ദനഹാ പെരുന്നാള്‍: “നദിയോര്‍ദാനുടെ വിമല ജലത്തിലവന്‍ തിരുസഭയുടെ മലിനത പോക്കി” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍)


സഭയുടെ ആരാധന വര്‍ഷത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട മാറാനായ പെരുന്നാള്‍ ആയ ദനഹാ പെരുന്നാള്‍ ജനുവരി മാസം ആറാം തീയതി സഭ കൊണ്ടാടുന്നു. നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസായെ ഈ പെരുന്നാളില്‍ നാം പ്രത്യേകം അനുസ്മരിക്കുന്നു. ദനഹാ എന്ന വാക്കിന്‍റെ ഗ്രീക്കുപദം എപ്പിഫനി എന്നാണ്. ദനഹാ എന്നത് സുറിയാനി പദം ആണ്. ഈ പദത്തിന്‍റെ അര്‍ത്ഥം ഉദയം എന്നാണ്. നീതിയിന്‍ സൂര്യനായ ക്രിസ്തു ഉദിച്ചത് ഈ ദിവസം ആണല്ലോ. ഈ ദിവസം വരുവാനുള്ള മശിഹാ യേശുതന്നെയാണ് എന്ന് വെളിപ്പെടുകയുണ്ടായി. കര്‍ത്താവ് യോഹന്നാന്‍ സ്നാപകനില്‍ നിന്ന് സ്നാനം സ്വീകരിച്ച് വെള്ളത്തില്‍ നിന്ന് കയറുമ്പോള്‍ സ്വര്‍ഗ്ഗം തുറന്ന് ദൈവാത്മാവ് പ്രാവ് എന്നപോലെ ഇറങ്ങിവരികയും “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് സ്വര്‍ഗ്ഗത്തില്‍നിന്ന് അശരീരി കേള്‍ക്കുകയും ചെയ്യുന്നു (വി. മര്‍ക്കോസ് 1:1-11). പിതാവ്, പുത്രന്‍, പരിശുദ്ധറൂഹാ എന്ന ത്രിയേക ദൈവത്തെ ഇവിടെ വ്യക്തമായി ദര്‍ശിക്കുന്നു. ദൈവത്തിന്‍റെ ത്രിത്വരൂപം ഇവിടെ വെളിവാക്കുന്നു. ഇതേ സംഭവം വി. മത്തായി ശ്ലീഹായും (3: 1-17) വി. ലൂക്കോസ് ഏവന്‍ഗേലിസ്ഥയും (3:15-22) വിവരിക്കുന്നു.

മൂന്നാം നൂറ്റാണ്ടുമുതല്‍ ദനഹാ പെരുന്നാള്‍ സഭയില്‍ ആചരിച്ചു വരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ ഈസ്റ്റര്‍, പെന്തക്കോസ്തി, എന്നിവയോടൊപ്പം ദനഹാ സഭയിലെ പ്രധാനപ്പെട്ട മൂന്ന് പെരുന്നാളുകളില്‍ ഒന്നായിത്തീര്‍ന്നു. ആദിമ സഭയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ ദിവസം മാമോദീസാ നല്‍കിയിരുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ പ്രകാശവല്‍ക്കരണം എന്ന അര്‍ത്ഥത്തില്‍ ദനഹായ്ക്ക് പ്രകാശത്തിന്‍റെ പെരുന്നാള്‍ എന്നുകൂടി പിതാക്കന്മാര്‍ വിശേഷിപ്പിക്കുന്നുണ്ട്. പൂര്‍വ്വികരായ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്‍റെ സ്നാനം അനുസ്മരിച്ച് അതിരാവിലെ എഴുന്നേറ്റ് കുളിക്കുമായിരുന്നു. സ്നാനം ശുദ്ധീകരണമാണല്ലോ. എന്നാല്‍ വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തൃശൂര്‍ കുന്നംകുളം ഭാഗങ്ങളില്‍ ദനഹാ പെരുന്നാളിന് പിണ്ടിപെരുന്നാള്‍ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിന്‍റെ പ്രകാശമായ മശിഹായെ അനുസ്മരിച്ച് വാഴപ്പിണ്ടിയില്‍ വിളക്കുകളോ ദീപങ്ങളോ കുത്തിനിര്‍ത്തി അതിനു വലംവച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്ന രീതിയും നിലവിലുണ്ട്.

സ്നാനത്തിലൂടെ ലഭിക്കുന്ന കൃപകള്‍

സ്നാനത്തിലൂടെ പാപമോചനത്തിനും ശുദ്ധീകരണത്തിനും ഇടയാക്കുന്നു.

നിഖ്യാവിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നു “പാപമോചനത്തിന് മാമോദീസാ ഒരിക്കല്‍ മാത്രമാകുന്നു” പാപമോചനം മാത്രമല്ല പുത്രസ്വീകാര്യത്തിനും, വീണ്ടും ജനനത്തിനും, ദൈവസ്വരൂപവും സാദൃശ്യവും പ്രാപിക്കുന്നതിന് ജലത്താലുള്ള സ്നാനം മൂലം സംഗതിയാകുന്നു. ഇത് വി. മാമോദീസായുടെ ശുശ്രൂഷയിലെ പ്രാര്‍ത്ഥന ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. കൂടാതെ ദനഹാ പെരുന്നാളിന്‍റെ ശുശ്രൂഷയിലും ഈ സത്യം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമുക്കു സാധിക്കും. ജലത്തില്‍ കര്‍ത്താവ് സ്നാനം ഏറ്റതിനാല്‍-‘-നദിയോര്‍ദാനുടെ വിമല ജലത്തിലവന്‍ തിരുസഭയുടെ മലിനതപോക്കി”-ജലത്തിലൂടെ നമുക്ക് വിശുദ്ധി ലഭിക്കുന്നു. ദനഹാ ശുശ്രൂഷയുടെ പ്രദക്ഷണഗീതത്തില്‍ ഇപ്രകാരം കാണുന്നു. “നീരവ നിടമേകുകയാല്‍ നീരിലവന്‍ കതിരൊളി വീശി നീരതിലേക്കവരോഹം ചെയ്തവനതിനരുളി പരിശുദ്ധി.”

ദനഹാ ശുശ്രൂഷയിലെ ആദിയോടന്തം ഉള്ള ഗീതങ്ങളിലും പ്രാര്‍ത്ഥനകളിലും ഈ ആശയം ആവര്‍ത്തിക്കുന്നുണ്ട്. തന്‍റെ വിശുദ്ധിയാല്‍ യോര്‍ദ്ദാനിലെ വെള്ളത്തെ വിശുദ്ധമാക്കുവാന്‍ വേണ്ടി തന്‍റെ മുന്നോടിയായ യോഹന്നാനില്‍ നിന്ന് മാമോദീസാ സ്വീകരിച്ച മശിഹാ എന്നും സകല ജലാശയങ്ങളെയും നദികളെയും തന്‍റെ സ്നാനത്താല്‍ വിശുദ്ധീകരിച്ച പരിശുദ്ധന്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. വെള്ളത്തില്‍ നിന്നാണല്ലോ ജീവന്‍റെ ആരംഭം (ഉല്‍പ. 1:2) ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മേല്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. ജലം ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവയായിത്തീരും (വി. യോഹ. 4:4) എന്നാണല്ലോ കര്‍ത്താവ് അരുളിചെയ്തിട്ടുള്ളത്. ആയതിനാല്‍ വെള്ളത്തിലൂടെയുള്ള മുഴുകല്‍ മൂലം സമൂലശുദ്ധീകരണം സംഭവിക്കുന്നു. സ്നാനം പാപമാലിന്യത്തെ കഴുകിക്കളയുന്നു. ഇസ്രായേല്‍മക്കള്‍ ചെങ്കടല്‍ കടന്നതിനെ സ്നാനത്തിന്‍റെ മുന്‍കുറിയായി പിതാക്കന്മാര്‍ പഠിപ്പിക്കുന്നു.

സ്നാനത്തിലൂടെ സാത്താനെ ഉപേക്ഷിച്ച് മശിഹായെ സ്വീകരിക്കുന്നു

വി. മാമോദീസാ ശുശ്രൂഷയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് സാത്താനെ ഉപേക്ഷിച്ച് മശിഹായെ സ്വീകരിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കുവേണ്ടി തലതൊടുന്നയാള്‍ സാത്താനെ ഉപേക്ഷിക്കുന്നതായി മൂന്നു പ്രാവശ്യം മശിഹായെ സ്വീകരിക്കുന്നതായി മൂന്നു പ്രാവശ്യം ഏറ്റുപറയുന്നു. സാത്താനെ ഉപേക്ഷിച്ച് മശിഹായെ സ്വീകരിക്കുന്നതിലൂടെ നാം രക്ഷയിലേക്ക് പ്രവേശിക്കുന്നു. ഇതിലൂടെ പാപമോചനവും സാത്താന്‍റെ മേലുള്ള വിജയവും കാണിക്കുന്നു. ഇതിന് ശേഷമാണ് വെള്ളിത്തിലൂടെയുള്ള മുഴുകല്‍ നടത്തുന്നത്. അങ്ങനെ മാമോദീസായിലൂടെ രക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വിശ്വാസിയുടെ തുടര്‍ന്നുള്ള ജീവിതം അവനെ രക്ഷയിലേക്ക് നയിക്കുന്നു. പിന്നീടുള്ള കൗദാശികമായ ജീവിതം മൂലം അവന്‍ പൂര്‍ണ്ണരക്ഷയിലേക്ക് എത്തിച്ചേരുന്നു. അപ്പോള്‍ സ്നാനം എന്നു പറയുന്നത് രക്ഷയിലേക്ക് ഒരു വിശ്വാസിയെ നയിക്കുന്ന പ്രക്രിയയുടെ ആദ്യപടിയാണ്.

ദനഹാ പെരുന്നാളിന്‍റെ പ്രധാന ശുശ്രൂഷ വെള്ളം വാഴ്വിന്‍റെ ശുശ്രൂഷയാണ്. മോറാനായ പെരുന്നാളുകളില്‍ ഇതുകൂടാതെ പെന്തിക്കോസ്തി പെരുന്നാളില്‍ മാത്രമേ വെള്ളം ഉപയോഗിക്കുന്നുള്ളു. മറ്റു ചില ശുശ്രൂഷകളില്‍ കഴുകലിനും ശുദ്ധീകരണത്തിനുമായി വെള്ളം ഉപയോഗിക്കുന്നുണ്ട്. കാല്‍കഴുകള്‍ ശുശ്രൂഷയിലും ഭവനകൂദാശയിലും വെള്ളം ഉപയോഗിക്കുന്നുണ്ട്. പെന്തിക്കോസ്തി ശുശ്രൂഷയില്‍ വാഴ്ത്തിയ വെള്ളം ജനത്തിന്മേല്‍ തളിക്കുവാനായി ഉപയോഗിക്കുന്നു. എന്നാല്‍ ദനഹായില്‍ വാഴ്ത്തി ശുദ്ധീകരിക്കുന്ന വെള്ളം പാനം ചെയ്യുവാനായി ഉപയോഗിക്കുന്നു. ആ ശുശ്രൂഷയില്‍ സംബന്ധിക്കുന്നവരെല്ലാം ആ വെള്ളം കുടിക്കുന്നു. ദനഹായുടെ വെള്ളം വാഴ്വിന്‍റെ ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ശ്രദ്ധിച്ചാല്‍ ഈ ജലം എന്തിനെല്ലാം പ്രയോജനപ്പെടും എന്ന് മനസ്സിലാകും. പാപമോചനത്തിനും, ശുദ്ധീകരണത്തിനും, രോഗസൗഖ്യത്തിനും, പൈശാചിക ഉപദ്രവങ്ങളില്‍നിന്നുള്ള സംരക്ഷണത്തിനും, വിളവുകള്‍ സംരക്ഷിക്കുന്നതിനും തുടങ്ങി അനവധി കാര്യങ്ങള്‍ക്ക് ഈ വെള്ളം ഉപയോഗിക്കുവാനായിട്ടാണ് ഈ വെള്ളത്തെ ശുദ്ധീകരിക്കുന്നത്. ആകയാല്‍ ദനഹാ പെരുന്നാളിലെ സംബന്ധത്തിലൂടെ നമ്മുടെ ആന്തരീക ശുദ്ധീകരണം സാധ്യമാകാനും അതിലൂടെ രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് വളരുവാനും നമുക്ക് സംഗതിയാകട്ടെ.