മലങ്കര സുറിയാനി സഭാകാര്യം
മെത്രാനഭിഷേകം
(സ്വന്തം ലേഖകന്‍)
ചെങ്ങന്നൂര്‍: കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് നി. വ. ദി. മ. ശ്രീ. അബ്ദേദ മശിഹോ പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും പൗരസ്ത്യ കാതോലിക്കാബാവാ അവര്‍കളും മലങ്കര മെത്രാപ്പോലീത്താ അവര്‍കളും മാര്‍ ഗ്രീഗോറിയോസ് കൊച്ചു മെത്രാപ്പോലീത്താ അവര്‍കളും കൂടി വന്ദ്യ ദിവ്യശ്രീ യൂയാക്കീം റമ്പാനവര്‍കള്‍ക്കും വന്ദ്യ ദിവ്യശ്രീ വാകത്താനത്തു ഗീവറുഗീസ് റമ്പാനവര്‍കള്‍ക്കും മെത്രാന്‍ സ്ഥാനം നല്‍കിയിരിക്കുന്നു.
ഇങ്ങനെയൊരു വലിയ കാര്യം ഇവിടെ വച്ചു നടത്താന്‍ പോകുന്ന വിവരം മുന്‍കൂട്ടി അറിവു കിട്ടിയിരുന്നില്ലെങ്കിലും അറിഞ്ഞയുടന്‍ ആയതു കഴിയുന്നത്ര ഭംഗിയാക്കണമെന്നുള്ള കരുതലോടു കൂടി വികാരി യാക്കോബ് കത്തനാരവര്‍കളും മറ്റും കൂടി വേണ്ട ഉത്സാഹങ്ങള്‍ ചെയ്തു പള്ളിയുടെ അകവും പുറവും എല്ലാം അലങ്കരിക്കുകയും മുന്‍വശത്തു കൊടിക്കൂറകളിലും മറ്റും കാഴ്ചയ്ക്കു മനോഹരമാക്കിച്ചെയ്യപ്പെടുകയും ബാവാ അവര്‍കള്‍ക്കും മറ്റും ഇരിക്കുന്നതിനും ചില മുറികള്‍ പ്രത്യേകം തയ്യാറാക്കുകയും ചെയ്തിരുന്നതു കൂടാതെ ഇവരെ എല്ലാവരെയും യഥായോഗ്യം സല്‍ക്കരിക്കുന്നതിനായി ഒരു കമ്മട്ടി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ആവശ്യം പ്രമാണിച്ചു നി. വ. ദി. മ. ശ്രീ. പൗരസ്ത്യ കാതോലിക്കാ ബസ്സേലിയോസ് ബാവാ അവര്‍കളും നി. വ. ദി. ശ്രീ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളും 27-നു ശനിയാഴ്ച കാലത്തു തന്നെ ഇവിടെ എത്തിയിരുന്നു. പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കളും റമ്പാന്മാരും മറ്റും ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഇറപ്പുഴകടവിലെത്തുകയും ബാവാ അവര്‍കള്‍ മേനാവിലും മെത്രാപ്പോലീത്താ അവര്‍കളും മറ്റും വണ്ടികളിലുമായി അവിടെനിന്നു കൊട, കൊടി, കുരിശ് മുതലായ അലങ്കാരചിഹ്നങ്ങളോടും ബാന്‍റ്, തമ്പേറ്, ഉരുട്ടുചെണ്ട മുതലായ വാദ്യാഘോഷങ്ങളോടും കൂടി ഒരു ഘോഷയാത്രയായി പുറപ്പെട്ട് അഞ്ചരമണിയോടു കൂടി പള്ളിയില്‍ എത്തുകയും ലുത്തിനിയായും പ്രസംഗവും കഴിഞ്ഞ് ആറു മണിയോടു കൂടി പിരിയുകയും ചെയ്തു. 27-നു രാത്രിയില്‍ മെത്രാന്‍ സ്ഥാനാഭിഷേകം സംബന്ധിച്ചുള്ള വിശുദ്ധ കര്‍മ്മങ്ങളുടെ ചില ഭാഗങ്ങള്‍ അനുഷ്ഠിക്കുകയും 28-നു രാവിലെ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ മലങ്കര മെത്രാപ്പോലീത്താ അവര്‍കള്‍ മുതലായവരുടെ സഹകരണത്തോടു കൂടി കുര്‍ബ്ബാന എന്ന വിശുദ്ധ കര്‍മ്മം അനുഷ്ഠിക്കയും കുര്‍ബ്ബാനമദ്ധ്യേ യൂയാക്കീം റമ്പാനവര്‍കളെ ‘ഈവാനിയോസ്’ എന്ന നാമത്തിലും ഗീവറുഗീസ് റമ്പാന്‍ അവര്‍കളെ ‘പീലക്സീനോസ്’ എന്ന നാമത്തിലും മെത്രാന്മാരായി സ്ഥാനാഭിഷേകം ചെയ്യുകയും ചെയ്തു. അനന്തരം മേല്പട്ടസ്ഥാനത്തിന്‍റെ പല വശങ്ങളെ ആസ്പദമാക്കി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ എത്രയും സാരവത്തായ ഒരു പ്രസംഗം ചെയ്കയും കുര്‍ബ്ബാന അവസാനിച്ചതിന്‍റെ ശേഷം ജനങ്ങള്‍ എല്ലാവരും പുതിയ മെത്രാപ്പോലീത്തന്മാരുടെ കൈമുത്തി പിരിയുകയും ചെയ്തു.
പിന്നീട് ബാവാ അവര്‍കള്‍ കുറെ പുല ക്രിസ്ത്യാനികളെ അനുഗ്രഹിക്കുകയും അവരോടു ചില ഗുണദോഷങ്ങള്‍ പറകയും ചെയ്കയുണ്ടായി.
വൈകിട്ടു അഞ്ചു മണിക്കു പള്ളിയില്‍ വച്ചു പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍, ബസേലിയോസ് ബാവാ അവര്‍കള്‍, മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍, മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍, മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ അവര്‍കള്‍ ഇവരും പൂവത്തൂര്‍ യാക്കോബ് കത്തനാര്‍ അവര്‍കള്‍ മുതലായി ചില കത്തനാരന്മാരും ശീമ റമ്പാന്മാര്‍, ചില ശെമ്മാശന്മാര്‍ ഇവരും ചേര്‍ന്ന് ഒന്നും, ബാവാന്മാരും മെത്രാപ്പോലീത്തന്മാരും പൂവത്തൂര്‍ യാക്കോബ് കത്തനാര്‍ അവര്‍കളും മാത്രം ചേര്‍ന്നു ഒന്നും ഇങ്ങനെ രണ്ടു വിധത്തില്‍ ഓരോ ഗ്രൂഫ് ഫോട്ടോ എടുക്കുകയുമുണ്ടായി.
(മലയാള മനോരമ, 12-2-1913)