മലങ്കര മല്പാന്‍ | ഡോ. എം. കുര്യന്‍ തോമസ്

 

മലങ്കരസഭയിലെ വൈദികരില്‍ ഏറ്റവും ഉന്നതമായ പദവിയാണ് മലങ്കര മല്പാന്‍. മലങ്കര മുഴുവന്‍റെയും ഗുരു എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ടിരുന്ന ഈ ബഹുമതി, വൈദികാഭ്യസനം നടത്തുവാനുള്ള പാണ്ഡിത്യവും യോഗ്യതയും അവകാശവും എന്ന അര്‍ത്ഥത്തിലാണ് നല്‍കിയിരുന്നത്. 2001 ഡിസംബര്‍ 23-ന് മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍ കോരുതു കത്തനാര്‍ അന്തരിച്ചതു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.

മല്പാന്‍ എന്ന സുറിയാനി വാക്കിന് ഗുരു എന്നാണര്‍ത്ഥം. നൂറ്റാണ്ടുകളോളം മലങ്കരസഭയുടെ വൈദിക സമൂഹത്തെ അഭ്യസിപ്പിച്ചിരുന്നത് മല്പാന്മാരായിരുന്നു. ഇവരില്‍ വ്യക്തിപരമായി ഈ സ്ഥാനത്തെത്തിയവരും പരമ്പരാഗതമായി അതിനര്‍ഹരായവരും ഉണ്ടായിരുന്നു. മലങ്കര മെത്രാപ്പോലീത്താ, വൈദികസ്ഥാനത്തേയ്ക്ക് അംഗീകരിക്കുന്ന പൈതങ്ങള്‍ ശെമ്മാശുപട്ടം – മിക്കവാറും കോറൂയോ – സ്വീകരിച്ച് മല്പാനോടൊപ്പം താമസമാക്കുന്നു. അത് മല്പാന്‍റെ ഭവനമോ അദ്ദേഹം താമസിക്കുന്ന പള്ളിയോ ആകാം. അവിടെ അക്ഷരം മുതല്‍ സുറിയാനിയും കൂദാശാനുഷ്ഠാനങ്ങളും പഠിച്ച് തക്സായും തഴകി, പെണ്ണുകെട്ടാനും പുത്തന്‍ കുര്‍ബാന ചെല്ലുവാനുമായിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം ശിഷ്യന്മാര്‍ വീടുകളിലേക്കു മടങ്ങിയിരുന്നത്. അപൂര്‍വം ചിലര്‍ തുടര്‍ന്നും അവിടെ താമസിച്ച് ഉപരി വിദ്യാഭ്യാസം നടത്തി മല്പാന്മാരുമായിത്തീര്‍ന്നു.

ഇപ്രകാരമുള്ള മല്പാന്മാര്‍ക്കും മല്പാന്‍ ഭവനങ്ങള്‍ക്കും കൂനന്‍ കുരിശു സത്യത്തോളമെങ്കിലും പുറകോട്ടു നീളുന്ന ചരിത്രമുണ്ട്. കേന്ദ്രീകൃതമായ ഒരു വൈദികാഭ്യാസ സ്ഥാപനമോ സാഹചര്യമോ മലങ്കരയില്‍ ഇല്ലായിരുന്നു എന്നത് ഇത്തരം ഏകാംഗ വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഒരു കാരണം മാത്രമാണ്. ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ ഭാഗമായ ഗുരുകുല സംസ്ക്കാരം – പ്രത്യേകിച്ചും വൈദികവിഷയങ്ങളില്‍ – മല്പാന്‍ ഭവനങ്ങളുടെ മറ്റൊരു പശ്ചാത്തലമാണ്. സ്വതന്ത്രമായ ഇത്തരം പ്രാദേശിക മല്പാന്‍ ഭവനങ്ങള്‍ വിവിധ പാരമ്പര്യങ്ങള്‍ പിന്തുടര്‍ന്നിരുന്നതിനാല്‍, മലങ്കരയുടെ ആരാധനക്രമങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല.

മലങ്കരയിലെ ആരാധനാരീതിക്ക് ഒരു ഏകീകൃത സ്വഭാവം ഉണ്ടാക്കുവാനാണ് 1809 ചിങ്ങം 1-ന് കണ്ടനാട്ടു കൂടിയ മലങ്കര പള്ളിയോഗം രണ്ട് പഠിത്ത വീടുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 1815-ല്‍ കോട്ടയം സെമിനാരി സ്ഥാപിച്ചെങ്കിലും ഒരു വ്യാഴവട്ടക്കാലം മാത്രമാണ് അവിടെ ശരിയായി വിദ്യാഭ്യാസം നടന്നത്. അവിടെ അദ്ധ്യാപകരായി സ്വീകരിക്കപ്പെട്ട ആംഗ്ലിക്കന്‍ മിഷനറിമാര്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസം വളര്‍ത്താന്‍ സെമിനാരിയെ ഉപകരണമാക്കിയതോടെ മലങ്കരസഭ വൈദികാഭ്യസനത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുന്നത് 1830-കളില്‍ അവസാനിപ്പിച്ചു. അതോടെ മല്പാന്‍ ഭവനങ്ങള്‍ വീണ്ടും സജീവമായി. 1958-ലെ മലങ്കരസഭാ സമാധാനത്തിനുശേഷം മാത്രമാണ് മല്പാന്‍ ഭവനങ്ങള്‍ സെമിനാരിക്ക് പൂര്‍ണ്ണമായും വഴിമാറിയത്.

