പെന്തിക്കോസ്തിക്കുശേഷം ആറാം ഞായറാഴ്ച. (വി. ലൂക്കോസ് 13: 22-35)
യേശുതമ്പുരാന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടു യെറുശലേമിലേക്കു വന്നപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിക്കുന്നു. “ഗുരോ രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” യേശുതമ്പുരാന്‍ ഇതിനുത്തരമായിട്ട് അയാളോടു പറയുന്നു “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍”. പലരും അതിനുവേണ്ടി പരിശ്രമിക്കുമെങ്കിലും സാധിക്കുകയില്ല. ഗൃഹനാഥന്‍ എഴുന്നേറ്റു വാതില്‍ അടച്ചു കഴിയുമ്പോള്‍ യജമാനനേ വാതില്‍ തുറന്നു തരണമേ എന്നു പറഞ്ഞു മുട്ടുമ്പോള്‍ “നിങ്ങള്‍ എവിടെ നിന്നു വരുന്നു എനിക്കറിഞ്ഞുകൂടാ” എന്നു ഗൃഹനാഥന്‍ നിങ്ങളോടു പറയുമ്പോള്‍, അങ്ങയുടെ കൂടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ, തെരുവീഥികളില്‍വച്ച് അങ്ങു ഞങ്ങളെ പഠിപ്പിച്ചില്ലേ എന്നിങ്ങനെ നിങ്ങള്‍ പറയും. എന്നാല്‍ അപ്പോള്‍ ഗൃഹനാഥന്‍, നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറയും. അബ്രഹാമും, ഇസഹാക്കും, യാക്കോബും, സകല പ്രവാചകന്മാരും, ദൈവരാജ്യത്തിലിരിക്കുന്നതും നിങ്ങള്‍ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോള്‍ കരച്ചിലും പല്ലുകടിയും ആയിരിക്കും നിങ്ങളുടെ അനുഭവം. കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും, വടക്കുനിന്നും, തെക്കുനിന്നും ആളുകള്‍ വന്ന് ദൈവരാജ്യത്തില്‍ പന്തിക്കിരിക്കും. മുമ്പന്മാരായിതീരുന്ന പിമ്പന്മാരും പിമ്പന്മാരായിതീരുന്ന മുമ്പന്മാരും ഉണ്ട്.
രക്ഷയെക്കുറിച്ചും ദൈവരാജ്യവും തമ്മില്‍ ബന്ധിപ്പിച്ചു ദൈവരാജ്യത്തെ ആസ്പദമാക്കി ചില കാര്യങ്ങള്‍ യേശുമശിഹാ പറയുന്നു. ഗുരോ രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമോ എന്നു ഒരു യുവാവ് ചോദിക്കുമ്പോള്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ ശ്രമിക്കുവിന്‍ എന്നു പറയുമ്പോള്‍ ദൈവരാജ്യപ്രവേശനം ഒരു ദിവസത്തെയോ ഒരു നിമിഷത്തെയോ ഒരു അനുഭവം അല്ല. ഇത് ജീവപര്യന്തം ഉള്ള ഒരു പ്രക്രിയയാണ്. എപ്പോഴും നാം എളുപ്പവഴികളിലൂടെ ഓരോ കാര്യങ്ങളും നേടി എടുക്കാം എന്നു ചിന്തിക്കും. പക്ഷേ ഇത് അത്ര നിസ്സാരമായ ഒരു കാര്യമാണ് എന്ന് ചിന്തിക്കരുത്. വളരെ നാളത്തെ അദ്ധ്വാന ഫലത്തിലൂടെ മാത്രമേ നമുക്ക് ഇത് സാദ്ധ്യമായിത്തീരുകയുള്ളൂ. അതിനാല്‍ ദൈവരാജ്യ പ്രവേശനത്തിനുവേണ്ടി വിശ്രമമില്ലാതെ നാം അദ്ധ്വാനിക്കേണ്ടതുണ്ട്. നിങ്ങള്‍ എവിടെ നിന്നു വരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ എന്നുള്ള മറുപടി കേള്‍ക്കാതെ മണവാളനോടു ചേര്‍ന്ന് പന്തിക്കിരിക്കുവാന്‍ നമുക്ക് കഴിയണം.
