യേശുക്രിസ്തു ജനിച്ചത് പാലസ്തീനിലാണ്. തീര്‍ത്തും ദുഃഖകരമായ സാഹചര്യങ്ങളാണ് തിരുപ്പിറവിയെ ചൂഴ്ന്നുനിന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയമിന്, യേശുവിന്‍റെ അമ്മയ്ക്ക് ഒന്നു കയറിക്കിടക്കാന്‍ ഇടമി ല്ലായിരുന്നു. അതുകൊണ്ടാണല്ലോ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശു ജനിച്ചത്.
അധികം ദിവസങ്ങളാകുന്നതിനു മുന്‍പ് രാജകോപത്തെ ഭയന്ന് കുഞ്ഞിനെയും മാറോടണച്ച് ഈജിപ്തിലേക്ക് അഭയാര്‍ത്ഥികളെപ്പോലെ ആ അമ്മയും ഔസേപ്പും ഓടിപ്പോയി. ജനിച്ച ശിശുവിനെക്കുറിച്ച് കിഴക്കുനിന്നും വന്ന ജ്യോതിശാസ്ത്ര വിദ്വാന്മാര്‍ രാജകൊട്ടാരത്തില്‍ വന്നു പറഞ്ഞു. ഒരപൂര്‍വ്വ നക്ഷത്രം ആകാശത്തു പൊട്ടിവിരിഞ്ഞിരിക്കുന്നുവെന്ന്. തന്‍റെ ഭാവിയെക്കുറിച്ചു ഭയന്ന രാജാവ് ഉടന്‍ ഉത്തരവിട്ടു. ആ പ്രദേശത്തുള്ള ആണ്‍പൈതങ്ങളെയെല്ലാം ഉടനടി കൊല്ലുവാന്‍.
ഇന്ന് ഈ വര്‍ഷം ക്രിസ്മസ് എന്ന യേശുവിന്‍റെ ജനനം ലോകം ആഘോഷിക്കുമ്പോള്‍ പാലസ്തീനില്‍ കേള്‍ക്കുന്നത് കൈക്കുഞ്ഞുങ്ങളുടെ ദീനാര്‍ത്തമായ നിലവിളികളാണ്. അവരെ മാറോടണയ്ക്കുന്ന അമ്മമാര്‍ക്ക് ഒരാശ്വാസവും പകരാനില്ല. വെള്ളമില്ലാതെ, വെളിച്ചമില്ലാതെ തിന്നാനും കുടിക്കാനും കാര്യമായി ഒന്നും ലഭിക്കാതെ പൂര്‍ണ്ണഗര്‍ഭിണികളായ സ്ത്രീകളും വൃദ്ധജനങ്ങളും കിടപ്പുരോഗികളും തിരിയാനിടമില്ലാതെ ഉറഞ്ഞ ഭയത്തില്‍ കഴിയുന്നു.
ഗാസാ എന്ന കൊച്ചു മുനമ്പില്‍ 1980-കളില്‍ ഒരു ഡെലിഗേഷന്‍റെ ഭാഗമായി പോകുവാന്‍ ഈ ലേഖകന് അവസരമുണ്ടായി. മരുഭൂമിപോലെ, കുറെ നാരകത്തോട്ടങ്ങളും യുദ്ധഭീഷണിയില്‍ കഴിയുന്ന പാവങ്ങളായ മനുഷ്യരുള്ള ആ സ്ഥലത്തു നിന്നാണ് ആര്‍ത്തനാദങ്ങള്‍ ഉയരുന്നത്. മനഃസാക്ഷിയെ പിടിച്ചുകുലുക്കേണ്ടതാണിത്. ഇവിടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഒന്നും ആരും പറയേണ്ട. മനുഷ്യവര്‍ഗത്തിന്‍റെ ഭാവിയെ കുറിക്കുന്ന കുരുന്നുകളെ പട്ടിണിക്കിടാനും നിര്‍ദ്ദയമായി ബോംബിട്ടു കൊല്ലുവാനും ആരെയെങ്കിലും ലോകം അധികാരപ്പെടുത്തിയിട്ടുണ്ടോ? ക്രിസ്തുവിന്‍റെ പരസ്യപ്രവര്‍ത്തനകാലത്ത്, യുദ്ധത്തിന്‍റെയും കീഴടക്കലിന്‍റെയും തീവ്രത പ്രവചിച്ച അദ്ദേഹം പറഞ്ഞു:
“ഗര്‍ഭിണികള്‍ക്കും മുല കൊടുക്കുന്ന അമ്മമാര്‍ക്കും മഹാദുഃഖം.”
എന്തിനാണ് പുരുഷന്മാരെക്കുറിച്ചും ആരോഗ്യമുള്ളവരെക്കുറിച്ചും പറയാതെ ഇത് യേശു പറഞ്ഞത്?
കാരണം മനുഷ്യഭാവിയെ മാറോടണച്ച്, മനുഷ്യവംശത്തിന്‍റെ ജീവനുവേണ്ടി പാല്‍ ചുരത്തുന്ന അമ്മമാരും ജനിക്കാന്‍ ഒരുങ്ങുന്ന ഭാവിശിശുക്കളെ ഉദരത്തില്‍ വഹിക്കുന്ന ഗര്‍ഭിണികളും – അവരാണ് തീവ്രമായ വേദന അനുഭവിക്കുന്നത്. അതവരുടെ സ്വന്തം ജീവനു വേണ്ടിയല്ല. മനുഷ്യരാശിയുടെ ഭാവിയാണ് പേടിച്ചരണ്ട് തങ്ങളുടെ മാറില്‍ ചേര്‍ന്നുകിടക്കുന്നതും യുദ്ധത്തിന്‍റെ ഭീകരമായ ശബ്ദം കേട്ട് ഗര്‍ഭാശയങ്ങളില്‍ ഞെട്ടിത്തരിക്കുന്ന ശിശുക്കളും എന്നറിഞ്ഞതുകൊണ്ടാണ്. ഇന്നും അതല്ലേ നാം കാണുന്നത്?
നിനച്ചിരിക്കാത്ത നിമിഷങ്ങളില്‍ ബോംബുസ്ഫോടനങ്ങളും ബുള്ളറ്റുകളും മിസൈലുകളും വീടുകളിലും ദേവാലയങ്ങളിലും ആംബുലന്‍സുകളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും പതിക്കുന്നു. ഇരിക്കാനും കിടക്കാനും ഇടമില്ലാതെ നട്ടംതിരിയുന്നുവെങ്കിലും അവരുടെയുള്ളില്‍ ജീവന്‍റെ പ്രത്യാശയില്‍ ഒരു ചെറുതിരിനാളം ജ്വലിക്കുന്നുണ്ട്.
ഒന്നു നാമോര്‍ക്കണം. നിങ്ങളുടെ മതം ഏതായാലും, നിങ്ങളുടെ ദൈവത്തിന് നിങ്ങള്‍ എന്തു പേരിട്ടാലും ഇപ്പോള്‍ നടക്കുന്നതൊന്നും ആ ദൈവത്തിന്‍റെ പ്രവര്‍ത്തിയല്ല.
അധികാരത്തിന്‍റെയും വംശീയതയുടെയും അഹങ്കാരവും വിദ്വേഷവും വമിപ്പിച്ച് സ്വന്തം സഹോദരങ്ങളെയും അയല്‍ക്കാരെയും ചുട്ടുകളയുന്ന മനുഷ്യന്‍റെ പ്രവര്‍ത്തിയാണത്. യേശു പഠിപ്പിച്ചത് ഇത്തരം മനുഷ്യരുടെ ഗോത്രദൈവങ്ങളെക്കുറിച്ചല്ല. ക്ഷമിക്കുകയും സ്നേഹിക്കുകയും നഷ്ടപ്പെട്ടുപോയ ആടുകളെ തേടി നടക്കുകയും തന്‍റെ മക്കള്‍ക്കുവേണ്ടി ജീവന്‍ നല്‍കുകയും ചെയ്യുന്ന ഒരു ദൈവത്തെയാണ്. കോപവും കാലുഷ്യവും നിറഞ്ഞ നമ്മുടെ ലോകത്തില്‍ നീതിയും സമാധാനവും അസാധ്യമെന്ന് ആരും കരുതരുത്. മനുഷ്യരായ നാം ഇച്ഛിക്കുന്നുവെങ്കില്‍ നമ്മുടെ അപാരമായ സര്‍ഗശേഷിയെ നമ്മുടെ സഹോദരങ്ങളായ എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും നമ്മോടുകൂടി അധിവസിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കുവേണ്ടിയും സമ്യക്കായി ഉപയോഗിക്കാന്‍ നാം ഒരുങ്ങിയാല്‍ ഈ ലോകത്തില്‍ നീതിയും ശാന്തിയും കൈവരും. അതുകൊണ്ടാണല്ലോ വെറും പാവങ്ങളായ ആട്ടിടയന്മാര്‍ക്ക്, യേശുവിന്‍റെ ജനനസമയത്ത് ലഭിച്ച സ്വര്‍ഗീയസംഗീതം ഇങ്ങനെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്:
“അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം.”
ദലൈലാമയുടെ പര്‍ണ്ണശാലയില്‍
ഹിമാലയത്തിലെ മൂടല്‍മഞ്ഞു പുരണ്ട് ഒരു പുലരിയില്‍ അദ്ദേഹം ഒരു കൈയാല്‍ ഈ ലേഖകന്‍റെ വലതുകരം പിടിച്ച് മറുകരം തന്‍റെ ഹൃദയത്തില്‍ തൊട്ട് ദലൈലാമ പറഞ്ഞു:
“എല്ലാം ആരംഭിക്കുന്നത് ഇവിടെയാണ്. യുദ്ധവും സമാധാനവും മനുഷ്യഹൃദയത്തില്‍ തുടങ്ങുന്നു. ആയുധമെടുക്കുകയല്ല, സകലത്തേയും ശാന്തിപ്രദമാക്കുകയാണ് മനുഷ്യന്‍റെ ഭാഗധേയം.”
തയ്യാറാക്കിയത്: കെ. ആര്‍ മോഹന്‍ദാസ്
(ജന്മഭൂമി തിരുപ്പിറവി സപ്ലിമെന്‍റ്)