മലങ്കരയില്‍ മല്പാന്മാരും മല്‍പ്പാന്‍ ഭവനങ്ങളും അനേകമുണ്ടായിരുന്നെങ്കിലും മലങ്കര മല്പാന്‍ എന്ന അനന്യമായ സ്ഥാനം ഒരു സമയം ഒരാള്‍ക്ക് മാത്രം – ഒരിക്കല്‍ മാത്രം രണ്ടു പേര്‍ക്ക് – നല്‍കപ്പെട്ടിരുന്ന ഒന്നാണ്.

പാമ്പാക്കുട കോനാട്ടു കുടുംബത്തില്‍ നിന്നുള്ളവര്‍ക്കായിരുന്നു പ്രായേണ മലങ്കര മല്പാന്‍ സ്ഥാനം നല്‍കിയിരുന്നത്. ഈ സ്ഥാനം എന്നു നിലവില്‍ വന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. 1750-കളില്‍ കോനാട്ടു കുടുംബത്തിന്‍റെ മൂലസ്ഥാനമായ മാമലശേരിയില്‍ മല്പാന്‍ ഭവനം ഉണ്ടായിരുന്നതായി സൂചനകളുണ്ട്. കായംകുളം പീലിപ്പോസ് റമ്പാന്‍റെ ശിഷ്യനും പ്രശസ്ത മല്പാനുമായിരുന്ന ചേപ്പാട്ട് പീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാപ്പോലീത്താ ദീര്‍ഘയാത്ര ചെയ്ത് കോനാട്ടു മല്പാന്‍റെ അടുക്കലെത്തി ഉപരിപഠനം നടത്തിയതായി രേഖകളുണ്ട്.

19-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങള്‍ മുതല്‍ മലങ്കര മല്പാന്‍ എന്നു പ്രതിപാദിക്കുന്ന രേഖകള്‍ ലഭ്യമാണ്. കോനാട്ടു കുടുംബം മാമ്മലശ്ശേരിയില്‍ നിന്നു പാമ്പാക്കുടയ്ക്ക് ആസ്ഥാനം മാറ്റിയ കാലം മുതല്‍ അഞ്ചു പേരെങ്കിലും ആ കുടുംബത്തില്‍ നിന്നു മലങ്കര മല്പാന്‍ സ്ഥാനത്ത് എത്തിയിട്ടുണ്ട്. അറിയപ്പെടുന്ന ചരിത്രമനുസരിച്ച് രണ്ടു പേര്‍ക്കു മാത്രമാണ് കോനാട്ടു കുടുംബത്തിനു പുറത്ത് മലങ്കര മല്പാന്‍ സ്ഥാനം ലഭിച്ചത്. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് കത്തനാരും (പിന്നീട് വിശുദ്ധ മാര്‍ ദീവന്നാസ്യോസ് ആറാമന്‍, മലങ്കര മെത്രാപ്പോലീത്താ) ഞാര്‍ത്താങ്കല്‍ കോരുതു കത്തനാരും മാത്രമാണവര്‍.

എന്നാല്‍ മലങ്കര മല്പാന്‍ സ്ഥാനം 20-ാം നൂറ്റാണ്ടിന്‍റെ സൃഷ്ടി മാത്രമാണെന്നും, ആ സ്ഥാനത്ത് ഇന്നുവരെ നാലു പേര്‍ മാത്രമേ അവരോധിക്കപ്പെട്ടിട്ടുള്ളു എന്നും ഒരു തെറ്റിദ്ധാരണ ഇടയ്ക്കു പരന്നു. 1993-ല്‍ ഞാര്‍ത്താങ്കല്‍ മല്പാന് മലങ്കര മല്പാന്‍ സ്ഥാനം നല്‍കിയപ്പോള്‍ വന്ന ചില വാര്‍ത്തകളിലാണ് എങ്ങനെയോ ഈ തെറ്റ് കടന്നു കൂടിയത്. എന്നാല്‍ ഇതു ശരിയല്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. 20-ാം നൂറ്റാണ്ടില്‍ നാല് മലങ്കര മല്പാന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് വസ്തുതയാണ്. പക്ഷേ ആ സ്ഥാനത്തിന് അതിലും പഴക്കമുണ്ട്.

