ആഗ്രഹം പോലെ ലഭിച്ച ശിക്ഷണം

സഖറിയ മാർ അന്തോണിയോസിനെ സഹോദരൻ കുരുവിള ഏബ്രഹാം അനുസ്മരിക്കുന്നു

ചിരട്ടയിൽ കരിയിട്ട് ധൂപക്കുറ്റി വീശി നടന്ന പിഞ്ചു ബാലന്റെ ആഗ്രഹം പോലെ തന്നെ വൈദിക ശ്രേഷ്ഠൻ ആക്കുന്നതിനുള്ള ശിക്ഷണമായിരുന്നു ഞങ്ങളുടെ വല്യപ്പച്ചന്റെയും വല്യമ്മാമ്മയുടെയും ഭാഗത്തുനിന്നു ലഭിച്ചത്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കോട്ടയം സെമിനാരിയിൽ പോകുന്നതിനു മുൻപ് കുടുംബ വകയായിരുന്ന പുനലൂർ ഇംപീരിയൽ ടയർ കമ്പനിയിൽ കുറെ നാൾ മാനേജരായും ജോലി നോക്കിയിരുന്ന കഥ അധികമാർക്കും അറിയില്ല. തിരുമേനി ജനിച്ചു വളർന്ന തറവാട് വീടായ പുനലൂർ ആറ്റുമാലിൽ വരമ്പത്ത് ഹൗസ് ഇപ്പോഴും സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്.

ഒരു വർഷം മുൻപു വരെ ഞാനവിടെയാണു താമസിച്ചിരുന്നത്. ഇതേ വളപ്പിൽ തന്നെ കഴിഞ്ഞ വർഷമാണ് പുതിയ വീട് നിർമിച്ച് അവിടേക്കു താമസം മാറിയത്. കഴിഞ്ഞവർഷം ഒക്ടോബർ 30ന് പിതാവിന്റെ ഓർമദിനത്തിലാണ് അവസാനം പുനലൂരിലെ കുടുംബവീട്ടിൽ എത്തിയത്. ഞങ്ങൾ 5 സഹോദരങ്ങളാണ്. വിദ്യാഭ്യാസം കുതിരച്ചിറ ഗവ എൽപിഎസിലും ചെമ്മന്തൂർ ഹൈസ്കൂളിലും പുനലൂർ ബോയ്സ് ഹൈസ്കൂളിലും ആയിരുന്നു.

ആത്മീയ ലോകത്തോടുള്ള ഗാഢമായ ആത്മബന്ധം തിരിച്ചറിഞ്ഞ വല്യപ്പച്ചൻ ഡബ്ല്യു.സി.ചെറിയാനും ശോശാമ്മ ചെറിയാനും കുട്ടിക്കാലം മുതൽ സന്ധ്യാനമസ്കാരം അടക്കമുള്ള ആരാധനാ ക്രമങ്ങളിൽ കൃത്യതയാർന്ന ശിക്ഷണമാണ് നൽകിയിരുന്നത്. ഞങ്ങളുടെ മാതാപിതാക്കളുടെ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.

അദ്ദേഹത്തിനു പുനലൂരിൽ വലിയ സുഹൃദ് വലയം ഉണ്ടായിരുന്നുവെങ്കിലും ഭക്തവത്സലൻ, തമ്പി എന്നിവരായിരുന്നു ഉറ്റ സുഹൃത്തുക്കൾ. കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാഭ്യാസ കാലത്തും ഇവരുമായിട്ടായിയിരുന്നു അടുപ്പം. പുനലൂർ വൈഎംസിഎയിലെ ആയുഷ്കാല അംഗമായിരുന്ന മാർ അന്തോണിയോസ് 2019ൽ 74–ാം പിറന്നാൾ ആഘോഷിച്ചതും വൈഎംസിഎ അംഗങ്ങളോടൊപ്പമായിരുന്നു. അക്കാമ്മ മാമ്മൻ, ഡബ്ല്യു.എ.കുര്യൻ, സൂസൻ മാത്യു, സുജ ബൈജു എന്നിവരാണ് മറ്റു സഹോദരങ്ങൾ.

_______________________________________________________________________________________

കൊല്ലം∙ ജീവിതത്തിൽ നിറഞ്ഞ ലാളിത്യവിശുദ്ധിയാൽ ആത്മീയതയുടെ ഔന്നത്യങ്ങളിൽ നിറഞ്ഞു നിന്ന അപൂർവ വ്യക്തിത്വമായിരുന്നു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാ മാർ അന്തോണിയോസ് എന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി അനുശോചിച്ചു. ആത്മീയതയുടെ മൂല്യങ്ങൾ നൂറു ശതമാനവും ജീവിതത്തിൽ പ്രാവർത്തികമാക്കിയ ആത്മീയ ആചാര്യനായിരുന്നു തിരുമേനിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി അനുശോചന സന്ദേശത്തിൽ പറഞ്ഞു.