നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗരാജ്യം അവരുടേതാണ് (വി. മത്തായി 5:10).
പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഇസ്രായേല്‍ ജനതയെ കഷ്ടപ്പാടുകളിലൂടെ ഫറവോന്‍റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ചു നയിച്ച മോശയെയാണ് ഓര്‍മ്മ വരുന്നത്.
അഗ്നി പരീക്ഷണങ്ങളുടെ കാലഘട്ടത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അകത്തും പുറത്തും വിരുദ്ധ ശക്തികളെ നേരിട്ട്, ജീവാപായത്തെപ്പോലും വകവെയ്ക്കാതെ കാല്‍ ശതാബ്ദക്കാലം സഭയെ നയിച്ച് കാതോലിക്കാ സിംഹാസനം സ്ഥാപിച്ച് സഭയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തി ഉറപ്പിച്ച ദീവന്നാസ്യോസ് തിരുമേനി സഭയുടെ ഭാസുരന്‍ തന്നെയാണ്.
ബഹുമുഖ വ്യക്തിത്വം
കാപട്യമില്ലാത്ത ദൈവഭക്തന്‍, സത്യവിശ്വാസത്തിന്‍റെ സംരക്ഷകന്‍, സമാധാന കാംക്ഷിയായ ഇടയന്‍, വേദശാസ്ത്ര പണ്ഡിതന്‍, കര്‍മ്മധീരനായ മേല്പട്ടക്കാരന്‍, സ്വാതന്ത്ര്യദാഹിയായ ഭരണകര്‍ത്താവ്, കളങ്കരഹിതനായ താപസന്‍, ന്യായാധിപന്മാരെ അത്ഭുതപ്പെടുത്തിയ നീതിപാലകന്‍ എന്നിങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തെപ്പറ്റി മറ്റുള്ളവരില്‍ നിന്നു കേട്ടിട്ടുള്ള ഗുണഗണങ്ങള്‍. അവയൊക്കെയും യാഥാര്‍ത്ഥ്യമാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇവയെല്ലാം തന്നെ അദ്ദേഹത്തിന്‍റെ ദൈവാശ്രയത്തില്‍ നിന്നും, പരിശുദ്ധനായ പരുമലത്തിരുമേനിയുടെ ശിക്ഷണത്തില്‍ നിന്നും, പ്രഗല്ഭനായ പുലിക്കോട്ടില്‍ തിരുമേനിയുടെ പരിശീലനത്തില്‍ നിന്നും ലഭിച്ചതാണ്. സര്‍വശക്തനായ ദൈവത്തിന്‍റെ കൃപ അദ്ദേഹത്തോടു കൂടെ എല്ലായ്പ്പോഴും ഉണ്ടായിരുന്നു.
യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേയ്ക്കും നില്‍ ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു എന്ന സങ്കീര്‍ത്തനഭാഗം തിരുമേനിയുടെ ജീവിതത്തില്‍ സാക്ഷാത്കരിച്ചതായി കാണാം.
18-05-1924 ല്‍ കോട്ടയത്തു മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് കുര്‍ബാന മദ്ധ്യേ അദ്ദേഹം ചെയ്ത ആത്മീയ ചൈതന്യമുളവാക്കുന്ന പ്രസംഗം നാം നിത്യവും സന്ധ്യാപ്രാര്‍ത്ഥനയില്‍ ചൊല്ലുന്ന 91-ാം മസുമൂറയില്‍ നിന്നുള്ള ഉന്നതങ്ങളില്‍ നിന്‍റെ വാസസ്ഥലം നീ വച്ചു എന്ന എന്‍റെ ശരണമായ കര്‍ത്താവു നീയാകുന്നു. ദോഷം നിന്നോട് അടുക്കയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തെ സമീപിക്കയുമില്ല എന്ന വാക്യങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു. അത് അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും പറഞ്ഞ വാക്കുകളാണ്. ആ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം ഇസ്സഡ്. എം. പാറേട്ട് എഴുതിയ നിത്യാക്ഷരങ്ങള്‍ മൂന്നാം വാല്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതു വായിക്കുന്നവര്‍ക്ക് ദൈവത്തോടു കൂടി വസിക്കുന്നവര്‍ക്കുണ്ടാകുന്ന അനുഭവം എന്തെന്നു മനസ്സിലാകും. കര്‍ത്താവിന്‍റെ മഹിമയോടു ചേര്‍ന്നു വസിക്കുന്നവര്‍ക്ക് ഒരു കുലുക്കവും ഇളക്കവും ഇല്ല. അവര്‍ക്കു നല്ല ഉറപ്പും ധൈര്യവും ഉണ്ടായിരിക്കും എന്നത്രെ അതില്‍ പറയുന്നത്. മോശ സീനായ് പര്‍വ്വതത്തില്‍ വച്ച് യഹോവയെ കണ്ടപ്പോള്‍ പര്‍വ്വതം അഗ്നി മൂലം എരിഞ്ഞുകൊണ്ടിരുന്നു. ഭൂമി വിറച്ചു. മിന്നലും ഇടിയും ഉണ്ടായി. എന്നിട്ടും മോശയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. ആ അനുഭവമാണ് നമുക്കുണ്ടാകേണ്ടത് എന്നാണ് അദ്ദേഹം ആ പ്രസംഗത്തിലൂടെ സമര്‍ത്ഥിച്ചത്.
