മൂന്നാം തലമുറ നിയമസഭയിൽ


പിതാമഹൻ മുൻ എംഎൽസി വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെത്തിയത്. അതേ പാതയിൽ ഇപ്പോൾ ചാണ്ടി ഉമ്മനും.

മാന്നാർ വള്ളക്കാലിൽ വി.ജെ. ഉമ്മൻ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യില്‍ രണ്ടു തവണയും (1926, 1927) തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഒരു തവണയും (1928 – 1931) അംഗമായിരുന്നു. അന്ന് വോട്ടവകാശത്തിനും അംഗത്വത്തിനുമുള്ള അര്‍ഹത നിശ്ചിത യോഗ്യതയുള്ളവര്‍ക്കു മാത്രമായിരുന്നു.

ആലപ്പുഴ കച്ചവടസംഘത്തിന്റെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയുടെ 22, 23 സമ്മേളനങ്ങളിലാണ് (1926 ഫെബ്രുവരി 22 – മാർച്ച് 4, 1927 ഫെബ്രുവരി 21 – മാർച്ച് 7) വി.ജെ. ഉമ്മൻ അംഗമായിരുന്നത്.

1928 മേയ് 26, 28 തീയതികളിൽ‍ നടന്ന തിരഞ്ഞെടുപ്പില്‍ ‘വാണിജ്യ – വ്യവസായം വടക്ക്’ എന്ന നിയോജകമണ്ഡലത്തില്‍നിന്നാണ് വി.ജെ. ഉമ്മൻ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ‘കച്ചവടവും കൈത്തൊഴിലും’ എന്നു കൂടി അറിയപ്പെട്ടിരുന്ന ഈ നിയോജകമണ്ഡലത്തില്‍ കൊല്ലം ഡിവിഷന്‍റെ വടക്കൻ ഭാഗവും കോട്ടയം, ദേവികുളം ഡിവിഷനുകളും (ആകെ 18 താലൂക്കുകൾ) ഉള്‍പ്പെട്ടിരുന്നു.

വി.ജെ. ഉമ്മൻ 1888ൽ ജനിച്ചു. കേരളത്തിലെ നിയമനിർമാണസഭകളുടെ ശതാബ്ദി സ്മരണിക (1990) അനുസരിച്ച് സെറികൾചറിസ്റ്റ് ഡിപ്ലോമാക്കാരനാണ് അദ്ദേഹം.. ആലപ്പുഴയിൽ കയർ വ്യവസായി ആയിരുന്നു. ശ്രീമൂലം പ്രജാസഭയുടെ രേഖകളിൽ (1926) ‘വി. ഉമ്മൻ ജേക്കബ് (തൈപറമ്പു വീട്, ആലപ്പുഴ)’ എന്നാണ് അദ്ദേഹത്തിന്റെ പേരു കാണുന്നത്. 1952 ജനുവരി 28–ന് നിര്യാതനായി. പുതുപ്പള്ളിയിൽ 1939ൽ അദ്ദേഹം സ്ഥാപിച്ച ഗേൾസ് സ്കൂൾ നിര്യാണശേഷം വി.ജെ. ഉമ്മൻ മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ എന്നു നാമകരണം ചെയ്തു. ഇന്ന് വി.ജെ. ഉമ്മൻ മെമ്മോറിയൽ യുപി സ്കൂൾ ആണ്.