മൂറോന്‍ കൂദാശ (1932)

29-3-1932: മൂറോന്‍ കൂദാശ 40-ാം വെള്ളിയാഴ്ച പഴയസെമിനാരിയില്‍ വെച്ചു നടത്തുന്നതിന് നിശ്ചയിച്ചു. അതിന്‍റെ ആവശ്യത്തിലേക്കു കുറിയാക്കോസ് ശെമ്മാശനും എനിക്കും അഞ്ചു പട്ടം തരുന്നതിന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.

2-4-1932: മൂറോന്‍ കൂദാശയ്ക്ക് കോട്ടയം ഇടവകയിലെ പള്ളികളില്‍ നിന്നുള്ള തുക പിരിക്കുന്നതിലേക്കുള്ള കല്പനസഹിതം എന്നെ അയയ്ക്കുന്നതിന് തീരുമാനിച്ചു.

5-4-1932: രാവിലെ മുണ്ടക്കയം പള്ളിയില്‍ എത്തി. തിരിച്ച് നെടുമാവില്‍ എത്തി. കവലയിലും. കങ്ങഴയില്‍ എത്തി താമസിച്ചു.

6-4-1932: പാതിനോമ്പ്. കങ്ങഴയില്‍ കുര്‍ബ്ബാനയ്ക്ക് സംബന്ധിച്ചശേഷം കാനത്തില്‍ വന്നു.

7-4-1932: ദയറായില്‍ ചെന്നു. കോട്ടയംകാരന്‍ ഫീലിപ്പോസ് ശെമ്മാശന്‍ (പിന്നീട് ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് – എഡിറ്റര്‍) വന്നിട്ടുണ്ടായിരുന്നു. മൂന്നു മണിയോടു കൂടെ തിരിച്ച് മീനടം അഞ്ചേരി മുതലായിടത്ത് സഞ്ചരിച്ചു. തോട്ടയ്ക്കാട്ടച്ചന്‍റെ (വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍ – എഡിറ്റര്‍) വീട്ടില്‍ ഇന്ന് താമസിച്ചു.

8-4-1932: രാവിലെ തോട്ടയ്ക്കാട്, വാകത്താനം, കുഴിമറ്റം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ച് കൊല്ലാട്ട് നടത്തുന്ന വടക്കന്‍ അച്ചന്‍റെ കൂടെ താമസിച്ചു (ഓണക്കൂര്‍).

9-4-1932: ദിവാന്‍റെ വരവ്. രാവിലെ പുതുപ്പള്ളി നിലയ്ക്കല്‍ മുതലായിടത്ത് സഞ്ചരിച്ച് സെമിനാരിയില്‍ എത്തി. പിരിഞ്ഞ തുക കാതോലിക്കാ ബാവായെ ഏല്പിച്ചു. ഇന്ന് പുതിയ ദിവാന്‍ജിയായ ഓസ്റ്റിന്‍ ഐ.സി.എസ്. പഴയസെമിനാരി കാണുന്നതിന് വരുന്നതിനാല്‍ എല്ലാ മെത്രാച്ചന്മാരും അവിടെ കൂടിയിരുന്നു. നാലരയ്ക്ക് വന്നു.

9-4-1932: സന്ധ്യയോടു കൂടി പുത്തന്‍കാവ് കൊച്ചുതിരുമേനിയും ഇവിടുത്തെ തിരുമേനിയും കോട്ടയംകാരന്‍ ഫീലിപ്പോസ് ശെമ്മാശനും, കറിയാ ശെമ്മാശനും, കുറിയാക്കോസ് ശെമ്മാശനും ഞാനും കൂടെ ദയറായില്‍ എത്തി.

10-4-1932: അഞ്ചാം പട്ടം. ഇവിടുത്തെ തിരുമേനി വി. കുര്‍ബ്ബാന ചൊല്ലി ഞങ്ങള്‍ക്ക് നാലു പേര്‍ക്ക് അഞ്ചാം പട്ടം (യൗപദ്യക്കിനോ) തന്നു.

11-4-1932: കൊച്ചുതിരുമേനി ഇന്ന് അത്താഴമേശ കഴിഞ്ഞ് കോട്ടയത്തിന് തിരിച്ചുപോയി. ശെമ്മാശന്മാര്‍ താമസിക്കുന്നു. വള്ളിക്കാട്ടെ ശെമ്മാശന്‍ (പിന്നീട് ഫാ. കെ. സി. പുന്നൂസ് ചൂരപ്പാടില്‍ – എഡിറ്റര്‍) തിരിച്ചുപോയി.

12-4-1932: രാവിലെ പിരിവിന് കോട്ടയത്തു ചെന്ന് ആലപ്പുഴയ്ക്ക് പോയി. അഞ്ചു മണിയോടു കൂടി എത്തി. അച്ചനോടു കൂടി താമസിച്ചു.

