പാസ്പോർട്ട് ഇല്ലാത്ത മെത്രാപ്പൊലീത്ത


തിരുവല്ല ∙ കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെക്കാലം ഭദ്രാസനാധിപനായിരുന്ന സഖറിയ മാർ അന്തോണിയോസ് അജപാലന ജീവിതത്തിന്റെ ഏറ്റവും പരിശുദ്ധവും ലാളിത്യവും നിറഞ്ഞ മാതൃകയാണ്. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ പാസ്പോർട്ട് എടുക്കാൻ പോലും അദ്ദേഹം തയാറായില്ല. ‘എന്റെ ഭദ്രാസനത്തിലെ പള്ളികളിൽ പോകാൻ എന്തിനാ പാസ്‌പോർട്ട്’ എന്നതാണ് ഇതേക്കുറിച്ചു ചോദിച്ചാൽ മറുപടി.അത്യാവശ്യത്തിനു മാത്രമായിരുന്നു യാത്രകൾ. ഉപയോഗിക്കുന്നത് സാധാരണ വാഹനം. സ്വീകരണങ്ങളോടും താൽപര്യമില്ലായിരുന്നു.

മറ്റൊരു നിഷ്‌ഠ കൂടി അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നു. വിശുദ്ധവാരത്തിൽ സ്വന്തം ഭദ്രാസനം വിട്ട് ഒരിടത്തും അദ്ദേഹം പോകാറായില്ലായിരുന്നു. ദശാബ്‌ദങ്ങൾ നീണ്ട അദ്ദേഹത്തിന്റെ സന്യാസ ജീവിതത്തിൽ രണ്ടു പ്രാവശ്യം മാത്രമാണ് ഇതിനൊരു മാറ്റമുണ്ടായത്. രണ്ടും കോട്ടയത്തു സഭാകാര്യത്തിനു പോകേണ്ടിവന്നതു കൊണ്ട്.