ജീവിത വിശുദ്ധി
തിരുമേനിയുടെ ജീവിത വിശുദ്ധിയെപ്പറ്റി അദ്ദേഹത്തിന്‍റെ ശിഷ്യനായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ ചെയ്ത ചരമപ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ബഹുമാനപ്പെട്ട മണലില്‍ യാക്കോബു കശ്ശീശായില്‍ നിന്ന് ഞാന്‍ കേട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതരീതിയും ഭക്ഷണവും ലളിതമായിരുന്നു. സഭയിലെ നോമ്പ്, നമസ്കാരം, ഉപവാസം തുടങ്ങിയ വ്രതാനുഷ്ഠാനങ്ങളില്‍ കൂടി ആത്മശരീര മനസ്സുകളെ വിശുദ്ധിയില്‍ സൂക്ഷിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അനുതാപസൂചകമായ കണ്ണുനീരോടുകൂടിയ പ്രാര്‍ത്ഥനയ്ക്ക് അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നതായി തിരുമേനിയുടെ ശിക്ഷണത്തില്‍ വളര്‍ന്നവരുടെ ജീവിതത്തില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തില്‍പെട്ട പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ ജീവിതവും ഗുരുവിന്‍റെ വിശുദ്ധിക്കു തെളിവാണ്. സഭയിലെ ഖേദകരങ്ങളായ കേസുകളും ഭിന്നതകളും ഉണ്ടായിരുന്ന കാലത്ത് വ്യക്തിപരമായി പരിശുദ്ധ ജീവിതം നയിക്കുവാന്‍ സാധിച്ച മഹാത്മാവായിരുന്നു അദ്ദേഹം എന്നു വേറൊരു ശിഷ്യനായ പുത്തന്‍കാവു മാര്‍ പീലക്സിനോസ് തിരുമേനി പറഞ്ഞിട്ടുണ്ട്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ ലഭിച്ച ദൈവിക ശക്തിയും ചൈതന്യവും അദ്ദേഹത്തില്‍ പ്രസരിച്ചിരുന്നു. തിരുമേനിയെ ഒരു പ്രാവശ്യമെങ്കിലും നേരിട്ടു കാണുവാന്‍ സാധിച്ചവര്‍ അത് അറിഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തെ നമ്മുടെ സഭയിലെ ഒരു പരിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നീക്കത്തെ അഭിനന്ദിക്കുകയും ശ്ലാഘിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിനു യാത്ര ചെയ്യുന്നതിനായി സമുദായക്കേസ് ജയിച്ച അവസരത്തില്‍ എല്ലാവരും കൂടി ഒരു കാര്‍ സമ്മാനമായി നല്‍കുന്നതിന് അനുവാദം ചോദിച്ചു. എന്നാല്‍ അത് എതിരാളികള്‍ക്ക് കൂടുതല്‍ മനഃപ്രയാസം ഉണ്ടാക്കുമെന്നും സമുദായത്തിന് കൂടുതല്‍ ചിലവ് വരുത്തിവയ്ക്കുമെന്നും പറഞ്ഞ് വിനയപൂര്‍വ്വം തിരസ്ക്കരിച്ചതായി കേട്ടിട്ടുണ്ട്. ഇത്രയധികം സമുദായത്തേയും ജനങ്ങളേയും ഒരുപോലെ സ്നേഹിക്കുകയും ജനങ്ങളുടേയും വൈദികരുടേയും സ്നേഹബഹുമാനങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്തിട്ടുള്ള മേല്പട്ടക്കാര്‍ കുറവാണ്.