ദൈവരാജ്യപ്രവേശനം:- ഇടുങ്ങിയ വാതിലിലൂടെ
ദൈവരാജ്യ അനുഭവം തീവ്രമായ ആഗ്രഹത്താലും പരിശ്രമത്താലും സാധിക്കുകയുള്ളൂ. ഒരു കാര്യം നമുക്ക് സാധിക്കണമെങ്കില്‍ ആ കാര്യത്തെ ഓര്‍ത്തു തീവ്രമായി ആഗ്രഹിക്കുമ്പോള്‍, ആ ആഗ്രഹത്തിനുവേണ്ടി കഠിനപ്രയത്നം നടത്തേണ്ടത് ഏറ്റവും ആവശ്യമാണ്. ഒരു കാര്യവും നമുക്ക് നിസ്സാരമായി നേടി എടുക്കുവാന്‍ സാധിക്കുകയില്ല. കഠിനഅദ്ധ്വാനം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അധര്‍മ്മം പ്രവര്‍ത്തിച്ചിട്ട് പരിചയവും ശിഷ്യത്വവും അവകാശപ്പെട്ടാല്‍ പ്രയോജനം ഇല്ല. പ്രതീക്ഷിക്കാത്ത പലരും തങ്ങളുടെ ധാര്‍മ്മിക ശ്രേഷ്ഠതയുടെ അടിസ്ഥാനത്തില്‍ ലോകത്തിന്‍റെ കോണുകളില്‍ നിന്ന് ദൈവരാജ്യ പ്രവേശനത്തിനു അര്‍ഹത നേടും. സഭാജീവിതത്തിലും മതജീവിതത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നു തോന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പും വെല്ലുവിളിയുമാണീ വാക്കുകള്‍. പാരമ്പര്യത്തിന്‍റെയോ വേദജ്ഞാനത്തിന്‍റെയോ പരിചയം മാത്രം ആരെയും ദൈവരാജ്യത്തിലെത്തിക്കുകയില്ല. പലപ്പോഴും അധാര്‍മ്മികത പൊതിഞ്ഞുവക്കാനുള്ള ഒന്നായി ശിഷ്യത്വത്തെ കാണുന്നു. നാം പ്രതീക്ഷിക്കുന്ന പലരും ഒഴിവാക്കപ്പെടുന്നതായും, പ്രതീക്ഷിക്കാത്ത പലരും ഉള്‍പ്പെടുന്നതുമായും ദൈവരാജ്യ കൂട്ടായ്മയെ ഉള്‍ക്കൊള്ളേണ്ടതായിവരും. മതത്തിന്‍റെയും ഭാഷയുടെയും, നിറത്തിന്‍റെയും ഒക്കെ അതിര്‍വരമ്പുകള്‍ക്കതീതമായി ദൈവകരം പ്രവര്‍ത്തിക്കുന്നതിനെ ഉള്‍ക്കൊള്ളുവാന്‍ നാം സന്നദ്ധരാകേണ്ടിയിരിക്കുന്നു.
“ഇടുങ്ങിയ വാതിലില്‍കൂടി പ്രവേശിക്കുവിന്‍ എന്തെന്നാല്‍ നാശത്തിലേക്കുള്ള വാതില്‍ വീതിയുള്ളതും വഴി വിശാലവുമാകുന്നു. അവയില്‍കൂടി പോകുന്നവര്‍ അനേകരും. എന്നാല്‍ ജീവനിലേക്കുള്ള വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാകുന്നു. അതു കണ്ടെത്തുന്നവര്‍ ചുരുക്കം” (വി. മത്തായി 7:13-14). രണ്ടുവഴികളെക്കുറിച്ചുള്ള താരതമ്യം പഴയനിയമത്തില്‍ പല ഭാഗത്തും നമുക്കു കാണാന്‍ കഴിയും (ആവര്‍ത്തനം 30:15, യിരമ്യാവ് 21:8). ഒരു വഴി നാശത്തിലേക്കും മറ്റേതു ജീവനിലേക്കും നയിക്കുന്നു. ആദ്യത്തെ വഴി കൂടുതല്‍ വിശാലവും സുഗമമാണ്. കൂടുതല്‍ വ്യക്തികള്‍ ഇതാണ് തിരഞ്ഞെടുക്കുന്നത്. ജീവനിലേക്കുള്ള വഴിയോ വളരെ ഇടുക്കമുള്ളതായതിനാല്‍ അതു തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. കാരണം ഈ വഴി വളരെ ഞെരുക്കമുള്ളതാണ്. ജീവിതത്തില്‍ കഷ്ടതകളും പ്രയാസങ്ങളും ഒക്കെ അനുഭവിക്കുന്നത് നമ്മെ കൂടുതല്‍ ശക്തരാക്കുകയും ദൈവരാജ്യ പ്രവേശനത്തിനു യോഗ്യതയുള്ളവരാക്കുകയും ചെയ്യുന്നു.
രണ്ടുതരത്തിലുള്ള വഴികള്‍ ഉള്ളതുപോലെ രണ്ടുതരത്തിലുള്ള പ്രവാചകന്മാരും ഉണ്ട്. ഒരു കൂട്ടര്‍ എളുപ്പവഴി ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റേ കൂട്ടര്‍ ദുര്‍ഘട മാര്‍ഗ്ഗങ്ങളെ വെളിപ്പെടുത്തുന്നു. പ്രവാചകന്‍റെ വാക്കുകള്‍ സഫലമായിത്തീരുന്നുണ്ടോ? അയാള്‍ ജനങ്ങളെ വഴിതെറ്റിക്കുന്നവനാണോ. ഇതു ഫലം നോക്കിയാണ് സത്യപ്രവാചകനാണോ എന്നു തീരുമാനിക്കേണ്ടത്. വ്യാജപ്രവാചകന്മാരെ ചെന്നായ്ക്കളോടും ജനങ്ങളെ ആടുകളോടും ഉപമിച്ചിരിക്കുന്നു. ഗിരിപ്രഭാഷണം അവസാനിക്കുന്നത് ശ്രദ്ധേയമായ ഒരു ഉപമയോടുകൂടിയാണ്. പാറമേല്‍ അടിത്തറ പണിത ബുദ്ധിമമാനായ മനുഷ്യനും, മണലില്‍ അടിത്തറ പണിത ഭോഷനായ മനുഷ്യനും. ആദ്യത്തെ ആളുടെ ഭവനം പ്രാതികൂല്യങ്ങളെ അതിജീവിച്ച് നിലനില്‍ക്കുന്നു. രണ്ടാമത്തെ ആളുടെ ഭവനം പ്രാതികൂല്യങ്ങള്‍ മൂലം നശിക്കുന്നു. ആയതിനാല്‍ ദൈവരാജ്യ പ്രവേശനം ബുദ്ധിമുട്ടുകളെയും പ്രാതികൂല്യങ്ങളെയും ഒക്കെ അതിജീവിച്ചാല്‍ മാത്രമേ സാദ്ധ്യമാകൂ.
പിമ്പന്മാര്‍ മുമ്പന്മാരായേക്കാം ആയതിനാല്‍ ജാഗ്രതയുള്ളവരായിരിപ്പിന്‍
വി. മത്തായി ശ്ലീഹായുടെ സുവിശേഷത്തില്‍ (വി. മത്തായി 7:13-14) ഇടുങ്ങിയ വാതിലിനെക്കുറിച്ചും വിസ്തൃതമായ വാതിലിനെക്കുറിച്ചും അവ എങ്ങോട്ടായിരിക്കും നയിക്കുന്നതെന്നും വിശദമാക്കിയിട്ടുണ്ട്. അതില്‍ ഇടുക്കമേറിയ വാതിലിലൂടെ നിത്യജീവനിലേക്കു പ്രവേശിക്കുകയുള്ളു എന്നും പറഞ്ഞിരിക്കുന്നു. പലരും ഇതിനെക്കുറിച്ചു ചിന്തിക്കുന്നതും പ്രവേശിക്കുവാന്‍ നോക്കുന്നതും വരുവാനുള്ള ലോകത്തില്‍ നീതിമാന്മാര്‍ നിത്യസന്തോഷത്തിലേക്ക് പ്രവേശിക്കുന്നത് കാണുമ്പോഴാണ്. അപ്പോള്‍ ആഗ്രഹിച്ചിട്ടു കാര്യമില്ല. മണവാളന്‍ വന്നു കന്യകമാരുമായി കതക് അടച്ചു കഴിഞ്ഞതിനുശേഷം ആഗ്രഹിച്ചിട്ടു കാര്യമില്ല. വീട്ടുടമസ്ഥന്‍ കര്‍ത്താവും വാതിലടക്കുന്നത് അവസാന ന്യായവിധിയുമാകുന്നു. അപ്പോള്‍ നാം ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ഇവിടംകൊണ്ട് എല്ലാം അവസാനിക്കുന്നു എന്നു ചിന്തിക്കാതെ ഒരു ന്യായവിധി ഉണ്ട് എന്നുള്ള ഒരു ഓര്‍മ്മയോടുകൂടി ജീവിക്കുവാന്‍ നമുക്ക് കഴിയണം.
ഇവിടെ യഹൂദന്മാരെയാണ് ഉദ്ദേശിക്കുന്നത് എന്നത് വളരെ സ്പഷ്ടമാണ്. അവര്‍ കര്‍ത്താവിനെയും അവിടുത്തെ ഉപദേശങ്ങളെയും വ്യക്തമായി അറിയുന്നവരാണ്. അവിടുന്ന് ശാരീരികമായി അവരുടെ ഇടയില്‍ പെരുമാറിയിട്ടുണ്ട്. തങ്ങള്‍ സ്വീകരിക്കപ്പെടുവാന്‍ ഇവ മതിയായ കാരണങ്ങളാണെന്ന് അവര്‍ വിചാരിക്കുന്നു. ഇന്നും ക്രിസ്ത സഭയിലെ അംഗങ്ങളായതുകൊണ്ട് മാത്രം ഞങ്ങള്‍ രക്ഷാര്‍ഹരാണെന്നു ചിന്തിച്ചിട്ട് കാര്യമില്ല. അബ്രഹാമിന്‍റെ സന്തതികളാണ് തങ്ങള്‍ എന്ന പേരില്‍ യഹൂദന്മാര്‍ അഹങ്കരിക്കുകയും സ്വര്‍ഗ്ഗരാജ്യ അനുഭവത്തിന് ആ പേര് തങ്ങളെ യോഗ്യരാക്കും എന്നും അവര്‍ വിശ്വസിച്ചുപോന്നു. എന്നാല്‍ ഇടുങ്ങിയ വാതില്‍വഴി പ്രവേശിക്കാത്തപക്ഷം അത് സാദ്ധ്യമല്ലാ എന്ന് കര്‍ത്താവ് സ്പഷ്ടമാക്കുന്നു. ഇത് വിജാതീയരുടെ രക്ഷയെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണ്. സ്വര്‍ഗ്ഗരാജ്യ അനുഭവത്തെ ഒരു വിരുന്നിനോട് ഉപമിച്ചിരിക്കുന്നു, (വി. മത്തായി 20:6) പിമ്പന്മാര്‍ വിജാതീയരും മുമ്പന്മാര്‍ യഹൂദന്മാരും. യഹൂദന്മാര്‍ക്കാണല്ലോ ദൈവരാജ്യ സന്ദേശം നല്‍കപ്പെട്ടത്.
ക്രിസ്ത്യാനികളായ നാമും ദൈവരാജ്യ പ്രവേശനത്തിന്‍റെ അനുഭവത്തിലേക്കു വന്നു എങ്കിലും ഇത് തുടര്‍ച്ചയായ ഒരു പ്രക്രിയയാണെന്നു മനസ്സിലാക്കി സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനായി അനുദിനം ഒരുങ്ങുവാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം നമുക്കുണ്ട് എന്ന കാര്യവും നാം മറന്നുപോകരുത്. ആകയാല്‍ താന്‍ നില്‍ക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ (1 കോരി. 10:12).