സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കം 22ന് ശാസ്താംകോട്ട മൗണ്ട് ഹോറേബിൽ
കല്ലിശ്ശേരി: സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കം ശാസ്താംകോട്ട മാർ ഹോറേബ് ആശ്രമ ചാപ്പലിൽ ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച 2:30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ നടക്കും.
കല്ലിശ്ശേരി ഡോ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് ഇന്ന് (20/08/23) 3:30 ന് ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കല്ലിശ്ശേരി ,ഓതറ ,തോട്ടപ്പുഴ ,തോട്ടഭാഗം , കല്ലൂപ്പാറ ,കടമാൻകുളം ,മല്ലപ്പള്ളി, പാതിക്കാട് ,പെരുമ്പട്ടിമൺ വഴി മാർ അന്തോണിയോസ് ദയറായിൽ എത്തിച്ചേരുന്നതും കബറടക്ക ശുശ്രൂഷയുടെ ഒന്നാം ക്രമം പൂർത്തീകരിക്കുന്നതുമാണ്.
തുടർന്ന് മല്ലപ്പള്ളി ,ചെങ്ങരൂർ, കുന്നന്താനം. പായിപ്പാട്,കുറ്റപ്പുഴ, തിരുവല്ല പാലിയേക്കര,പൊടിയാടി,വളഞ്ഞവട്ടം, നിരണം വഴി പരുമല സെമിനാരിയിൽ എത്തിച്ചേരുന്നതും സന്ധ്യാനമസ്കാരത്തിന് ശേഷം കബറടക്ക ശുശ്രൂഷയുടെ രണ്ടാം ക്രമം നിർവ്വഹിക്കുന്നതുമാണ്.
ഇരുപത്തിയൊന്നാം തീയതി തിങ്കളാഴ്ച (നാളെ) രാവിലെ പരുമല സെമിനാരിയിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോക്ടർ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് കബറടക്കത്തിന്റ മൂന്നാം ശുശ്രൂഷ പൂർത്തീകരിക്കുന്നതുമാണ്.
9:30ന് പരുമല സെമിനാരിയിൽ നിന്നും വിലാപയാത്ര മാവേലിക്കര ,പുതിയകാവ് തട്ടാരമ്പലം, കായംകുളം വഴി ദേശീയപാതയിലൂടെ കൊല്ലം ഭദ്രാസന അരമനയിൽ എത്തിച്ചേരുന്നതും കബറടക്കത്തിന്റ നാലാം ശുശ്രൂഷ പൂർത്തീകരിക്കുന്നതുമാണ്. തുടർന്ന് 2 30ന് കരിക്കോട്,കേരളപുരം, കുണ്ടറ പള്ളിമുക്ക്,മുളവന, ചിറ്റുമല, കല്ലട വഴി ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ എത്തിച്ചേരുന്നതും കബറടക്കത്തിന്റ അഞ്ചാം ശുശ്രൂഷ പൂർത്തീകരിക്കുന്നതുമാണ്.
ഇരുപത്തി രണ്ടാം തീയതി, ചൊവ്വാഴ്ച രാവിലെ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് കബറടക്കത്തിന്റ ആറും ഏഴും എട്ടും ശുശ്രൂഷകൾ പൂർത്തീകരിക്കും. ഉച്ചയ്ക്ക് 2 30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിലും സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരുടെയും സഹ കാർമികത്വത്തിലും സമാപന സുശ്രൂഷ നിർവഹിക്കുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. പി.ടി ഷാജൻ എന്നിവർ അറിയിച്ചു.
______________________________________________________________________________________
ശാസ്താംകോട്ട ∙ ലളിത ജീവിതം പ്രാർഥനയാക്കിയ ഓർത്തഡോക്സ് സഭയിലെ ആത്മീയാചാര്യനു നാട് വിടചൊല്ലി. ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ കബടറക്കം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ശാസ്താംകോട്ട മൗണ്ട് ഹോറേബ് ദയറയിലെ മാർ ഏലിയ ചാപ്പലിൽ വൈകിട്ട് മൂന്നരയോടെ നടന്നു.
മാർ അന്തോണിയോസിന്റെ ആത്മീയ ഗുരുവായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിനു തൊട്ടടുത്താണ് മാർ അന്തോണിയോസിനും അന്ത്യവിശ്രമ സ്ഥലം ഒരുക്കിയത്. അന്ത്യോപചാരമർപ്പിക്കാൻ വിശ്വാസ സഹസ്രം എത്തിയിരുന്നു.രാവിലെ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ നേതൃത്വത്തിൽ കുർബാനയും തുടർന്ന് സംസ്കാര ശുശ്രൂഷകളും നടന്നു. ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സമാപന ശുശ്രൂഷ തുടങ്ങിയത്.
ആരാധനയെക്കുറിച്ച് ആഴമായ ഉൾബോധമുള്ള വ്യക്തിയായിരുന്നു മാർ അന്തോണിയോസെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ആരാധന സംബന്ധിച്ച സംശയങ്ങളിൽ സഭയിലെ അവസാന വാക്കായാണ് അദ്ദേഹത്തെ കരുതിയിരുന്നത്. സഭാ ചരിത്രം ഉൾപ്പെടെ ചരിത്രപരമായ കാര്യങ്ങളിൽ അപാര പാണ്ഡിത്യമുണ്ടായിരുന്നു. ഓർത്തഡോക്സ് സഭാ പാരമ്പര്യത്തിൽ വിശ്വാസികളെ ഒന്നിച്ചു നിർത്താനുള്ള ചരിത്രാവബോധവുമുണ്ടായിരുന്നു. ഒരു സന്യാസി എപ്രകാരമായിരിക്കണമെന്നതു ജീവിച്ചു കാട്ടിയ മഹത് വ്യക്തിയിരുന്നു മാർ അന്തോണിയോസെന്നും ബാവാ അനുസ്മരിച്ചു.
ബാവായ്ക്കൊപ്പം 1991ൽ മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് അഭിഷിക്തനായ അഞ്ചു പേരിൽ ഒരാളാണ് സഖറിയ മാർ അന്തോണിയോസ്. ലത്തീൻ കത്തോലിക്കാ സഭ പുനലൂർ രൂപതാ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർത്തോമ്മാ സഭയിലെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, കോവൂർ കുഞ്ഞുമോൻ, മുൻ മന്ത്രിമാരായ ഷിബു ബേബി ജോൺ, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി പത്തനംതിട്ട യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് അന്തിമോപചാരം അർപ്പിച്ചു.
കബറടക്ക ശുശ്രൂഷകളിൽ ഓർത്തഡോക്സ് സഭയിലെ ഡോ. തോമസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. സഖറിയ മാർ നിക്കോളാവോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, യാക്കോബ് മാർ ഐറേനിയസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ ദിമെത്രയോസ്, യൂഹാനോൻ മാർ തേവോദോറസ്, യാക്കോബ് മാർ ഏലിയാസ്, ജോഷ്വ മാർ നിക്കോദിമോസ്, സഖറിയാസ് മാർ അപ്രേം, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ ബർണബാസ്, സഖറിയാ മാർ സേവേറിയോസ് തുടങ്ങിയവർ സഹകാർമികരായിരുന്നു.