മലങ്കര മല്പാന്‍ എന്ന സ്ഥാനനാമം 20-ാം നൂറ്റാണ്ടിന്‍റെ സൃഷ്ടിയാണെന്നു വേണമെങ്കില്‍ പറയാം. കാരണം 19-ാം നൂറ്റാണ്ടില്‍ മലങ്കര മല്പാന്മാര്‍ അറിയപ്പെട്ടിരുന്നത് മലയാളത്തിനുടെ മല്പാന്‍ എന്നാണ്. ആ കാലത്ത് മലങ്കര മെത്രാപ്പോലീത്താമാരും മലയാളത്തിനുടെ മെത്രാന്‍ എന്നു മാത്രമാണ് അറിയപ്പെട്ടിരുന്നത്. പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ (1877-1909) പോലും മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്നാണ് സ്ഥാനനാമം ഉപയോഗിച്ചിരുന്നത്. അതിനാല്‍ 19-ാം നൂറ്റാണ്ടിലെ മലയാളത്തിനുടെ മല്പാനെ ഇന്നത്തെ മലങ്കര മല്പാനായിതന്നെ കാണണം.

കോനാട്ടു കുടുംബത്തിന്‍റെ മലങ്കര (മലയാളത്തിനുടെ) മല്പാന്‍ സ്ഥാന പിന്തുടര്‍ച്ച തെളിയിക്കുന്ന അനേകം രേഖകള്‍ ഇന്നു ലഭ്യമാണ്. 1824-ല്‍ മരിച്ച മാമ്മലശ്ശേരിയിലെ അവസാനത്തെ കോനാട്ടു മല്പാനായിരുന്ന ഗീവര്‍ഗീസ് മല്പാന്‍ 1824 മെയ് 8-ന് തന്‍റെ പിന്‍ഗാമിയായ അബ്രഹാം മല്‍പ്പാന് എഴുതിക്കൊടുത്ത വില്‍പ്പത്രത്തില്‍ മലയാളത്തിനുടെ മല്പാന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളത്തിനുടെ പെരിയ പെരിയ ബഹു. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലിത്താ തിരുമുമ്പില്‍…. വെച്ചാണ് താളിയോലയില്‍ ഈ വില്‍പ്പത്രം എഴുതിയത് (ഇത് പുന്നത്ര ഗീവര്‍ഗ്ഗീസ് ദീവന്നാസ്യോസ് മൂന്നാമന്‍, മലങ്കര മെത്രാപ്പോലീത്തായാണ്). തന്‍റെ കാലശേഷം പിന്‍ഗാമി കോനാട്ട് അബ്രഹാം കത്തനാരെ മലയാളത്തിനുടെ മല്പാനായി നിയമിക്കണമെന്ന് മെത്രാപ്പോലീത്തായോട് അപേക്ഷിക്കുന്നതായും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മരണശാസനം പിന്നീട് മലങ്കര മെത്രാപ്പോലീത്താമാരായ ചേപ്പാട് മാര്‍ ഫീലിപ്പോസ് ദീവന്നാസ്യോസ് നാലാമന്‍, പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ്, പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ എന്നിവര്‍ വായിച്ച് ഒപ്പും മുദ്രയും വച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഗീവര്‍ഗീസ് മല്പാന്‍റെ പിന്‍ഗാമികളായ കോനാട്ട് അബ്രഹാം മല്പാന്‍ ഒന്നാമന്‍ 1864 ഒക്ടോബര്‍ 11-നും അദ്ദേഹത്തിന്‍റെ പിന്‍ഗാമി കോനാട്ട് യൂഹാനോന്‍ മല്പാന്‍ 1884 മാര്‍ച്ച് 2-നും എഴുതിയ മരണശാസനങ്ങളിലും തത്തുല്യ പരാമര്‍ശങ്ങള്‍ കാണാം. ഇവയും അതതുകാലത്തെയും പില്‍ക്കാലത്തെയും മലങ്കര മെത്രാപ്പോലീത്താമാര്‍ വായിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മലങ്കര മല്പാന്മാരെ നിയമിക്കുന്നത് മലങ്കര മെത്രാപ്പോലീത്തായാണ്. അതിന് വിശേഷാല്‍ ചട്ടങ്ങളും പൂര്‍വമര്യാദകളും ഉണ്ടായിരുന്നു. കോനാട്ടു കുടുംബത്തിലെ ഒരു മലങ്കര മല്പാന്‍ മരിച്ച് നാല്‍പ്പതാം ദിന അടിയന്തിരത്തിന് മലങ്കര മെത്രാപ്പോലീത്താ പാമ്പാക്കുടെ പള്ളിയില്‍ എഴുന്നള്ളിയാണ് മലങ്കര മല്പാന്‍ പ്രഖ്യാപനം നടത്തിയിരുന്നത്. പുതിയ മലങ്കര മല്പാനെ മോതിരം ഇടുവിച്ച് അംശവടിയും വി. വേദപുസ്തകവും പിടിപ്പിച്ച് മലങ്കര മല്പാനെന്നു വിളിക്കുകയായിരുന്നു ആ പതിവ്.

പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ 1903 ധനു 21-നു മലങ്കര മല്പാന്‍ കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്ക്കോപ്പായ്ക്ക് നല്‍കിയ ഒരു സര്‍ട്ടിഫിക്കറ്റില്‍ ഈ ചടങ്ങുകളുടെ വിശദവിവരണം കാണുന്നുണ്ട്. സര്‍ട്ടിഫിക്കറ്റിലെ പ്രസക്തഭാഗം:

…. ഉലഹന്നാന്‍ മല്പാന്‍റെ (കോനാട്ട് കോര യൂഹാനോന്‍ മല്പാന്‍) കാലശേഷം 40-ാം ദിവസത്തെ അടിയന്തിരത്തിന് (1890 മേടം 5-ന്) നാം ഇവിടെ എത്തി മുറിമറ്റത്തില്‍ ബ. പൗലൂസ് മാര്‍ ഈവാനിയോസ് മെത്രപ്പോലിത്തായോടും, കടവില്‍ ബ. പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രപ്പോലീത്തായോടുംകൂടി അമ്പാട്ട് ബ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രപ്പോലീത്തയുടെയും, ബ. ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രപ്പോലിത്തായുടെയും സമ്മതപത്രങ്ങള്‍ വരുത്തി അന്ന് ഇവിടെ കൂടപ്പെട്ടിരുന്ന അനേക പള്ളിക്കാരുടെ മുമ്പാകെ വച്ച്, നമ്മുടെ വാത്സല്യവാനായ കോനാട്ട് മാത്തന്‍ കത്തനാരെ മലങ്കരയുടെ മല്പാനായി നിയമിച്ച് അതിന്‍റെ സ്ഥാനചിഹ്നങ്ങളായി പൂര്‍വ മര്യാദപ്രകാരം മോതിരം, വടി, പുസ്തകം എന്നിവകള്‍ കൊടുക്കുകയും അയാള്‍ നടക്കേണ്ട പ്രകാരങ്ങള്‍ ഞങ്ങള്‍ മൂന്നു മെത്രപ്പോലീത്തമാരും പ്രത്യേകിച്ചു ഗുണദോഷം പറയുകയും…

ഇതേ ചടങ്ങുകള്‍ 1866 തുലാം 13 (ഒക്ടോബര്‍ 28) ന് കോനാട്ട് അബ്രഹാം മല്‍പ്പാന്‍ ഒന്നാമന്‍റെ ഒന്നാം ആണ്ടു ശ്രാദ്ധദിനത്തില്‍ കോനാട്ടു കോര യൂഹാനോന്‍ മല്‍പ്പാന്‍റെ സ്ഥാനദാനത്തിനും അനുവര്‍ത്തിച്ചതായി കരോട്ടുവീട്ടില്‍ മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തിലും (പേജ് 431) കാണുന്നുണ്ട്. ഒരു പക്ഷേ 19-ാം നൂറ്റാണ്ടിലെ കോനാട്ടു മല്‍പാന്മാര്‍ എല്ലാവരും പ്രഗല്‍ഭ പണ്ഡിതരായതിനാലാവാം ഈ സ്ഥാനം കോനാട്ടു കുടുംബത്തിനു പരമ്പരാഗതമായി ലഭ്യമായത്.

1890 മേടം അഞ്ചിന് കോനാട്ട് മാത്തന്‍ കത്തനാരെ മലങ്കര മല്‍പ്പാന്‍ സ്ഥാനത്തേക്ക് പാരമ്പര്യപ്രകാരം മലങ്കര മെത്രാപ്പോലീത്താ ഉയര്‍ത്തി. ഈ സ്ഥാനദാനചടങ്ങിന്‍റെ സംക്ഷിപ്ത രൂപം പ. വാകത്താനത്തു ബാവായുടെ സഭാജീവിത നാള്‍വഴിയിലുമുണ്ട്.

1892-ല്‍ അറിയപ്പെടുന്ന ചരിത്രത്തില്‍ ആദ്യമായി കോനാട്ടു കുടുംബത്തിനു പുറത്തുനിന്ന് വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ക്ക് മലങ്കര മല്പാന്‍ സ്ഥാനം നല്‍കി. അദ്ദേഹം രചിച്ച മതസംഗതി (പിന്നീട് മതോപദേശസാരങ്ങള്‍ എന്നു പുനര്‍ നാമകരണം ചെയ്യപ്പെട്ടു) എന്ന കൃതിയുടെ വൈശിഷ്ട്യം കൊണ്ടാണ് അക്കാലത്തെ ഏറ്റവും മികച്ച പണ്ഡിതനായിരുന്ന അദ്ദേഹത്തിനു മലങ്കര മല്പാന്‍ സ്ഥാനം നല്‍കിയത് (മലങ്കര ഇടവകപത്രിക, 1892 വൃശ്ചികം പുസ്തകം 1, ലക്കം 2, പേജ് 180). പതിവിനു വിരുദ്ധമായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. പത്രോസ് തൃതീയനാണ് വട്ടശ്ശേരില്‍ മല്പാന് ഈ സ്ഥാനം നല്‍കിയത്. അദ്ദേഹത്തിന് പ്രത്യേകമായി ഒരു മുദ്രയും പാത്രിയര്‍ക്കീസ് സമ്മാനിച്ചു. രണ്ടുപേര്‍ മലങ്കര മല്പാന്‍ സ്ഥാനം വഹിച്ച ഏകകാലം 1892 മുതല്‍ മാത്തന്‍ മല്‍പ്പാന്‍ മരിച്ച 1927 വരെയുള്ള വര്‍ഷങ്ങള്‍ മാത്രമാണ്. മലങ്കര മല്പാന്മാരില്‍ ഏറ്റവും പ്രഗല്‍ഭരും പ്രശസ്തരും ഇവര്‍ രണ്ടു പേരുമാണ്.

വട്ടശ്ശേരില്‍ മല്‍പ്പാന്‍ പിന്നീട് മലങ്കര മെത്രാപ്പോലീത്തായായി തിരഞ്ഞെടുക്കപ്പെട്ട് അഭിഷിക്തനായി (ഇദ്ദേഹത്തെ 2002 ഫെബ്രുവരി 24-ന് പരിശുദ്ധനായി പ്രഖ്യാപിച്ചു). വിവാഹിതനായ കോനാട്ട് മാത്തന്‍ മല്‍പ്പാനെ 1926-ല്‍ വിപുലമായ സ്ഥാനമാനങ്ങളോടെ കോര്‍എപ്പിസ്ക്കോപ്പാ സ്ഥാനത്തേക്കുയര്‍ത്തി. 1912-നു ശേഷം ഇവര്‍ രണ്ടാളും വിരുദ്ധ ചേരികളുടെ നേതാക്കളായെങ്കിലും മാത്തന്‍ മല്പാന്‍റെ ജീവിത കാലത്തോ അതിനുശേഷമോ മറ്റൊരാളെ മലങ്കര മല്‍പ്പാന്‍ സ്ഥാനത്തേക്കുയര്‍ത്താന്‍ മറ്റൊരു മലങ്കര മല്പാനും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ ശ്രമിച്ചില്ല എന്നതു ശ്രദ്ധേയമാണ്. അന്ന് ഈ സ്ഥാനത്തിനു യോഗ്യരായ പ്രഗല്‍ഭരായ അനേകം മല്‍പ്പാന്മാര്‍ ഉണ്ടായിരുന്നു എന്നതും പരിഗണിക്കണം.

വിപുലമായ – ഏതാണ്ട് മെത്രാനടുത്ത – പദവികളോടെയാണ് മാത്തന്‍ മല്പാന് കോര്‍എപ്പിസ്ക്കോപ്പാ സ്ഥാനം ലഭിച്ചത്. ഈ സംഭവത്തെ കോനാട്ട് മാത്തന്‍ മല്പാന്‍: ഒരു ലഘു ജീവചരിത്രം എന്ന ലേഖനത്തില്‍ പി. തോമസ്, പിറവം താഴെ പറയുംവിധം വിവരിക്കുന്നു:

… ജീവിത സായാഹ്നത്തില്‍ 1926 ഓഗസ്റ്റ് 16-ന് പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പനപ്രകാരം സ്ലീബാ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ കരിങ്ങാച്ചിറ പള്ളിയില്‍ വച്ച് മാത്തന്‍ മല്‍പാന് കോറെപ്പിസ്ക്കോപ്പാ സ്ഥാനം നല്‍കി. പാത്രിയര്‍ക്കീസ് ബാവാ അയച്ചുകൊടുത്ത കുരിശും മാലയുമാണ് തദവസരത്തില്‍ കോറെപ്പിസ്ക്കോപ്പായെ അണിയിച്ചത്. ചില പ്രത്യേക അവകാശങ്ങളും ചിഹ്നവും മാത്തന്‍ മല്‍പ്പാന് നല്‍കിയിരുന്നു. മേല്‍പ്പട്ടക്കാരുടേതിന് അനുരൂപമായ ഒരു മുടിയും (മുകള്‍ ഭാഗം കൂര്‍ത്തതല്ലായിരുന്നു) വൈദികര്‍ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മേല്‍പ്പട്ടക്കാര്‍ സന്നിഹിതരാണെങ്കില്‍ അനുവര്‍ത്തിക്കാറുള്ള കര്‍മ്മങ്ങളെല്ലാം അതുപോലെ നിര്‍വ്വഹിക്കുവാനുള്ള അനുവാദവും നല്‍കിയതിനു പുറമെ, കുക്കിലിയോന്‍ ചൊല്ലുമ്പോല്‍ വടി ഉപയോഗിക്കുവാനും പാത്രിയര്‍ക്കീസ് അദ്ദേഹത്തിന് പ്രത്യേക അനുമതി നല്‍കിയിരുന്നു. കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ അനുവദിച്ചതുകൊണ്ട് 1927 മേടം 8-ന് കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചു…

1950-ല്‍ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ കോര്‍-എപ്പിസ്ക്കോപ്പാ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയ കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്ക്കോപ്പായെ 2012-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ഈവാസ് ആര്‍ച്ച് കോറെപ്പിസ്ക്കോപ്പാ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. 1926-ല്‍ പ. ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ കല്പനപ്രകാരം സ്ലീബാ മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ മാത്തന്‍ മല്പാനെ കോര്‍എപ്പിസ്ക്കോപ്പാ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിനു നല്‍കിയ സവിശേഷ അധികാരങ്ങളൊന്നും 2012-ല്‍ ആര്‍ച്ച് കോറെപ്പിസ്ക്കോപ്പായ്ക്ക് നല്‍കിയില്ല.

