പാമ്പാക്കുട സെന്‍റ് ജോണ്‍സ് വലിയപള്ളി ഇടവകാംഗം. മുന്‍ വൈദികട്രസ്റ്റി കോനാട്ട് അബ്രഹാം മല്പാനച്ചന്‍റെ മകന്‍. ബി.എ. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചേര്‍ന്നു ജി.എസ്.റ്റി. ഡിപ്ലോമായും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബി. ഡി. ഡിഗ്രിയും സമ്പാദിച്ചു. പാരീസിലെ ലുവേയ്ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വേദശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം നടത്തി മാസ്റ്റര്‍ ബിരുദം (ങ.ഠവ.) കരസ്ഥമാക്കി.
1985 മുതല്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയില്‍ സുറിയാനിയും സഭാചരിത്രവും പഠിപ്പിച്ചു. 2019 മുതല്‍ 2022 വരെ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പലായിരുന്നു.
സെന്‍റ് തോമസ് വൈദികസംഘം സെക്രട്ടറി, കോട്ടയം പഴയസെമിനാരി ബര്‍സാര്‍, കണ്ടനാട് ഭദ്രാസന സെക്രട്ടറി, ‘ഫൈയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍’ കമ്മീഷനില്‍ സഭാ പ്രതിനിധി, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി (2007-2017), അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം ഉപാദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാമ്പാക്കുട വലിയപള്ളി വികാരിയാണ്. ചരിത്രപ്രസിദ്ധമായ കോനാട്ട് ഗ്രന്ഥശേഖരത്തിന്‍റെ ഉടമയാണ്.
2011-ല്‍ ഫാ. ഡോ. ബി. വര്‍ഗ്ഗീസുമായിڔചേര്‍ന്ന് മലയാളത്തിലെ തന്നെ പ്രഥമവും പ്രശസ്തവുമായ “സുറിയാനിഭാഷാ പ്രവേശിക”യുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. കോട്ടയം സെന്‍റ് അപ്രേം എക്യൂമെനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് അദ്ധ്യാപകനായും സേവനം അനുഷ്ടിക്കുന്നു. മലങ്കരസഭാ വക്താവായും പ. കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
ഗ്രന്ഥങ്ങള്‍: നേര്‍വഴിയില്‍, സ്റൂഗിലെ മാര്‍ യാക്കൂബ്, മാര്‍ യാക്കൂബിന്‍റെ തക്സാ: അനുഷ്ഠാനങ്ങളും വ്യാഖ്യാനങ്ങളും.