സ്വത്വബോധം വീണ്ടെടുക്കേണ്ട അല്‌മായ സമൂഹം

മെത്രാപ്പോലീത്തയുടെ കത്ത്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അല്‌മായ സമൂഹത്തിന് തങ്ങളുടെ സഭയിൽ നിർണായകമായ പങ്കാളിത്തം ഇല്ലാതെ വരികയാണ് . സമീപകാലത്തെ സഭയുടെ ചരിത്രം ഈ വസ്തുത സാധൂകരിക്കുന്നു . ഇതിന് മാറ്റം വരേണ്ടതുണ്ട് . ഇത് ഗൗരവമായി സഭാ നേതൃത്വം കാണാൻ സാധ്യതയില്ല. എന്നാൽ അത് ഉണ്ടാകേണ്ടത് സഭയുടെ നിലനില്പിനും ഉചിതമായ വളർച്ചയ്ക്കും അനിവാര്യമാണ് . അതിനുവേണ്ടി സഭയുടെ സാമുഹ്യ ചരിത്ര വിശകലനവും വർത്തമാനകാല ദുരവസ്ഥയുടെ കാരണം തേടലും അവയ്ക്കുള്ള പരിഹാരം കണ്ടെത്തലും നടക്കേണ്ടതുണ്ട് . അതുകൊണ്ടാണ് ഈ കാര്യം പഠന വിഷയമാക്കുന്നത് .
അല്മായരുടെ സഭയിലെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് അവർ സഭയിൽ ആരെന്ന് നിർവ്വചിക്കേണ്ടതുണ്ട് . അതിന് തിരുവചനം , സഭാവിജ്ഞാനീയം , സഭയുടെ ഭരണഘടന എന്നിവയുടെ അടിസ്ഥാനത്തിൽ സഭയിലെ അല്മായരുടെ സ്ഥാനം നിർവചിക്കുകയാണ് ആദ്യം ചെയ്യേണ്ടത് . കാരണം , അല്മായരുടെ ആത്മസ്വത്വം നിർണയിക്കുന്നത് ഈ രേഖകളെ മുൻനിർത്തിയാണ് . ഗതകാല ചരിത്രത്തിൽ പൗരോഹിത്യ നിയന്ത്രണങ്ങൾക്ക് വിധേയമായി തങ്ങളുടെ നിയോഗത്തെ പറ്റി അജ്ഞരായി നിലകൊണ്ട അല്‌മായ സമൂഹം ഈ ശൈലിയെ ദൈവ ഹിതമായി തെറ്റിദ്ധരിക്കുകയായിരുന്നു . അതുകൊണ്ട് ഈ അവസ്ഥയിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ ആത്മസ്വത്വം തിരിച്ചറിയുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഏറ്റവും പ്രധാനം . അതിന്റെ അർത്ഥം പൗരോഹിത്യത്തെയും അതിന്റെ നിയോഗത്തെയും നിഷേധിക്കുകയല്ല . നേരെ മറിച്ച് ഈ രണ്ടു ഘടകങ്ങളെയും സഭയിൽ തുല്യ പ്രാധാന്യത്തോടെ നിലനിർത്തിയും ആരോഗ്യകരമായി സമന്വയിപ്പിച്ചും സഭയുടെ ദൗത്യവും സാക്ഷ്യവും എങ്ങനെ നിർവഹിക്കാനാകും എന്ന് അന്വേഷിക്കുകയാണ് ആവശ്യം .
പത്രോസ് ശ്ലീഹായുടെ ലേഖന പ്രകാരം പൗരോഹിത്യം സഭയ്ക്ക് മുഴുവനായിട്ടാണ് നല്കപ്പെട്ടിരിക്കുന്നത് . അവിടെ വ്യക്തിയുടെ പൗരോഹിത്യമല്ല പ്രമേയം . അപ്പോസ്തലൻ സഭയെ രാജകീയ പൗരോഹിത്യ സമൂഹമായിട്ടാണ് അവതരിപ്പിക്കുന്നത്( 1 പത്രോ 2:9b) . അതായത് പൗരോഹിത്യം സഭയുടെ പദവിയാണ് . പൗരോഹിത്യ ശുശ്രൂഷ എന്നത് അതിന്റെ നിയോഗമാണ് .
ലോകത്തിൽ നിരപ്പിന്റെയും ബലിയർപ്പണത്തിന്റെയും, വീണ്ടെടുപ്പിന്റെയും ശുശ്രൂഷ സഭയുടെ പൊതുവായ വിളിയാണ് . എന്നാൽ സഭയെ പ്രതിയും പ്രതിനിധീകരിച്ചും വിശ്വാസ സമൂഹത്തോടൊപ്പം പട്ടത്വ പൗരോഹിത്യം ( ordained ministry) പ്രാപിച്ചവർ അവ നിർവ്വഹിക്കുന്നു . എന്നാൽ പൗരോഹിത്യം പട്ടക്കാരിൽ മാത്രമായി പരിമിതപ്പെടുത്താവുന്നതല്ല . ഓരോ വിശ്വാസിയും വിശ്വാസിനിയും മാമോദീസ – മൂറോൻ അഭിഷേകങ്ങളാൽ സഭയുടെ പൗരോഹിത്യത്തിൽ പങ്കാളികളാകുന്നു . സഭയുടെ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹണത്തിന് പ്രത്യേക നിയോഗം സിദ്ധിച്ചവർ വിശ്വാസി – വിശ്വാസിനികൾക്കൊപ്പം ലോകത്തിനു വേണ്ടി പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിക്കുന്നുവെന്ന് മാത്രം . അതായത് , അല്മായർ സഭയുടെ പൗരോഹിത്യ വരദാനത്തിനും അതിന്റെ നിർവ്വഹണ പ്രക്രിയയ്ക്കും പുറത്തല്ല . പട്ടത്വ പൗരോഹിത്യം സ്വീകരിച്ചവരും ഔപചാരികമായി പട്ടത്വം സ്വീകരിക്കാത്ത അല്മായ സമൂഹവും ചേർന്നതാണ് സഭ . ആ സഭ ഒന്നടങ്കം പട്ടക്കാരുടെ നേതൃത്വത്തിൽ പൗരോഹിത്യ ശുശ്രൂഷകൾ നടത്തുന്നു . അതായത് സഭയുടെ പൗരോഹിത്യ ശുശ്രൂഷാ നിർവ്വഹണം പട്ടത്വ പുരോഹിതരും പുരോഹിത നല്‌വരമുള്ള അല്മായ സമൂഹവും ചേർന്ന ഏക പുരോഹിത വർഗമെന്ന ജൈവ കൂട്ടായ്മ ഐക്യത്തിലും സ്നേഹത്തിലും ഒരേ ആത്മാവിലും നിർവ്വഹിക്കുന്നു .
പൗരോഹിത്യം എന്ന പദം ഏറെ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നുണ്ട് . കൂദാശകൾ അനുഷ്ഠിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് ലഭിക്കുന്ന ദൈവിക നല്‌വരമാണ് പൗരോഹിത്യം എന്ന വ്യാഖ്യാനം ഈ പദത്തിന്റെ അർത്ഥത്തെ പരിമിതപ്പെടുത്തുന്നു . ക്രിസ്തീയ പൗരോഹിത്യത്തിന്റെ മൂല രൂപം (prototype) , മാതൃക ( model ) , പൂർണത (perfection) എന്നിവ ക്രിസ്തുവിൽ ദർശിക്കുന്നു . എന്നാൽ കൂദാശാനുഷ്ഠാനകനായ ക്രിസ്തുവിനെ സുവിശേഷങ്ങളിൽ കണ്ടെത്തുന്നില്ല . ക്രിസ്തു ലോകത്തിന്റെ വീണ്ടെടുപ്പിനായി സ്വയം സമർപ്പിതനായിരുന്നു . സമസ്ത സൃഷ്ടിയുടെയും രക്ഷാമധ്യസ്ഥനുമായിരുന്നു . ലോക രക്ഷയ്ക്ക് വേണ്ടി സ്വയം സമർപ്പിത (offer) മായതാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ സവിശേഷത . സഭയിലൂടെ ഈ പൗരോഹിത്യ ശുശ്രൂഷ നിലനിർത്തണം എന്നാണ് ക്രിസ്തു വിഭാവനം ചെയ്തത് . തന്റെ വിയോഗ സമയത്ത് ശിഷ്യ സമൂഹത്തോട് തന്റെ സാക്ഷികളാകുവാൻ ആവശ്യപ്പെട്ടതിന്റെ ഉള്ളടക്കം ഇതാണ് . അതായത് തന്റെ അനുരഞ്ജന – വീണ്ടെടുപ്പ് ശുശ്രൂഷകൾ തന്റെ ശിഷ്യ സമൂഹം അർത്ഥവത്തായി സഭയിലൂടെ നടപ്പാക്കുവാൻ ക്രിസ്തു അഭിലഷിക്കുന്നു . ക്രിസ്തുവിന്റെ ഈ ആത്മ സമർപ്പണമാണ് ക്രിസ്തീയ പൗരോഹിത്യത്തിന്റെ കാതലും ഉള്ളടക്കവും . മറിച്ച് കൂദാശ അനുഷ്ഠാനകത്വ നല്‌വരമായി അതിനെ പരിമിതപ്പെടുത്താനാവില്ല .
ലോകത്തിന്റെ വീണ്ടെടുപ്പിനായി സ്വയം യാഗവസ്തുവായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതിനാൽ സഭ പൗരോഹിത്യ സമൂഹമാകുന്നു . അതു വഴി ക്രിസ്തുവിൽ ജീവനുള്ള യാഗമായി സഭ പരിണമിക്കുന്നു . സഭയിലൂടെ ക്രിസ്തുവിന്റെ യാഗ സാന്നിധ്യം തുടരുന്നതുകൊണ്ട് സഭ പൗരോഹിത്യ സമൂഹമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു . ഈ ശുശ്രൂഷയിൽ അല്മായർ ഒഴിവാക്കപ്പെടുന്നില്ല . അതിന്റെ ക്രമീകൃതമായ ദൗത്യ നിർവ്വഹണത്തിന് സഭയോട് ചേർന്നും അതിനെ പ്രതിയും പ്രത്യേകമായി പട്ടക്കാർ നിയോഗിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രം . അവർക്ക് ക്രിസ്തുവിൽ നിന്ന് സഭയ്ക്കായി നല്കപ്പെട്ട പട്ടത്വം സഭയ്ക്ക് വേണ്ടിയും സഭയെ പ്രതിയും നിർവ്വഹിക്കപ്പെടുന്നുവെന്ന് മാത്രം . ഇവിടെ പൗരോഹിത്യം എന്നത് ക്രിസ്തുവിന്റെ നിയോഗ ശുശ്രൂഷയിലുള്ള സഭയുടെ സംയുക്തമായ പങ്ക് ചേരലാണ് . അത് ഒരു ശുശ്രൂഷയാണ് ; പ്രവൃത്തി (act ) യാണ് . ഇതിൽ അല്മായർ ഒഴിവാക്കപ്പെടുവാനാവില്ല . ക്രിസ്തുവിന്റെ രക്ഷാകര ശുശ്രൂഷയിൽ സഭ മുഴുവൻ പങ്കുചേരുമ്പോഴാണ് പൗരോഹിത്യം സജീവമാകുന്നത് . പൗരോഹിത്യം സഭയ്ക്ക് മുഴുവനുമാണ് . ഈ ഓർമ്മയും (memory ) അവബോധ (consciousness) വും നഷ്ടമാകുന്നതാണ് പ്രശ്നം . ഇത് വീണ്ടെടുക്കുന്നതാണ് പ്രശ്ന പരിഹാരം .
അടിസ്ഥാനപരമായി പട്ടത്വ പൗരോഹിത്യ സ്ഥാനവും ശുശ്രൂഷയും സ്ഥാപനവത്ക്കരിക്കപ്പെടാവുന്ന ഒന്നല്ല . അത് കരിസ്മാറ്റിക് സ്വഭാവം ഉള്ളതാണ് . ഈ സവിശേഷത ഉള്ളവർക്കാണ് ചുമതല നല്കുന്നത് . അതുകൊണ്ട് നിഷേധിക്കപ്പെടേണ്ടത് പട്ടത്വ പൗരോഹിത്യമല്ല അതിന്റെ സ്ഥാപനവത്ക്കരണം (institutionalisation) , ഉദ്യോഗസ്ഥവത്ക്കരണം ( beurocratisation ) , അല്മായരുടെ പുറന്തള്ളൽ (exclusion of laity) എന്നിവയാണ് . പട്ടത്വ പുരോഹിത സംവിധാന ഘടന സ്ഥാപനവത്ക്കരിക്കപ്പെട്ടാൽ അത് ഒരു അധികാര ഘടനയായി പരിണമിക്കും . അതോടെ അല്‌മായർ സഭയുടെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് അന്യരായി ഭവിക്കും . സഭ വിശ്വാസികളുടെ കൂട്ടായ്മയായതിനാൽ അതിലെ സാമൂഹ്യമായ ഏത് വിഭജനവും വേദശാസ്ത്രപരമായി സാധൂകരിക്കാനാവില്ല.
ഇത്തരത്തിലുള്ള ഏത് വിഭജനവും ഒരു കൂട്ടത്തിന്റെ മേലുള്ള ആധിപത്യത്തിനും അധികാര പ്രയോഗത്തിനും വേണ്ടി മറുഭാഗം ആസൂത്രണം ചെയ്യുന്നതാണ് . പൗരോഹിത്യ അധികാരം തങ്ങളുടെ മാത്രം അവകാശമാക്കി പട്ടക്കാർ സംവരണം ചെയ്യുമ്പോൾ അല്മായ സമൂഹം നല്‌വര സ്വീകരണങ്ങൾക്കുള്ള ശൂന്യ പാത്രങ്ങൾ ആയി മാറ്റപ്പെടുന്നു . ഈ പ്രവണതയ്ക്ക് മാറ്റം വരേണ്ടതുണ്ട് . റഷ്യൻ ഓർത്തഡോക്സ് സഭയിലെ വിഖ്യാതനായ സെർജീയി ബുൾഗാക്കോവിന്റെ വാക്കുകൾ ശ്രദ്ധിക്കുക . The laity are not merely passive subjects with the only obligation that of obeying the hierarchy ; they are not in any way vessels empty of ‘charism ‘ to be filled by the hierarchy . The lay state should be considered as sacred dignity (Orthodox church , P, 48 ) . അതായത് സഭയിലെ ഈ രണ്ട് ഘടകങ്ങളെയും തുല്യ പ്രാധാന്യത്തോടെ നിലനിർത്തിയും ആരോഗ്യകരമായി സമന്വയിപ്പിച്ചും സഭയുടെ പൗരോഹിത്യ നിയോഗം നിർവഹിക്കുകയാണ് ആവശ്യം . ഇത് സാധിക്കണമെങ്കിൽ അല്മായർ അവരുടെ സ്വത്വബോധം വീണ്ടെടുക്കേണ്ടതുണ്ട് .
പൗലോസ് അപ്പോസ്തലന്റെ ആധികാരിക ലേഖനങ്ങൾ പ്രകാരം വിശ്വാസ സമൂഹം പൗരോഹിത്യ വൃന്ദം മാത്രമല്ല അത് വിശുദ്ധരുടെ തന്നെ കൂട്ടായ്മ ( Communio Sanctorum) യാണ് . സഭകളെ വിശുദ്ധരുടെ സമൂഹം എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നത് . അവിടെ വൈദിക – അല്മായ വേർതിരിവ് ഇല്ല . കാരണം , സഭാംഗങ്ങൾ എല്ലാവരും ക്രിസ്തുവിനാൽ വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവിനാൽ വിളിക്കപ്പെട്ടവരും വിശുദ്ധരാകുവാൻ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് (റോമ.1: 7) . എന്നാൽ ലേഖന രചയിതാവ് ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവനും ക്രിസ്തുവിന്റെ ഭൃത്യനും ആയി അവതരിപ്പിക്കപ്പെടുന്നു . ഇന്ന് കല്‌പന എഴുതുന്നവർ വിശുദ്ധരും ശ്രോതാക്കൾ ‘ശേഷം ജനങ്ങളുമായി ‘ . ഇത് സ്വന്തം സ്ഥാനവും അധികാരവും ഉയർത്തുന്നതിനും സംരക്ഷിക്കുന്നതിനും വിശ്വാസ സമൂഹത്തിന്റെ സ്വത്വബോധം നഷ്ടപ്പെടുത്തുന്നതിനുമുള്ള ആസൂത്രിത പദ്ധതിയായി അല്‌മായ സമൂഹം തിരിച്ചറിയേണ്ടതുണ്ട് . മാർപാപ്പ പോലും ഔദ്യോഗിക കത്തിടപാടുകളിൽ റോമിന്റെ ബിഷപ്പും കത്തോലിക്ക സഭയുടെ പോപ്പും (Bishop of Rome to Pope of Catholic Church) എന്ന് മാത്രമാണ് സ്വയം വിശേഷിപ്പിക്കുന്നത് . സഭയുടെ അംഗസംഖ്യ ചെറുതാകും തോറും ലെറ്റർ ഹെഡ്‌ഡിലെ ആദര സൂചക വിശേഷണങ്ങൾ വർദ്ധിക്കുന്നുവെന്നത് പരിഹാസ്യമാണ് . ഇവയെല്ലാം ആത്മ പ്രശംസയ്ക്ക് വേണ്ടി മാത്രമല്ല അല്മായ സമൂഹത്തിന്റെ ആത്മബോധം നശിപ്പിക്കുന്നതിന് കൂടിയാണ് എന്ന് ചിന്തിക്കേണ്ടി വരും .
പൗരോഹിത്യ സ്ഥാനികൾ പ്രത്യേക വസ്ത്രങ്ങളും ആടയാഭരണങ്ങളും അണിയുന്നത് അവരുടെ സ്ഥാന ഔന്നത്യം ജനത്തിന് തിരിച്ചറിയുവാൻ മാത്രമായി മനസ്സിലാക്കണം . പുതിയ നിയമ സഭയിൽ പഴയ നിയമ നിർദ്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ശുശ്രൂഷ സമയത്തിൽ പോലും പട്ടക്കാർക്ക് പ്രത്യേക വസ്ത്രങ്ങളും ആഭരണങ്ങളും ഉണ്ടായിരുന്നില്ല . ഇന്ന് അണിയുന്ന വേഷ – ആഭരണാദികൾ പട്ടത്വവുമായി ബന്ധമുള്ളതല്ല . അല്മായരിൽ നിന്നും വ്യത്യസ്തത സൃഷ്ടിച്ച് അംഗീകാരവും ശ്രദ്ധയും നേടി അധികാര പ്രയോഗം എളുപ്പമാക്കാൻ അവ സഹായിക്കുന്നു എന്ന് മാത്രം . അല്മായർക്ക് മദ്ബഹായ്ക്ക് പുറത്താണ് സ്ഥാനമെങ്കിലും അവർ പൗരോഹിത്യത്തിന് പുറത്തല്ല . ആദിമ നൂറ്റാണ്ടുകളിൽ മദ്ബഹ ഇല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞാൽ പ്രശ്നം തീർന്നു . ആരാധന സ്ഥലം മുഴുവൻ മദ്ബഹ ആയിരുന്നുവെന്ന് മനസ്സിലാക്കിയാലും മതി .
ക്രിസ്തു തന്റെ ശിഷ്യ സമൂഹവുമായി ഉള്ള ബന്ധം വ്യക്തമാക്കുന്നതിന് ഉപയോഗിച്ച ഏതാനും രൂപകങ്ങൾ ( imageries) സഭാദ്ധ്യക്ഷന്മാർ യാതൊരു വിവേചനവും മാനദണ്ഡങ്ങളും കൂടാതെ വിശ്വാസ സമൂഹത്തിന്മേൽ തങ്ങൾക്കുള്ള ആധിപത്യം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് സാധാരണമാവുകയാണ് . ഇടയൻ , ആട് എന്നീ പ്രയോഗങ്ങൾ അതിന് ഉദാഹരണമാണ് . ഇരുപത്തി മൂന്നാം സങ്കീർത്തനത്തിൽ കർത്താവിനെ തന്റെ ഇടയനായി ദാവീദ് വിശേഷിപ്പിക്കുന്നു . പുതിയ നിയമത്തിൽ തന്റെ ശിഷ്യ സമൂഹവുമായി ഉള്ള ബന്ധം വിശദീകരിക്കുന്നതിന് ക്രിസ്തു ഈ സൂചകം ഉപയോഗപ്പെടുത്തുന്നുണ്ട് . യോഹന്നാന്റെ സുവിശേഷത്തിൽ കർത്താവ് ശീമോന് തന്റെ ആടുകളുടെ കാര്യത്തിൽ ചില നിർദ്ദേശങ്ങൾ നൽകുന്നു . അവിടെ ക്രിസ്തു ശീമോനോട് അവന്റെ ആടുകളുടെ കാര്യമല്ല തന്റെ ആടുകളെ പറ്റിയാണ് പറയുന്നത് . അതുപോലെ ആടുകളെ മേയിക്കുക എന്നല്ല ആവശ്യപ്പെടുന്നത് . പ്രത്യുത ഭക്ഷണം നൽകുക (feed) എന്നാണ് . ഈ വേദഭാഗം ദുർവ്യാഖ്യാനം ചെയ്ത് സഭാദ്ധ്യക്ഷന്മാർ കർത്താവിന്റെ ആടുകളെ തങ്ങളുടെ ആടുകളായി മാറ്റുന്നു . ഭക്ഷണം കൊടുക്കുക എന്നതിന് പകരം ‘ മേയിക്കുക ‘ , ‘ ഭരിക്കുക ‘ എന്നെല്ലാമാക്കി . ഇതിലൂടെ ഇടയത്വം സ്വയം ഏറ്റെടുക്കുന്ന സഭാദ്ധ്യക്ഷൻമാർ ആടുകളിൽ നിന്ന് തങ്ങൾക്ക് വർഗപരമായവ്യത്യാസം (class difference) സൃഷ്ടിക്കുന്നു . ആട് ഇടയന്റെ ഉടമസ്ഥതയിലാണ് എന്ന് ശ്രദ്ധിക്കുക . സഭാദ്ധ്യക്ഷൻ ആട്ടിടയനും ജനം ആടുകളും ആകുന്നത് വഴി ആടുകളിന്മേലുള്ള ഉടമസ്ഥതയും അധികാരവുമാണ് സ്ഥാപിക്കപ്പെടുന്നത് . തീറ്റ കൊടുക്കുക എന്ന ചുമതല മേയിക്കുക എന്നാക്കി ഭരണ ഉത്തരവാദിത്തവും സഭാദ്ധ്യക്ഷന്മാർ സ്വന്തമാക്കുന്നു . യഥാർത്ഥത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന രൂപകത്തിൽ ഉടമസ്ഥതയും അധികാര പ്രയോഗവുമല്ല സൂചിപ്പിക്കുന്നത് . അത് ഇടയനും ആടുകളും തമ്മിലുള്ള ബന്ധം മാത്രമാണ് . അതായത് ഇടയന് ആടിനോടുള്ള സ്നേഹവും കരുതലും , ആടിന് ഇടയനോടുള്ള വൈകാരിക അടുപ്പവും വിശ്വസ്തതയും ആണ് പ്രമേയം . സഭാദ്ധ്യക്ഷന്മാരുടെ വ്യാഖ്യാനം ശരിയെന്ന് കരുതുന്ന അല്മായർ തങ്ങൾ സഭാദ്ധ്യക്ഷന്മാർക്ക് കീഴ് ജീവികളായി സ്വയം ചിന്തിക്കുന്നു . അങ്ങനെ അല്മായർ പുരോഹിത സമൂഹത്തിന്റെ കാലാൾ പടയായി അധ:പതിക്കുന്നു എന്ന് ലിയനാർഡോ ബോഫ് ഈ അവസ്ഥയെ വിലയിരുത്തുന്നു . അതാണ് സഭാദ്ധ്യക്ഷന്മാർക്ക് ആവശ്യവും .
ക്രിസ്തു പറയുന്നു : ഞാൻ നിങ്ങൾക്ക് കർത്താവും ഗുരുവും ആകുന്നു . എന്റെ പിതാവ് മാത്രം നിങ്ങൾക്ക് പിതാവ് ആകുന്നു . മറ്റാരും നിങ്ങൾക്ക് പിതാവും ഗുരുവും നാഥനും ആയിക്കൂട . ഇതിലൂടെ കർത്താവ് ഉദ്ദേശിക്കുന്നത് ശിഷ്യ സമൂഹത്തിന്റെ അടിസ്ഥാന സാഹോദര്യമാണ് . അസീസിയിലെ വി. ഫ്രാൻസിസ് ഈ അടിസ്ഥാന സാഹോദര്യത്തെ പറ്റി പറയുന്നത് ശ്രദ്ധിക്കുക : പ്രവർത്തന (function) ങ്ങളിൽ വ്യത്യാസം ഉണ്ടാകും . ചിലർ സ്ഥിരം പ്രാർത്ഥിക്കുന്നവരാണ് . മറ്റ് ചിലർ എപ്പോഴും അധ്വാനിക്കുന്നു . ചിലർ പുരോഹിതരാണ് . മറ്റ് ചിലർ അത്മായരാണ് . പക്ഷെ ആരും ആരുടെയും മുമ്പരല്ല . എന്നാൽ എല്ലാവരും എല്ലാവർക്കും ശുശ്രൂഷകരാണ് (Regula non Bulato) . അദ്ദേഹം മാർപാപ്പയ്ക്ക് കത്തെഴുതുന്നതും സഹോദരൻമാർ തമ്മിലുള്ള കാര്യം പോലെയാണ് : പോപ്പ് ഹൊണോറിയസ് അവർകൾക്ക് സഹോദരൻ ഫ്രാൻസിസ് എഴുതുന്നു . എന്നാൽ ഇന്ന് പുരോഹിത മേലദ്ധ്യക്ഷന്മാർ ഈ പദങ്ങൾ സ്വകീയമാക്കി വിശ്വാസ സമൂഹത്തിന്മേലുള്ള ആധിപത്യം ഉറപ്പിക്കുവാൻ ഉപയോഗപ്പെടുത്തുന്നു . അങ്ങനെ ശിഷ്യസമൂഹത്തിൽ നിലനില്ക്കണം എന്ന് കർത്താവ് നിഷ്കർഷിച്ച അടിസ്ഥാന സാഹോദര്യം തന്ത്രപൂർവ്വം നീക്കം ചെയ്യുകയാണ് . ആധിപത്യം ഉറപ്പിക്കുന്നതിനായി സ്വയം വിശ്വാസ സമൂഹത്തിന്റെ പിതൃത്വവും കർതൃത്വവും ഗുരുത്വവും ഏറ്റെടുക്കുന്നു . ഇതെല്ലാം ജനത്തോട് പറഞ്ഞും ഏറ്റ് പറയിപ്പിച്ചും അധികാരം ഉറപ്പിക്കുന്നു . വേണ്ട വിധം വേദ പുസ്തക പഠനത്തിന് അവസരം ലഭിക്കാത്ത സാധാരണക്കാർ ഇതെല്ലാം വിശ്വസിക്കുന്നു . ധിഷണാശാലികളായ വിശ്വാസികൾ പോലും സ്വാഭാവികമായ ഒരു സാംസ്കാരിക പ്രതിസന്ധിയിൽ എത്തിച്ചേരുകയും ചെയ്യുന്നു . അതാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത് .
പട്ടക്കാർ ഇന്ന് സ്വന്തമാക്കി വച്ചിരിക്കുന്ന പല ശുശ്രൂഷകളിലും അല്മായർ സജീവമായി പങ്കെടുത്തിരുന്നതായി തിരുവചനം സാക്ഷിക്കുന്നു . പ്രബോധനം – പ്രവചനം – വേദാധ്യാപന മേഖലകളിൽ അവർക്കുണ്ടായിരുന്ന പങ്കാളിത്തം വെളിപ്പെടുത്തുന്ന വേദഭാഗങ്ങൾ ശ്രദ്ധിക്കുക: യാക്കോബ് 5:19-20 ; 1 തെസ്സ 5:11 ; എബ്രായ 3.15 ; ഗല 6:1 ; 1 കൊരി. 14:26; കൊളൊ 3:16; 1 തിമൊ. 1:7, 3:2 , 5:17; 1 പത്രൊ . 1:16 – 11 . ഇത് വഴി പട്ടക്കാരുടെ ജോലിഭാരം കുറയുക മാത്രമല്ല അല്മായർക്ക് സഭാ ജീവിതം സജീവമാക്കുന്നതിൽ നിർണായകമായി ഇടപെടൽ സാധ്യത സിദ്ധിക്കുകയും ചെയ്തിരുന്നു . ഇത് നേടിയെടുക്കുന്നതിന് അല്മായർക്ക് കലഹം ആവശ്യമായി വന്നാൽ പോലും അത് ഒരു പിശകായി കാണേണ്ടതില്ല .
തിരുവചന പഠനത്തിലൂടെ അല്മായ സമൂഹം ആർജ്ജിച്ച സ്വാതന്ത്ര്യ – അവകാശങ്ങൾ സഭാധികാരികളുടെ ഔദാര്യത്തിലൂടെ സിദ്ധിച്ചതല്ല . പുരോഹിതർ അടക്കമുള്ള ദൈവജനത്തിന്റെ അടിസ്ഥാന തുല്യത സുവിശേഷ സാക്ഷ്യ പ്രകാരം നിയമാനുസൃതം അല്മായർക്ക് ലബ്ധമായതാണ് . വി . മാമോദീസയിലൂടെ ദൈവജനത്തിൽ അംഗമാകാൻ ലഭിച്ച അവകാശവും വി. മൂറോൻ അഭിഷേകത്താൽ സ്വകീയമാക്കിയ പൗരോഹിത്യ അവകാശവും സഭാദ്ധ്യക്ഷന്മാർ ശ്രമിച്ചാൽ ഇല്ലാതാകുന്നതല്ല . അധികാരശ്രേണി (hierarchy) അധികാര ഘടനയാക്കി ആധിപത്യം ഉറപ്പിക്കാനും ജനത്തെ ഭരിക്കുവാനും ശ്രമിക്കുമ്പോൾ നടക്കുന്നത് തിരുവചനത്തിന്റെ നിഷേധമാണ് . സഭാധികാര ഘടനയുടെ അടിച്ചേല്പിക്കലിലൂടെ അല്മായരെ പുറത്താക്കി അധികാര സ്ഥാപനത്തിന് ശ്രമിക്കുന്നതിനടിസ്ഥാനം കണ്ടെത്തുക എളുപ്പമല്ല . കൂടാതെ ദൈവജനത്തിൽ തന്നെ പെടുന്നവരാണ് സ്ത്രീകളും . അവർക്കും പുരോഹിത – പ്രവാചക നല്‌വരങ്ങൾ സഭാ ബന്ധത്തിലൂടെ സിദ്ധിച്ചിട്ടുണ്ട് എന്ന് മറക്കരുത് .
ആദിമ ക്രൈസ്തവ സഭയിൽ അല്മായരുടെ സ്ഥാന – പ്രവർത്തന പങ്കാളിത്തം എപ്രകാരമായിരുന്നുവെന്ന അന്വേഷണം ആവശ്യമാണ് . കർത്താവിന്റെ അപ്പോസ്തലന്മാർക്ക് ക്രിസ്തു ശിഷ്യർ എന്ന പ്രത്യേക സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും സഭയിൽ ഓരോ വിഷയം വരുമ്പോഴും അല്മായ സമൂഹം ഉൾപ്പെടെയുള്ള ദൈവജനം മുഴുവനും ആ നടപടി പ്രക്രിയയിൽ പങ്കാളികളായിരുന്നു . അത് സാമ്പത്തിക – ഭരണ വിഷയങ്ങളിൽ മാത്രമായിരുന്നില്ല , നേരെ മറിച്ച് വേദശാസ്ത്ര – നയപരമായ വിഷയങ്ങളിലും ഉൾപ്പെട്ടിരുന്നു . വിജാതീയർ വിശ്വാസത്തിലേക്ക് വരുമ്പോൾ പരിച്ഛേദന ആവശ്യമാണോ എന്നത് ആദിമ സഭയിലെ സങ്കീർണ്ണമായ വേദശാസ്ത്ര – വിശ്വാസ പ്രശ്നമായിരുന്നു . ഈ വിഷയം സംബന്ധിച്ച് അപ്പോസ്തലന്മാർ മാത്രം ചേർന്ന് തീരുമാനം എടുക്കുകയായിരുന്നില്ല . അപ്പോസ്തലന്മാരും , മൂപ്പന്മാരും , സഭ മുഴുവനും ഈ ചർച്ചയിൽ പങ്കാളികളായി ( അ. പ്ര. 5:28) . അതിന്റെ തുടർ നടപടികളിലും ഈ പങ്കാളിത്തം ഉണ്ടായിരുന്നു (അ . പ്ര. 15:23) . ഇന്ന് പ്രബുദ്ധരായ അല്മായ – വൈദികർ ഈ പ്രക്രിയയ്ക്ക് പുറത്താണ് . മേല്പട്ട സ്ഥാനം കിട്ടുന്നതോടെ ചിന്താശേഷിയും പഠനവും ഉള്ള ബഹുഭൂരിപക്ഷത്തോട് ആലോചിക്കേണ്ട കാര്യമില്ല എന്ന കാഴ്ചപ്പാടിലാണ് ഇന്ന് എത്തിയിരിക്കുന്നത് . അതുവഴി സങ്കീർണ്ണവും കാലിക പ്രാധാന്യമുള്ളതുമായ സാമൂഹ്യ – ധാർമ്മിക – വേദശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവ സംബന്ധിച്ച പഠനരേഖകൾ തയ്യാറാക്കുന്നതിനും സഭാപരമായ നിലപാടുകൾ എടുക്കുന്നതിലും അല്മായർക്ക് പങ്കില്ലാതെ പോകുന്നു . അതിന്റെ കുറവ് സഭ മുഴുവനും അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു .
നാലാം നൂറ്റാണ്ടിൽ പോലും വേദ ശാസ്ത്ര തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് മേല്പട്ടക്കാർ മാത്രം ചേർന്നായിരുന്നില്ല . സുന്നഹദോസ് എന്നത് മെത്രാൻ സമിതിയുമായിരുന്നില്ല . അടക്കിവാഴുന്ന പരമാദ്ധ്യക്ഷന്മാരും അക്കാലത്തുണ്ടായിരുന്നില്ല . നിഖ്യാ സുന്നഹദോസിൽ വിശ്വാസപരമായ ചർച്ച നയിച്ചത് ശെമ്മാശനായിരുന്ന അത്താനാസിയോസ് ആയിരുന്നു . നിഖ്യാ വിശ്വാസ നിർവചനവും വിശ്വാസ പ്രമാണവും രൂപപ്പെടുത്തിയതിലും അദ്ദേഹത്തിനുള്ള പങ്ക് നിർണായകമായിരുന്നു . അത് സൂചിപ്പിക്കുന്നത് സാമ്പത്തിക – ഭരണ വിഷയങ്ങളിൽ മാത്രമല്ല വിശ്വാസ – വേദ ശാസ്ത്ര വിഷയങ്ങളിലും മേല്പട്ടക്കാർക്കും സഭാദ്ധ്യക്ഷന്മാർക്കും സഭ അപ്രമാദിത്തം നൽകിയിരുന്നില്ല എന്നാണ് . സഭയുടെ ആദിമ ഘട്ടങ്ങളിൽ അല്മായർക്ക് സഭാകാര്യങ്ങളിൽ ഇടപെടാൻ സാധ്യത ഏറെ ഉണ്ടായിരുന്നു . അവർ അത് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു . സുവിശേഷ വേലയിലും സഭാനിർമ്മിതിയിലും അല്മായരായ സ്ത്രീ – പുരുഷന്മാർ നിർണായകമായ പങ്കാണ് വഹിച്ചിരുന്നത് . ഇന്ന് സ്ഥിതി മാറി . ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുന്ന ഒരു ഉദ്ധരണി ചുവടെ ചേർക്കട്ടെ .
” Instead of being encouraged to think , to feel and act as adults in the Church , people are often reduced to the status of children , by their being denied participation in decision making . This failure to provide creative leadership and liberate people from infantile dependence upon the Church causes a feeling of alienation from the Church itself . (ടearching for an Indian Ecclesiology , Kuncheria Pathil, P 14 ) . നിലനില്ക്കുന്ന ഏകാധിപത്യ പ്രവണതകളുടെ മതസംസ്കാരത്തിൽ നിന്നും പുതിയ നിയമം വെളിപ്പെടുത്തുന്ന സാഹോദര്യ അനുഭവത്തിലേക്ക് സഭയെ അതിന്റെ സമഗ്രതയിൽ തിരിച്ചെത്തിക്കുക എന്നത് സഭ നേരിടുന്ന വെല്ലുവിളിയായി നാം തിരിച്ചറിയണം . സഭയ്ക്ക് അതിന്റെ ജനകീയ മുഖം വീണ്ടെടുത്താൽ മാത്രമെ നിലനില്പുള്ളൂ.
സഭയാകുന്ന മുക്കുവന്റെ വഞ്ചി ഇന്ന് അധികാരത്തിന്റെയും ആഡംബരത്തിന്റെയും നൗകയായി പരിണമിച്ചിരിക്കുന്നു . ഇതിനെ വീണ്ടും ക്രിസ്തു ചൈതന്യം നിറഞ്ഞ അനുഗ്രഹീത പടകാക്കി മാറ്റുവാനുള്ള ആലോചന തുടങ്ങി വെയ്ക്കാൻ പറ്റിയ സമയമാണ് ജനന പെരുന്നാളിന്റെ നാളുകൾ . പുതുവത്സരത്തിന്റെയും . ആശംസകളോടെ.
സസ്നേഹം നിങ്ങളുടെ
അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത
(Dec, 2021)