1927-ല്‍ മാത്തന്‍ മല്‍പ്പാന്‍ മരിച്ചശേഷം നീണ്ട 36 വര്‍ഷങ്ങള്‍ക്കു ശേഷം 1963 ജൂലൈ 3-നു മാത്രമാണ് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ, മാത്തന്‍ മല്പാന്‍റെ പുത്രന്‍ കോനാട്ട് അബ്രഹാം കത്തനാര്‍ രണ്ടാമനെ മലങ്കര മല്പാനായി നിയമിച്ചത്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമതായി മാത്തന്‍, മല്‍പ്പാന്‍ അന്തരിക്കുമ്പോള്‍ അബ്രഹാം കത്തനാര്‍ക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് രണ്ടു കക്ഷിയായി പിരിഞ്ഞു നിന്നിരുന്ന സഭയിലെ കലാപകലുഷിതമായ അന്തരീക്ഷമായിരുന്നു രണ്ടാമതും എന്നാല്‍ പ്രധാനവുമായ സംഗതി. കോട്ടയം ദേവലോകം അരമന ചാപ്പലില്‍ വെച്ചാണ് പൂര്‍വിക ചടങ്ങുകളോടെ അദ്ദേഹത്തെ മലങ്കര മല്പാനായി സ്ഥാനാരോഹണം ചെയ്യിച്ചത്. ഒരു സുവര്‍ണ്ണ മുദ്രയും അബ്രഹാം മല്പാന് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ സമ്മാനിച്ചു.

1987 മാര്‍ച്ച് 2-ന് അബ്രഹാം മല്‍പ്പാന്‍ അന്തരിച്ചു. തുടര്‍ന്ന് 1993 നവംബര്‍ 28-ന് വടവുകോട് വച്ച് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍, ഞാര്‍ത്താങ്കല്‍ കോരുതു കത്തനാരെ മലങ്കര മല്‍പ്പാനായി നിയമിച്ചു. കോനാട്ടു കുടുംബത്തിനു പുറത്തെ രണ്ടാമത്തെ മലങ്കര മല്‍പ്പാന്‍ ഇദ്ദേഹമാണ്. 2001 ഡിസംബര്‍ 23-ന് അദ്ദേഹം അന്തരിച്ചതോടെ മലങ്കര മല്പാന്‍ സ്ഥാനം വീണ്ടും അനാഥമായി.

മലങ്കര മല്പാനെ നിയമിക്കുന്നതിന്‍റെ മാനദണ്ഡം എന്തായിരുന്നു? 1903 ധനു 21-ലെ സര്‍ട്ടിഫിക്കറ്റില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ഇതിനൊരു മറുപടി നല്‍കുന്നുണ്ടെന്നു കാണാം.

…ഈ മലങ്കര ഇടവകയില്‍ ഉള്‍പ്പെട്ട സുറിയാനിക്കാരില്‍ ആരുടെ പക്കലും ഇത്രത്തോളം സുറിയാനി പുസ്തകങ്ങള്‍ ഇല്ല. ഇപ്പോള്‍ ഇവിടെയല്ലാതെ മറ്റെങ്ങും ഇപ്രകാരം സുറിയാനി പഠിക്കുന്ന ശിഷ്യന്മാരുടെ കൂട്ടവും ഇല്ല. … നമ്മുടെ വാത്സല്യവും ഉദ്ദേശവും തെറ്റാതെ പൂര്‍വ്വന്മാരെക്കാള്‍ കുടുതല്‍ അറിവും, സുറിയാനി ഭാഷാജ്ഞാനവും നമ്മുടെ പുത്രനുള്ളതുകൊണ്ടും, സുറിയാനി പുസ്തകങ്ങള്‍ ആകട്ടെ ഭാഷാജ്ഞാനമാകട്ടെ ഇതില്‍ കുടുതലായി ഈ മലങ്കരയിലുള്ള സുറിയാനിക്കാരില്‍ ആര്‍ക്കും തന്നെ ഇല്ലെന്നു പറവാന്‍ നാം അധൈര്യപ്പെടുന്നില്ല. അതുകൊണ്ടും നമ്മുടെ മകന്‍ സമുദായത്തിനും നമുക്കും പലവിധത്തില്‍ ഉപകാരപ്രദമായ സ്ഥിതിയില്‍ വന്നിരിക്കുന്നതുകൊണ്ടും……. ഈ നമ്മുടെ വാത്സല്യ മകനെ നാം ഹൃദയപൂര്‍വം അനുമോദിക്കുന്നു…

വൈദീകാഭ്യാസനം മാത്രമായിരുന്നില്ല മലങ്കര മല്പാന്‍റെ ചുമതല. കാനോന്‍, വേദശാസ്ത്രം, കൂദാശകള്‍ ഇത്യാദി കാര്യങ്ങളില്‍ മലങ്കര മെത്രാനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുക, സത്യവിശ്വാസത്തെ ഉറപ്പിക്കുക മുതലായ ഭാരമേറിയ ചുമതലകളും മലങ്കര മല്പാന്മാര്‍ക്കുണ്ടായിരുന്നു. 1818, 1836 വര്‍ഷങ്ങളില്‍ മാവേലിക്കരയില്‍ സമ്മേളിച്ച മലങ്കര പള്ളിയോഗങ്ങളില്‍ യഥാക്രമം കേണല്‍ മണ്‍റോ, ബിഷപ്പ് ദാനിയേല്‍ വിത്സണ്‍ എന്നിവരുടെ പ്രോട്ടസ്റ്റന്‍റ് പരിഷക്കാര നിര്‍ദ്ദേശങ്ങളെ വിശദമായി വ്യാഖ്യാനിച്ച് പൊളിച്ചടുക്കി നിരാകരിച്ചതിന്‍റെ മുഖ്യ കാരണഭൂതന്‍ കോനാട്ട് അബ്രഹാം മല്പാന്‍ ഒന്നാമനായിരുന്നു എന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും സമ്മതിക്കുന്നുണ്ട്. ഇദ്ദേഹത്തെയാണ് ബ്രിട്ടീഷ് മിഷണറിമാരുടെ വാദങ്ങള്‍ക്കെതിരായി മറിയാം സംശയം കൂടാതെ ദൈവമാതാവെന്നും നിത്യ കന്യകയെന്നും എല്ലായപ്പോഴും പഠിപ്പിച്ചതിന് പഴയ സെമിനാരിയില്‍ നിന്നും അവര്‍ നാടുകടത്തിയത്. 1820-ല്‍ പഴയ സെമിനാരിയില്‍വെച്ച് അദ്ദേഹം പരിഭാഷപ്പെടുത്തിയ നമസ്കാരം-കുര്‍ബാനക്രമവും, 1860-വ് എഴുതിയ മതസംവാദം എന്ന ചോദ്യോത്തര രൂപത്തിലുള്ള മതബോധന കൃതിയും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയും പഠനാര്‍ഹങ്ങളുമാണ്.

1892 മുതലുള്ള മലങ്കര ഇടവക പത്രിക പരിശോധിച്ചാല്‍, വായനക്കാര്‍ കൂദാശാ-അനുഷ്ഠാന-ആചാരപരമായ വിവിധ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതായും …ഇതിന് …ബഹു. മലങ്കര മല്പാനച്ചന്മാരില്‍ ആരെങ്കിലും മറുപടി തരണമെന്നു അപേക്ഷിക്കുന്നതായും കാണം. അത്ര പ്രതീക്ഷയും വിശ്വാസവുമായിരുന്നു നസ്രാണികള്‍ക്ക് അക്കാലത്ത് മലങ്കര മല്പാന്മാരെപ്പറ്റി ഉണ്ടായിരുന്നത്. മലങ്കര മല്പാന്മാരായിരുന്ന കോനാട്ട് മാത്തന്‍ കത്തനാര്‍, വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ എന്നിവരാണ് ഇവിടെ പരാമര്‍ശന വിധേയര്‍.

മലങ്കര മല്പാന്‍ സ്ഥാനം ലഭിക്കാത്ത ഒരു പ്രഗ്തഭ മല്പാനും പാമ്പാക്കുട കോനാട്ട് കുടുംബത്തില്‍ ഉണ്ടായിരുന്നു. അത് പ. പരുമല തിരുമേനി അടക്കം അനേകരുടെ ഗുരുവായിരുന്ന കുഞ്ഞുവര്‍ക്കി മല്പാന്‍ ആയിരുന്നു. ഇദ്ദേഹത്തെ മെത്രാനാക്കണമെന്നു 1856-7 കാലത്ത് കേരളം സന്ദര്‍ശിച്ച യെറുശലേമിലെ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍നൂറിനോടും പിന്നീട് യൂയാക്കിം മാര്‍ കൂറിലോസിനോടും പലരും ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഒഴിഞ്ഞുമാറി എന്ന് ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍ രേഖപ്പെടുത്തുന്നു. 1876-ല്‍ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ഇദ്ദേഹത്തെ മാര്‍ യൂലിയോസ് എന്ന പേരില്‍ മേല്പട്ടക്കാരനായി വാഴിച്ചു തുമ്പമണ്ണിലേയ്ക്കു നിയോഗിച്ചു. എന്നാല്‍ അത് തന്‍റെ സുറിയാനി അച്ചടി സംരംഭങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നു കണ്ട് അദ്ദേഹം താമസിയാതെ ഭരണം ഉപേക്ഷിച്ച് പാമ്പാക്കുടയ്ക്കു മടങ്ങി. 1879-ല്‍ ഇദ്ദേഹം പാമ്പാക്കുട ആരംഭിച്ച കേരളദീപം പ്രസ് ആണ് ഇന്ത്യയിലെ ആദ്യത്തെ സുറിയാനി അച്ചുകൂടം. മാത്തന്‍ മല്പാന്‍ പില്‍ക്കാലത്ത് മാര്‍ യൂലിയോസ് പ്രസ് എന്ന് പുനര്‍നാമകരണം നടത്തിയ ഈ അച്ചടിശാലയില്‍ സുറിയാനി അച്ചടി ആരംഭിച്ചതോടെയാണ് മലങ്കരസഭയുടെ കൂദാശാക്രമങ്ങളുടേയും തക്സാകളുടേയും ക്ഷാമം തീര്‍ന്നത്.