14-4-1932: ഇന്നു രാവിലെ ഞാന്‍ കോട്ടയത്തിന് തിരിച്ചു. കുറിച്ചിയില്‍ പോയിട്ട് സെമിനാരിയില്‍ താമസിച്ചു. വാളക്കുഴിയിലച്ചനും മറ്റും മൂറോന്‍ കൂദാശ സംബന്ധിച്ചുള്ള ജോലികള്‍ നടത്തുന്നു.

15-4-1932: ഇന്ന് വടക്കന്‍മണ്ണൂര്‍ പള്ളിയില്‍ കൂടെ പോയിട്ട് ദയറായിലെത്തി.

16-4-1932: ശനി. തിരുമേനി വി. കുര്‍ബ്ബാന ചൊല്ലി. എന്നെ ചുമതലപ്പെടുത്തിയിരുന്ന പള്ളികളിലെല്ലാം ഞാന്‍ സഞ്ചരിച്ചു കഴിഞ്ഞു (മുണ്ടക്കയം മുതല്‍ ആലപ്പുഴ വരെ).

17-4-1932: ഞായര്‍. വി. കുര്‍ബ്ബാനയ്ക്കു ശേഷം ഞാന്‍ കാനത്തിന് പോയി. വാളക്കുഴിയില്‍ വി. എ. ജോസഫ് ബി.എ. യ്ക്ക് ഇന്ന് കാതോലിക്കാ ബാവാ പഴയസെമിനാരിയില്‍ വെച്ച് റമ്പാന്‍സ്ഥാനം കൊടുത്തു.

18-4-1932: ഇന്ന് ഞാന്‍ പാമ്പാടിയിലെത്തി തിരുമേനിക്കു കോട്ടയത്തിനു പോകുവാനുള്ള വണ്ടി ശട്ടംകെട്ടിയ ശേഷം ദയറായിലെത്തി. സന്ധ്യയോടു കൂടെ ഞങ്ങളെല്ലാവരും തിരിച്ച് 8-ന് സെമിനാരിയിലെത്തി.

19-4-1932: പഴയസെമിനാരി. ഇന്ന് ഉച്ചയ്ക്കുശേഷം വര്‍ഗീസ് ബി.എ. യും എന്‍. എ. കുര്യന്‍ എം.എ. ബി.ഡി. യും പ്രസംഗിച്ചു. കൂദാശയില്‍ പങ്കെടുക്കുന്ന അച്ചന്മാരും ശെമ്മാശന്മാരും ഏകദേശം 60 പേരോളം താമസിക്കുന്നുണ്ട്. ശുശ്രൂഷയിലെ ഭാഗങ്ങള്‍ പരിശീലിക്കുന്നു.

20-4-1932: സെമിനാരിയിലെ പണി പൂര്‍ത്തിയാക്കിയില്ല. ഇന്ന് എന്‍. ജി. കുര്യന്‍ എം.എ. ബി.ഡി. പ്രസംഗിച്ചു.

21-4-1932: ഇന്ന് പ്രസംഗയോഗത്തിന് അനവധി ആളുകള്‍ വന്നിരുന്നു. വൈകിട്ട് വി. മൂറോനെപ്പറ്റി വല്യതിരുമേനിയും, പിന്നീട് റീത്തു പ്രസ്ഥാനത്തെപ്പറ്റി ഒ. എം. ചെറിയാന്‍ ബി.എ. എല്‍.റ്റി. യും ഗംഭീരമായി പ്രസംഗിക്കുകയുണ്ടായി. അനവധി പട്ടക്കാരും ശെമ്മാശന്മാരും വന്നിരുന്നു (150 ഓളം). ഇന്ന് അത്താഴ ഭക്ഷണം കുറ്റിയില്‍ കുഞ്ഞ് എന്നയാളിന്‍റെ നേര്‍ച്ചയായിരുന്നു.

22-4-1932: മൂറോന്‍ കൂദാശ. രാവിലെ ആറര മണിക്ക് തിരുമേനിമാര്‍ നമസ്കാരം ആരംഭിച്ചു. ഏഴരയ്ക്ക് വി. മൂറോന്‍ കൂദാശയും ആരംഭിച്ചു. 12 മണിയോടു കൂടെ അത് അവസാനിച്ചു. വി. കുര്‍ബ്ബാന ബാവായും കൊച്ചുമെത്രാച്ചനും വാളക്കുഴി റമ്പാച്ചനും കൂടെ ആരംഭിച്ചു. ഒന്നര മണിയോടുകൂടെ അവസാനിച്ചു. അനേക ആളുകളും പട്ടക്കാരും എത്തിയിരുന്നു.

(കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും)