പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മല്ലപ്പള്ളില്‍, വട്ടശ്ശേരില്‍ ജോസഫിന്‍റെയും ഏലിയാമ്മയുടെയും പുത്രനായി 1858 ഒക്ടോബര്‍ 31-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മല്ലപ്പള്ളിയിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്. സ്കൂളിലും നടത്തി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയില്‍ വച്ച് 1876 ഒക്ടോബര്‍ 12-ന് ശെമ്മാശനായി. 1879 ഒക്ടോബര്‍ 16-ന് പൂര്‍ണ്ണശെമ്മാശപട്ടവും 1880 ജനുവരി 18-ന് കശ്ശീശാപട്ടവും പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയില്‍ നിന്ന് സ്വീകരിച്ചു. സുറിയാനി, വിശ്വാസസംഹിതകള്‍ എന്നിവ അഭ്യസിക്കുന്നതിനായി പരുമല മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ശിക്ഷണത്തില്‍ വെട്ടിക്കല്‍ ദയറായിലും പരുമല സെമിനാരിയിലും താമസിച്ചു. തുടര്‍ന്ന് പരുമല സെമിനാരിയില്‍ ശെമ്മാശ്ശന്മാരെ പഠിപ്പിക്കുന്നതിനായി നിയമിതനായി. എം.ഡി. സെമിനാരി പ്രിന്‍സിപ്പാളായും (1876-1903) പഴയസെമിനാരി മല്പാനായും സേവനം അനുഷ്ഠിച്ചു. 1903 നവംബര്‍ 2-ന് പരുമല സെമിനാരിയില്‍ വച്ച് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ മെത്രാപ്പോലീത്താ റമ്പാന്‍ സ്ഥാനം നല്കി.

1908 ഫെബ്രുവരി 14-ന് പഴയസെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മലങ്കര മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 1908 മെയ് 31-ന് യറുശലേമില്‍ വച്ച് പ. അബ്ദുള്ളാ പാത്രിയര്‍ക്കീസ്, ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തായാക്കി. 1909 ജൂലൈ 12-ന് മലങ്കര മെത്രാപ്പോലീത്തായായി ചുമതലയേറ്റു. 1912 സെപ്റ്റംബര്‍ 15-ന് മലങ്കരയില്‍ നടന്ന കാതോലിക്കേറ്റ് സ്ഥാപനത്തിനു പിന്നില്‍ സുധീരമായ നേതൃത്വം വഹിച്ചു. വിദ്യാര്‍ത്ഥിപ്രസ്ഥാനം, മര്‍ത്തമറിയം വനിതാ സമാജം, സ്ലീബാദാസസമൂഹം എന്നീ ആദ്ധ്യാത്മിക സംഘടനകള്‍ക്ക് രൂപം നല്‍കി. ആരാധനാക്രമങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുവാന്‍ മുഖ്യനേതൃത്വം നല്കി. സഭയുടെ വിശ്വാസാചാരങ്ങളെക്കുറിച്ച് മതോപദേശസാരം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. കാതോലിക്കാ സിംഹാസനത്തിന്‍റെ സ്വാതന്ത്ര്യത്തിനും വളര്‍ച്ചയ്ക്കുമായി അക്ഷീണം പരിശ്രമിച്ചു.

അഗാധമായ ബുദ്ധിനൈപുണ്യം, ഭക്തിനിര്‍ഭരമായ ആധ്യാത്മിക ജീവിതം, വേദശാസ്ത്ര പാണ്ഡിത്യം, ഭരണതന്ത്രജ്ഞത തുടങ്ങിയ വിശിഷ്ട ഗുണങ്ങളാല്‍ അസാധാരണമായ വ്യക്തിത്വ മാഹാത്മ്യത്തിന്‍റെ ഉടമയായിരുന്നു. സഭയുടെ സ്വാതന്ത്ര്യത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും ഭാസുരമായ സുവര്‍ണകാലഘട്ടത്തിനും രൂപം കൊടുത്തതിനാല്‍ സഭാഭാസുരനായി അറിയപ്പെടുന്നു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ആണ് വട്ടശ്ശേരില്‍ തിരുമേനി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മലങ്കരസഭാഭാസുരന്‍ എന്ന് വിശേഷിപ്പിച്ചത്. മലങ്കര മെത്രാപ്പോലീത്തായായി 1909 മുതല്‍ 1934 വരെ ഭരണം നടത്തി. കോട്ടയം പഴയസെമിനാരിയില്‍ വച്ച് 1934 ഫെബ്രുവരി 23-ന് കാലം ചെയ്തു. കോട്ടയം പഴയസെമിനാരി ചാപ്പലിന്‍റെ തെക്കുവശത്തായി കബറടക്കി.

പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 2003 ഫെബ്രുവരി 23-ന് പരിശുദ്ധനായി പ്രഖ്യാപിച്ചു. മലങ്കരസഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് ദിവന്നാസ്യോസ് മെത്രാപ്പോലീത്താ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഓര്‍മ്മ ഫെബ്രുവരി 23.