പള്ളീല്‍ അപ്പച്ചന്‍
എന്നെ സംബന്ധിച്ച് അദ്ദേഹം എന്‍റെ മാതൃവഴിയില്‍ വല്യപ്പച്ചന്‍റെ ഇളയ സഹോദരനാണ്. ആയതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് ഞങ്ങളോടും പ്രത്യേക സ്നേഹമുണ്ടായിരുന്നു. അദ്ദേഹത്തെ എന്‍റെ വല്യമ്മച്ചി പള്ളീല്‍ ഉപ്പാപ്പനെന്നും, ഞങ്ങള്‍ കൊച്ചുമക്കള്‍ പള്ളീല്‍ അപ്പച്ചന്‍ എന്നും വിളിച്ചിരുന്നു. അദ്ദേഹം പുത്തന്‍കാവു പള്ളിയില്‍ വല്ലപ്പോഴുമൊക്കെ വരുമായിരുന്നു. അതിനെപ്പറ്റിയുളള അറിവ് അച്ചന്മാരില്‍ നിന്നു നേരത്തെ തന്നെ വല്യമ്മച്ചിക്കു ലഭിക്കും. അപ്പോള്‍ മുതല്‍ തിരുമേനിക്കുവേണ്ടി വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഒരുക്കുവാന്‍ തുടങ്ങും. പള്ളിയില്‍ വരുന്ന അവസരങ്ങളില്‍ അദ്ദേഹത്തെ കാണുവാനും കൈമുത്തി അനുഗ്രഹം പ്രാപിക്കുവാനും വല്യമ്മച്ചി എന്നെയും, സഹോദരികളേയും എന്‍റെ മാതാപിതാക്കളോടൊപ്പം കൊണ്ടുപോകുമായിരുന്നു. കൂടെ രണ്ടുമൂന്നു കുട്ടകള്‍ നിറയെ പലഹാരങ്ങളും കാണും. പള്ളിമുറിയില്‍ ചെന്നു കൈമുത്തിയ ശേഷം പലഹാരങ്ങളെല്ലാം അവിടെ വയ്ക്കും. തിരുമേനി അവ സ്വീകരിച്ച് അനുഗ്രഹിച്ചതിനു ശേഷം അവിടെയുള്ള ജനങ്ങള്‍ക്കും കൂടെയുള്ളവര്‍ക്കും അന്നേരം തന്നെ വിതരണം ചെയ്യും. ഒരു സ്നേഹനിര്‍ഭരമായ അന്തരീക്ഷമാണ് ആ സമയത്ത് അവിടെ കാണുന്നത്.
ധാരാളം ആളുകള്‍ തിരുമേനിയെ കാണുന്നതിനു വരിക പതിവായിരുന്നു. വല്യമ്മച്ചിയുടെ നിര്‍ബന്ധം കൊണ്ടായിരിക്കും തിരുമേനി പലഹാരങ്ങള്‍ അല്പമൊക്കെ രുചിച്ചുനോക്കുന്നത്. പക്ഷേ ഉപ്പാപ്പന്‍ അവ വേണ്ടവണ്ണം കഴിക്കാത്തതുകൊണ്ട് വല്യമ്മച്ചിക്ക് വീട്ടില്‍ വരുമ്പോള്‍ ദുഃഖമുണ്ടാകുമായിരുന്നു. സിറിയാക്കാരുടെ നിറവും സുറിയാനി ഭാഷാ പാണ്ഡിത്യവുമുള്ള അദ്ദേഹം പ്രായമുള്ള വൈദികരോട് സുറിയാനിയില്‍ സംസാരിക്കുന്നത് കൗതുകപൂര്‍വ്വം ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. ഒരു പ്രാവശ്യം അദ്ദേഹത്തെ കാണുവാന്‍ പുത്തന്‍കാവ് പള്ളിയില്‍ പോയപ്പോള്‍ വല്യമ്മച്ചി തിരുമേനിയോട് കൊച്ചുമക്കള്‍ക്ക് ഇതുവരെ സമ്മാനങ്ങള്‍ ഒന്നും കൊടുത്തിട്ടില്ലല്ലോ എന്ന് പരിഭവപ്പെടുകയുണ്ടായി. അദ്ദേഹം ഉടനെ ഇങ്ങനെ മറുപടി പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. “മകളേ എന്‍റേതായി കാണുന്നതെല്ലാം സമുദായത്തിന്‍റേതാണ്. അതു നമുക്കു വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റുന്നതല്ല.” ഏതായാലും ഒരവസരത്തില്‍ വല്യമ്മച്ചിയുടെ ആഗ്രഹപ്രകാരം എനിക്ക് പഠിത്തസമയത്ത് ഉപയോഗിക്കുന്നതിന് ഒരു പേന വാങ്ങുന്നതിന് അഞ്ചു രൂപാ അനുഗ്രഹിച്ചു തന്നു. അത് അദ്ദേഹത്തിന്‍റെ സ്വന്തം പണത്തില്‍ നിന്നു തന്നെയാണെന്ന് പ്രത്യേകം അനുസ്മരിപ്പിക്കുകയും ചെയ്തു. പില്‍ക്കാലത്ത് പേന ഉപയോഗിക്കുന്ന അവസരങ്ങളില്‍ പലപ്പോഴും തിരുമേനിയെ ഞാന്‍ ഓര്‍ക്കുകയും അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥതയില്‍ അപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.
വല്യപ്പച്ചന്‍ കുറച്ചു ചെറുപ്പത്തിലെ മരിച്ചുപോയതിനാല്‍ എന്‍റെ വല്യമ്മച്ചിക്കു ലഭിച്ച ദൈവാശ്രയവും, ആത്മധൈര്യവും, സഭാസ്നേഹവും തിരുമേനിയില്‍ നിന്നാണ്. തിരുമേനി വല്യമ്മച്ചിയോട് നമ്മുടെ എല്ലാ നോമ്പുകളും ആചരിക്കണമെന്നും വേദഭാഗങ്ങള്‍, നമസ്കാരം മുതലായവ മുടങ്ങാതെ ചൊല്ലണമെന്നും പള്ളിയാരാധനകളില്‍ ഭക്തിയോടെ മുടങ്ങാതെ സംബന്ധിക്കണമെന്നും കൂടെക്കൂടെ ഉപദേശിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ വല്യമ്മച്ചിയും എന്‍റെ മാതാപിതാക്കളും കഴിവതും നിഷ്ഠയോടെ ആചരിക്കുന്നതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്. ആ ഓര്‍മ്മകളാണു ഇന്നും ഞങ്ങള്‍ക്ക് ആത്മീയ പ്രചോദനം നല്‍കുന്നത്.
തിരുമേനിയെപ്പോലെ ദൈവഭക്തിയും വിശ്വാസവും വിശുദ്ധിയും ജീവിതനിഷ്ഠയുമുള്ള ആത്മീയ മേലദ്ധ്യക്ഷന്മാര്‍ നമുക്കു കൂടുതലായി ഉണ്ടാകുവാന്‍ സര്‍വ്വേശ്വരന്‍ ഇടയാക്കട്ടെ.
വന്ദ്യ തിരുമേനിയുടെ ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അദ്ദേഹം നമ്മുടെ വാങ്ങിപ്പോയ എല്ലാ പരിശുദ്ധന്മാരോടും കൂടെ നമുക്കുവേണ്ടി കര്‍ത്താവിനോട് മദ്ധ്യസ്ഥത അര്‍പ്പിക്കുന്നതിനും അപേക്ഷിക്കാം.
‘നീതിമാന്‍റെ ഓര്‍മ്മ വാഴ്വിനായി തീരട്ടെ.’
ചില അനുഭവ സാക്ഷ്യങ്ങള്‍
എന്‍റെ മകന്‍ ജോര്‍ജ്ജു കോശിയേയും കൊണ്ട് ഞാന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് കോട്ടയത്തേക്ക് പോയി. കാലത്ത് പള്ളീലപ്പച്ചന്‍ തിരുമേനിയുടെ കബറിങ്കല്‍ ചെന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് മകനെ പരീക്ഷാഹാളില്‍ കൊണ്ടുവിട്ടത്. കാലത്തെ പരീക്ഷ തീരുന്നതുവരെ ഞാന്‍ തിരുമേനിയുടെ കബറിങ്കല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അതുപോലെ ഉച്ചകഴിഞ്ഞുള്ള പരീക്ഷയും തീരുന്നതുവരെയും കബറിങ്കല്‍ ധ്യാനനിരതനായിരുന്നു. അത്ഭുതമെന്നു പറയട്ടെ ഒരു സാധാരണ വിദ്യാര്‍ത്ഥി ആയിരുന്ന ജോര്‍ജ്ജു കോശിക്ക് കോട്ടയത്തു തന്നെ എം. ബി. ബി. എസിനു പ്രവേശനം ലഭിച്ചു. തുടര്‍ന്ന് മദ്രാസില്‍ എം. ഡി. ക്കും മണിപ്പാലില്‍ കാര്‍ഡിയോളജിയില്‍ ഡി. എം. നും പ്രവേശനപരീക്ഷയിലൂടെ പ്രവേശനം ലഭിച്ചു. ഒരു സംഭാവനയും നല്‍കേണ്ടി വന്നില്ല. ഇപ്പോള്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചീഫ് കാര്‍ഡിയോളജിസ്റ്റായി ജോര്‍ജ് കോശി സേവനം അനുഷ്ഠിക്കുന്നു. അനേക ലക്ഷം രൂപ നല്‍കി ആളുകള്‍ നേടുന്ന പ്രവേശനം യതൊരു ചിലവുമില്ലാതെ പ്രവേശന പരീക്ഷയിലൂടെ എന്‍റെ മകന് ലഭിച്ചത് പള്ളീലപ്പച്ചന്‍ തിരുമേനിയുടെ മദ്ധ്യസ്ഥതയാലാണെന്ന് ഞാനും കുടുംബാംഗങ്ങളും പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു.
ചെങ്ങന്നൂരില്‍ ഞാന്‍ നടത്തുന്ന ആശുപത്രിയുടെ കാവല്‍ പിതാവ് പ. വട്ടശ്ശേരില്‍ തിരുമേനിയാണ്. ആശുപത്രിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും തിരുമേനിയുടെ മദ്ധ്യസ്ഥതയിലാശ്രയിച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്. ആ പരിശുദ്ധ പിതാവിന്‍റെ മദ്ധ്യസ്ഥതയാണ് ആശുപത്രിയുടെ പുരോഗതിക്കും മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും കാരണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ ഗുണഗണങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാറുമുണ്ട്. ഏതൊരു പുതിയ പ്രൊജക്ട് തുടങ്ങുന്നതിനും മുമ്പ് ഞാന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ കബറിങ്കല്‍ ചെന്ന് പ്രാര്‍ത്ഥിക്കും. ശ്രാദ്ധപ്പെരുന്നാളില്‍ സംബന്ധിക്കുന്നതിനു പുറമെ മറ്റു ചില അവസരങ്ങളില്‍ തിരുമേനിയുടെ കബറിങ്കല്‍ ചെന്ന് ധ്യാനിക്കുകയും മദ്ധ്യസ്ഥതയില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെ നിന്നു തിരിച്ചുപോരുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേക ശാന്തിയും സമാധാനവും ധൈര്യവും അനുഭവപ്പെടാറുമുണ്ട്.
പ. പരുമലത്തിരുമേനിയുടെ അരുമശിഷ്യനായിരുന്ന, വ്രതാനുഷ്ഠാനങ്ങളിലൂടേയും കഠിനമായ യാതനകളിലൂടെയും മലങ്കരസഭയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന സഭാഭാസുരന്‍റെ പ്രാര്‍ത്ഥന, പ്രശ്നങ്ങള്‍ നേരിടുന്ന ഓര്‍ത്തഡോക്സ് സഭയ്ക്ക് ഇന്ന് ഏറ്റവും അത്യാവശ്യമാണ്. ഇക്കൊല്ലം തന്നെ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല.