശരീര രക്തങ്ങൾ ആക്കി മാറ്റുന്നതിനെ സംബന്ധിച്ച് പ്രബോധിപ്പിക്കുന്നത്. തള്ളപ്പിടക്കോഴി മുട്ടയുടെ മുകളിൽ പൊരുന്ന ഇരിക്കുമ്പോൾ ആ ചൂടിൽ മൊട്ടയുടെ ഉള്ളിലെ സാധ്യത കോഴിക്കുഞ്ഞുങ്ങൾ ആയിവിരിയുകയാണ്. അതിന് മുമ്പ് ആ കോഴി കുഞ്ഞുങ്ങൾ ദ്രാവകരൂപത്തിൽ ഒരു സാധ്യത മാത്രമായി കഴിയുകയായിരുന്നു. ഇതുപോലെ ഏതൊരു മനുഷ്യനിലും ഉള്ള ക്രിസ്തുവെന്ന സാധ്യത പൂർണ്ണ പ്രകാശനത്തിനായി നോക്കി പാർത്തിരിക്കുകയാണ്. അവിടെ പരിശുദ്ധ റൂഹായുടെ പൊരുന്ന ആവാസം തുടർച്ചയായി ലഭിക്കുമ്പോൾ അതു യാഥാർത്ഥ്യമായിതത്തീ രുന്നു. ഈ പ്രപഞ്ചത്തിന്റെ രൂപ പരിണാമങ്ങളിൽ എന്നപോലെ ഓരോ വ്യക്തിയുടെ ജീവിതത്തിലും പരിശുദ്ധ റൂഹാ മനുഷ്യത്വ പൂർണ്ണതയിലേക്ക് നയിക്കുകയാണ്. ഉണ്ടായിട്ടുള്ളതും ഉണ്ടാകുവാൻ ഉള്ളതുമായ സകലത്തെയും പൂർണ്ണമാക്കുന്ന പരിശുദ്ധ റൂഹായും നമ്മോടുകൂടെ എന്ന് വിശുദ്ധ കുർബാനയിൽ തിരു ശരീര രക്തങ്ങൾ ഉയർത്തി ആഘോഷിച്ചു കൊണ്ട് കാർമ്മികൻ പരിശുദ്ധ റൂഹായെ കുറിച്ച് പറയുന്നത് ഈ പശ്ചാത്തലത്തിൽ വളരെ വളരെ പ്രസക്തമാണ്. മനുഷ്യ ജീവിതത്തിൽ ഈ പൂർണ്ണതയിലേക്കുള്ള വളർച്ചയുടെ പ്രതിഫലനമാണ് സ്നേഹം സന്തോഷം സമാധാനം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത സൗമ്യത ഇന്ദ്രിയജയം എന്നിങ്ങനെയുള്ള പരിശുദ്ധാത്മ ഫലങ്ങൾ. (ഗലാത്യർ 5 :22). ആയിത്തീരേണ്ടത് പോലെ ആയിത്തീരുവാൻ സഹായിക്കുന്ന പരിശുദ്ധ റൂഹായോട് സഹകരിക്കുമ്പോൾ ക്രിസ്തു ബന്ധത്തിൽ ആരാധനാ അനുഭവത്തിൽ വളർന്ന് ലോകത്തിന് ഒരു അനുഗ്രഹമാകുവാൻ സാധിക്കും. അത് ഓർത്തുകൊണ്ട് ആണ് വിശുദ്ധ മാമോദിസയുടെ അവസാനത്തെ ഹൂത്തോമാ പ്രാർത്ഥനയിൽ നീ ധരിച്ചിരിക്കുന്ന പരിശുദ്ധ റൂഹ നിന്നെ പൂർത്തീകരിക്കട്ടെ എന്ന് ആശംസിച്ചു പ്രാർത്ഥിക്കുന്നത്. ആ വിധത്തിൽ ദൈവീകരണത്തിൽ പുരോഗമിക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ നാം മനുഷ്യരായി തീരുന്നത് എന്നോർക്കാം. വ്യക്തിയുടെ പെന്തിക്കോസ്തി ആയ മാമോദിസയിലെ ഒരു പ്രാർത്ഥന കർത്താവേ തിരുമുഖ ശോഭ ഇവനിൽ അഥവാ ഇവളിൽ പ്രതിബിംബിക്കേണമേ എന്നാണല്ലോ. സാങ്കേതിക വിദ്യകൾ അഥവാ ടെക്നോളജി കൂടുതൽ നമ്മുടെ ബയോളജിയിലേക്ക് കടത്തിവിട്ട് നമ്മളെ കൂടുതൽ കാര്യക്ഷമമാക്കുവാൻ ശ്രദ്ധിക്കുന്നതിന്റെ പത്തിരട്ടി മനുഷ്യ സന്തോഷവും ലോക സമാധാനവും ഉറപ്പുവരുത്താനുള്ള മാർഗമാണ് ഈ ദൈവികരണം. അതിനാണ് പരിശുദ്ധാത്മാവിനാൽ നിറയേണ്ടത്. ദൈവീകരണ സാധ്യത സത്യം സത്യം എന്ന് പരിശുദ്ധാത്മാവ് ഓർമിപ്പിക്കുന്നു. അതിന് സഹായിക്കുകയും ചെയ്യുന്നു - ഐക്യദർശന സത്യം.