2001-ല്‍ മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍ കോരുതു കത്തനാര്‍ അന്തരിച്ച ശേഷം നീണ്ട 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോനാട്ട് ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാരെ മലങ്കര മല്പാന്‍ സ്ഥാനത്തേക്കു മലങ്കര മെത്രാപ്പോലീത്താ കൂടിയായ പൗരസ്ത്യ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ 2024 ഏപ്രില്‍ 30-ന് ഉയര്‍ത്തുന്നത്. കോനാട്ട് കുടുംബത്തില്‍നിന്നും പുറത്തുനിന്നും ഈ സ്ഥാനത്തെത്തിയവര്‍ക്കുണ്ടായിരുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യോഗ്യനെന്നു കണ്ട ജോണ്‍സ് ഏബ്രഹാം കത്തനാര്‍ക്ക് റീശ് കോര്‍എപ്പസ്ക്കോപ്പാ എന്ന ബഹുമതിയോടെയാണ് മലങ്കര മല്പാന്‍ സ്ഥാനം മലങ്കര മെത്രാപ്പോലീത്താ നല്‍കുന്നത്. അതോടെ മലങ്കര സഭയിലെ കശീശാമാരുടെ ഗണത്തില്‍ ഏറ്റവും ഉന്നത പദവിയിലാണ് അദ്ദേഹം എത്തിച്ചേരുക.

1818 മുതലെങ്കിലും കോനാട്ട് മല്പാന്മാര്‍ കോട്ടയം പഴയ സെമിനാരിയിലെ അദ്ധ്യാപകര്‍ ആയിരുന്നു എങ്കിലും ആ സ്ഥാപനത്തിന്‍റെ റീശ് മല്‍പ്പാന്‍ – പ്രിന്‍സിപ്പാള്‍ – ആകാന്‍ അവസരം ലഭിച്ചത് ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാര്‍ക്കു മാത്രമാണ്.

മലങ്കര മല്പാന്മാരായിരുന്ന കോനാട്ട് കോര യൂഹാനോന്‍ മല്പാന്‍, കോര മാത്തന്‍ കോര്‍എപ്പിസ്ക്കോപ്പാ, കോനാട്ട് ഏബ്രഹാം മല്പാന്‍ രണ്ടാമന്‍ എന്നിവരെപ്പോലെ മലങ്കര സഭയുടെ വൈദീക ട്രസ്റ്റി സ്ഥാനവും വഹിച്ചിട്ടുള്ള വ്യക്തിയാണ് മലങ്കര മല്പാന്മാരായിരുന്ന കോനാട്ട് ഏബ്രഹാം കത്തനാര്‍ രണ്ടാമന്‍റെ പുത്രനും, ഞാര്‍ത്താങ്കല്‍ കോരുതു കത്തനാരുടെ ജാമാതാവുമായ കോനാട്ട് ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാര്‍.

വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം എന്ന മഹാകവി വള്ളത്തോളിന്‍റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിലെ നിര്‍ദ്ദേശം പോലെ റീശ് കോര്‍എപ്പിസ്ക്കോപ്പാ സ്ഥാനം വരുംകാലങ്ങളില്‍ മലങ്കര മല്പാന് മാത്രമായി പ. സഭ സംവരണം ചെയ്യണം. കോനാട്ട് ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാരുടെ കാര്യത്തില്‍ വരെ മലങ്കര മല്പാന്‍ നിയമനത്തില്‍ മലങ്കര സഭ പാലിച്ച കര്‍ശനമായ മാനദണ്ഡം മുമ്പോട്ടും തുടരണം. അതിനു വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലിഖിതരൂപത്തില്‍ തന്നെ ഉണ്ടാക്കണം. ഇല്ലങ്കില്‍ മോശയുടെ സിംഹാസനത്തില്‍ കയ്യാപ്പാമാര്‍ കയറിയിരിക്കുന്ന ഗതികേട് വരുംതലമുറ കാണേണ്ടിവരും. അതിന് ഇടവരുത്താതിരിക്കാന്‍ മലങ്കര മെത്രാപ്പോലീത്താ ശ്രദ്ധിക്കണം.

(മലങ്കരസഭാ മാസിക, 2002, കാലികമായ പരിഷ്ക്കാരങ്ങളോടെ)