മലങ്കര സുറിയാനി സഭാകാര്യം (1913)

സഭാകാര്യങ്ങള്‍

അന്ത്യോഖ്യായുടെ മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസു ബാവാ അവര്‍കള്‍ പൗരസ്ത്യകാതോലിക്കാ മാറാന്‍ മാര്‍ ബസേലിയോസു ബാവാ അവര്‍കളുടെയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കളുടെയും മാര്‍ ഗ്രീഗോറിയോസു കൊച്ചു മെത്രാപ്പോലീത്തായവര്‍കളുടെയും സഹകരണത്തോടും സാന്നിദ്ധ്യത്തോടുംകൂടി ഈ മകരമാസം 28-നു ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് വന്ദ്യ ദിവ്യശ്രീ യൂയാക്കീം റമ്പാനവര്‍കള്‍ക്കും വന്ദ്യ ദിവ്യശ്രീ വാകത്താനത്തു ഗീവറുഗീസ് റമ്പാനവര്‍കള്‍ക്കും മെത്രാസ്ഥാനം നല്‍കുന്നതിന് നിശ്ചയിച്ചിരിക്കുന്നതായി അറിയുന്നു. ഈ ആവശ്യത്തിലേക്കായി പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും മാര്‍ ഗ്രീഗോറിയോസ് കൊച്ചുമെത്രാപ്പോലീത്തായവര്‍കളും പരിവാരങ്ങളും അടുത്ത ശനിയാഴ്ച പരുമല നിന്നും, കാതോലിക്കാബാവാ അവര്‍കളും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായവര്‍കളും പരിവാരങ്ങളും കോട്ടയത്തു നിന്നും ചെങ്ങന്നൂരേക്കു പോകുന്നതാണ്. ഇവരെയെല്ലാം യഥോചിതം സ്വീകരിച്ചു സല്‍ക്കരിക്കുന്നതിനു വേണ്ടി ചെങ്ങന്നൂര്‍ പള്ളി വികാരി ദിവ്യശ്രീ പൂവത്തൂര്‍ യാക്കോബു കത്തനാരവര്‍കളുടെയും മറ്റും മേല്‍നോട്ടത്തിന്‍കീഴില്‍ ചെങ്ങന്നൂര്‍ ഇടവകക്കാരും സമീപമുള്ള ഇടവകക്കാരും യോജിച്ചു വേണ്ട ഒരുക്കങ്ങള്‍ ഝടുതിയായി ചെയ്തു തുടങ്ങിയിരിക്കുന്നു.

ശനിയാഴ്ച വൈകിട്ടത്തെ നമസ്ക്കാരത്തിനു ശേഷം മെത്രാസ്ഥാനം സ്വീകരിക്കേണ്ടവരെ മെത്രാന്മാരുടെയും മറ്റു വൈദികഗണങ്ങളുടെയും അകമ്പടിയോടു കൂടി പാത്രിയര്‍ക്കീസ് ബാവായുടെയും കാതോലിക്കാബാവായുടെയും അടുക്കല്‍ കൊണ്ടുപോയി കൈ മുത്തിക്കുന്നതാണ്.

ഞായറാഴ്ച രാവിലെ നമസ്കാരത്തിനു ശേഷം പാത്രിയര്‍ക്കീസുബാവാ അവര്‍കള്‍ കുര്‍ബാനയെന്ന വിശുദ്ധ കര്‍മ്മം അനുഷ്ഠിക്കും. കുര്‍ബാന മദ്ധ്യത്തില്‍ മെത്രാസ്ഥാനാഭിഷേകര്‍മ്മം നടത്തുകയും തദനന്തരം മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കള്‍ ഒരു പ്രസംഗം ചെയ്യുകയും ചെയ്യും. പ്രസംഗാനന്തരം കുര്‍ബാനയുടെ ബാക്കി ഭാഗങ്ങള്‍ അനുഷ്ഠിക്കപ്പെടുകയും അവസാനം ബാവാ അവര്‍കള്‍ ഒരു പ്രസംഗം ചെയ്യുകയും ചെയ്യുന്നതായിരിക്കും.

ശനിയാഴ്ച രാത്രി മാര്‍ ഗ്രീഗോറിയോസ് സ്മാരക സുവിശേഷ സംഘക്കാരുടെ വകയായി ചില പ്രത്യേക പ്രസംഗങ്ങള്‍ നടത്തുന്നതിനും ഭാരവാഹികള്‍ ആലോചിച്ചു വരുന്നതായി അറിയുന്നു.

(മലയാള മനോരമ, 5-2-1913)