പ്രാർഥനാ സങ്കേതം പരുമലപ്പള്ളി: വിശ്രമ ജീവിതത്തിലും മാർ അന്തോണിയോസ് പരുമലയിൽ സ്ഥിരമായി എത്തിയിരുന്നു


പരുമല: ജീവിത വഴികളിലെല്ലാം സഖറിയ മാർ അന്തോണിയോസിന് പരുമലപ്പള്ളി പ്രാർഥനാ സങ്കേതമായിരുന്നു. അപ്രതീക്ഷിതമാണങ്കിലും അവസാനമായി വിലാപ യാത്രയ്ക്കൊരുങ്ങുന്നതും പരിശുദ്ധന്റെ മണ്ണിൽ നിന്നാണ്. പുനലൂരിലെ വൈദിക പാരമ്പര്യമുള്ള ആറ്റുമാലിൽ വരമ്പത്ത് കുടുംബത്തിലെ പൂർവികരായ വൈദികർ പരുമല തിരുമേനിയുമായും പരുമല സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമനോടും ഏറെ ബന്ധം പുലർത്തിരുന്നവരാണ്. പിതാമഹനായ ആറ്റുമാലിൽ സ്കറിയ കത്തനാർ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

മാർ അന്തോണിയോസ് സെമിനാരി വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ പരുമലയിലെത്തി പ്രാർഥിക്കുമായിരുന്നു. പരുമല സെമിനാരിയോടുള്ള വൈകാരിക അടുപ്പമായിരിക്കാം ഒരുപക്ഷേ മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പൊടനുള്ള വേദി നിയോഗമായി പരുമലയിൽ ഒരുങ്ങിയത്. 1991ഏപ്രിൽ 30ന് കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഇയ്യോബ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ മാർ കൂറിലോസ്, ഡോ.മാത്യൂസ് മാർ സേവേറിയോസ് (പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ) എന്നിവർക്കൊപ്പമാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ പരുമല പള്ളിയിൽ മാർ അന്തോണിയോസിനെയും മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തിയത്.

സഖറിയ മാർ അന്തോണിയോസിന്റെ ജീവിത വഴിയിൽ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ കൂറിലോസ് (പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ) എന്നും ഗുരു സ്ഥാനീയനായിരുന്നു. അദ്ദേഹം പകർന്നു നൽകിയ മൂല്യങ്ങളാണ് ഡബ്ല്യു.എ.ചെറിയാനെ സന്യാസി ജീവിതത്തിലേക്ക് നയിച്ചത്. 2002 ൽ പരിശുദ്ധ പരുമല തിരുമേനിയുടെ ചരമ ശതാബ്ദി ആചരിച്ചപ്പോൾ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായോട് ചേർന്ന് എല്ലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മാർ അന്തോണിയോസിന് കഴിഞ്ഞു.

അന്ന് പുറത്തിറങ്ങിയ പരിശുദ്ധ പരുമല തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥമായ ‘പരിശുദ്ധന്റെ ചരിത്രവഴികൾ’ സഖറിയ മാർ അന്തോണിയോസിന് നൽകിയാണ് പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവാ പ്രകാശനം ചെയ്തത്. വിശ്രമ ജീവിതത്തിനിടയിലും പരുമല പള്ളിയിൽ എത്തി പ്രാർഥന നടത്തുകയും കുർബാന അർപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഏറെ ഇഷ്ടപ്പെട്ടിരുന്ന ആത്മീയ സ്ഥാനമായ പരുമല സെമിനാരിയിൽ നിന്നുള്ള സഖറിയ മാർ അന്തോണിയോസിന്റെ അന്ത്യയാത്ര വിശുദ്ധ ജീവിതം സമ്മാനിച്ച നിയോഗമാകാം.