മുന്‍കാലത്തു നസ്രാണി മെത്രാപ്പോലീത്തന്മാരും അവരുടെ മുന്‍ഗാമികളായ അര്‍ക്കദിയാക്കോന്മാരും പട്ടാളങ്ങളുടെ അകമ്പടിയോടു കൂടി മാത്രമേ പുറത്തിറങ്ങി സഞ്ചരിക്കുക പതിവുണ്ടായിരുന്നുള്ളു. നസ്രാണി സമുദായത്തിന്‍റെ വൈദികവും ലൗകികവുമായ (ക്രിമിനല്‍ ഒഴിച്ച്) ഭരണംകൂടി അക്കാലത്ത് അര്‍ക്കദിയാക്കോന്മാരില്‍ ലയിച്ചിരുന്നതുകൊണ്ടു പട്ടാളങ്ങളെ സംരക്ഷിക്കേണ്ടതായ ആവശ്യവും അവര്‍ക്കുണ്ടായിരുന്നു. ഇതിലേക്ക് ഒരു വലിയ കൂട്ടം നസ്രാണി യോദ്ധാക്കളെ അവര്‍ കൂടെ താമസിപ്പിച്ചിരുന്നു.
യുദ്ധകാലത്തു കേരള രാജാക്കന്മാര്‍ അവരവരുടെ സൈന്യസഞ്ചയത്തില്‍പ്പെട്ട നസ്രാണിയോദ്ധാക്കള്‍ക്കു പുറമെ അര്‍ക്കദിയാക്കോന്മാരോടു കൂടിയും സൈന്യസഹായം അപേക്ഷിക്കയും അവര്‍ സൈന്യങ്ങളെ അയച്ചുകൊടുക്കയും പതിവായിരുന്നു. എന്നാല്‍ യുദ്ധാവശ്യത്തിനും പ്രതാപസംരക്ഷണത്തിനും പില്‍ക്കാലത്തു സൈന്യസംരക്ഷണം ആവശ്യമില്ലെന്നായപ്പോള്‍ നസ്രാണി മെത്രാപ്പോലീത്തന്മാര്‍ ഭടസഞ്ചയത്തിനു പകരം കേവലം അംഗരക്ഷക ഭടന്മാരെക്കൊണ്ടു മാത്രം സംതൃപ്തിപ്പെട്ടു. നമ്മുടെ കഥാനായകന്‍റെ കാലമായപ്പോഴേക്ക് ഈ അംഗരക്ഷകന്മാര്‍ കേവലം വെള്ളിവില്ലാക്കാരും ശിപായികളുമായി പരിണമിച്ചു. കേരളത്തില്‍ യുദ്ധവൃത്തിയും, രാജ്യരക്ഷാപുരുഷത്വവും സൈന്യസേവനവും ഒരു പ്രത്യേക വര്‍ഗ്ഗക്കാര്‍ക്കു മാത്രമുള്ളതാണെന്നു, അറിവില്ലാത്ത ചിലര്‍ സ്ഥാനത്തും അസ്ഥാനത്തും പെരുമ്പറ മുഴക്കാറുണ്ടായിരുന്നു. അതിനാല്‍ മേല്‍പ്പറഞ്ഞവയുടെ വിശ്വാസ്യതയെ തെളിയിപ്പാന്‍ അല്‍പ്പം ചില ചരിത്രരേഖകള്‍ മാത്രമെങ്കിലും ഇവിടെ പ്രസ്താവിക്കേണ്ടത് ആവശ്യമാണെന്നു വിശ്വസിക്കുന്നു.
1) ‘സുറിയാനി മെത്രാന് ആത്മീയവും ലൗകികവുമായ എല്ലാ അധികാരവും ഉള്ളതാകുന്നു. അവരുടെ ഇടവകയിലെ എല്ലാ വൈദികവും സിവിലുമായ വാദങ്ങളുടെ വിധികര്‍ത്താക്കന്മാര്‍ അവര്‍ തന്നെയാവുന്നു. അവരുടെ പദവികള്‍ മൂലം ഹിന്ദു രാജാക്കന്മാര്‍ക്കും വിധികര്‍ത്താക്കന്മാര്‍ക്കും അവരുടെ കാര്യങ്ങളില്‍ പ്രവേശിപ്പാന്‍ പാടില്ല. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പ്രവേശിക്കാം. സുറിയാനിക്കാര്‍ രാജാക്കന്മാര്‍ക്കു നികുതി കൊടുക്കുന്നതിനും പുറമെ യുദ്ധമുണ്ടാകുമ്പോള്‍ കുറെ പട്ടാളങ്ങളെയും അയച്ചുകൊടുക്കേണ്ടതാകുന്നു.
പുരുഷന്മാര്‍ എല്ലായ്പ്പോഴും ആയുധപാണികളായിട്ടാണ് നടക്കുന്നത്. ഒരു വാളും പരിചയും കൂടാതെ അവരെ പുറത്തു കാണുകയില്ല. എട്ടു വയസ്സു മുതല്‍ ഇരുപത്തഞ്ചു വയസ്സു വരെ അവര്‍ നല്ലതുപോലെ ആയുധാഭ്യാസം ചെയ്യുന്നു. ഇവര്‍ നല്ല നായാട്ടുകാരും യോദ്ധാക്കളുമാകുന്നു. ഒരു ഹിന്ദുരാജാവിനെപ്പറ്റിയുള്ള ഭയവും വിലയും അദ്ദേഹത്തിന്‍റെ നാട്ടിലുള്ള ക്രിസ്ത്യാനികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഇതിനാലും എല്ലാ കാര്യത്തിലും ഇവര്‍ പ്രദര്‍ശിപ്പിക്കുന്ന വിശ്വസ്തത, സത്യസന്ധത എന്നിവയാലും ഇവര്‍ ഹിന്ദു രാജാക്കന്മാരാല്‍ മാനിച്ചു രക്ഷിക്കപ്പെട്ടു പോരുന്നു.
മലയാള ചക്രവര്‍ത്തിയായ ചേരമാന്‍ പെരുമാള്‍ ഇവര്‍ക്കു കൊടുത്തിട്ടുള്ള പദവികളാല്‍ ഇവര്‍ നാട്ടിലെ പ്രഭുക്കന്മാരെക്കാള്‍ ഉന്നതിയില്‍ ഇരിക്കുന്നു. രാജാക്കന്മാര്‍പോലും ബഹുമാനിക്കുന്ന ബ്രാഹ്മണവര്‍ഗ്ഗം മാത്രമെ ഇവരെക്കാള്‍ ശ്രേഷ്ഠന്മാരായി ഗണിക്കപ്പെട്ടിട്ടുള്ളു.
നാട്ടിലെ നിയമം അനുസരിച്ചു തട്ടാന്‍, ആശാരി, മൂശാരി, കൊല്ലന്‍ ഈ വര്‍ഗ്ഗക്കാരുടെ രക്ഷാനാഥന്മാര്‍ ക്രിസ്ത്യാനികളാണ്. മുന്‍പറഞ്ഞ വര്‍ഗ്ഗക്കാരില്‍ ആരെയെങ്കിലും വല്ലവരും ഉപദ്രവിക്കുന്നതായാല്‍ അവര്‍ ക്രിസ്ത്യാനികളുടെ അടുക്കല്‍ സങ്കടം പറയുകയും, അവര്‍ അതിനു പ്രതിവിധി നിശ്ചയിക്കയും ചെയ്യുന്നു. അവരുടെ അവസ്ഥയെ സൂക്ഷിക്കുന്നതിനായി അവര്‍ താണജാതിക്കാരെയും മറ്റും തൊടാതിരിക്കുന്നു. വഴിമേല്‍ വഴിയാട്ടം ഇവര്‍ക്കു പതിവാണ്. അല്ലാത്തപക്ഷം ഉടന്‍ അവരെ കൊല്ലുന്നതിന് ഇവര്‍ക്ക് അധികാരമുള്ളതാണ്. … ഈ പദവിയെ നായന്മാര്‍ക്കും അനുവദിച്ചുകൊടുക്കണമെന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ പറവൂര്‍ രാജാവു വിചാരിച്ചു എങ്കിലും ക്രിസ്ത്യാനികള്‍ ഒരുമിച്ചു യുദ്ധത്തിന് ഒരുങ്ങുകയാല്‍ ആവിധം ചെയ്യാതെ പൂര്‍വാചാരത്തെ തന്നെ സ്ഥിരപ്പെടുത്തി (പോര്‍ട്ടുഗീസുകാരുടെ വരവോടടുത്തു നസ്രാണി സമുദായത്തിന്‍റെ സ്ഥിതി നേരിട്ടു കണ്ടറിഞ്ഞു ലാക്രാസ് എന്ന ചരിത്രകാരന്‍റെ വര്‍ണ്ണനയെ അംഗീകരിച്ചു കര്‍ണ്ണല്‍ മണ്‍ട്രോ മദ്രാസ് ഗവര്‍മെന്‍റിലേക്കു ചെയ്തിട്ടുള്ള റിപ്പോര്‍ട്ട് (Proceedings of the C.M.S. 1819-1820, p. 333).
(2) ‘കൊച്ചീരാജാവിനെ അവര്‍ പട്ടാളംകൊണ്ടും സഹായിച്ചു’ (The Life History of Missionaries written by Bishop Middleton Vol. 3, p. 54-55).
(3) ‘സുറിയാനിക്കാര്‍ തങ്ങളുടെ ആണ്‍കുട്ടികളെ എട്ടു വയസ്സു മുതല്‍ ഇരുപത്തഞ്ചു വയസ്സു വരെ ആയുധാഭ്യാസം പരിശീലിപ്പിക്കുന്നു. ഇരുനൂറ്റില്‍ ചില്വാനം വര്‍ഷങ്ങള്‍ക്കു മുമ്പ് പെരുമ്പടപ്പിനു അന്‍പതിനായിരം സുറിയാനി യോദ്ധാക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ നാങ്കുവര്‍ണ്ണത്തിന്‍റെ രക്ഷാകര്‍ത്താക്കളുമായിരുന്നു’ (ഡള്‍ ബോയസ്സിന്‍റെ എഴുത്തുകള്‍ക്കുള്ള ഹൗവിന്‍റെ മറുപടി, പുറം 196).
(4) ‘ക്രിസ്ത്യാനികള്‍ക്കും ആയുധം ധരിക്കുന്നതിന് അവകാശമുണ്ടായിരുന്നു. അവര്‍ നായന്മാരോടൊന്നിച്ചു നിന്നു പൊരുതുകയും ചെയ്തിരുന്നു. അവര്‍ക്കും പാരമ്പര്യവഴിക്കുള്ള സ്വന്തം കളരിപ്പണിക്കരന്മാരുണ്ടായിരുന്നു. എന്നാല്‍ നായന്മാരും ക്രിസ്ത്യാനികളും ഈ കാര്യത്തില്‍ വലിയ അകല്‍ച്ച ഒന്നും കാണിച്ചിരുന്നില്ല. നായര്‍ പണിക്കന്മാര്‍ക്കു ക്രിസ്ത്യാനി ശിഷ്യന്മാരും ക്രിസ്ത്യാനിപ്പണിക്കരന്മാര്‍ക്കു നായര്‍ ശിഷ്യന്മാരുമുണ്ടായിരുന്നു’ (കൊച്ചി സ്റ്റേറ്റു മാനുവല്‍, സി അച്ചുതമേനോന്‍, പുറം 84).
(5) ‘കൊച്ചി രാജാവിന്‍റെ കല്‍പ്പനയ്ക്ക് ഉദ്ദേശം അന്‍പതിനായിരം സുറിയാനി ക്രിസ്ത്യാനികളോളം യുദ്ധസന്നദ്ധരായി ആയുധങ്ങളോടു കൂടി പുറപ്പെടുവാന്‍ സാധിച്ചിരുന്നു’ (കൊച്ചീരാജ്യചരിത്രം ഒന്നാം ഭാഗം, കെ. പി. പത്മനാഭമേനോന്‍ ബി.എ. ബി.എല്‍., പുറം 85).
(6) ‘മലയാള മെത്രാപ്പോലീത്തന്മാരുടെ വരവിനെ നിരോധിക്കുവാന്‍ മാര്‍പാപ്പായുടെ കല്‍പ്പനയുണ്ടായിരുന്നു. അതനുസരിച്ച് അറ്റല്ലാ എന്ന മെത്രാനെ പറുങ്കികള്‍ വഴിക്കുവച്ചു തടഞ്ഞു പിടിച്ചു തടവില്‍ പാര്‍പ്പിച്ചപ്പോള്‍ ഇരുപത്തയ്യായിരം സുറിയാനിക്കാര്‍ അന്നു കൊച്ചീരാജ്യം വാണിരുന്ന അമ്മ തമ്പുരാന്‍റെ സഹായത്തോടുകൂടി പറുങ്കികളോടു യുദ്ധം ചെയ്തു’ (അപ്പന്‍ തമ്പുരാന്‍റെ കൊച്ചി രാജ്യചരിത്രം).
(7) ‘പുരാതനകാലത്തു ഹൈന്ദവ രാജാക്കന്മാര്‍ സുറിയാനിക്കാര്‍ക്കു കൊടുത്തിട്ടുള്ള സ്ഥാനമാനങ്ങളെ സംബന്ധിച്ചു നാം ഇതിനു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാല്‍ അവര്‍ സാമൂഹ്യമായ നിലയില്‍ ശ്രേഷ്ഠപദത്തെ പ്രാപിച്ചിരുന്നുവെന്നു മാത്രമല്ല, രാജാക്കന്മാരുടെ അംഗരക്ഷകന്മാരുടെ ഒരംശം എന്ന ബഹുമതിയേയും സര്‍വ്വഥാ അര്‍ഹിക്ക കൂടി ഉണ്ടായിട്ടുണ്ട് (എഡ്ഗര്‍ തേഷ്ഠന്‍റെ ദക്ഷിണേന്ത്യയിലെ ജാതികളും വര്‍ണ്ണങ്ങളും വാല്യം VI, pp. 46-47).
(8) പുരാതന നസ്രാണികളില്‍ പലരും ആയുധവിദ്യ പരിശീലിച്ചവരായിരുന്നു. കാലാന്തരത്തില്‍ അവര്‍ രാജാക്കന്മാരുടെ രക്ഷിവര്‍ഗ്ഗങ്ങളും രാജ്യത്തെ സൂക്ഷിക്കുന്ന സൈനികന്മാരുമായി നിയമിക്കപ്പെട്ടിരുന്നു’ (പി. ശങ്കുണ്ണിമേനവന്‍റെ തിരുവിതാംകൂര്‍ ചരിത്രം, പുറം 91).
(9) സുറിയാനിക്കാര്‍ എട്ടു വയസ്സു മുതല്‍ ആയുധാഭ്യാസം ചെയ്യുന്നു. ഇതിനായി അവരുടെ ദേഹം എണ്ണതേച്ച് ഉഴിഞ്ഞു മയപ്പെടുത്തുന്നു. ഇങ്ങനെ ഇരുപത്തഞ്ചു വയസ്സുവരെ അഭ്യസിക്കാറുണ്ട്. സാധാരണ പുറത്തു സഞ്ചരിക്കുമ്പോള്‍ ഉറയില്ലാത്ത വാളും ഇടത്തുകയ്യില്‍ പരിചയും പിടിച്ചിരിക്കും. ചിലര്‍ തോക്കുകളും കൊണ്ടുനടക്കാറുണ്ട്. എല്ലായ്പോഴും ആയുധം ധരിച്ചു നടക്കുന്നു എങ്കിലും അവര്‍ ശാന്തശീലരാണ് (History of Christianity in India Vol. 1, p. 317).
(10) ‘യോഗ്യന്മാരായ രാജാക്കന്മാര്‍ തങ്ങളുടെ രാജ്യത്തു നിവസിക്കുന്നവരായ ഈ ക്രിസ്ത്യാനികളെ വളരെ മേന്മയായി കരുതിപ്പോരുന്നു. അവര്‍ അന്യരാജ്യങ്ങളുമായുള്ള കച്ചവടം, നാട്ടില്‍ സൈന്യസേവനം മുതലായ ഉല്‍കൃഷ്ട ജീവിതവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നു (Barrets Relatione Delle missonei, 1645, p. 30).
(11) ‘കൊച്ചീക്കാരായ യുദര്‍ക്കുടയപടവെറും മാപ്പിളക്കൂട്ടരോടാ-
യുള്‍ച്ചീന്നും വീര്യമോടേറ്റധികമിരുപുറക്കാരുമൊത്താര്‍ത്തിടുന്നു
മെച്ചം കാട്ടുന്ന തീയപ്പടയൊടു പൊരുതീടുന്നു നസ്രാണിവര്‍ഗ്ഗം
കയ്പട്ടംകൊണ്ടവെട്ടപ്പടയൊടു പറവൂര്‍ക്കാരിതാ നേരിടുന്നു.’
(കൊച്ചീരാജാവും സാമൂതിരിയും തമ്മില്‍ നടത്തിയ ഒരു വലിയ യുദ്ധത്തെ ആസ്പദമാക്കി കേരളചരിത്ര പണ്ഡിതനായ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ടു രചിച്ചിട്ടുള്ള വിക്രമവിജയം നാടകം പുറം 73. ഇതില്‍ കാണുന്ന യൂദന്മാരും നസ്രാണികളും കൊച്ചിരാജാവിന്‍റെ സൈന്യങ്ങളാണ്.).
12) പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ കാല്‍വയ്ക്കുന്നതിനു മുമ്പു കേരളീയ നസ്രാണികളുടെ സ്ഥിതിഗതികള്‍ എന്തൊക്കെയായിരുന്നുവെന്നുള്ളതിനെ തെളിയിക്കുന്ന ഒരു വിലയേറിയ ലക്ഷ്യമാണു പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബണിന്‍റെ പ്രസ്താവന. ഗിബ്ബണ്‍ ഇങ്ങനെ പറയുന്നു: ‘ആയുധാഭ്യാസത്തിലും കലാവിദ്യകളിലും പക്ഷേ, സന്മാര്‍ഗ്ഗനിഷ്ഠയിലും അവര്‍ (സുറിയാനി ക്രിസ്ത്യാനികള്‍) ഹിന്ദുസ്ഥാനത്തിലെ സ്വദേശികളെക്കാള്‍ ഉല്‍ക്കര്‍ഷം പ്രാപിച്ചവര്‍ ആയിരുന്നു. അവരുടെ കൃഷിക്കാര്‍ തെങ്ങുകൃഷി ചെയ്തുവന്നു. അവരുടെ പടയാളികള്‍ കുലീനന്മാരുടെ നായന്മാരേക്കാള്‍ മുമ്പന്മാരായിരുന്നു. കൊച്ചീരാജാവും സാമൂതിരിപ്പാടും ഭയംകൊണ്ടോ ഉപകാരസ്മരണകൊണ്ടോ അവരുടെ പാരമ്പര്യപദവികളെ ബഹുമാനിച്ചുപോന്നിരുന്നു’ (Decline and fall, vol. 3. p. 357, Standard British classics Edition).
13) ‘പറുങ്കികളുടെ കീഴില്‍ ഏതാനും നായന്മാരും നാട്ടുക്രിസ്ത്യാനികളും ഭടന്മാരായിട്ടുണ്ടായിരുന്നു’ (കൊച്ചീ സ്റ്റേറ്റു മാനുവല്‍, പുറം 108).
14) ‘അന്‍റോണിയോ ഫ്രണാണ്ടസ്ചാലീ’ എന്നു പേരായ (പറുങ്കികളിട്ട പേരാണിതു) മാര്‍ത്തോമ്മാ ക്രിസ്ത്യാനി, പോര്‍ട്ടുഗീസുകാരുടെ കീഴില്‍ വളരെനാള്‍ ഉദ്യോഗം വഹിച്ചശേഷം പ്രധാന സേനാനായകനായിത്തീരുകയും നൈറ്റ് ഓഫ് ദി മിലിട്ടറി ഓര്‍ഡര്‍ ഓഫ് ക്രൈസ്റ്റ് എന്ന ഉന്നതബിരുദം പോര്‍ട്ടുഗല്‍ രാജാവില്‍ നിന്നു സ്വീകരിക്കയും 1571-ല്‍ നടന്നതായ ഒരു യുദ്ധത്തില്‍ മരിച്ചുപോകയാല്‍ രാജകീയ ശവസംസ്കാരം അര്‍ഹിക്കുകയും ചെയ്തു (ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യാ-ണ.ണ. ഹണ്ടര്‍-പേജ് 163)
15) പീമെന്‍റോ എന്ന ജസ്വിറ്റു പാദ്രി 1559-ല്‍ പോര്‍ട്ടുഗീസ് ജനറലിനയച്ച ഒരു കത്തില്‍ ‘മാര്‍ത്തോമ്മാ ക്രിസ്ത്യാനികളില്‍ നിന്ന് ഒരേ സമയം മുപ്പതിനായിരം ഭടന്മാരെ എടുക്കാ’മെന്നു പ്രസ്താവിച്ചിരിക്കുന്നു. ‘മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മലയാളത്തേക്കും ധീരന്മാരും സമര്‍ത്ഥന്മാരുമായ യോദ്ധാക്കളാകുന്നു’ എന്നു വേറൊരു ചരിത്രകാരന്‍ പ്രസ്താവിച്ചിട്ടുണ്ട്.
16) ഫ്രാന്‍സിസ് ഡേയ് ഇപ്രകാരം പ്രസ്താവിക്കുന്നു: “പ്രസ്തുത കാലത്ത് … അവരുടെ ശ്രേഷ്ഠതയെ അംഗീകരിക്കുന്നതിന് മേല്‍പ്പറഞ്ഞ ജാതികളില്‍ ആരെങ്കിലും വിസമ്മതിക്കുന്നപക്ഷം അവരെ തല്‍ക്ഷണം കൊന്നുകളയുന്നതിനു ക്രിസ്ത്യാനികള്‍ക്ക് അധികാരമുണ്ടായിരുന്നു. യൂദന്മാരെ ഒഴിച്ചാല്‍ ബ്രാഹ്മണര്‍ക്കും സുറിയാനിക്കാര്‍ക്കും മാത്രമേ അറവാതിലിനു നേരെ മേല്‍ക്കൂടത്തു പടിപ്പുര പണി ചെയ്യിക്കുന്നതിനും ആനപ്പുറത്തു സവാരി ചെയ്യുന്നതിനും രാജസന്നിധിയില്‍ എന്നല്ല തല്‍പ്രതിപുരുഷന്മാരുടെ നിലയില്‍ ഒരേ പരവതാനിയില്‍തന്നെ ഇരിക്കുന്നതിനും അവകാശമുണ്ടായിരുന്നുള്ളു” (ലാന്‍ഡ് ഓഫ് ദി പെരുമാള്‍സ്, അധ്യായം 6, പേജ് 219-220).
17) വളഞ്ഞവാള്‍: പുരാതന നസ്രാണികള്‍ വളഞ്ഞവാളും നായന്മാര്‍ നീണ്ട വാളുമാണ് ഉപയോഗിച്ചു പോന്നതെന്ന് പോര്‍ട്ടുഗീസുകാരിയായ ഒരു ഗ്രന്ഥകര്‍ത്രി പതിമൂന്നാം ശതാബ്ദത്തിലെ കഥകള്‍ വിവരിക്കുന്നതായ ഒരു ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇരവികൊര്‍ത്തനു കൊടുത്ത ചെപ്പേടില്‍ കാണുന്നതായ ‘കടുത്തുവളഞ്ചിയം’ എന്നതിന്‍റെ അര്‍ത്ഥം വളഞ്ഞവാള്‍ എന്നാണെന്നു സി. അച്ചുതമേനവന്‍ കൊച്ചി സ്റ്റേറ്റു മാനുവലില്‍ പ്രസ്താവിച്ചിട്ടുണ്ട്. വിചിത്രപ്പണികള്‍ ഉള്ളതായ വാള്‍ എന്നു ഹൈക്കോടതി വക്കീല്‍ എം. വി. ഇട്ടിച്ചെറിയയും പ്രസ്താവിക്കുന്നു. ‘വളഞ്ഞവാള്‍ അഥവാ കടുത്തിലയം, അതിനുള്ള കച്ചവടക്കുത്തകയും ആവശ്യോചിതമായ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും അവയില്‍ കച്ചവടം സ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം’ എന്നാണ് ഫാദര്‍ ബര്‍ണ്ണാര്‍ഡ് വ്യാഖ്യാനിച്ചിട്ടുള്ളത്. എന്നാല്‍ വിവിധ ശാസ്ത്രപാരംഗതനായ ടി. കെ. ജോസഫ്, കടത്തുവളഞ്ചിയം എന്നതിനു കടത്തുവാണിജ്യം എന്നാണ് അര്‍ത്ഥവിവരണം നല്‍കിയിരിക്കുന്നത്. ടി. കെ. ജോസഫിന്‍റെ ഈ പരിഭാഷ ശരിയാണോ എന്ന് അദ്ദേഹം തന്നെ ഒന്നു കൂടി പുനരാലോചന നടത്തേണ്ടതായിരുന്നു.