പരിശുദ്ധ റൂഹാ സഭയുടെ ഐക്യത്തിന്റെ അടിസ്ഥാന തത്വമാണ്. ആദിമ സഭയിൽ ശിഷ്യരുടെ ഇടയിൽ പോലും വിഭാഗീയത ഉണ്ടായിരുന്നെങ്കിലും പരിശുദ്ധ റൂഹായുടെ പെന്തക്കോസ്തി അനുഭവത്തോടെ ആ സമൂഹം ഏക ഹൃദയവും ഏക മനസ്സും ഉള്ളവരായി എന്ന് തിരുവചനത്തിൽ വായിക്കുന്നു. (അപ്പോസ്തോല പ്രവൃത്തികൾ 4: 31, 32). നാം അധിവസിക്കുന്ന അനേക ഗാലക്സികൾ ഉള്ള കോടാനു കോടി നക്ഷത്രങ്ങൾ ഉള്ള ഈ പ്രപഞ്ചം മുഴുവൻ ഒരു കുടുംബമാണ്. നമ്മുടെ ഈ ഭൂമിയിൽ അധിവസിക്കുന്ന എല്ലാവരും ഒരേ കുടുംബത്തിന്റെ ഭാഗമാണ്. ഒരേ സ്രോതസ്സിൽ നിന്നാണ് എല്ലാം എന്ന് മനസ്സിലാക്കുകയും ഒരേ വാഹനത്തിലെ സഹയാത്രികരാണ് നാമെന്ന് തിരിച്ചറിയുകയും ചെയ്ത് എല്ലാ വിഭാഗീയതകൾക്കും ഉപരിയായി ഐക്യവും സാഹോദര്യവും ഉറപ്പുവരുത്തുകയും ചെയ്യുവാൻ ഈ ഐക്യത്തിന്റെ അടിസ്ഥാന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിലേക്ക് വെളിച്ചം പകർന്ന് ഈ ലോകത്തിൽ സാക്ഷ്യം നിർവഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന സമൂഹമാണല്ലോ സഭ. ബാബേൽ കോട്ട പണിത് ഒരു സമൂഹം തങ്ങളുടെ പ്രതാപവും അഹന്തയും പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ ഭാഷ കലങ്ങി ശിഥിലീകരണം ഉണ്ടായത് പഴയ നിയമത്തിൽ നാം വായിക്കുന്നു. എന്നാൽ ആ സ്ഥാനത്ത് വിനയത്തോടും സ്നേഹത്തോടും ക്രിസ്തുവിന് വിധേയപ്പെട്ട് പരിശുദ്ധാത്മ സഹായത്താൽ ദൈവബന്ധത്തിൽ പരിശുദ്ധ ത്രിത്വത്തെ പ്രതിഫലിപ്പിക്കാൻ തക്കവിധം പുതിയ നിയമസഭ രൂപപ്പെട്ടപ്പോൾ ഭാഷകൾക്കു ഉപരിയായ ഏകീകരണം ഉണ്ടായല്ലോ. അതുകൊണ്ട് പെന്തപെന്തിക്കോസ്ത് അനുഭവം ഉണ്ടായപ്പോൾ പത്രോസ് ശ്ലീഹാ പ്രസംഗിച്ചത് വിവിധ ദേശങ്ങളിൽ നിന്ന് അവിടെ യെരുശലേമിൽ വന്നു കൂടിയ യഹൂദന്മാർക്ക് അത് അവരവരുടെ ഭാഷയിൽ മനസ്സിലായി എന്ന് അപ്പോസ്തോല പ്രവൃത്തികൾ രണ്ടാം അധ്യായത്തിൽ പറഞ്ഞിരിക്കുന്നു. സഭ ലോകത്തിൽ ഐക്യത്തിന്റെ അടയാളവും ഉപകരണവും ആയി നിയോഗിക്കപ്പെട്ടിരിക്കുകയാണല്ലോ. ക്രിസ്തു മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം ഉണ്ട്. ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളും അല്ല വിശുദ്ധന്മാരുടെ സഹ പൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ. (എഫേസ്യ ലേഖനം 2: 18, 19.) യഹൂദന്മാരും വിജാതീയരും ഒരുമിച്ച് നിന്ന് ആരാധിക്കുന്ന ഒരു സഭയെക്കുറിച്ച് യേശുവിന് മുമ്പ് സ്വപ്നം കാണാൻ പോലും കഴിയുന്ന കാര്യമല്ലായിരുന്നു. എന്നാൽ പരിശുദ്ധാത്മാവിനാൽ ഇതു സാധ്യമായി എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. യഹൂദൻ വെറുത്തു മാറ്റി നിർത്തിയിരുന്ന ശമര്യ വിഭാഗത്തോട് യഹൂദന് ഉണ്ടായിരുന്ന കടുത്ത വിധ്വേഷത്തിന്റെ പ്രതിഫലനമായിരുന്നല്ലോ ശമരിയയിലൂടെയുള്ള യാത്ര അനുവദിക്കപ്പെടാതിരുന്നപ്പോൾ യാക്കോബും യോഹന്നാനും തീ ഇറക്കി അവരെ നശിപ്പിക്കണമെന്ന് യേശുവിനോട് പറയുന്നത്. തീവ്രമായ യഹൂദ മത വർഗീയതയിൽ നിന്നാണ് അങ്ങനെയൊരു നശീകരണ ചിന്ത രൂപപ്പെടുന്നത്. എന്നാൽ യേശു അവരെ തിരുത്തി താൻ വന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ നിന്നെല്ലാം മനുഷ്യരെ രക്ഷിച്ചെടുക്കുവാൻ ആണെന്ന് അവരെ മനസ്സിലാക്കി കൊടുക്കുന്നു. പിന്നീട് പരിശുദ്ധാത്മാവ് എന്ന തീ അവരുടെ മേൽ ഇറങ്ങിയപ്പോൾ അവരും സ്നേഹത്തിന്റെ അപ്പോസ്തോലന്മാരായി പരിണമിക്കുന്നു. അവസാന നിമിഷം വരെയും പരിശുദ്ധ യോഹന്നാൻ ശ്ലീഹ തന്റെ നാഥന്റെ ഉത്തമസാക്ഷിയായി നിരന്തരം പരസ്പരം സ്നേഹിക്കണം എന്ന് പ്രബോധിപ്പിച്ചിരുന്നതായ പാരമ്പര്യം നാം കേട്ടിട്ടുള്ളതാണല്ലോ. ആദിമ സഭ ഈ സമാധാന ദർശനം വളരെ ഗൗരവമായിട്ടാണ് എടുത്തിരുന്നത്. അതുകൊണ്ടാണ് ആദ്യ നൂറ്റാണ്ടിൽ പുതിയ നിയമ പുസ്തകങ്ങൾക്ക് പിന്നാലെ എഴുതപ്പെട്ട ‘ഡിഡാക്കെ’എന്ന പുസ്തകത്തിൽ സഹോദരങ്ങളോട് രമ്യത ഇല്ലാത്തവൻ തങ്ങളുടെ ബലി അശുദ്ധമാകാതിരിക്കാൻ തക്കവണ്ണം അതിൽ സംബന്ധിക്കരുത് എന്ന് പറഞ്ഞിരിക്കുന്നത്.
ഐക്യദർശനം സത്യം സത്യമാണ് എന്ന ഉൾക്കാഴ്ച നൽകുകയും അതിലേക്ക് നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാ വിന്റെ സഹായം നമുക്ക് തേടാം.
തിരുവചനത്തിലും ഓർത്തഡോക്സ് ആരാധനയിലും പരിശുദ്ധ റൂഹായെ സൂചിപ്പിക്കുവാൻ ഉപയോഗിക്കപ്പെട്ടിരിക്കുന്ന പല പ്രതീകങ്ങളിൽ ഏറ്റവും പ്രധാനമായുള്ള വയാണല്ലോ വായു, വെള്ളം, തീ എന്നുള്ളത്. ഇവയെല്ലാം നമ്മുടെ കൈക്കുള്ളിൽ ഒതുക്കുവാൻ കഴിയുന്നതല്ല. എന്നാൽ ജീവന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഇതുപോലെ പരിശുദ്ധാത്മാവിനെ നമ്മുടെ പരിമിതമായ ബുദ്ധിയിലും ചിന്തയിലും പിടിച്ചൊതുക്കുവാൻ കഴിയുകയില്ലെങ്കിലും സമൃദ്ധമായ ജീവനും ശക്തമായ ക്രിസ്തീയ സാക്ഷ്യത്തിനും പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ് എന്ന് ഓർമ്മിപ്പിക്കുവാൻ ഈ പ്രതീകങ്ങൾ വളരെ സഹായിക്കുന്നുണ്ട്.
യേശു പീലാത്തോസിനോടുള്ള സംഭാഷണ വേളയിൽ ചേവകർ തനിക്കുവേണ്ടി പോരാടേണ്ടിയ ആവശ്യമില്ലാത്ത വ്യത്യസ്തനായ രാജാവാണ് താനെന്ന് പറഞ്ഞശേഷം പറയുന്ന ഒരു കാര്യം ഇങ്ങനെയാണ്, ‘സത്യത്തിന് സാക്ഷി നിൽക്കേണ്ടതിന് ഞാൻ ജനിച്ച് അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു. സത്യതൽപരനായവൻ എല്ലാം എന്റെ വാക്ക് കേൾക്കുന്നു.’ വ്യത്യസ്തനായ ഈ രാജാവ് ലോകത്തിൽ തുടങ്ങിവച്ച ദൈവ രാജ്യത്തിന്റെ തുടർ സാക്ഷ്യത്തിനായുള്ള നിയോഗം ആണല്ലോ പരിശുദ്ധാത്മാവിന്റെ മൂറോൻ അഭിഷേകത്താൽ പരിശുദ്ധ മാമോദിസായി യിലൂടെ നാമെല്ലാം സ്വീകരിച്ചിരിക്കുന്നത്. മാമോദിസ തൊട്ടിയിൽ കാർമ്മികൻ മാമോദിസ സ്വീകരിക്കുന്ന ആളുടെ തലയിൽ വലതു കൈ വെക്കുന്നത് ആ നിയോഗത്തെ സൂചിപ്പിക്കുന്ന ആദ്യ ഓർഡിനേഷൻ അഥവാ പട്ടത്വ സ്വീകരണത്തിന്റെ കർമ്മവും ആണല്ലോ . രാജാവും പുരോഹിതനും ഒക്കെ അഭിഷേകത്തിലൂടെ തങ്ങളുടെ നിയോഗം സ്വീകരിച്ചതിനെ കുറിച്ച് പഴയ നിയമത്തിൽ നാം വായിക്കുന്നു. യേശു നാസറേത്തിൽ സുന്നഗോഗിൽ യെശയ്യാ പ്രവചനത്തിൽ നിന്ന് എടുത്തു വായിക്കുന്ന ഭാഗത്ത് ദരിദ്രരോട് സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്യുകയാൽ അവന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിക്കാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദ വർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു എന്നു വായിക്കുന്നു. (വി.ലൂക്കോസ് 4 :18, 19). മശിഹാ എന്ന വാക്കിന്റെ ആക്ഷരിക അർത്ഥവും അഭിഷിക്തൻ അഥവാ ‘അനോയിന്റഡ്’ എന്നാണല്ലോ. നാം മാമോദിസായിൽ സ്വീകരിച്ച അഭിഷേകവും ക്രിസ്തുവിന്റെ ഈ ദൗത്യം ഈ ലോകത്തിൽ തുടരുവാൻ ആണെന്ന് ഓർക്കാം. അതിന് കൂടുതൽ ശക്തി ലഭിക്കുന്നതിനാണ് പരിശുദ്ധാത്മാവിനായി കാത്തിരുന്ന് പ്രാർത്ഥിച്ച് പെന്തിക്കോസ്തിയിലേക്ക് വരുന്നത്. യേശു ഏറ്റവും അവസാനം പറഞ്ഞത് പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമരിയയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നാണ്. (അപ്പോസ്തോല പ്രവൃർത്തികൾ 1:8)
ചിലപ്പോൾ പരിശുദ്ധാത്മാവിന്റെ മന്ത്രണം മനസ്സാക്ഷിയിൽ ഒരു മൃദു സ്വരമായി മാത്രമാകും വന്നുചേരുന്നത്. അത് അട്ടഹാസമായി വന്നില്ലെങ്കിലും ആ മൃദുസ്വരത്തിന് ഹൃദയം തുറക്കുമ്പോൾ ജീവിതത്തെ പറുദീസയിലേക്ക് തുറക്കുകയും ജീവിതത്തിലൂടെ ലോകത്തിലേക്ക് പറുദീസ തുറക്കപ്പെടുകയും ആണ് ചെയ്യുന്നത്. എന്നാൽ അത്യധികമായ ഭയാശങ്കകളും സുരക്ഷിതത്വ ബോധവും വിവിധങ്ങളായ അടിമത്വങ്ങളും ആത്മാർത്ഥമായി വാതില് തുറക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കാം.
പരിശുദ്ധാത്മാവേ വന്ന് സത്യ ജ്ഞാനം പകരേണമേ സത്യത്തിന് സാക്ഷിയാകുവാൻ ശക്തികരിക്കേണമേ എന്ന് ആത്മാർത്ഥതയോടെ നമുക്ക് പ്രാർത്ഥിക്കാം.
യെരുശലേമിൽ തന്നെ കാത്തിരുന്ന് പ്രാർത്ഥിക്കുവാനും അവിടെത്തന്നെ സാക്ഷ്യം തുടങ്ങി പിന്നീട് അതിരുകൾക്കപ്പുറത്തേക്ക് ലോകം മുഴുവൻ വ്യാപിപിക്കുവാനും ശിഷ്യരോട് പറഞ്ഞത് വളരെ ശ്രദ്ധയിർഹിക്കുന്നതാണ്. തങ്ങളുടെ ഗുരുവിനെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത ഇടമായ യെരുശലേമിൽ തങ്ങൾക്കും പീഡനം ഉണ്ടാകും എന്ന് ശിഷ്യന്മാർ സ്വാഭാവികമായും ആശങ്കപ്പെട്ടിരുന്നു. എന്നാൽ ആ പ്രതിസന്ധികളിൽ നിന്ന് നിരാശപ്പെട്ട് ഓടിയൊളിക്കുന്നതിന് പകരം അവിടെത്തന്നെ നിന്ന് അതിനെ അതിജീവിക്കാനായി പുതുക്കത്തിന്റെ പ്രത്യാശ പകരുന്ന ശക്തീകരണം പരിശുദ്ധാത്മാവിലൂടെ പ്രാപിക്കുവാനാണ് ക്രിസ്തു ഓർമ്മിപ്പിച്ചത്. ശക്തിയിലും സ്വാധീനത്തിലും സമ്പത്തിലും ആൾബലത്തിലും എല്ലാം നിസ്സാരമായിരുന്ന ആ ചെറു ക്രിസ്തീയ സമൂഹം പരിശുദ്ധാത്മാവിന്റെ ശക്തിയാലും സഹായത്താലും ക്രിസ്തു തുടങ്ങിവച്ചതിനെ തുടർന്നു കൊണ്ടുപോകുവാൻ സജ്ജരായി വിജയിച്ചു. എത്ര നിരാശാജനകമായ സാഹചര്യത്തിലും പ്രത്യാശ പകരുന്ന ദൈവത്തിന്റെ പ്രവർത്തനമാണ് പെന്തിക്കോസ്തിയിൽ ലോകം കാണുന്നത്. പരിശുദ്ധാത്മാവിലൂടെയുള്ളആ പ്രത്യാശയുടെ അനുഭവത്തെക്കുറിച്ച് പരിശുദ്ധനായ പൗലോസ് ശ്ലീഹാ റോമർക്കെഴുതിയ ലേഖനം പതിനഞ്ചാം അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
പ്രത്യാശ നൽകുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി ഉള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കു മാറാകട്ടെ.
സത്യാനന്തര സൈബർ യുഗത്തിലും സത്യത്തിന്റെ സാക്ഷികളായി സന്തോഷിക്കുവാനും പല കാരണങ്ങളാലും നിരാശപ്പെട്ട് തകർന്നിരിക്കുന്ന വർക്കും ആ സന്തോഷം നൽകുവാനും സത്യത്തിന്റെ ആത്മാവ് നമ്മെ വഴിനയിക്കട്ടെ. പെന്തിക്കോസ്തി പെരുന്നാൾ ഏറ്റവും അനുഗ്രഹകരം ആകട്ടെ.

