2000 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം: പുതുക്കിപ്പണിത പരുമല സെമിനാരി പള്ളിയുടെ കൂദാശ ഒക്ടോബര്‍ 27, 28 തീയതികളില്‍ പ. കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുവാന്‍ പഴയസെമിനാരിയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു.

ഭരണപരമായ കാര്യങ്ങളില്‍ പ. കാതോലിക്കാബാവായെ സഹായിക്കുന്നതിന് നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ എപ്പിഫാനിയോസ് എന്നിവരെ ചുമതലപ്പെടുത്തി.

ഒറീസ്സാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഭ 66 ലക്ഷം രൂപായുടെ പദ്ധതി നടപ്പാക്കി. കൂടുതല്‍ ഗ്രാമങ്ങള്‍ ദത്തെടുക്കും. ബാഹ്യകേരളത്തില്‍ ദേശീയ ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗീവറുഗീസ് മാര്‍ കൂറിലോസ് അദ്ധ്യക്ഷനും കെ. ഐ. ഫിലിപ്പ് റമ്പാന്‍ സെക്രട്ടറിയായും ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സഭാ മാനേജിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്ത തീരുമാനങ്ങള്‍ അംഗീകരിച്ചു. മഹാജൂബിലി ഭാഗമായി എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും കൗണ്‍സലിംഗ് സെന്‍ററുകള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ക്കായി പുനഃരധിവാസ കേന്ദ്രങ്ങള്‍, ആദ്ധ്യാത്മിക നവോത്ഥാന പദ്ധതികള്‍ എന്നിവ നടപ്പിലാക്കും.

സഭയുടെ പേരില്‍ ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് ആലോചനയ്ക്കായി ഒരു കമ്മിറ്റിയെ നിയമിച്ചു.
പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ക്രിസ്ത്യന്‍ വിവാഹബില്‍ സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് വിശദീകരിച്ചുള്ള നിവേദനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
നാഗപ്പൂര്‍-കോട്ടയം വൈദിക സെമിനാരികളിലെ അദ്ധ്യാപക നിയമനം, നടത്തിപ്പ് എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചു. ബിരുദ-ബിരുദാനന്തര, ഡോക്ടറല്‍ തലത്തില്‍ നാഗപ്പൂര്‍ സെമിനാരിയെ ഉയര്‍ത്തും.

ബാഹ്യകേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ആത്മീയ കാര്യങ്ങള്‍ക്കായി പ്രത്യേകം വൈദികരെ ചുമതലപ്പെടുത്തും. 1934-ലെ സഭാ ഭരണഘടനയും സുപ്രീംകോടതി വിധിയും അനുസരിച്ച് സഭാ സമാധാനത്തിന് പ. സുന്നഹദോസ് ആഹ്വാനം ചെയ്തു.

ജീവന്‍ ടി.വി. ഡയറക്ടര്‍ ബോര്‍ഡില്‍ സഭയെ പ്രതിനിധീകരിച്ച് ഫിലിപ്പോസ് മാര്‍ യൗസേബിയോസിനെ നിയോഗിച്ചു. പ. ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ ചരമ രജത ജൂബിലി വിവിധ പരിപാടികളോടെ നടത്തും.

അടുത്ത കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് പഴയസെമിനാരിയില്‍ തോമസ് മാര്‍ അത്താനാസിയോസും പരുമല സെമിനാരിയില്‍ സ്തേഫാനോസ് മാര്‍ തേവോദോസ്യോസും നേതൃത്വം നല്‍കും.

മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, പൗലോസ് മാര്‍ പക്കോമിയോസ് എന്നിവര്‍ ധ്യാനം നയിച്ചു.

ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അലന്‍ഡി ലാസ്റ്റിക്ക്, ഗവേഷകനും ചരിത്രകാരനുമായ ഡോ. സാമുവല്‍ ചന്ദനപ്പള്ളി എന്നിവരുടെ ദേഹവിയോഗത്തില്‍ പ. സുന്നഹദോസ് അനുശോചിച്ചു.

സുന്നഹദോസ് അംഗങ്ങളുടെ ധ്യാനം ഒക്ടോബര്‍ 25-നും അടുത്ത സമ്മേളനം 2001 ഫെബ്രുവരി 20 മുതല്‍ 24 വരെ നടത്തുമെന്നും സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.

(മലങ്കരസഭാ മാസിക, 2000 ഓഗസ്റ്റ്)